മലയാളിയല്ലാത്ത, മലയാളമറിയാത്ത മറ്റൊരു പത്രാധിപർ, മലയാള മാധ്യമ ചരിത്രത്തിൽ സവിശേഷമായ ഒരിടം സ്വന്തമാക്കിയത് ലക്ഷക്കണക്കിന് മലയാളികൾ ജീവിക്കുന്ന സൗദി അറേബ്യയിൽനിന്ന് ഒരു സമ്പൂർണ മലയാള ദിനപത്രം പുറത്തിറക്കിക്കൊണ്ടാണ്. അതുവഴി മലയാള മാധ്യമ ചരിത്രത്തിനും മലയാള ഭാഷക്ക് തന്നെയും അദ്ദേഹം നൽകിയ അനന്യ സംഭാവനകൾക്ക് പകരം നൽകാൻ തീർച്ചയായും നാം മറന്നുപോയി.
2003 ജൂലൈ 27 ന് രണ്ടാമത്തെ മകൾ ജനിച്ച സന്തോഷ വാർത്ത പറയാൻ മുഖ്യ പത്രാധിപർ ഫാറൂഖ് ലുഖ്മാന്റെ കാബിനിൽ ചെന്നതായിരുന്നു. വിവരങ്ങളൊക്കെ അന്വേഷിച്ചിട്ട് അദ്ദേഹം ചോദിച്ചു, മകൾക്ക് പേരിട്ടോ? ഇല്ലെന്ന് പറഞ്ഞപ്പോൾ ഞാനൊരു പേരിടാമെന്ന് നിർദേശം. സമ്മതത്തിന് കാത്തുനിൽക്കാതെ തന്നെ അദ്ദേഹം പേരിട്ടു: അമൽ.
ഇന്നലെ, അമലിന്റെ പതിനാറാം ജന്മദിനത്തിൽ രാവിലെയെത്തിയ ദുഃഖിപ്പിക്കുന്ന വാർത്ത ഫാറൂഖ് ലുഖ്മാൻ എന്ന സർഗധനനായ പത്രാധിപരുടെ ദേഹവിയോഗമായിരുന്നു. ആഹ്ലാദത്തിന്റെ വാർഷികങ്ങൾക്ക് ഇനിയെന്നും നനുത്ത ദുഃഖസ്പർശം കൂടി. മാധ്യമ പ്രവർത്തനത്തിന്റെ കാൽ നൂറ്റാണ്ടിൽ കൂടുതൽ സമയവും ഒപ്പം ചെലവഴിച്ച, അനന്യസാധാരണമായ ഉൾക്കാഴ്ചയുള്ള ഒരു പത്രാധിപരുടെ സാന്നിധ്യവും സാമീപ്യവും ഇനിയില്ല.
കോവളത്തെ അശോക ഹോട്ടലിൽ ആദ്യം കാണുമ്പോൾ തന്നെ ആ അസാധാരണ പ്രതിഭയെ തിരിച്ചറിയാൻ സാധിച്ചിരുന്നു. ഞങ്ങൾ ചെല്ലുമ്പോൾ അദ്ദേഹം മുറിയിലില്ല. റിസപ്ഷനിസ്റ്റ് നറുപുഞ്ചിരിയോടെ ചോദിച്ചു, സൗദിയിൽനിന്ന് വന്നയാളാണോ.. എങ്കിൽ ആ പൂന്തോട്ടത്തിൽ കാണും. ഞങ്ങൾ നോക്കുമ്പോൾ, അതെ, ചെടികൾ നനക്കുന്ന തോട്ടക്കാരനോട് നല്ല ഇംഗ്ലീഷിൽ കുശലം പറഞ്ഞുകൊണ്ട് ഫാറൂഖ് ലുഖ്മാൻ. അയാളും തിരിച്ചെന്തൊക്കെയോ പറയുന്നു. ഞങ്ങൾ പരിചയപ്പെടുത്തിയപ്പോൾ ഹാർദമായ സ്വീകരണം. ഒരു നിമിഷം കാത്തിരിക്കൂ... ഞാൻ വേഷം മാറി വരാമെന്ന് പറഞ്ഞ് മുറിയിലേക്ക്. തോട്ടക്കാരൻ പറഞ്ഞു: എല്ലാ ദിവസവും അദ്ദേഹം വന്ന് എന്നോട് എന്തെങ്കിലും സംസാരിച്ചിട്ടേ പോകൂ.. അതായിരുന്നു ഫാറൂഖ് ലുഖ്മാൻ എന്ന പത്രാധിപരുടെ സവിശേഷത. തോട്ടക്കാരൻ അറിയുന്നുണ്ടോ, അടുത്ത ദിവസം ഇറങ്ങുന്ന ഫാറൂഖ് ലുഖ്മാന്റെ 'അതിരുകളില്ലാത്ത ലോകം' എന്ന പ്രസിദ്ധമായ കോളത്തിലെ കഥാപാത്രമാകാം താനെന്ന്.
