പ്രകാശം പരത്തുന്ന പെൺകുട്ടി

വെല്ലുവിളികളെ സ്വന്തമായി നേരിടാനും പതറാതെ ജീവിതത്തിൽ പിടിച്ചുനിൽക്കാനും പഠിച്ച, ജേണലിസ്റ്റായ അംബികയ്ക്ക് നഷ്ടപ്പെടലുകളുടെ വിഷമങ്ങൾ ഇല്ല. പകരം സ്വന്തമായി നിർമിക്കാൻ 
പോകുന്ന നല്ലൊരു ജീവിതത്തിന്റെ കുറെ നല്ല സ്വപ്നങ്ങൾ മാത്രം.

ഒരു ചാറ്റൽമഴ പോലെയായിരുന്നു അംബികയുടെ സംസാരം. കേൾക്കാൻ രസമുള്ളതുകൊണ്ട് തുടർന്നുകൊണ്ടിരിക്കട്ടെ എന്നു തോന്നി. കാലം തന്നിലേൽപിച്ച ഇരുണ്ട ഓർമകളൊന്നും അവരുടെ മനസ്സിൽ ഇപ്പോഴില്ല. സ്വപ്നം കണ്ട ജീവിതത്തിലേയ്ക്ക് അവർ നടന്നടുക്കുകയാണ് -ചക്രക്കസേരയുടെ പിൻബലത്തിൽ.
ഇത് അംബികാ രാജ. സാമൂതിരി കോവിലകത്തെ ഇളമുറക്കാരി. കോളേജ് പഠനകാലത്ത് ഉണ്ടായ ദുരന്തമാണ് അംബികയുടെ ജീവിതം ചക്രക്കസേരയിലേയ്ക്ക് പറിച്ചുനട്ടത്. കടുംനിറങ്ങൾ മാത്രം തെളിയുന്ന, ബഹളങ്ങളിൽ അഭിരമിക്കുന്ന പ്രായത്തിൽ കോളേജ് വരാന്തയുടെ പടിക്കെട്ടുകളിൽനിന്ന് വീഴ്ചയുടെ രൂപത്തിലാണ് ദുരന്തം അംബികയെ തേടിയെത്തിയത്.
മദ്രാസ് ക്രിസ്ത്യൻ കോളേജിൽ ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥിയായിരുന്നു അവർ. സുഹൃത്തുക്കളുമൊത്ത്  കളിയും ചിരിയുമായി കഴിഞ്ഞ നാളുകൾ. ഇതിനിടയിലാണ് അശനിപാതം പോലെ വിധി അവരോടു ക്രൂരത കാട്ടിയത്. കോളേജിന്റെ പടികളിറങ്ങുന്നതിനിടയിൽ കാലിടറി അവർ താഴേയ്ക്കു പതിക്കുകയായിരുന്നു.
വീഴ്ചയിൽ നട്ടെല്ലിന് ക്ഷതം സംഭവിച്ച് പാരാപ്ലീജിയ എന്ന അവസ്ഥയിലേയ്ക്ക്  മാറിയപ്പോൾ മനസ്സ് തളരാതിരിക്കാനാണ് ആദ്യം ശ്രദ്ധിച്ചത്. വെല്ലൂരിലെ സി.എം.സി ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയും തുടർന്നുള്ള ആശുപത്രി വാസവും റിഹാബിലിറ്റേഷനുമെല്ലാമായി കുറെ നാളുകൾ. അപകടം തളർത്തുന്നതിനു പകരം അംബികയെ കൂടുതൽ   ശക്തയാക്കുകയായിരുന്നു. രണ്ടു മാസത്തെ ആശുപത്രി ജീവിതത്തിനിടയിൽ അവർ സ്വയം പാകപ്പെടുകയായിരുന്നു. കാലുകളുടെ ചലനശേഷി പൂർണമായും നഷ്ടപ്പെട്ടതറിഞ്ഞ് അവർ കരഞ്ഞില്ല. പുഞ്ചിരിച്ചുകൊണ്ട് അവർ വിധിയോട് പൊരുതാനുറയ്ക്കുകയായിരുന്നു. ആ നിശ്ചയദാർഢ്യത്തിനു മുന്നിൽ എല്ലാവരും കരുത്തു പകർന്നു. തോൽക്കാൻ മനസ്സില്ലാത്ത അവർക്ക് കൂട്ടായി ബന്ധുക്കളും സുഹൃത്തുക്കളും അണിചേർന്നു. അച്ഛൻ കൃഷ്ണപ്രസാദ് രാജയും അമ്മ മല്ലികയും അവളുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാൻ ഒപ്പമുണ്ടായിരുന്നു.
