ഉസ്താദ്... അങ്ങ് എന്തിനായിരുന്നു സ്വന്തം മകളെപ്പോലെ എന്നെ ചേർത്ത് നിർത്തിയത്....? ഏറ്റവും സ്‌നേഹമൂറുന്ന ജീവന്റെ ഒരംശം, പിതാവിനെപ്പോലെ ഞാൻ നെഞ്ചിൽ ചേർത്തുവെച്ച സ്‌നേഹനിധിയായ ഉസ്താദ്... ജീവിതത്തിൽ നിന്നും ഏറ്റവും ഉൽകൃഷ്ടമായ വാത്സല്യത്തിന്റെയും കരുതലിന്റെയും ഒരാൽ മരം ഇന്ന് എനിക്ക് മുന്നിൽ ദീനതയോടെ അപ്രത്യക്ഷമായിരിക്കുന്നു.
ഓർമകളുടെ കടലാഴങ്ങളിൽ ശാന്തതയുടെ തിരി തെളിച്ചം പോലെ ആ മുഖം എന്നെ നൊമ്പരപ്പെടുത്തുന്നു. കണ്ണുകൾ നിറഞ്ഞ് തുളുമ്പി അക്ഷരങ്ങൾ കാണാതാകുന്നു. യാ... അല്ലാഹ്... അദ്ദേഹത്തിന് നീ സ്വർഗം പ്രദാനം ചെയ്യണേ... നാഥാ... അദ്ദേഹം എനിക്ക് സ്‌നേഹമോടെ സമ്മാനിച്ച എത്രയെത്ര നിമിഷങ്ങൾ, കൂടിച്ചേരലുകൾ... അസീർ പ്രവാസി സംഘത്തിന്റെ ക്ഷണപ്രകാരം ഖമീസിൽ എത്തിയ വേള, മറ്റു സംഘടനാ ചടങ്ങുകളിലും... ഓരോ ചടങ്ങുകളിലും പ്രഥമ സ്ഥാനീയനായ ഉസ്താദ്.
'ഷഹീറ നീയെനിക്കെന്റെ മകൾ വഹിയെ പോലെ' അവളുടെ സാമീപ്യമാണ് ഞാനറിയുന്നത് എന്ന് നിറപുഞ്ചിരിയോടെ ഉസ്താദ് പറയുമ്പോൾ പ്രയാധിക്യത്താലും രോഗത്താലും അദ്ദേഹത്തിന്റെ ക്ഷീണിതയായ ഭാര്യ സ്വന്തം മകളെ ആലിംഗനം ചെയ്ത് ഒരമ്മയെ പോലെ എനിക്കായ് വാത്സല്യം നിറച്ചു... ഖമീസിലെ പല ചടങ്ങുകളിലും ഉദ്ഘാടകനായ വി.ഐ.പി ഗസ്റ്റിന് സംഘാടകർ സമ്മാനിച്ച ബൊക്കെ കയ്യിൽ ഉയർത്തിപ്പിടിച്ച് എന്റെ പേർ ഉച്ചത്തിൽ വിളിച്ച്, സദസ്സിലേക്ക് ഇറങ്ങി വന്ന് എനിക്ക് സമ്മാനിച്ചതും. വാർധക്യാവസ്ഥയിലും അദ്ദേഹം എനിക്കായ് തിരഞ്ഞു വന്ന അത്തരം അസുലഭ മുഹൂർത്തങ്ങൾ എനിക്കൊപ്പം മറ്റു സൗഹൃദങ്ങളുടെയും കണ്ണുകൾ നിറച്ചിട്ടുണ്ട്... വർഷങ്ങളോളം ഇതൾ ഉണങ്ങി വീണിട്ടും ആ പൂഞ്ചെണ്ടുകൾ എന്റെ വീടിനെ അലങ്കരിച്ചിരുന്ന ജീവാംശം തന്നെയായിരുന്നു... ഞാനെത്താത്ത പല സദസ്സുകളിലും അദ്ദേഹത്തിന്റെ ഫോൺ കോൾ എന്നെ തേടിയെത്തി... എന്റെ വാത്സല്യ പുത്രിയാണവളെന്ന് പറഞ്ഞ് സ്വയം സന്തോഷിച്ചു... ജീവിതത്തിലെ അപൂർവ നിമിഷങ്ങൾ, ഒന്നിച്ച് യാത്ര