വിശാലമായ ഹോട്ടൽ റിസപ്ഷനിലെ ഒരു ഭാഗത്ത് ഞങ്ങൾ മൂന്നാലു പേർ ഒരു മണിക്കൂറോളം സംസാരിച്ചു. മലയാളം ന്യൂസ് എന്ന ദിനപത്രത്തെക്കുറിച്ചുള്ള സങ്കൽപങ്ങൾ അദ്ദേഹം പങ്കുവെച്ചു. അതിന്റെ ഭാഗമാകാൻ ഞങ്ങളെ ക്ഷണിച്ചു. അതിനിടെ, റിസപ്ഷനിൽ, കൈയിലെ തളികയിൽ ബിയറുമായി പോകുകയായിരുന്ന ജീവനക്കാരന്റെ കൈയിൽനിന്ന് കുപ്പി തറയിൽ വീണു പൊട്ടിച്ചിതറി. ഫാറൂഖ് ലുഖ്മാൻ ഉടനെ എഴുന്നേറ്റ് അയാളുടെ അടുത്ത് ചെന്ന് ആശ്വസിപ്പിച്ചു. പിന്നെ തിരിച്ചുവന്ന് ഞങ്ങളോട് പറഞ്ഞു: ഇതിന്റെ വില അയാളുടെ ശമ്പളത്തിൽനിന്ന് പിടിക്കും. നിങ്ങൾക്കറിയുമോ, ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ ബിയറിന് എത്രയാണ് വില ഈടാക്കുന്നതെന്ന്... മറുപടി പ്രതീക്ഷിക്കാത്ത ചോദ്യം. സാധാരണക്കാരന്റെ പ്രശ്‌നങ്ങളോടും പ്രയാസങ്ങളോടും എപ്പോഴും അനുഭാവം കാണിക്കുന്ന മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. ജിദ്ദയിൽ അദ്ദേഹത്തോടൊപ്പമുള്ള ഒന്നരപ്പതിറ്റാണ്ടിൽ അത് അടുത്തുനിന്ന് ഏറെ മനസ്സിലാക്കാനും സാധിച്ചു.