ബിരുദ പഠനം പൂർത്തിയാക്കിയ അംബികയുടെ ലക്ഷ്യം ഒരു മാധ്യമ പ്രവർത്തകയാവുക എന്നതായിരുന്നു. സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിൽ അവശത അനുഭവിക്കുന്ന അനേകം പേരെ മുഖ്യധാരയിലെത്തിക്കാൻ ഇതിലൂടെ കഴിയുമെന്നും അവർ വിശ്വസിച്ചു. സാമൂഹ്യ വീക്ഷണത്തിൽ ഊന്നിയുള്ള പത്രപ്രവർത്തനമായിരുന്നു അവരുടെ ലക്ഷ്യം. അതിനായി അവർ എത്തിച്ചേർന്നത് രാജ്യത്തെ പ്രശസ്ത പത്രപ്രവർത്തന പാഠശാലയായ   ബാംഗ്ലൂരിലെ ഏഷ്യൻ കോളേജ് ഓഫ് ജേണലിസം എന്ന സ്ഥാപനത്തിലായിരുന്നു. പത്രപ്രവർത്തനത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്‌ളോമയും കരസ്ഥമാക്കിയായിരുന്നു അവിടെനിന്നും ഇറങ്ങിയത്. തുടർന്ന് നിരവധി മാധ്യമ സ്ഥാപനങ്ങൾ അവർക്ക് ജോലി നൽകാൻ സന്നദ്ധമായി. 
ഡെക്കാൻ ക്രോണിക്കിളിന്റെ ചെന്നൈ ഓഫീസിലായിരുന്നു ആദ്യം ജോലി നോക്കിയത്. മൂന്നു മാസം കഴിഞ്ഞപ്പോൾ ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്റെ കോഴിക്കോട് എഡിഷനിൽ റിപ്പോർട്ടറായി ചേർന്നു. പത്രപ്രവർത്തന ജീവിതത്തിലൂടെ സമൂഹത്തിന്റെ നേർക്കാഴ്ചകളിൽ അവരും പങ്കാളിയായി. തന്നേക്കാൾ ദുരിതമനുഭവിക്കുന്ന ഒട്ടേറെ പേരുടെ ജീവിതങ്ങളറിയാനും അവ വാർത്തകളാക്കാനുമായിരുന്നു അവരുടെ ശ്രമം.
അംബികയുടെ പരിശ്രമത്തിന് അംഗീകാരം ലഭിച്ചുതുടങ്ങുകയായിരുന്നു. പ്രതിസന്ധികളെ തരണം ചെയ്ത് വെല്ലുവിളികൾക്കു മുൻപിൽ തളരാതെ ജോലി ചെയ്യുന്ന വനിതകൾക്ക് നൽകുന്ന നെറ്റ്‌വർക്ക് ഓഫ് വിമൺ ഇൻ മീഡിയ ഇന്ത്യയുടെ 2018 ലെ ഫെലോഷിപ്പിന് അംബിക അർഹയായി. ഈ അംഗീകാരം ലഭിക്കുന്ന കേരളത്തിൽനിന്നുള്ള ആദ്യത്തെ മാധ്യമ പ്രവർത്തകയായിരുന്നു അവർ. 2017 ൽ തുടക്കമിട്ട ഈ അവാർഡ് ആദ്യം ലഭിച്ചത് ഒഡീഷ സ്വദേശിനിയായ ജയന്തി ബുറൂഡയ്ക്കായിരുന്നു.
