Sorry, you need to enable JavaScript to visit this website.

ഗതാഗത നിയമലംഘനങ്ങള്‍ക്ക് വിദേശിക്ക് 11 ലക്ഷം ദിര്‍ഹം പിഴ

ദുബായ് - ഒരു വര്‍ഷത്തിനിടെ 106 ഗതാഗത നിയമലംഘനങ്ങള്‍ നടത്തിയ ഏഷ്യന്‍ വംശജന്‍ പിഴയിനത്തില്‍ അടക്കേണ്ടത് 11,38,000 ദിര്‍ഹം. മുപ്പത്തിയൊന്നുകാരനെതിരായ കേസ് ഷാര്‍ജ പോലീസ് നിയമ നടപടികള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ഒരു കൊല്ലത്തിനിടെ 106 ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തിയ യുവാവിനെ ട്രാഫിക് ഇന്‍സ്‌പെക്ഷന്‍ സംഘം അറസ്റ്റ് ചെയ്തതായി വാസിത് പോലീസ് സ്റ്റേഷന്‍ ആക്ടിംഗ് ഡയറക്ടര്‍ ലെഫ്. കേണല്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ ബിന്‍ ഖസ്മൂല്‍ പറഞ്ഞു. അനധികൃതമായി യാത്രക്കാരെ കാറില്‍ കയറ്റുന്നത് കണ്ടാണ് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ ഏഷ്യന്‍ വംശജനെ അറസ്റ്റ് ചെയ്തത്.
ഷാര്‍ജ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള ലൈസന്‍സില്ലാതെയാണ് ഡ്രൈവര്‍ യാത്രക്കാരെ കാറില്‍ കയറ്റിയിരുന്നത്. ആദ്യത്തെ നിയമ ലംഘനം 2018 ഓഗസ്റ്റ് 16 ന് ആണ് ഡ്രൈവറുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തത്. ജൂലൈ 24 നാണ് ഡ്രൈവറെ ട്രാഫിക് പോലീസിനു കീഴിലെ അന്‍ജാദ് പട്രോള്‍ വിഭാഗം പിടികൂടിയത്. അന്വേഷണത്തില്‍ ഒരു വര്‍ഷത്തിനിടെ 106 നിയമ ലംഘനങ്ങള്‍ ഏഷ്യന്‍ വംശജന്‍ നടത്തിയതായി കണ്ടെത്തി. ഈ നിയമ ലംഘനങ്ങള്‍ക്ക് യുവാവിന്റെ പേരില്‍ 11,38,000 ദിര്‍ഹം പിഴ ചുമത്തിയിട്ടുണ്ടെന്നും ലെഫ്. കേണല്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ ബിന്‍ ഖസ്മൂല്‍ പറഞ്ഞു.  

 

Latest News