ആട്ടവും പാട്ടും ദുന്ദുഭി മുഴക്കിയ ദുർറ ബീച്ച് ഫെസ്റ്റ്

അറബ് ലോകത്ത് പ്രശസ്തരായ ഗായികാ ഗായകന്മാരുടെ രാഗാലാപനങ്ങൾക്ക് പുറമെ ഉക്രെയിനിൽ നിന്നെത്തിയ ഫയർഡാൻസ് സംഘത്തിന്റെ പ്രകടനങ്ങൾ നെടുവീർപ്പോടെയാണ് ആസ്വാദകർ കണ്ടുനിന്നത്. ഏഴു ഉക്രെയിനി പെൺകുട്ടികൾ പൊയ്ക്കാലിൽ നിന്നാണ് ഒരു മണിക്കൂറിലധികം നൃത്തമാടിയതും അഗ്നിഗോളങ്ങൾ വായുവിൽ ചുഴറ്റി അഭ്യാസ പ്രകടനങ്ങൾ നടത്തിയതും. ഡ്രം വയറ്റിൽകെട്ടിയുള്ള നൃത്തമായിരുന്നു മറ്റൊരിനം. ജിദ്ദ സീസണിലെ വിവിധ വേദികളിൽ വൈവിധ്യമാർന്ന നൃത്ത പരിപാടികളവതരിപ്പിക്കാനെത്തിയ പ്രൊഫഷണൽ സംഘത്തിലുൾപ്പെട്ടവരാണ് ഈ ഉക്രെയിൻ നർത്തകിമാർ. 

പച്ച നിറമാർന്ന കടലും ആരവ മുഖരിതമായ കടലോരവുമായിരുന്നു ദുർറാ ബീച്ച് ഫെസ്റ്റിവലിന്റെ ഹൈലൈറ്റ്. സൗദി വിനോദ സഞ്ചാര വികസന പദ്ധതിയുടെ ഭാഗമായി ഒരു മാസത്തിലേറെയായി ഏഴു കേന്ദ്രങ്ങളിലായി നടന്നു വരുന്ന ജിദ്ദ സീസൺ ഉൽസവത്തിന്റെ കലാശക്കൊട്ടിനു മുന്നോടിയായി ജിദ്ദയിൽ നിന്ന് ഒരു മണിക്കൂറോളം യാത്രാദൈർഘ്യമുള്ള ദുർറത്തുൽ ആറൂസിലെ കമനീയമായ കടപ്പുറത്ത് വർണശബളമായ പരിപാടികളോടെ ബിച്ച് ഫെസ്റ്റ് അരങ്ങേറിയതിന് സാക്ഷ്യം വഹിക്കാൻ മലയാളികളുൾപ്പെടെ നൂറുകണക്കിനാളുകളാണ് ഒഴുകിയെത്തിയത്.


ആലക്തിക പ്രഭയിൽ തുടുത്ത് നിന്ന ജിദ്ദ കോർണിഷിലെ പുത്തൻ വേദികളിൽ നിന്ന് വ്യത്യസ്തമായി ചെങ്കടലിന്റെ സൗന്ദര്യത്തനിമ അതേ പടി നിലനിർത്തിക്കൊണ്ട് പഞ്ചാരമണലിൽ കുട്ടികളും മുതിർന്നവരും ആഹ്ലാദഭരിതരായി ജിദ്ദ സീസണിൽ ഉൽസുകരായി അണിനിരക്കുന്നതാണ് ദുർറയിൽ കണ്ടത്. കാലുഷ്യമില്ലാത്ത കടൽതിരകളോട് സല്ലപിച്ച് കയാകിങ്, സ്പീഡ് ബോട്ട് സഞ്ചാരം, നീന്തൽ മൽസരം, തായ്ക്വണ്ട, ബീച്ച് ഫുട്‌ബോൾ, ബീച്ച് വോളിബോൾ, ഡൈവിംഗ് ഇവയൊക്കെയായിരുന്നു കഴിഞ്ഞ ഒരു മാസമായി ദുർറത്തുൽ ആറൂസിലെ ചേതോഹരമായ ബീച്ചിൽ ദൃശ്യമായത്. 
ദുർറ ബീച്ച് ഫെസ്റ്റിവലിന്റെ സംഘാടനത്തിന് 360 ലൈവ്, അജുവ എന്നീ പ്രധാനപ്പെട്ട ഈവന്റ് മാനേജ്‌മെന്റ് കമ്പനികളാണ് മുൻകൈയെടുത്തത്. സംഘാടനത്തിന്റെ സവിശേഷത കൊണ്ട് ലോക റെക്കാർഡുകളുടെ ഗിന്നസ് ബുക്കിൽ വരെ ഇടം പിടിക്കാൻ ബീച്ച് ഫെസ്റ്റിവലിന് സാധിച്ചു. കൊട്ടും പാട്ടും കളിയും കുളിയുമായി ആനന്ദനർത്തനമാടാനുള്ള സുവർണാവസരം സൗദികളും വിദേശികളും പരമാവധി പ്രയോജനപ്പെടുത്തി.
അറബ് ലോകത്ത് പ്രശസ്തരായ ഗായികാ ഗായകന്മാരുടെ രാഗാലാപനങ്ങൾക്ക് പുറമെ ഉക്രെയിനിൽ നിന്നെത്തിയ ഫയർഡാൻസ് സംഘത്തിന്റെ പ്രകടനങ്ങൾ നെടുവീർപ്പോടെയാണ് ആസ്വാദകർ കണ്ടുനിന്നത്. ഏഴു ഉക്രെയിനി പെൺകുട്ടികൾ പൊയ്ക്കാലിൽ നിന്നാണ് ഒരു മണിക്കൂറിലധികം നൃത്തമാടിയതും അഗ്നിഗോളങ്ങൾ വായുവിൽ ചുഴറ്റി അഭ്യാസ പ്രകടനങ്ങൾ നടത്തിയതും. ഡ്രം വയറ്റിൽ കെട്ടിയുള്ള നൃത്തമായിരുന്നു മറ്റൊരിനം. ജിദ്ദ സീസണിലെ വിവിധ വേദികളിൽ വൈവിധ്യമാർന്ന നൃത്ത പരിപാടികളവതരിപ്പിക്കാനെത്തിയ പ്രൊഫഷണൽ സംഘത്തിലുൾപ്പെട്ടവരാണ് ഈ ഉക്രെയിൻ നർത്തകിമാർ. ദുർറയിൽ തന്നെ മൂന്നു വേദികളിലായാണ് വിവിധ പരിപാടികൾ അരങ്ങേറിക്കൊണ്ടിരുന്നത്. ജിദ്ദ ബലദ് ഹെറിറ്റേജ് കേന്ദ്രത്തിൽ സൗദി സംസ്‌കൃതിയുടെ പുനരാവിഷ്‌കാരം ഏറെപ്പേരെ ആകർഷിച്ചു. വാട്ടർഫ്രന്റ് ആതിഥേയത്വം വഹിച്ച അറബ്-ജി.സി.സി ഗായകരുടെ സംഗീത മേളകളിലും ആയിരക്കണക്കിന് ശ്രോതാക്കളാണ് ഓരോ ദിവസവും പങ്കാളികളായത്.


