വീടുവിട്ട ഇന്ത്യന്‍ ബാലന് അഭയമായത് പാക്കിസ്ഥാനി തൊഴിലാളികള്‍

ഷാര്‍ജ- മാതാവ് വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് ഷാര്‍ജയിലെ വീട്ടില്‍നിന്നിറങ്ങിപ്പോയ 15 കാരനായ ഇന്ത്യന്‍ ബാലന്‍ മുഹമ്മദ് പര്‍വേസ് രണ്ടാഴ്ച കഴിഞ്ഞത് അജ്മാനിലെ ഒരു ബാച്ചിലേഴ്‌സ് വില്ലയില്‍. പാക്കിസ്ഥാനികളായ കെട്ടിട നിര്‍മാണ തൊഴിലാളികളോടൊപ്പമാണ് പര്‍വേസ് താമസിച്ചത്.  വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് പര്‍വേസിനെക്കുറിച്ച് പോലീസിന് സൂചന കിട്ടിയത്. തുടര്‍ന്ന് അവര്‍ കസ്റ്റഡിയിലെടുത്ത് ഷാര്‍ജ പോലീസിനെ ഏല്‍പിക്കുകയായിരുന്നു.
മകന്റെ തിരോധാനത്തില്‍ തീ തിന്നുകയായിരുന്ന ബിഹാര്‍ സ്വദേശി മുഹമ്മദ് അഫ്താബിനും കുടുംബത്തിനും മകന്റെ തിരിച്ചുവരവ് ആഹ്ലാദം പകര്‍ന്നു. ജൂലൈ നാലു മുതല്‍ അപ്രത്യക്ഷനായ കുട്ടിയെക്കുറിച്ച് വിവരമൊന്നും ലഭിക്കാതെ ഉഴറുകയായിരുന്നു ഇവര്‍.
മാതാപിതാക്കള്‍ അടിയന്തരമായി ഇന്ത്യയിലേക്ക് പോയെന്നും തനിക്ക് കഴിയാന്‍ ഇടമില്ലെന്നും പറഞ്ഞാണ് പര്‍വേസ് തൊഴിലാളികള്‍ക്കൊപ്പം കൂടിയത്. അവര്‍ പര്‍വേസിന് അഭയവും ഭക്ഷണവും കൊടുത്തു. തൊഴിലാളികള്‍ പോലീസിനെ വിവരമറിയിക്കേണ്ടതായിരുന്നു. എന്നാല്‍ പര്‍വേസ് ചാടിപ്പോയ കുട്ടിയാണെന്ന കാര്യം അവര്‍ക്കറിയില്ലായിരുന്നു. മകനെ സംരക്ഷിച്ചതിന് അവരോട് നന്ദി പറയുന്നു- പര്‍വേസിന്റെ പിതാവ് അഫ്താബ് പറഞ്ഞു.
പാതിരാത്രി വീട്ടില്‍നിന്നിറങ്ങി സൈക്കിളിലാണ് പര്‍വേസ് പോയത്. ഒരു പെട്രോള്‍ സ്റ്റേഷനില്‍ സൈക്കിള്‍ ഉപേക്ഷിച്ച് അജ്മാന്‍ ഭാഗത്തേക്ക് നടന്നു. അവിടെവെച്ചാണ് മാര്‍ബിള്‍ തൊഴിലാളികളായ പാക്കിസ്ഥാനികളെ കണ്ടതും അവരോടൊപ്പം കൂടിയതും.
കണ്ണീരോടെയാണ് അഫ്താബും കുടുംബവും മകനെ സ്വീകരിച്ചത്. വികാരഭരിതനായ പര്‍വേസും പിതാവിന് ചുംബനം നല്‍കി കണ്ണീര്‍ വാര്‍ത്തു. മാതാവ് അവനെ കെട്ടിപ്പുണര്‍ന്നു.

http://www.malayalamnewsdaily.com/sites/default/files/2019/07/20/parves.jpg

വീട്ടില്‍നിന്ന് അകന്നുകഴിഞ്ഞപ്പോഴാണ് തനിക്ക് കുടുംബത്തിന്റെ വില മനസ്സിലായതെന്നും ഇനി ഒരിക്കലും തെറ്റ് ആവര്‍ത്തിക്കില്ലെന്നും പര്‍വേസ് പറഞ്ഞു.
നിസ്സാര കാര്യത്തിനാണ് മുഹമ്മദ് പര്‍വേസ് എന്ന ബാലന്‍ അര്‍ധരാത്രി വീടുവിട്ടിറങ്ങിയത്. ഉറങ്ങാതെ യൂ ട്യൂബില്‍ ഹിന്ദി സീരിയല്‍ കണ്ടിരുന്ന കുട്ടിയെ ഉമ്മ വഴക്കുപറഞ്ഞു. പിറ്റേന്ന് സ്‌കൂളില്‍ പോകാനുള്ള പര്‍വേസ് രാത്രിയില്‍ ഏറെ സമയം ഉറക്കമൊഴിക്കുന്നതില്‍ വിഷമിച്ചാണ് മാതാവ് ഇപ്രകാരം പറഞ്ഞത്. എന്നാല്‍ രാത്രി തന്നെ പര്‍വേസ് ഇറങ്ങിപ്പോയി. രാവിലെ സുബ്ഹി നമസ്‌കരിക്കാന്‍ വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോഴാണ് മകനെ കാണാതായ വിവരം കുടുംബം അറിയുന്നത്.
മകന്‍ തിരിച്ചുവരുമെന്ന് തന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു. എങ്കിലും ദിവസങ്ങള്‍ നീണ്ടുപോയപ്പോള്‍ വിഷമമായി. അവന്‍ പോയശേഷം ഞാന്‍ ഭക്ഷണമുണ്ടാക്കിയിട്ടുപോലുമില്ല. അവന്‍ വന്ന ശേഷമാണ് പിന്നെ അടുക്കളയില്‍ കയറിയത്- മാതാവ് തുസി പര്‍വീണ്‍ പറഞ്ഞു. മകന്‍ വീടുവിട്ട ശേഷം ഈ കുടുംബം ശരിക്ക് ഉറങ്ങിയിട്ടില്ല. കണ്ണീരും പ്രാര്‍ഥനയും തിരച്ചിലുമായി കഴിയുകയായിരുന്നു അവര്‍.

 

Latest News