നർമദ പ്രിൻസ് സ്‌കൂട്ടറിൽ കോവളം അശോക ഹോട്ടലിലെത്തിയത് രാവിലെയായിരുന്നു. തൊട്ടടുത്ത ദിവസം വന്ന ഒരു ഫോൺ കോളിന്റെ പ്രതികരണമായുളള യാത്ര. കോറസ് പെർഫ്യൂമിന്റെ സുന്ദര ഗന്ധം പരക്കുന്ന മുറിയിൽ എ.എം പക്കർ കോയ എന്ന ആഢ്യ വ്യക്തിത്വം. പ്രസ് ഇൻഫർമേഷൻ ബ്യൂറോക്ക് എതിർവാക്കില്ലാത്ത കാലത്ത് സാരഥ്യത്തിലിരുന്നയാൾ. വ്യക്തികളെ അളന്നെടുക്കുന്ന നോട്ടം. വന്ന കാര്യം പറഞ്ഞുകൊണ്ടിരിക്കേ ചന്ദന കളർ ടീഷർട്ടും ജീൻസുമിട്ട് ഒരാൾ അടുത്തേക്കു വന്നു- ഫാറൂഖ് ലുഖ്മാൻ - പക്കർ കോയയിൽ നിന്ന് ആ പേര് ആദ്യമായി കേൾക്കുകയായിരുന്നു. ആദ്യ കാഴ്ചയും അതു തന്നെ. രണ്ടോ മൂന്നോ മിനിറ്റ് കൊണ്ട് ചോദിക്കേണ്ടതെല്ലാം ചോദിച്ചു കഴിഞ്ഞിരുന്നു. ആ ചടുലത അപ്പോഴേ മനസ്സിൽ കയറി. യാത്രച്ചെലവ് തന്നേ പറഞ്ഞയക്കാവൂ എന്ന് പക്കർ കോയക്കദ്ദേഹം കൊടുത്ത നിർദേശമാണ് ആദ്യമായി ഉസ്താദിൽ നിന്ന് കേട്ട ഔദ്യോഗിക ഇടപെടൽ. വന്നത് സ്‌കൂട്ടറിലാണെന്നും താമസം തിരുവനന്തപുരത്ത് തന്നെയാണെന്നും പറഞ്ഞതോടെ യാത്രാ ചെലവിന്റെ കാര്യം അവിടെ തീർന്നു. പക്ഷേ കാര്യങ്ങൾ തീരുകയായിരുന്നില്ല. എല്ലാം തുടങ്ങുകയായിരുന്നു. സാമാന്യം തരക്കേടില്ലാത്ത ജോലി വിട്ട് മലയാളം ന്യൂസ് എന്ന പത്ര പരീക്ഷണത്തിന് ഇറങ്ങിത്തിരിക്കാൻ ധൈര്യം തന്നത് തീർച്ചയായും ഉസ്താദും എ.എം പക്കർ കോയയും അവരുടെ ശരീര ഭാഷയിൽ നൽകിയ സന്ദേശം തന്നെയായിരുന്നു. ഇവർക്കത് സാധ്യമാണെന്ന് മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു.
ആ ബന്ധത്തിന്റെയും ഹ്രസ്വമായ വാചാ അഭിമുഖത്തിന്റെയും തുടർച്ച 1999 ഏപ്രിൽ 16 മുതൽ ഇറങ്ങുന്ന മലയാളം ന്യൂസിനൊപ്പം ഇപ്പോഴും മുന്നോട്ട് പോകുന്നു.
മൂന്ന് വർഷത്തിൽ താഴെ മാത്രം നീണ്ട റിയാദ് ബ്യൂറോ ജീവിത കാലത്തും പിന്നീട് ദീർഘ വർഷങ്ങളിലെ ജിദ്ദ ഡെസ്‌ക് കാലത്തും ഫാറൂഖ് ലുഖ്മാൻ എന്ന പത്രപ്രവർത്തക പ്രതിഭ ഏത് വിധമാണ് മലയാളം ന്യൂസ് എന്ന മഹാദൗത്യം മലായാളി പൊതു മണ്ഡലത്തിലേക്ക് മഹനീയമായി ഇറക്കിക്കൊണ്ടു വരുന്നതെന്ന് ആദരവോടെ നോക്കിക്കണ്ടു. ഇടപെട്ടു. പങ്കാളിയായി.