ഒരു പത്രപ്രവർത്തകനു വേണ്ട ഏറ്റവും വലിയ ഗുണം, നിരീക്ഷിക്കാനുള്ള കൗതുകം, വാർത്തകൾ മണത്തറിയുന്ന സ്വഭാവം, രണ്ടും ഫാറൂഖ് ലുഖ്മാന് വേണ്ടുവോളമുണ്ടായിരുന്നു. തിരുവനന്തപുരം നഗരത്തിൽനിന്ന് പുലർച്ചെ കോവളത്തേക്ക് ടാക്‌സിയിൽ സഞ്ചരിക്കുമ്പോൾ താൻ കണ്ട കൗതുകരമായ കാഴ്ചകൾ അദ്ദേഹം ഞങ്ങളോട് പങ്കുവെക്കുമായിരുന്നു. അതിലൊന്ന്, ചായക്കടകൾക്ക് മുന്നിലെ ബെഞ്ചുകളിൽ ചായ മൊത്തി, പത്രം വായിക്കുന്ന സാധാരണക്കാരന്റെ ദൃശ്യമായിരുന്നു. കോവളത്തെ തീരത്ത് കയറ്റിയിട്ടിരിക്കുന്ന വള്ളങ്ങളിൽ ചാരി മീൻപിടിത്തക്കാരായ തൊഴിലാളികൾ പത്രം വായിക്കുന്നതിൽ മുഴുകുന്നത് കണ്ട ഫാറൂഖ് ലുഖ്മാൻ. മലയാളിയുടെ പത്രവായനാ കൗതുകം പണ്ടേ മനസ്സിലാക്കിയ അദ്ദേഹത്തിന്റെ മനസ്സിൽ മലയാളം ന്യൂസ് എന്ന പ്രവാസി പത്രം മുളപൊട്ടിയതിൽ അത്ഭുതമൊന്നുമില്ല. ഒരു കഷ്ണം കടലാസ് എവിടെനിന്നെങ്കിലും തേടിപ്പിടിച്ച് വായിക്കുന്ന, ദിനപത്രം കാണാൻ ആഴ്ചകൾ ക്ഷമയോടെ കാത്തിരിക്കുന്ന ഗൾഫ് മലയാളിയുടെ പ്രഭാതങ്ങളിലേക്ക് അന്നന്നത്തെ ചൂടുള്ള വാർത്തകളുമായി ഒരു പത്രം എന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്ക് ഫാറൂഖ് ലുഖ്മാനെ നയിച്ചത് തീർച്ചയായും മലയാളിയുടെ ഈ വായനാപ്രേമം തന്നെ.
സ്വയം ഒരു നല്ല വായനക്കാരനുമായിരുന്നു ഫാറൂഖ് ലുഖ്മാൻ. ഏറ്റവും പുതിയ പുസ്തകങ്ങൾ എവിടെനിന്നും തേടിപ്പിടിക്കും. അവധിക്ക് നാട്ടിൽ പോകുമ്പോൾ, നല്ല പുസ്തകങ്ങളുടെ ലിസ്റ്റ് തരും. തിരിച്ചുവരുമ്പോൾ വാങ്ങിക്കൊണ്ടുവരണം. ഇടക്ക് അടുത്തുവന്ന് ഏതു പുസ്തകമാണ് ഇപ്പോൾ വായിക്കുന്നതെന്ന് ചോദിക്കും. താൻ വായിക്കുന്ന പുസ്തകത്തിന്റെ വിശേഷങ്ങൾ പറയും. ചിലപ്പോൾ നല്ല പുസ്തകങ്ങൾ സമ്മാനമായി തരും. ജോർദാനിലെ ഹുസൈൻ രാജാവിന്റെ ആത്മകഥ മുതൽ എം.എഫ്. ഹുസൈന്റെ കേരള കാഴ്ചകൾ വരെയുള്ള അദ്ദേഹം സമ്മാനമായി നൽകിയ പുസ്തകങ്ങൾ ഇന്നും എന്റെ ഹോം ലൈബ്രറിയിലെ അമൂല്യ ശേഖരമാണ്.
