Sorry, you need to enable JavaScript to visit this website.

വർണ ശലഭത്തിന്റെ കിനാവു പോലൊരു പെൺകുട്ടി

ടക്കാൻ കാലുകൾ വേണമെന്നില്ലെന്നും മനസ്സിന്റെ ശക്തിയിൽ കാലുകൾക്ക് ശരവേഗം ലഭിക്കുമെന്നും ഒരാൾ നമുക്ക് മുന്നിലിരുന്നു ജീവിച്ചു കാണിക്കുന്നു. 
ആ അത്മവിശ്വാസത്തിന്റെ പേരാണ് ഷാജിറ. പാലക്കാട് ജില്ലയിലെ ആനക്കരക്ക് സമീപം ഉണ്ണിക്കയുടെയും ഫാത്തിമയുടെയും മകൾ.  
ഒന്നാം ക്ലാസ് മുതൽ ബിരുദം വരെ കൂട്ടുകാർക്കൊപ്പം ക്ലാസ് മുറിയിലിരുന്നാണ്  ഷാജിറ പഠിച്ചത്. ഇപ്പോൾ പി.എസ്.സി പരീക്ഷക്ക് പഠിക്കുമ്പോഴും ചുറ്റിലും ഒട്ടേറെ കൂട്ടുകാർ. ഒറ്റക്കിരിക്കുന്നത് അവൾക്കിഷ്ട്ടമല്ല. കൂട്ടിനായി എപ്പോഴും കൂട്ടുകാരും കിളികളും പൂമ്പാറ്റകളും. വർണ ശലഭത്തിന്റെ കിനാവു പോലൊരു പെൺകുട്ടി. കാണാക്കിനാവിനപ്പുറത്ത് പറഞ്ഞറിയിക്കാൻ പറ്റാത്ത സ്‌നേഹവുമായി ഇരുപുറവും ഉപ്പയും ഉമ്മയും. അനിയത്തി ഷാഹിനയും അനിയൻ റബീഹും തൊട്ടടുത്തുണ്ടാകും. 

ജന്മനാലുള്ള Osteogensis imperfecta with multiple deformities എന്ന അവസ്ഥയിലാണ് ഷാജിറ. മനസ്സിനൊപ്പം കാലുകൾ ചലിപ്പിക്കാനാകുമോ എന്ന് അന്വേഷിച്ച് കേരളത്തിനകത്തും പുറത്തുമുള്ള ആശുപത്രികൾ കയറിയിറങ്ങി. കാലുകൾ പിണങ്ങിനിന്നപ്പോൾ മനസ് തളരാതെ കൂട്ടിനെത്തി. അവസാനം കാലുകൾ പരാജയപ്പെട്ടിടത്ത് മനസ്സ് നടന്നു തുടങ്ങി. ഉറച്ച കാൽവെപ്പുകളോടെ  ഈ കുട്ടി ചിറകുവിരിച്ച് പറക്കുന്നു.  