ഒരു പുതിയ പത്രം ഏത് വിധമാണ് ജനകീയമാക്കുന്നതെന്ന് ഫെയ്‌സ് ബുക്ക് വാട്‌സാപ് പൂർവ കാലത്ത് അദ്ദേഹം കാണിച്ചു തരികയായിരുന്നു. അതിനദ്ദേഹം അക്കാലത്തെ അന്താരാഷ്ട്ര പത്ര മാധ്യമങ്ങളൊക്കെ അടിമുടി ശ്രദ്ധിച്ചു. മേശപ്പുറത്ത് കിടന്ന ബ്രിട്ടീഷ് - അമേരിക്കൻ പത്രങ്ങളിലെ പത്രാധിപ കത്തുകളുടെ കോളം അദ്ദേഹം ശ്രദ്ധാപൂർവം നോക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. മലയാളം ന്യൂസിന്റെ സമീക്ഷ പേജിലെ ഞങ്ങൾക്ക് പറയാനുള്ളത് എന്ന കോളത്തിന്റെ വിജയത്തിനായുള്ള ഉയർന്ന തലത്തിലുള്ള അന്വേഷണമായിരുന്നു അതൊക്കെ.
ജനങ്ങൾക്ക് അവരുടെ ചിന്തകൾ പങ്കുവെക്കാനുള്ള മനോഹരമായ ഇടമായി ഈ കോളം അതിവേഗം മാറ്റിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. അതു വഴി മലയാളം ന്യൂസിന്റെ സ്വീകാര്യതയും. ഈ കോളം കൈകാര്യം ചെയ്യുന്ന എഡിറ്ററുടെ മേശപ്പുറം ഞങ്ങൾക്ക് പറയാനുള്ളതിലേക്കുള്ള കത്തുകൾ കൊണ്ട് നിറഞ്ഞു. പ്രവാസിയുടെ വേദനകളും ആഹ്ലാദവും ചിന്തകളുമൊക്കെ ആ കത്തുകളിൽ ഇതൾ വിരിഞ്ഞു. അക്ഷരങ്ങൾ കൂട്ടിയെഴുതാൻ മാത്രമറിയന്നവരുടെ കത്തുകൾ പോലും അധികമധികമായി പ്രസിദ്ധീകരിക്കാൻ അദ്ദേഹം പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരുന്നു. സിറ്റിസൺ ജേണലിസമെന്ന സങ്കൽപമൊക്കെ വരുന്നത് പിന്നീടെപ്പോഴൊക്കെയോ ആണ്. ഭാഗ്യമെന്ന് പറയട്ടെ ഇത്തരം കത്തുകൾ മാറ്റിയെഴുതി കൂടുതൽ ഭംഗിയാക്കി പ്രസിദ്ധീകരിക്കുന്ന കാര്യത്തിൽ പ്രതിബദ്ധത കാണിക്കുന്ന എഡിറ്റർമാരേയും അദ്ദേഹത്തിന് കിട്ടി. അവരിൽ എടുത്തു പറയേണ്ടത് ഇന്ന് നമ്മോടൊപ്പമില്ലാത്ത പുത്തുർ മുഹമ്മദിന്റെ പേരാണ്. ഫാറൂഖ് ലുഖ്മാന്റെ ദീർഘദർശിത്വവും പുത്തൂരിന്റെ മലയാള ഭാഷാ നൈപുണ്യവും വഴി എത്രയെത്രയോ എഴുത്തുകാർ ഞങ്ങൾക്ക് പറയാനുള്ളത് എന്ന പംക്തി വഴി ജനിച്ചു. അവരിൽ പലരുമിന്ന് മലയാളത്തിലെ തലയെടുപ്പുള്ള എഴുത്തുകാരാണ്.
മലയാളം ന്യൂസിന് മുഖപ്രസംഗമില്ല. ഒരവസരത്തിൽ ഇതേപ്പറ്റി ചോദ്യമുണ്ടായപ്പോൾ ഫാറൂഖ് ലുഖ്മാൻ പറഞ്ഞത് വായനക്കാരാണ് എന്റെ പത്രത്തിൽ എഡിറ്റോറിയൽ എഴുതുന്നതെന്നാണ്. തന്റെ പത്രത്തിന്റെ കോളം ഈ വിധം വായനക്കാർക്കായി തുറന്നിട്ടു കൊടുത്ത മറ്റൊരു പത്രാധിപരുണ്ടെന്ന് തോന്നുന്നില്ല.
സ്വയം ആവിഷ്‌കരിക്കാനുള്ള അവസരമൊക്കെ ഇന്ന് മനുഷ്യർക്ക് ധാരാളമായുണ്ട്. ഒന്നര പതിറ്റാണ്ട് മുമ്പ് ഈ ആവിഷ്‌കാര അവസരവും സ്വാതന്ത്ര്യവും അനുവദിക്കാൻ കഴിഞ്ഞ ഫാറൂഖ് ലുഖ്മാന്റെ ദീർഘ ദൃഷ്ടി ഏത് മാപിനി വെച്ചാണ് അളക്കാൻ സാധിക്കുക?
