ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് കാവ്യാ മാധവൻ. അത്യുത്തര കേരളത്തിലെ നിഷ്‌കളങ്കതയാണ് കാവ്യയ്ക്ക്. ഏതാനും വർഷം മുമ്പ് ഒരു  ടെലിവിഷൻ അഭിമുഖത്തിൽ ഏത് പാർട്ടിയോടാണ് ആഭിമുഖ്യമെന്ന് ലേഖകൻ ചോദിച്ചു. കാവ്യയുടെ മറുപടി അന്നും ഇന്നും കെ.എസ്.യു എന്നാണ്. ഇത് മൂത്ത് യൂത്ത് കോൺഗ്രസും കോൺഗ്രസുമാവുന്നതൊന്നും കാര്യമല്ലല്ലോ. അതു പോലെ സിനിമാ താരങ്ങളെ കുറിച്ച് വരുന്ന ഗോസിപ്പുകളെ പറ്റിയും താരം വാചാലയായി. നാനയിലും സിനിമാ മംഗളത്തിലും എന്ത് വന്നാലും സാരമില്ലായിരുന്നു. എന്നാൽ നീലേശ്വരത്തെ സായാഹ്ന പത്രത്തിൽ ഇങ്ങനെ വല്ലതും അടിച്ചു വരുന്നത് അതു പോലെയല്ലല്ലോ. കാവ്യയുടെ കെ.എസ്.യു ബന്ധം ഓർമിക്കാൻ കാര്യം പിന്നിട്ട വാരത്തിൽ തൃശൂരിൽ നിന്നെത്തി അനന്തപുരിയിലെ ഭരണ സിരാകേന്ദ്രത്തെ പിടിച്ചു കുലുക്കിയ ശിൽപ എന്ന യുവതിയുടെ പ്രകടനം കണ്ടപ്പോഴാണ്. മതിൽ ചാടി സെക്രട്ടരിയേറ്റിലെത്തിയ ശിൽപ എല്ലാ സുരക്ഷാ വലയങ്ങളും ഭേദിച്ച് മുന്നേറുമ്പോൾ കെ.എസ്.യു എന്ന് മുദ്രാവാക്യം വിളിച്ചു കൊണ്ടേയിരുന്നു. മാതൃഭൂമി ന്യൂസിലും മറ്റു പ്രമുഖ ചാനലുകളിലും ഇതിന്റെ ലൈവ് കവറേജുണ്ടായിരുന്നു. ശിൽപയെ പ്രതിപക്ഷ നേതാവാക്കണമെന്ന അഭിപ്രായം വരെ സോഷ്യൽ മീഡിയയിൽ ഉയർന്നു കേട്ടു. തൃശൂരിലെ അഭിഭാഷകയ്ക്ക് വയസ്സെത്രയായെന്ന് ചർച്ച ചെയ്യുന്നതിലൊന്നും കാര്യമില്ല. മമ്മൂട്ടി ഒരു മലയാള പടത്തിൽ അനുജൻ പഠിക്കുന്ന കോളേജ് സന്ദർശിക്കുന്ന രംഗമുണ്ട്. എന്ത് കോഴ്‌സിനാണ് പഠിക്കുന്നതെന്ന് ചോദിച്ചപ്പോൾ എം.ബി.എ എന്ന് മറുപടി. ഒന്നുകിൽ ബി.എയ്ക്ക് പഠിക്കുക, അല്ലെങ്കിൽ എം.എയ്ക്ക് ചേരുക. ഇതു രണ്ടും കൂടിച്ചേരുന്നതാണ് പ്രശ്‌നം. ഇതു പോലെയാണ് തിരുവനന്തപുരത്തെ കലാലയത്തിന്റെ കാര്യവും. യൂനിവേഴ്‌സിറ്റി കോളേജ്. ഇതെന്ത് കോളേജാണപ്പാ... ഒന്നുകിൽ കോളേജാവുക, അല്ലെങ്കിൽ യൂനിവേഴ്‌സിറ്റിയാവുക. കേരളത്തിലെ ഏറ്റവും പഴയ നഗരമായ തലശ്ശേരിയിലെ ബ്രണ്ണൻ കോളേജിന് മഹത്തായ പാരമ്പര്യമുണ്ട്. ചെറുഉപ്പത്തിൽ മറ്റൊരു കോളേജിൽ പഠിക്കുന്ന കാലത്ത് ബ്രണ്ണൻ സന്ദർശിക്കാൻ അവസരം ലഭിച്ചിരുന്നു. ആർക്കും അസൂയ തോന്നുന്ന കാമ്പസ്. ബ്രിട്ടീഷുകാർ മലബാറിന്റെ പാരീസെന്ന് വിളിച്ചിരുന്ന നഗരത്തിലെ കുട്ടികൾ. ഓഡിറ്റോറിയത്തിന്റെ പരിസരത്തിരുന്ന് കുമാരൻമാരും കുമാരിമാരും അന്ത്യാക്ഷരി ചൊല്ലി മത്സരിക്കുന്നു. സദാചാര പോലീസിനെ കണ്ടുപിടിച്ചിട്ടില്ലാത്ത കാലം. ജാതി, മത, ലിംഗ ഭേദമില്ലാതെയുള്ള രസകരമായ നേരംപോക്ക്. അൽപസമയം നോക്കി നിന്നപ്പോൾ മുൻ പരിചയമില്ലാത്ത കുട്ടികൾ ഒരു കൈ നോക്കാൻ ക്ഷണിച്ചു. ബ്രണ്ണൻ കോളേജിൽ നിന്നുള്ള പുതിയ വാർത്തകൾ ശുഭസൂചകമല്ല. പ്രിൻസിപ്പൽ പ്രൊഫ. ഫൽഗുനൻ ബാഹുബലിയെ പോലെ വിദ്യാർഥി സംഘടനയുടെ കൊടിയുമായി പറക്കുന്ന ദൃശ്യം പല വാട്ട്‌സാപ് ഗ്രൂപ്പിലും കണ്ടു. 