അവിചാരിതമായോ യാദൃഛികമായോ പത്രപ്രവർത്തനത്തിലേക്ക് എത്തിപ്പെട്ടതായിരുന്നില്ല അദ്ദേഹം. സിരകളിൽ ഒഴുകിയിരുന്നത് അക്ഷരങ്ങളെ പ്രേമിച്ച രക്തമായിരുന്നു. പിതാവ് യെമനിലെ പ്രസിദ്ധനായ പത്രാധിപരും പ്രസാധകനും. അതിനാൽ തന്നെ പത്രപ്രവർത്തനം അദ്ദേഹത്തെ സംബന്ധിച്ച് ജന്മഗുണമായിരുന്നു. വാർത്തകളോട് അടങ്ങാത്ത ദാഹവും പ്രേമവുമായിരുന്നു. അനുനിമിഷം ആയിരക്കണക്കിന് വാർത്തകൾ ഇറ്റുവീഴുന്ന കംപ്യൂട്ടറിലെ 'ഡിനെറ്റി'ന് മുന്നിൽ താപസനെപ്പോലെ ഇരിക്കും. ഫാറൂഖ് ലുഖ്മാനേക്കാൾ മുമ്പേ ഒരു ബ്രേക്കിംഗ് ന്യൂസ് പൊട്ടിക്കണമെന്ന് വിചാരിച്ചാൽ ഒരിക്കലും നടക്കില്ല. നാം കാണുന്നതിന് ഒരു നിമിഷം മുമ്പേ അദ്ദേഹത്തിന്റെ കണ്ണിലുടക്കിയിരിക്കും ആ വാർത്ത. ആഗോള വാർത്തകൾ വിശകലനം ചെയ്യുന്നതിലെ അദ്ദേഹത്തിന്റെ സാമർഥ്യത്തിനും അറബ് ലോകത്ത് പകരം വെക്കാൻ ആളില്ല. പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി ബേനസീർ ഭുട്ടോ അധികാരമേറ്റപ്പോൾ ഒരു ദിവസം എഡിറ്റോറിയൽ മീറ്റിംഗിൽ അദ്ദേഹം ചോദിച്ചു, നിങ്ങൾ കരുതുന്നുണ്ടോ ബേനസീർ അധികകാലം അധികാരത്തിൽ തുടരുമെന്ന്. അവർ തീർച്ചയായും വധിക്കപ്പെടും. തികച്ചും സത്യമായി പുലർന്ന പ്രവചനം. അത്, ഒരു ജ്യോതിഷിയുടെ പ്രവചനമല്ല, പാക് രാഷ്ട്രീയത്തിന്റെ ഉള്ളുകള്ളികളിലേക്ക് ആഴത്തിൽ കടന്നുചെന്ന വിദഗ്ധനായ ഒരു പത്രപ്രവർത്തകന്റെ തീർച്ചയായിരുന്നു. അക്കാലത്ത് മലയാളം ന്യൂസിനൊപ്പം ഉറുദു ന്യൂസിന്റേയും മുഖ്യ പത്രാധിപരായിരുന്നു അദ്ദേഹം.
തികച്ചും ജനകീയനായ പത്രാധിപരായിരുന്നു ഫാറൂഖ് ലുഖ്മാൻ. പുതുതായി ആരെയെങ്കിലും പരിചയപ്പെടുമ്പോൾ മലയാളം ന്യൂസിലാണ് ജോലി എന്ന് പറഞ്ഞാൽ അവർ ആദ്യം ചോദിക്കുക, ഓ, ഫാറൂഖ് ലുഖ്മാൻ ഇപ്പോഴും അവിടെയുണ്ടോ എന്നായിരിക്കും. അവർ ഇന്നുവരെ അദ്ദേഹത്തെ കണ്ടിട്ടു കൂടിയുണ്ടാകില്ല. എങ്കിലും മലയാളം ന്യൂസിലൂടെ ശക്തമായ ഒരു അദൃശ്യ സാന്നിധ്യമായിരുന്നു ഫാറൂഖ് ലുഖ്മാൻ പ്രവാസി മലയാളികൾക്കിടയിൽ. മലയാളി കൂട്ടായ്മകളുടെ യോഗങ്ങളിലും സമ്മേളനങ്ങളിലുമൊക്കെ സംബന്ധിക്കാൻ അതീവ താൽപര്യമായിരുന്നു അദ്ദേഹത്തിന്. ഔപചാരികതകളില്ലാത്ത, നർമം കലർത്തിയുള്ള സംഭാഷണത്തിലൂടെ ആരുടേയും ഹൃദയം വശീകരിക്കും. ഒരിക്കൽ കണ്ടാൽ, പരിചയപ്പെട്ടാൽ പിന്നെ മനസ്സിന്റെ പടിയിറങ്ങിപ്പോകാത്ത വ്യക്തിത്വം. ജിദ്ദയിൽ മാത്രമല്ല, റിയാദിലും ദമാമിലും ഖമീസ് മുഷൈത്തിലുമൊക്കെയുള്ള മലയാളികൾക്കിടയിൽ അദ്ദേഹം സുപരിചിതനായിരുന്നു.