ഇന്ത്യയെ ഇന്ത്യൻ ദേശീയ വാദിയോളം സ്‌നേഹിച്ചിരുന്നു അദ്ദേഹം. ജവാഹർ ലാൽ നെഹ്‌റു മുതലുള്ള നേതാക്കളെ മനസ്സിൽ സൂക്ഷിച്ച അന്യദേശക്കാരൻ. ഇന്ദിരാഗാന്ധിയേയും രാജീവ് ഗാന്ധിയേയും പ്രധാനമന്ത്രിമാരായിരിക്കേ അഭിമുഖം നടത്തിയ അടുപ്പം. ഇന്ദിരാഗാന്ധിയെ സ്വന്തം വീട്ടിലെ അംഗത്തെ പോലെയാണ് അദ്ദേഹം കണ്ടത്. അവരുടെയും പ്രിയമകന്റെയുമൊക്കെ ദാരുണ അന്ത്യത്തിൽ അദ്ദേഹം ഒരിന്ത്യക്കാരനെ പോലെ ദുഃഖിച്ചു. ഗാന്ധിജിയെ അദ്ദേഹം ആത്മാവിൽ വഹിച്ചു. അതിനൊരു പ്രത്യേക കാരണവുമുണ്ട്. ലുഖ്മാന്റെ പത്ര പ്രവർത്തകനായ പിതാവ് യെമനിൽ ഒരു കപ്പലിൽ വെച്ച് ഗാന്ധിജിയെ അഭിമുഖം നടത്തിയിരുന്നു. അക്കാര്യമദ്ദേഹം അഭിമാനത്തോടെ എഴുതിയിട്ടുണ്ട്.
ഇ.കെ. നായനാരെപ്പറ്റി വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന അപ്പൂപ്പൻ എന്ന് കവിതയും മാനുഷികതയും തുളുമ്പുന്ന ഭാഷയിൽ പറഞ്ഞത് ഒ.എൻ.വി കുറുപ്പാണ്. പക്ഷേ അതിനുമെത്രയോ മുമ്പ് ഫാറൂഖ് ലുഖ്മാൻ ഇതെഴുതുന്നയാളോട് സമാനമായ വാചകം പറഞ്ഞിട്ടുണ്ട്. നായനാരെ ഇന്റർവ്യൂ ചെയ്‌തെത്തിയ നാളുകളിലൊന്നിലാണ് നായനാരോടുള്ള ഇഷ്ടം അദ്ദേഹം വീണ്ടും തന്റെ മലയാളികളായ സ്റ്റാഫിന് മുന്നിൽ പ്രകടിപ്പിച്ചത്. വീണ്ടും വീണ്ടും കാണാൻ തോന്നുന്ന പ്രിയ പിതാവിന്റെ രൂപമായിരുന്നു നായനാരെ കണുമ്പോൾ ലുഖ്മാന്റെ മനസ്സിൽ.
മദ്രാസിൽ കറുത്ത കണ്ണട വെച്ച ഒരു നേതാവുണ്ടായിരുന്നില്ലേ? പുള്ളിയുടെ പേരെന്തായിരുന്നു....? ടി.ടി കൃഷ്ണമാചാരി എന്ന് പറഞ്ഞുകൊടുക്കേണ്ട താമസം ബാക്കി വിവരങ്ങളൊക്കെ മണിമണിയായിങ്ങ് പറയും. നമ്പൂതിരിപ്പാട് എന്ന വാക്കുച്ചരിക്കാൻ വലിയ പ്രയാസമാണ്. ഇ.എം.എസ് എന്ന് കേട്ടാൽ പക്ഷേ നമ്പൂതിരിപ്പാട് എന്ന വഴങ്ങാത്ത വാക്ക് ആവർത്തിച്ചുകൊണ്ടിരിക്കും. അത്രക്ക് ഇഷ്ടമായിരുന്നു ഇന്ത്യൻ നേതാക്കളെയൊക്കെ.
ഹിന്ദി സിനിമയറിയാവുന്നവരെ കണ്ടാൽ പിന്നെ പ്രമുഖരായ എല്ലാ നടന്മാരും അദ്ദേഹത്തിന് മുന്നിൽ വന്ന് നിറയും. മുംബൈ സെന്റ് സേവ്യേഴ്‌സ് പഠന കാലത്തിന്റെ മധുര സ്മരണ. മമ്മൂട്ടിയെയാണോ മോഹൻലാലിനെയാണോ ഇഷ്ടം എന്ന ചോദ്യം എത്രയോ തവണ കേട്ടിരിക്കുന്നു. ഐശ്വര്യ റായ് എന്ന പേര് പറയാൻ ബുദ്ധിമുട്ടാണ്. ഐശാ വാര്യർ എന്നായിപ്പോകും.