*** *** ***

പ്രധാനമന്ത്രി എന്ന നിലയിൽ അഭിമാനവും ഒപ്പം നിരാശയും ഉണ്ടെന്നു സ്ഥാനമൊഴിയുന്ന തെരേസ മേ. പ്രധാനമന്ത്രി കസേര ഒഴിയാനിരിക്കേ ബിബിസിക്കു നൽകിയ അവസാന ചാനൽ അഭിമുഖത്തിലാണ് തെരേസ മേ മനസ്സ് തുറന്നത്. ബ്രക്‌സിറ്റ് വിഷയത്തിൽ നേരിടേണ്ടിവന്ന അസ്വസ്ഥതകളും എംപിമാരുടെ നിലപാടുകൾ ഉണ്ടാക്കിയ ബുദ്ധിമുട്ടുകളും പൊളിറ്റിക്കൽ എഡിറ്റർ ലോറ കുൻസ്ബർഗിനോട് തെരേസ മേ വ്യക്തമാക്കി. മൂന്നു വർഷത്തിനിടെ വലിയ നേട്ടങ്ങൾ ഉണ്ടാക്കാനായെന്നു അവർ അവകാശപ്പെട്ടു. പൂർണമായ ലക്ഷ്യത്തിലെത്താത്തതിൽ വിഷമമുണ്ടെന്നും അവർ പറഞ്ഞു. തന്റെ നേതൃത്വത്തിനും വ്യക്തിത്വത്തിനും എതിരെ വിമർശനം ശക്തമാവുന്നത് തിരിച്ചറിയാനായില്ലെന്നും ഡൗണിങ് സ്ട്രീറ്റിൽ വെച്ചുള്ള അഭിമുഖത്തിൽ അവർ പറഞ്ഞു. 

*** *** ***

രണ്ടാം മോഡി സർക്കാർ വന്നപ്പോൾ തമാശകളെവിടെപ്പോയ് മറഞ്ഞുവെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ബിജെപി നേതാക്കൾ നിരന്തരം ശാസ്ത്രത്തെ തള്ളിക്കൊണ്ട് നടത്തുന്ന പ്രസ്താവനയിലേക്ക് ചേർത്തു വെക്കാൻ പുതിയൊരു പ്രസ്താവന കൂടി എത്തിയിരിക്കുകയാണ്. ഇന്ത്യൻ ജനതയെല്ലാം ഋഷിമാരുടെ മക്കളാണെന്ന് മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സത്യപാൽ സിംഗാണ് പറഞ്ഞിരിക്കുന്നത്. പാർലമെന്റിലാണ് അദ്ദേഹം ഇത്തരമൊരു വിചിത്രമായ പ്രസ്താവന നടത്തിയത്. കുരങ്ങൻമാരിൽ നിന്നാണ് ഉണ്ടാവുന്നതെന്ന വാദം തെറ്റാണ്. നമ്മുടെ പൂർവികർ ഋഷിവര്യൻമാരാണ്. അവരിൽ നിന്നാണ് ഇന്ത്യൻ ജനത ഉണ്ടായതെന്നും സത്യപാൽ സിംഗ് പറഞ്ഞു. പാർലമെന്റംഗങ്ങളായ മഹുവ മോയിത്രയും കനിമൊഴിയും ഇത് വിവരക്കേടാണെന്ന് പറഞ്ഞു. മനുഷ്യാവകാശ നിയമത്തിൽ ചർച്ച നടക്കുമ്പോഴാണ് മുൻ മന്ത്രി ഇത്തരം പ്രസ്താവന നടത്തിയത്. 

*** *** ***

മലയാള താരം അമല പോൾ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമായ ആടൈ തിയേറ്ററിലെത്തി. ചിത്രത്തിലെ  അഭിനയം  ഏറെ ചർച്ചയായിരുന്നു. തന്റെ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് ആടൈയിൽ അഭിനയിച്ചതെന്നും ഏതു വേഷം കിട്ടിയാലും നന്നായി അഭിനയിക്കുമെന്നുമാണ് അമല പറഞ്ഞത്. അഭിനയിക്കാനായി വരുമ്പോൾ അപ്പച്ചൻ എന്നോട് പറഞ്ഞ വാക്കുകൾ ഇപ്പോഴും ഞാൻ ഓർക്കുന്നു. നായ് വേഷം കെട്ടിയാൽ കുരച്ചേ പറ്റൂ. അതുകൊണ്ട് ഏതു വേഷം കിട്ടിയാലും അഭിനയിക്കണം. വാട്ട് എ ഗ്രെയ്റ്റ് ഫാദർ. 