ഷാജിറയുടെ ചിറകുകളാണ് ഉപ്പ. ഹൃദയം പൊതിഞ്ഞുവെച്ച് ഉപ്പ ഉണ്ണിക്ക ഷാജിറക്ക് പറക്കാൻ ചിറകു നൽകുന്നു. പൊന്നു പോലെയെന്നല്ല, തന്റെ പൊന്നിനെ മങ്ങിപ്പോകാത്തൊരു ഉടുപ്പിട്ട് പൊതിഞ്ഞുവെച്ച് ലോകത്തിന് മുന്നിലൂടെ അഭിമാനത്തോടെ നടക്കുന്ന ഒരുപ്പ.  ഉപ്പയുടെ സ്‌കൂട്ടറിന് പിറകിലിരുന്നു ഷാജിറ പാറിപ്പറന്നെത്താത്ത ഇടമില്ല. മനശ്ശക്തിയാൽ നേടിയെടുക്കുന്ന സ്വാതന്ത്ര്യത്തിന് കൂട്ടുനിൽക്കുകയാണ്  രക്ഷിതാക്കൾ. ഇവരുടെ സ്‌നേഹത്തിന്റെ കഥ ഓർക്കുമ്പോഴെല്ലാം സന്തോഷത്താൽ കണ്ണീരൊഴുകുന്നു.          
ബിൻസി, ഗോകുൽ, സിയാദ്, ഷംന, ആരതി തുടങ്ങിയവർക്കൊപ്പമിരുന്ന് ഒന്നാം ക്ലാസ് മുതൽ പഠിക്കുന്നതാണ് ഷാജിറ. ഇവരൊക്കെ മുന്നോട്ടുള്ള ക്ലാസിലേക്ക് പോകുമ്പോൾ പഠനം ഇഷ്ടപ്പെടുന്ന ഷാജിറയും ഒപ്പംകൂടി. കുന്നിൻ മുകളിലേക്ക് കൂട്ടുപോകാൻ ജൗഹറയും ഹബീബയും. അങ്ങിനെയങ്ങിനെ ഇഴപിരിയാത്ത കൂട്ടായി കുറെ മനുഷ്യരുടെ കൂട്ടം. 
മഴയുള്ള ദിവസങ്ങളിൽ ഉമ്മറക്കോലായിൽ അവൾ വന്നിരിക്കും., പുലരിയുടെ സന്നാഹം കേൾക്കാനും കാണാനും. അവളിൽ എഴുത്തുകൾ വിരിയിക്കുന്നത് പ്രകൃതി തന്നെയാണ്. എഴുത്തിലൂടെ സൗഹൃദത്തിന്റെ എത്രയോ പൂന്തോട്ടങ്ങൾ അവൾക്ക് ചുറ്റിലും വിരിയുന്നു.  
പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലാണ് ഷാജിറ. കത്തുകളിലൂടെ സൗഹൃദം വസന്തം തീർത്ത കാലത്തെ കുറിച്ച് ഗൃഹാതുരതയോടെ ഓർമകൾ പങ്കുവെക്കുന്ന ഹൃദയം തൊടുന്ന പുസ്തകമാണത്.
കത്തെഴുത്ത് നാട് നീങ്ങിയ ഇക്കാലത്ത് അക്ഷരങ്ങളിലൂടെ വിശേഷങ്ങൾ കൈമാറുമ്പോൾ പറഞ്ഞറിയിക്കാനാകാത്തൊരു മഴക്കുളിർ സന്തോഷം വന്നുതൊടുന്നുണ്ട്. 
അവളെഴുതിയ വരികളിൽ മഴയെപ്പറ്റി എത്ര മനോഹരമായാണ് കുറിച്ചിട്ടിരിക്കുന്നത്.. 
'മഴക്കിപ്പോൾ ശമനമുണ്ട്... ആകാശം മേഘമൊഴിഞ്ഞ് തെളിഞ്ഞ് വരുന്നുണ്ട്. ഇനി മഴ പെയ്‌തേക്കുമെന്ന് തോന്നുന്നില്ല. ഇടവപ്പാതിയും തുലാവർഷവും നഷ്ടപ്പെട്ടാൽ പൊള്ളാനിരിക്കുന്ന വേനലിന്റെ  സ്ഥിതി കഷ്ടമാവും... പുഴകളും പാടങ്ങളും നിറഞ്ഞൊഴുകേണ്ട സമയമാണ്... മഴ പെയ്യട്ടെ...
ഉപ്പയുടെ തണലിൽ ആകാശം കാണുന്ന ഷാജിറ എഴുതിയ വരികളാണിത്... ഉമ്മയുടെ സ്‌നേഹവും അതിൽ ചാലിട്ടൊഴുകുന്നു. ഒരാളുടെ പ്രതീക്ഷയുണ്ട്, ആഗ്രഹവും. 
നീല നിലാവിലുടെ  ആകാശത്തേക്ക് തന്നെ നോക്കി നക്ഷത്രങ്ങളോട് കിന്നാരം പറഞ്ഞു നടക്കണം. ചെറുചാറ്റൽ മഴയിൽ അലിഞ്ഞു കൈക്കുമ്പിളിൽ വെള്ളം മുറുക്കെ പിടിച്ചു നടക്കണം.. 
വിരിയുന്ന പൂവിന്റെ അരികത്തു പോയി കൊഴിയാൻ പോകുമ്പോൾ നൊമ്പരപ്പെടരുതെന്ന് പറഞ്ഞ് താലോലിക്കണം. 
ചെടികളോടും മരങ്ങളോടും ഇലകളോടും പൂക്കളോടും കലപില കൂടി ചിലച്ച് കിളികളെ പോലെ അർമാദിച്ചു നടക്കണം. 
കാടും മേടും കുന്നും മലയും തഴുകി അങ്ങു ദൂരെ ദൂരെ അറ്റമില്ലാത്ത പടച്ചോന്റെ ദുനിയാവിൽ പോകണം. 
കടൽക്കരയിൽ ചെന്ന് തിരയെ പ്രാന്തു പിടിപ്പിച്ചു മണൽപരപ്പിൽ തിരയുടെ സംഗീതം കേട്ടു രസിക്കണം. 
ആർത്തലച്ചു വരുന്ന തിരയെ തിരിച്ചു പോവാൻ അനുവദിക്കാതെ എന്റെ കാൽച്ചോട്ടിൽ പിടിച്ചു നിർത്തി ദേഷ്യം പിടിപ്പിക്കണം. 
കൂവുന്ന കുയിലിന്റെ ഒപ്പം കൂവി നിശ്ശബ്ദതയിൽ ഉദിച്ചുവരുന്ന പുലരിയെ ശബ്ദമയമാക്കി മൂടിപ്പുതച്ചുറങ്ങുന്നവരെ വിളിച്ചുണർത്തണം.
ചുവന്ന നിറമണിഞ്ഞു അസ്തമയരാവിൽ നിൽക്കുന്ന സൂര്യനെ കൈകളാൽ പുണർന്ന് പറഞ്ഞയക്കാതെ തടഞ്ഞു നിർത്തണം. പാറിപ്പറന്ന് പൂമ്പാറ്റയെ പോലെ പറന്നു പറന്ന് പോകണം. 

