Sorry, you need to enable JavaScript to visit this website.

മിഷൻ മംഗൾ പ്രീമിയർ പ്രദർശനം മെൽബണിൽ

അക്ഷയ് കുമാർ, വിദ്യാ ബാലൻ, തപ്‌സി പന്നൂ, സോനാക്ഷി സിൻഹ തുടങ്ങിയവർ മിഷൻ മംഗളിന്റെ സെറ്റിൽ.

ഐ.എസ്.ആർ.ഒയുടെ വിജയകരമായ മംഗൾയാൻ ദൗത്യത്തിന്റെ കഥ പറയുന്ന ബോളിവുഡ് ചിത്രം മിഷൻ മംഗൾ പ്രദർശനത്തിനൊരുങ്ങി. അക്ഷയ് കുമാർ, വിദ്യാ ബാലൻ, തപ്‌സി പന്നൂ തുടങ്ങിയവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന മിഷൻ മംഗളിന്റെ പ്രീമിയർ പ്രദർശനം ഓസ്‌ട്രേലിയയിലെ മെൽബണിൽ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 നായിരിക്കും. 
മെൽബണിൽ നടക്കുന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലാണ് പ്രീമിയർ പ്രദർശനം നടത്തുക. ജഗൻ ശക്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സോനാക്ഷി സിൻഹ, നിത്യ മേനോൻ, ശർമൻ ജോഷി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ചൊവ്വയെ ലക്ഷ്യമാക്കി 2014 ൽ ഇന്ത്യ വിക്ഷേപിച്ച മംഗൾയാൻ ദൗത്യത്തിന് പ്രവർത്തിച്ച ശാസ്ത്രജ്ഞരായാണ് അക്ഷയ് കുമാറടക്കം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം എത്തുന്നത്. അടങ്ങാത്ത മനുഷ്യാവേശം, വനിതകളുടെ ശക്തി, ദേശസ്‌നേഹം എന്നിവയെല്ലാം കൂടിക്കലരുന്നതാണ് മിഷൻ മംഗൾ. ഒപ്പം ഇന്ത്യയുടെ അഭിമാനമായ ഐ.എസ്.ആർ.ഒയുടെ വിജയകഥയും ചിത്രത്തിൽ വിവരിക്കുന്നു.
ചന്ദ്രയാൻ 2 വിക്ഷേപണം വിജയകരമായ സാഹചര്യത്തിൽ കൂടിയാണ് ഇന്ത്യൻ ശാസ്ത്രജ്ഞരുടെ മികവ് അടിവരയിടുന്ന മിഷൻ മംഗൾ പ്രദർശനത്തിനൊരുങ്ങുന്നത്. ചിത്രത്തിന് ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞർ ആശംസകൾ നേർന്നിരുന്നു. ശാസ്ത്രജ്ഞർക്ക് അക്ഷയ് കുമാർ നന്ദി പറയുകയും ചെയ്തു.

Latest News