അത് പോലെ തന്നെ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റിയിൽ ലോകപ്രശസ്തരായ സംഗീതജ്ഞരുടെ പരിപാടികൾ ആസ്വദിക്കാനെത്തിയ ആയിരങ്ങളും ജിദ്ദാ സീസണെ അക്ഷരാർഥത്തിൽ ആഘോഷ ഭരിതമാക്കുകയായിരുന്നു. ദുർറത്തുൽ ആറൂസിലെ വിശാലമായ മണൽപരപ്പിൽ സർക്കസ് കൂടാരങ്ങൾ പോലെ കെട്ടിയുയർത്തിയ കൂറ്റൻ തമ്പുകളിൽ ചിത്രകാരന്മാരും ചിത്രകാരികളും തൽസമയം ചിത്രരചന നടത്തുന്ന കാഴ്ചയും അതീവ ഹൃദ്യമാണ്. വിവിധ മാധ്യമങ്ങളുപയോഗിച്ചുള്ള പെയിന്റിംഗ് നടത്തുന്ന പ്രതിഭാശാലികളുടെ കൂട്ടത്തിൽ സൗദി യുവതികളാണ് ഏറെയും. ജിദ്ദ വാട്ടർ ഫ്രന്റിന്റെ ആഭിമുഖ്യത്തിലുള്ള പരിപാടിയിൽ ഏറ്റവും ആകർഷകമായ ഇസ്‌ലാമിക് കാലിഗ്രാഫി ഇവിടേയും മുഖ്യ ആകർഷണമാണ്. കാലിഗ്രാഫിക് ആർട്ടുകളുടെ മനോഹരമായ സഞ്ചയം തന്നെ ദുർറയിൽ സജ്ജീകരിച്ചിരിക്കുന്നു. 
പക്ഷിസങ്കേതമാണ് മറ്റൊരു പവിലിയനിലെ കൗതുകം. ബ്രസീലിലെ ആമസോൺ കാട്ടിൽ നിന്ന് കൊണ്ടുവന്ന അപൂർവ ഇനം കുരങ്ങിൻ കുഞ്ഞ് ഏറെ കൗതുകമുണർത്തി. ഇരുപതോളം അസുലഭ സ്പീഷീസിലുള്ള പറവകളാണ് ഈ സങ്കേതത്തിലെ പ്രധാന ആകർഷണം. ഓസ്‌ട്രേലിയയിൽ നിന്നുള്ള വേഴാമ്പൽ, തുർക്കിയിൽ നിന്നുള്ള തത്തകൾ, സൗദിയിലെ പ്രാവുകൾ തുടങ്ങി പതിനെട്ടോളം പറവകളാണ്  ഈ പക്ഷിസങ്കേതത്തിലുള്ളതെന്ന് ചുമതലക്കാരനായ വലീദ് പറഞ്ഞു. 


 

Latest News