പാണക്കാട് തങ്ങന്മാരെയും, ബാഫഖി തങ്ങളുടെ കുടുംബത്തേയുമൊക്കെ ബന്ധുക്കളായാണ് ഫാറൂഖ് ലുഖ്മാൻ കണ്ടത്. കാരണവും അദ്ദേഹം വിശദീകരിക്കും. അവരുടെ യെമൻ ബന്ധം.
കേരളത്തിലെ പ്രവാസി സമൂഹത്തിന് ഫാറൂഖ് ലുഖ്മാനോളം നന്മ ചെയ്ത മറ്റൊരാളുണ്ടാകില്ല. മലയാളം ന്യൂസ് പത്രമാണ് ആ നന്മ. കേൾപ്പോരും കേൾവിയുമില്ലാത്ത ഒരു സമൂഹത്തിന് ആശ്രയം നൽകിയ സ്ഥാപനം. ഇന്നിപ്പോൾ പ്രവാസികളുടെ കാര്യം നോക്കാൻ എത്രയെത്രയോ സംവിധാനങ്ങളുണ്ട്. മലയാളം ന്യൂസ് തുടങ്ങുന്ന കാലത്ത് ഇതൊന്നുമുണ്ടായിരുന്നില്ല.
ഫാറൂഖ് ലുഖ്മാൻ എന്ന ഊർജം പ്രസരിപ്പിക്കുന്ന വ്യക്തിത്വവും അറബ് പത്ര പ്രസിദ്ധീകരണ ലോകത്തെ നന്മ നിറഞ്ഞ വ്യക്തിത്വങ്ങളായ ഹാഫിസ് സഹോദരന്മാരും തമ്മിലുള്ള ബന്ധം ഈ പത്രത്തിന്റെ ജന്മത്തിന് കാരണമായി.
അഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ എല്ലാ മുന്നേറ്റങ്ങൾക്കും ശക്തിയായി പിന്നാലെ വന്നു. പത്ര മുന്നേറ്റത്തിന്റെ അർധ പാതയിൽ അദ്ദേഹം ഈ ലോകം വിട്ടുപോയി. അദ്ദേഹത്തിന്റെ നന്മകൾ പറയുമ്പോൾ ലുഖ്മാന് ആയിരം നാക്കായിരുന്നു. മലയാളം ന്യൂസുൾപ്പെടെയുള്ള എസ്.ആർ.എം.ജി ഗ്രൂപ്പിന്റെ പ്രഥമ ചെയർമാൻ അഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മരിച്ചപ്പോൾ ഉസ്താദ് ആവശ്യപ്പെട്ടതനുസരിച്ച് ഒരു കുറിപ്പെഴുതിയത് അഭിമാനത്തോടെ ഓർക്കുന്നു. പിന്നാലെ വന്ന സഹോദരൻ ഫൈസൽ ബിൻ സൽമാൻ രാജകുമാരനുമായും മറ്റു രാജ നേതൃത്വങ്ങളുമായും അദ്ദേഹത്തിന് ഹൃദയ ബന്ധമുണ്ടായിരുന്നു.
സെപ്തംബർ ഇലവനും സദ്ദാം വീഴുന്ന ഇറാഖും അഫ്ഗാനിസ്ഥാൻ കുരുതിയും, ഗുജറാത്ത് കലാപവും കാർഗിൽ പോരാട്ടവും എല്ലാം അടങ്ങുന്ന വലിയ സംഭവ പരമ്പരകളുടെ കാലഘട്ടമാണ് ഫാറൂഖ് ലുഖ്മാൻ എന്ന ചടുല വ്യക്തിത്വമുള്ള പത്രാധിപർക്കൊപ്പം ചെലവിട്ടത്. മഹാനായ ഫഹദ് രാജാവിൽനിന്ന് അബ്ദുല്ല രാജാവിലേക്കും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിലേക്കുമെല്ലാം സൗദി അറേബ്യയുടെ സാരഥ്യം മാറുന്നത് പ്രിയപ്പെട്ട ഉസ്താദിനൊപ്പം നോക്കിക്കണ്ടു. ഇപ്പോഴിതാ ഉസ്താദും അല്ലാഹുവിങ്കലേക്ക് മടങ്ങിയിരിക്കുന്നു. സ്വന്തം കർമ മേഖലയിൽ സഫലമായ ഒരു ജീവിതം ജീവിച്ചു തീർത്തുള്ള മടക്കം. പ്രാർഥിക്കാം- ആ കർമ തേജസ്സിന്റെ പരലോക സുഖത്തിനായി.






