ദുർറ ബീച്ച് ഫെസ്റ്റിവലിൽ കരുനാഗപ്പള്ളി സ്വദേശി സാമിയാ ജാസിം സജീവ സാന്നിധ്യമാണ്, ഫേസ് പെയിന്റിംഗ്, ചിത്രരചന, ഫ്‌ളോറൽ ആർട്ട് എന്നിവയിലെല്ലാം കഴിവ് തെളിയിച്ചിട്ടുള്ള സാമിയയുടെ നേതൃത്വത്തിലാണ് 360 ലൈവ് എന്ന സംഘാടനത്തിന്റെ ഒരു സെക്ഷന്റെ പിന്നിലുള്ള കലാപ്രവർത്തനങ്ങളത്രയും. കഴിഞ്ഞ ഒരു മാസത്തിലേറെയായി ദുർറ ബീച്ച് ഫെസ്റ്റിവലിനെത്തുന്ന സന്ദർശകർക്കാവശ്യമായ സേവന പ്രവർത്തനങ്ങളൊടൊപ്പം സ്വന്തമായുള്ള പവിലിയനിൽ ഓയിൽ, ക്രയോൺ മാധ്യമങ്ങളുപയോഗിച്ചുള്ള പെയിന്റിംഗും സാമിയ നിർവഹിക്കുന്നു. ഇവന്റ് മാനേജ്‌മെന്റുകളുമായി സഹകരിച്ച് സൗദികളുടേയും മറ്റു വിദേശികളുടേയും പരിപാടികളിൽ ഇന്ത്യൻ കലയുടേയും സംസ്‌കൃതിയുടേയും പങ്കാളിത്തം ഉറപ്പ് വരുത്തുന്നതോടൊപ്പം നന്നായി അറബി സംസാരിക്കാനറിയുന്നതുകൊണ്ട് (ഖമീസ് മുഷൈത്തിലാണ് സാമിയ ബാല്യം ചെലവിട്ടത്) ഇവർക്കിടയിലൊരു സാംസ്‌കാരിക കണ്ണിയായി പ്രവർത്തിക്കാനും തനിക്ക് ഭാഗ്യം സിദ്ധിക്കാറുണ്ടെന്ന് സാമിയ മലയാളം ന്യൂസിനോട് പറഞ്ഞു. ജിദ്ദയിൽ ജോലി ചെയ്യുന്ന മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജാസിമിന്റെ പത്‌നിയാണ് സാമിയ. മകൾ: ദുആ.