ചെയ്തതും.. ഒന്നിച്ച് ഭക്ഷണം കഴിക്കാനും.. എത്രയവസരങ്ങൾ.. എനിക്ക് ഇഷ്ടമുള്ള വിഭവങ്ങൾ തെരഞ്ഞെടുക്കാൻ ഒരു പിതാവിനെ പോലെ കൈ പിടിച്ച് നടന്ന്, നിരത്തിവെച്ച വിഭവങ്ങൾ ഓരോന്നും ആ വലിയ മനുഷ്യൻ, എനിക്കായ് വിവരിച്ചു് തന്നത്... എന്നെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച വേളകളിൽ ഞാനും കുടുംബവും ജിദ്ദയിലെത്തുകയും ഞങ്ങളെ പ്രതീക്ഷിച്ച് മണിക്കൂറുകളോളം യാതൊരു മുഷിപ്പുമില്ലാതെ മലയാളം ന്യൂസ് ഓഫീസിന്റെ കവാടത്തിൽ നിറപുഞ്ചിരിയും ചുവന്ന റോസാചെണ്ടുമായി കാത്ത് നിന്നത്... അന്ന് മലയാളം ന്യൂസ് ഖമീസ് റിപ്പോർട്ടറായിരുന്ന മുഹമ്മദ് മോങ്ങം ഒപ്പമുണ്ടായിരുന്നു,
അദ്ദേഹത്തിന്റെ സ്‌നേഹ വാത്സല്യത്തിന് പാത്രമായ സഹോദരൻ... ഏറ്റവും നല്ല ഭക്ഷണം നൽകി സൽക്കാര പ്രിയ നായ അദ്ദേഹത്തെ വീട്ടിലെത്തിച്ച് മടങ്ങുമ്പോൾ ഹൃദയം സങ്കടക്കടലായി മാറിയത് ഇന്നും നിറകണ്ണുകളോടെ ഓർക്കുന്നു... ആഴ്ചയിൽ എന്നെ തേടിയെത്തുന്ന ഫോൺ വിളികൾ.. നസീറിക്ക, കുഞ്ഞുങ്ങൾ സ്‌നേഹത്തിന്റെ പൂ കണ്ണികൾ കൊണ്ട് അദ്ദേഹം തീർത്ത ഇഴയടുപ്പം എത്ര വലുതായിരുന്നു... രണ്ട് വർഷങ്ങൾക്ക് മുൻപ് വലിയ പെരുന്നാളിന് മക്കൾക്ക് പുതുവസ്ത്രങ്ങൾ വാങ്ങാനായി അദ്ദേഹം എനിക്കയച്ചു തന്ന ആയിരം റിയാൽ... എന്തിനാണ് ഉസ്താദ് കാഷ് അയച്ചത്? എന്ന ചോദ്യത്തിന് എന്റെ പേരക്കുട്ടികൾക്ക് ഡ്രസ്സ് വാങ്ങാനെന്ന് പറഞ്ഞുള്ള നിറച്ചിരി... ഞാൻ കൊണ്ടുചെല്ലാറുള്ള കുഞ്ഞു സമ്മാനപ്പൊതികൾ ആകാംക്ഷയോടെ തുറന്ന് 'എന്റെ കുട്ടി കൊണ്ടുവന്നത്' എന്ന് പറഞ്ഞ് വാത്സല്യനിധിയായ ഒരു പിതാവിന്റെ അവകാശം എനിക്ക് തന്നതിന്.... ഒരിക്കൽ കൂടി ഖമീസിലേക്ക് വരാൻ ആഗ്രഹിച്ചിട്ടും നടക്കാതെ പോയ വിധിക്ക്... പ്രിയപ്പെട്ടതെല്ലാം നഷ്ടപ്പെടുത്തിയ കാലത്തിന്...മനസ്സേ... ശാന്തമാകൂ.... മലയാളം ന്യൂസിന്റെ നെടുംതൂണുകളായ എന്റെ ജ്യേഷ്ഠസഹോദരങ്ങൾ.
അവർക്ക് അവരുടെ സാരഥിയെ, ഉസ്താദിനെ നഷ്ടമായിരിക്കുന്നു... എനിക്കെന്റെ വാത്സല്യത്തുരുത്തും.