ഗൗരവപ്പെട്ട ചർച്ചകൾക്കിടയിൽ സ്വതഃസിദ്ധമായ നർമത്തിലൂടെ ഫാറൂഖ് ലുഖ്മാൻ വേറിട്ടുനിൽക്കുമായിരുന്നു. ഒരിക്കൽ, ജിദ്ദ ഇന്ത്യൻ സ്‌കൂളിന്റെ തിങ്ങിനിറഞ്ഞ ഓഡിറ്റോറിയത്തിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിച്ച ഒരു മാധ്യമ സെമിനാർ. ഇന്ത്യയിൽനിന്ന് വന്ന പ്രശസ്തനായ മാധ്യമ പ്രവർത്തകൻ അടക്കം മാധ്യമങ്ങളുടെ സാമൂഹിക പ്രതിബദ്ധതയെക്കുറിച്ചും മറ്റും സംസാരിക്കുന്നു. ഫാറൂഖ് ലുഖ്മാന്റെ ഊഴം. രണ്ടു വശത്തുനിന്നും മുഖത്തേക്ക് പ്രകാശിക്കുന്ന ഫ്‌ളാഷ് ലൈറ്റിൽ അസ്വസ്ഥനായി അദ്ദേഹം പറഞ്ഞു. ഈ ലൈറ്റുകൾ അണക്കൂ...എനിക്ക് സദസ്സിനെ കാണാനാകുന്നില്ല. അൽപം നിറുത്തി, വനിതകൾ ഇരിക്കുന്ന ഭാഗത്തേക്ക് നോക്കി അദ്ദേഹം പറഞ്ഞു. രണ്ടും അണക്കാൻ പറ്റില്ലെങ്കിൽ ഈ ഭാഗത്തേതെങ്കിലും അണക്കുക. എനിക്ക് അവരെ കാണാതിരിക്കാൻ പറ്റില്ല. വനിതകളുടെ നിലക്കാത്ത കൈയടിയിൽ അദ്ദേഹം പതിയെ പ്രസംഗത്തിലേക്ക് കടന്നു.
ഇടക്ക് സ്റ്റാഫ് അംഗങ്ങളെ വിരുന്നൂട്ടാൻ കൊണ്ടുപോകും. മുന്തിയ ഹോട്ടലുകളിൽ ഞങ്ങളെ ഭക്ഷണം കഴിപ്പിക്കുന്നത് അദ്ദേഹത്തിന് വലിയ ആഹ്ലാദമായിരുന്നു. തന്റെ ലക്‌സസ് കാറിൽ കയറി ഞങ്ങൾ ഡോർ വലിച്ചടക്കുമ്പോൾ അൽപം പരിഭവത്തോടെ പറയും: ഇത് നിങ്ങളുടെ അംബാസഡറല്ല കേട്ടോ.. മാഗ്‌നറ്റിക് ഡോറാണ്.. പതുക്കെ അടച്ചാൽ മതി.
വായനക്കാരന്റെ പത്രാധിപരായിരുന്നു അദ്ദേഹം. മുഖപ്രസംഗമില്ലാത്ത മലയാളം ന്യൂസിൽ എക്കാലവും വായനക്കാരായിരുന്നു മുഖപ്രസംഗമെഴുത്തുകാർ. ഡെസ്‌കിൽ കൂമ്പാരം നിറയുന്ന വായനക്കാരുടെ കത്തുകൾ കാണുമ്പോൾ അദ്ദേഹത്തിന്റെ മുഖം സന്തോഷം കൊണ്ട് പ്രകാശിക്കും. വായനക്കാരെ പ്രോത്സാഹിപ്പിക്കാൻ മികച്ച കത്തുകൾക്ക് സ്വർണ നാണയം ഏർപ്പെടുത്തി അദ്ദേഹം. മലയാളം ന്യൂസിലൂടെ കത്തുകളെഴുതി, പിന്നെ ലേഖനങ്ങളെഴുതി ഗ്രന്ഥകർത്താക്കൾ വരെയായി പലരും. അക്കാര്യം നന്ദിയോടെ സ്മരിക്കുകയും പത്രത്തിന്റെ വാർഷിക വേളകളിൽ കൃതജ്ഞതാഭരിതമായി അതൊക്കെ ഓർത്തെടുക്കുകയും ചെയ്യുന്നവർ എത്രയോ ഉണ്ട്. അനാരോഗ്യത്തിന്റെ പിടിയിലമർന്ന് കിടപ്പാകുന്നതു വരേയും മലയാളം ന്യൂസ് ഓഫീസിൽ എത്തുമായിരുന്നു അദ്ദേഹം. റിട്ടയർ ചെയ്ത ശേഷവും ഈ പതിവ് തുടർന്നു. സ്ഥാനമൊഴിഞ്ഞിട്ടും ചീഫ് എഡിറ്ററുടെ കസേരയിൽ വൈകുന്നേരമെത്തി ഏതാനും മണിക്കൂർ ഇരിക്കാൻ പിൻഗാമിയായെത്തിയ ഇപ്പോഴത്തെ ചീഫ് എഡിറ്റർ താരിഖ് മിശ്ഖസിനും സമ്മതമായിരുന്നു. അപ്പോഴൊക്കെയും വാർത്തകളുടെ ലോകത്തിലൂടെ ഞങ്ങളെ എല്ലാവരേയും അദ്ദേഹം നയിച്ചു.