*** *** ***

റിയാലിറ്റി ഷോകളുടെ ചരിത്രത്തിൽ തന്നെ ഏറെ ശ്രദ്ധയാകർഷിച്ച റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദി പതിപ്പിൽ ആരംഭിച്ച ബിഗ് ബോസിപ്പോൾ ഇന്ത്യയിലെ  പല ഭാഷകളിലും പുറത്തിറങ്ങിക്കഴിഞ്ഞു.
അതിൽ ഈറ്റവും കൂടുതൽ വാർത്തകളിൽ നിറഞ്ഞ പതിപ്പാണ് നാഗാർജുന അക്കിനേനി അവതാരകനായെത്തുന്ന തെലുങ്ക് ബിഗ് ബോസ്. 
തെലുങ്ക് ബിഗ്‌ബോസിൽ കാസ്റ്റിംഗ് കൗച്ചിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടിയും അവതാരികയുമായ ഗായത്രി ഗുപ്ത. രണ്ട് മാസങ്ങൾക്ക് മുൻപ് പരിപാടിയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് അണിയറ പ്രവർത്തകർ ഗായത്രിയെ സമീപിച്ചിരുന്നു. 
എന്നാൽ അവരുടെ കാസ്റ്റിംഗ് കൗച്ച് നിർദേശങ്ങൾ പാലിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞതിനെ തുടർന്ന് അനുവാദമില്ലാതെ ഗായത്രിയുടെ പേര് നീക്കം ചെയ്യുകയായിരുന്നു. സംഭവത്തിൽ സൈബരാബാദിലെ റായ്ദുർഗാം പോലീസ് സ്‌റ്റേഷനിൽ ഗായത്രി പരാതി നൽകി. മുൻകൂർ അറിയിപ്പില്ലാതെ കരാർ അവസാനിപ്പിച്ചതിനെ തുടർന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. തുടർന്ന് എല്ലാ രീതിയിലും സമ്മർദത്തിലാക്കാനും അപകീർത്തിപ്പെടുത്താനും അവർ ശ്രമിച്ചെന്നും ഗായത്രി പരാതിയിൽ പറഞ്ഞു. ശ്വേതാ റെഡ്ഡി നൽകിയ സമാന പരാതിയിൽ ബൻജാര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നലെയാണിത്.

*** *** ***

ചാനൽ സംവാദത്തിനിടെ ജാതി അധിക്ഷേപം നടത്തിയ പ്രശസ്ത അവതാരിക അറസ്റ്റിൽ. മോജോ ടിവിയുടെ മുൻ സിഇഒയും വാർത്ത അവതാരികയുമായ പി രേവതിയെയാണ് ബഞ്ചാര പോലീസ് അറസ്റ്റ് ചെയ്തത്. 
കോടതിയിൽ ഹാജരാക്കിയ രേവതിയെ കോടതി ജുഡീഷ്യൽ റിമാൻഡിൽ വിടുകയായിരുന്നു. ദളിത് സംഘടന നേതാവ് വരപ്രസാദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയ്ക്കിടെ രേവതിയും സഹ അവതാരകനായ രഘുവും തന്റെ  ജാതിയെ അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. 
സംഭവത്തെ തുടർന്ന് മോജോ ടിവിയിലെ മൂന്ന് അവതാരകർക്കെതിരെയാണ് പട്ടിക ജാതി അതിക്രമം തടയൽ നിയമ പ്രകാരം കഴിഞ്ഞ ജനുവരിയിൽ കേസെടുത്തത്. വാറന്റ്   ഇല്ലാതെയാണ് തന്നെ അറസ്റ്റ് ചെയ്യാനെത്തിയതെന്നും തന്റെ ഫോൺ പിടിച്ചു വാങ്ങാൻ ശ്രമിച്ചെന്നും രേവതി പിന്നീട് ട്വീറ്റ് ചെയ്തു. ഹാജരാകണമെന്ന് അവശ്യപ്പെട്ട് അയച്ച നോട്ടീസുകൾക്ക് മറുപടി നൽകാതെ വന്നതോടെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. 

*** *** ***

ഫേസ്ബുക്കിൽ കണ്ട സൂക്തം: മക്കൾ ടെസ്റ്റുകളിൽ വിജയിക്കണമെന്ന് എല്ലാ അച്ഛന്മാരും ആഗ്രഹിക്കും. എന്നാൽ ഇവിടെ ഒരച്ഛൻ മകൻ ടെസ്റ്റിൽ പാസാകരുതെന്ന് ആഗ്രഹിക്കുന്നു-ടെസ്റ്റിന്റെ പേര്-ഡി.എൻ.എ
 

Latest News