Sorry, you need to enable JavaScript to visit this website.

തോഴനെപ്പോലെ അമീര്‍; റാസല്‍ഖൈമ കൊട്ടാരത്തില്‍ ഒരു മലയാളിയുടെ വിജയഗാഥ

റാസല്‍ഖൈമ- മുപ്പത്തെട്ട് വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിന് ശേഷം വിരമിച്ച് നാട്ടിലേക്ക് മടങ്ങുന്ന മലയാളിക്ക് റാസല്‍ഖൈമ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ ആദരം. അമീറിന്റെ ഓഫീസിലെ നാല് പതിറ്റാണ്ടത്തെ സാന്നിധ്യമാണ് ചോലക്കല്‍ കലയങ്ങല്‍ അബൂബക്കര്‍ മടങ്ങുമ്പോള്‍ ഇല്ലാതാകുന്നത്.

സമര്‍പ്പിത മനസ്സോടെയുള്ള അബൂബക്കറിന്റെ ദീര്‍ഘകാല സേവനത്തിന് നന്ദി പറഞ്ഞ അമീര്‍, തങ്ങള്‍ എല്ലാക്കാലവും ഇത് ഓര്‍ക്കുമെന്നും കൂട്ടിച്ചേര്‍ത്തു. അബൂബക്കറുമായുള്ള അമീറിന്റെ ഹൃദ്യമായ സംഭാഷണം റാസല്‍ഖൈമ മീഡിയ ഓഫീസാണ് പുറത്തുവിട്ടത്.

തന്റെ ജീവിതത്തിലെ ഏറ്റവും ഓര്‍ക്കുന്ന ദിനമായിരിക്കും ഇതെന്ന് 61 കാരനായ അബൂബക്കര്‍ പറഞ്ഞു. മലപ്പുറം സ്വദേശിയായ അബൂബക്കര്‍ 1980 ലാണ് മുബൈയില്‍നിന്ന് ദുബായിലേക്ക് എത്തിയത്. പത്തുമാസത്തോളം ഒരു ഹോട്ടലിലും ആശുപത്രിയിലൂമായി ജോലി ചെയ്തു. അമീറിന്റെ ഓഫീസില്‍ ജോലിയുണ്ടായുന്ന ഒരു സുഹൃത്താണ് അബൂബക്കറിന് ഇവിടെ ജോലി തരപ്പെടുത്തിയത്.

നാട്ടില്‍നിന്ന് വരുമ്പോള്‍തന്നെ നല്ല അറബി പരിജ്ഞാനം ഉണ്ടായിരുന്നത് ജോലി കിട്ടാന്‍ തുണയായി. അറബി എഴുതാനും വായിക്കാനും സംസാരിക്കാനും അദ്ദേഹത്തിന് സാധിക്കും.

കൊട്ടാരത്തിലെ മജ്‌ലിസില്‍ ഇപ്പോഴത്തെ അമീറിനും അദ്ദേഹത്തിന്റെ പിതാവിനും ഗഹ്‌വ പകര്‍ന്നുകൊടുത്തിട്ടുള്ള അദ്ദേഹം ഒരിക്കല്‍ ഇതേ മജ്‌ലിസില്‍ താനും താരമായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. യു.എ.ഇയിലെ പല പ്രധാനനേതാക്കളും പങ്കെടുത്ത മജ്‌ലിസിലാണ് അബൂബക്കറിനെ അമീര്‍ ആദരിച്ചത്.

രാഷ്ട്രപിതാവ് ശൈഖ് സായിദിനേയും ഒമാന്‍ സുല്‍ത്താന്‍ ഖാബൂസിനേയും മറ്റ് പല രാഷ്ട്രനേതാക്കളേയും അടുത്തുകാണാന്‍ ഈ ജോലി തനിക്ക് അവസരമൊരുക്കിയെന്നും അബൂബക്കര്‍ പറഞ്ഞു. ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളാണവ.

സുഹൃത്തിനോടെന്നപോലെയായിരുന്നു ശൈഖ് സൗദിന് തന്നോടുള്ള പെരുമാറ്റം. എനിക്കല്‍പം പരിഭ്രമമുണ്ടായിരുന്നു. എന്നാലദ്ദേഹം വളരെ സൗഹൃദത്തിലാണ് പെരുമാറിയത്. താങ്കള്‍ കേരളത്തില്‍ ചെന്നിട്ട് അവിടെനിന്ന് അല്‍പം മഴ ഇങ്ങോട്ടയക്കണം എന്നെന്നോട് തമാശ പറഞ്ഞു. മാംഗോയുടെ മലയാളം വാക്ക് എന്താണെന്നും ചോദിച്ചു. ഇന്ത്യന്‍ മാങ്ങ എല്ലാവര്‍ക്കും ഇഷ്ടമാണല്ലോ.

ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കുകയും കുടുംബത്തിന്റെ വിവരങ്ങള്‍ അന്വേഷിച്ചറിയുകയും ചെയ്ത ശേഷമാണ് അബൂബക്കറിനെ ശൈഖ് സൗദ് യാത്രയാക്കിയത്.

10 വര്‍ഷം മുമ്പ് കുടുംബത്തെ അബൂബക്കര്‍ കൊണ്ടുവന്നിരുന്നു. ആറ് വര്‍ഷം നിന്നശേഷം അവര്‍ മടങ്ങി. മൂത്ത മകന്റേയും മകളുടേയും കല്യാണം കഴിഞ്ഞു. ഇനി ഇളയ മകളുടെ കല്യാണംകൂടിയുണ്ട്.

പ്രമേഹവും രക്തസമ്മര്‍ദവും അലട്ടിത്തുടങ്ങിയതോടെയാണ് അബൂബക്കര്‍ റിട്ടയര്‍മെന്റിനെക്കുറിച്ച് ആലോചിച്ചത്.

 

Latest News