ഫാറൂഖ് ലുഖ്മാൻ എന്ന അസാധാരണ പത്രാധിപർ ഓർമകളിലേക്ക് മായുമ്പോഴും ഒരു സങ്കടം മാത്രം: അദ്ദേഹത്തെ അർഹമായി ആദരിക്കാൻ കേരളത്തിന് കഴിഞ്ഞുവോ.. മലയാളത്തിൽ ആദ്യത്തെ പത്രമിറക്കിയത് മലയാളിയായിരുന്നില്ല, ഹെർമൻ ഗുണ്ടർട്ട് ആയിരുന്നു. മലയാളിയല്ലാത്ത, മലയാളമറിയാത്ത മറ്റൊരു പത്രാധിപർ, മലയാള മാധ്യമ ചരിത്രത്തിൽ സവിശേഷമായ ഒരിടം സ്വന്തമാക്കിയത് ലക്ഷക്കണക്കിന് മലയാളികൾ ജീവിക്കുന്ന സൗദി അറേബ്യയിൽനിന്ന് ഒരു സമ്പൂർണ മലയാള ദിനപത്രം പുറത്തിറക്കിക്കൊണ്ടാണ്. അതുവഴി മലയാള മാധ്യമ ചരിത്രത്തിനും മലയാള ഭാഷക്ക് തന്നെയും അദ്ദേഹം നൽകിയ അനന്യ സംഭാവനകൾക്ക് പകരം നൽകാൻ തീർച്ചയായും നാം മറന്നുപോയി. മലയാളം ന്യൂസ് തുടങ്ങുമ്പോൾ കേരള മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർ മുതൽ, ഇപ്പോഴത്തെ മുഖ്യമന്ത്രിയായ പിണറായി വിജയൻ വരെയുള്ളവരെ സ്വന്തം നേതാക്കളെയെന്ന പോലെ അറിയുകയും പരിചയപ്പെടുകയും ചെയ്ത ഫാറൂഖ് ലുഖ്മാനെ അവ്വിധം ആദരിക്കാൻ നമുക്കായില്ല. രണ്ടു വർഷം മുമ്പ് ഇന്ത്യയുടെ പത്മ ബഹുമതികളിലൊന്ന് കടൽ കടന്ന് സൗദി അറേബ്യയിലെത്തി, യോഗയുടെ പേരിൽ. അപ്പോഴും ഫാറൂഖ് ലുഖ്മാന്റെ സംഭാവനകളെ കേരളം ആ അർഥത്തിൽ വിസ്മരിച്ചു. എങ്കിലും മലയാള മാധ്യമ ചരിത്രത്തിൽ സ്വയം അടയാളപ്പെടുത്തിയാണ് അദ്ദേഹം കാലത്തിന്റെ യവനികക്ക് പിന്നിലേക്ക് മറയുന്നത്. ഒരിക്കലും മായാത്ത അടയാളം.