പക്ഷേ, ആത്മാവിന്റെ ചില ആഗ്രഹങ്ങളും  സ്വപ്‌നങ്ങളും  ഭ്രാന്തുകളും ഈ പക്ഷേക്കുള്ളതാണ്. എല്ലാ മോഹങ്ങളെയും അടക്കിയിരുത്തുന്ന പക്ഷേ.
എത്ര പേരെയാണ് ഓരോ ദിവസവും ഷാജിറ കണ്ടുകൊണ്ടേയിരിക്കുന്നത്. അടക്ക പൊളിക്കാനെത്തുന്ന സരോജിനിയേടത്തി, റഹീനത്താത്ത, ജമീലതാത്ത. എന്നാലും അവൾ എല്ലാ ദിവസവും അവളെ കാത്തിരിക്കുന്നൊരാളുണ്ടായിരുന്നു -ഉണ്ണിമ്മാമ. മനസ്സ് താളം തെറ്റുന്ന നേരങ്ങളിൽ അസ്വസ്ഥതകളിൽ ഭ്രാന്തമായി താടിയും മുടിയുമെല്ലാം വളർത്തി അലസമായി ആ ഗ്രാമത്തിലെ ഓരോരുത്തർക്കും സുപരിചിതനായ ഉണ്ണിമ്മാമ എന്നും അത്താഴം കഴിക്കുന്നത് ഷാജിറയുടെ വീട്ടിൽ നിന്നായിരുന്നു. കഴിഞ്ഞ ദിവസം മരിക്കുന്നതിന്റെ രാത്രിയും ഉണ്ണിമ്മാമയുടെ വായിൽ ഷാജിറ വെച്ചുകൊടുത്ത ചോറുരളയുണ്ടായിരുന്നു. 
ചുറ്റിലും കുറെ മനുഷ്യർ.
ജീവിതം വിലങ്ങിട്ട കാലുകളിൽനിന്ന് ലോകത്തോളം കിനാവു കാണുന്നൊരു പെൺകുട്ടി..
ഒറ്റയ്ക്ക് പാടുന്നില്ലെങ്കിലും പൂങ്കുയിൽ പോലെയൊരു പെൺകുട്ടി..


 

Latest News