രണ്ടു വർഷത്തെ പത്രപ്രവർത്തന ജീവിതത്തിനുശേഷം അംബിക വീണ്ടും തന്റെ സ്വപ്നസാക്ഷാത്കാരത്തിനിറങ്ങുകയാണ്. ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗേജ് യൂനിവേഴ്‌സിറ്റിയിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റർ ബിരുദത്തിനു ചേർന്നുകഴിഞ്ഞു. അടുത്ത മാസം ക്ലാസ് തുടങ്ങും. പഠനത്തിനുശേഷം അധ്യാപന ജോലി എന്ന ലക്ഷ്യവും അവർക്കുണ്ട്. അധ്യാപനവും പത്രപ്രവർത്തനവും ഒരു പോലെ ഇഷ്ടമാണെന്നും അംബിക കൂട്ടിച്ചേർക്കുന്നു.
പരിമിതികളെ അതിജീവിക്കാൻ ഇപ്പോൾ അവർ പഠിച്ചുകഴിഞ്ഞു. ഹോസ്റ്റലിൽ ഒറ്റയ്ക്കു താമസിക്കാനും കോളേജിലേയ്ക്കു പോകാനുമെല്ലാം അവർ മനസ്സിനെ പാകപ്പെടുത്തി. കൂടെ പഠിച്ച ഒന്നുരണ്ടു പേർ അവിടെ മറ്റു കോഴ്‌സുകളിൽ പഠിക്കുന്നുണ്ട്. അതും ധൈര്യമായി.
അംഗപരിമിതർക്കുള്ള സൗകര്യങ്ങൾ നമ്മുടെ നാട്ടിൽ കുറവാണ്. എങ്കിലും തന്റെ കാര്യത്തിൽ അത്തരം ബുദ്ധിമുട്ടുകളുണ്ടായിട്ടില്ല. മാന്യമായി ഇടപെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സമൂഹമാണ് ഇവിടെയുള്ളത്. പോകേണ്ടുന്ന സ്ഥലത്ത് കൃത്യമായി എത്തിച്ചുതരുന്ന ഓട്ടോയിലെയും ഷീ ടാക്‌സിലെയും ഡ്രൈവർമാരോടും അവർക്ക് നന്ദിയുണ്ട്. ശാരീരിക അവശതക്കിടയിലും തന്നെപ്പോലുള്ളവരെ സഹായിക്കണമെന്ന ബോധത്തോടു കൂടി പ്രവർത്തിക്കുന്ന അംബികയുടെ പ്രചോദനം ഇത്തരം തണൽമരങ്ങളാണ്.
ശാരീരിക വൈകല്യമുള്ളവർ മുഖ്യധാരയിലേയ്ക്കു വരണമെന്ന അഭിപ്രായവും അംബികയ്ക്കുണ്ട്. വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങിക്കഴിയാതെ സമൂഹത്തിനു വേണ്ടി അവർക്കും പലതും ചെയ്യാനുണ്ട്. സമൂഹം ഇത്തരക്കാരെ സാധാരണക്കാരായി കണ്ടാൽ മതി -അംബിക പറയുന്നു.
പഠനം തുടരുന്നതിനിടയിൽ ഒരുപാട് യാത്രകളും അംബിക സ്വപ്നം കാണുന്നുണ്ട്. രണ്ടു കാലുകൾക്കു പകരം നാലു ചക്രങ്ങൾ ദൈവം നൽകിയത് യാത്രയുടെ വേഗം കൂട്ടാനായിരിക്കും -പുഞ്ചിരിച്ചുകൊണ്ട് അംബിക പറയുന്നു.
വെല്ലുവിളികളെ സ്വന്തമായി നേരിടാനും പതറാതെ ജീവിതത്തിൽ പിടിച്ചുനിൽക്കാനും പഠിച്ച, ജേണലിസ്റ്റായ അംബികയ്ക്ക് നഷ്ടപ്പെടലുകളുടെ വിഷമങ്ങൾ ഇല്ല. പകരം സ്വന്തമായി നിർമിക്കാൻ പോകുന്ന നല്ലൊരു ജീവിതത്തിന്റെ കുറെ നല്ല സ്വപ്നങ്ങൾ മാത്രം.

Latest News