Sorry, you need to enable JavaScript to visit this website.

ആരും തോൽക്കാത്ത കളി

കളിച്ചിട്ടും കളിച്ചിട്ടും ചാമ്പ്യന്മാരെ നിശ്ചയിക്കാനാവാതിരുന്ന ഫൈനലിൽ 26 ഷോട്ടുകളാണ് ഇംഗ്ലണ്ടിനെ ചാമ്പ്യന്മാരാക്കിയത്. നാലരപ്പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷം ഇംഗ്ലണ്ട് ലോകകപ്പുയർത്തി. ലോകകപ്പ് ഇംഗ്ലണ്ടിൽ ക്രിക്കറ്റിന്റെ ഉയിർത്തെഴുന്നേൽപിന് കാരണമാവുമോയെന്നതാണ് അടുത്ത ചോദ്യം...

ഏകദിന ക്രിക്കറ്റിൽ ആദ്യമായി സ്‌കോർ 500 റൺസ് കടക്കുമോ? ലോകകപ്പ് ആരംഭിക്കുമ്പോൾ ചോദ്യം ഇതായിരുന്നു. സ്‌കോർ 500 കടക്കുമെന്ന പ്രതീക്ഷയിൽ സ്‌കോർ കാർഡുകൾ സംഘാടകർ മാറ്റിത്തയാറാക്കി. പ്രാഥമിക ഡിസൈൻ അനുസരിച്ച് 400 വരെ ടോട്ടലാണ് സ്‌കോർ കാർഡിൽ ഉൾപെടുത്താനാവുക. എന്നാൽ ലോകകപ്പ് ആരംഭിച്ച് ഒരാഴ്ച പിന്നിടും മുമ്പെ കാലാവസ്ഥ ടൂർണമെന്റിനെ ബാധിച്ചു. മൂന്നു വർഷത്തോളം ബാറ്റിംഗ് പറുദീസകളായ വരണ്ട, ഉറച്ച പിച്ചുകൾ പൊടുന്നനെ മാർദവമുള്ളതായിമാറി. ബൗളർമാർ ചിത്രത്തിലേക്കു വന്നു. ഒരു ടീമിന് പോലും അഞ്ഞൂറിനരികിലെത്താനായില്ല. 350 നു മുകളിൽ പോലും സ്‌കോർ ചെയ്യാനായത് നാലു തവണ മാത്രം. അഫ്ഗാനിസ്ഥാനെതിരായ ഇംഗ്ലണ്ടിന്റെ ആറിന് 397 ആയിരുന്നു ഉയർന്ന സ്‌കോർ. 
46 ദിവസം നീണ്ട ടൂർണമെന്റിനും, ലോഡ്‌സിലെ തെളിഞ്ഞ അന്തരീക്ഷത്തിൽ അരങ്ങേറിയ വിചിത്രവും സംഭവബഹുലവുമായ ഫൈനലിനും ശേഷം വിലയിരുത്തുമ്പോൾ ബാറ്റ്‌സ്മാന്മാരും വമ്പനടികളും തന്നെയാണ് ലോകകപ്പിൽ ആധിപത്യം പുലർത്തിയത്. ആദ്യം നൂറോവറിനു ശേഷം ടൈ ആയ കളി പിന്നീട് സൂപ്പർ ഓവറിലും ടൈ ആയപ്പോൾ എട്ടേ മുക്കാൽ മണിക്കൂർ നീണ്ട ശ്രമത്തിലും ചാമ്പ്യന്മാരെ നിശ്ചയിക്കാനായില്ല. ഒടുവിൽ 43 വമ്പനടികളാണ് ചാമ്പ്യന്മാരെ നിശ്ചയിക്കാൻ മാനദണ്ഡമാക്കിയത്. ബൗണ്ടറിയിലേക്കോ ബൗണ്ടറിക്കു മുകളിലൂടെയോ പറത്തിയ 26 ഷോട്ടുകൾ ഇംഗ്ലണ്ടിനെ തുണച്ചു. ബൗണ്ടറിയിലേക്കോ ബൗണ്ടറിക്കു മുകളിലൂടെയോ ന്യൂസിലാന്റിന് പായിക്കാൻ കഴിഞ്ഞത് 17 ഷോട്ടുകൾ മാത്രം. റൺസും വിക്കറ്റുമാണ് കളികളുടെ വിധി നിർണയിച്ചിരുന്നത്. ഇത്തവണ റൺസിന് കഴിഞ്ഞില്ലെങ്കിൽ വിക്കറ്റുകളുടെ എണ്ണം പരിഗണിക്കാമായിരുന്നു. ന്യൂസിലാന്റ് 10 വിക്കറ്റ് വീഴ്ത്തി, ഇംഗ്ലണ്ടിന് എട്ടു വിക്കറ്റ് വീഴ്ത്താനേ സാധിച്ചുള്ളൂ. പക്ഷെ ഐ.സി.സി വെച്ച മാനദണ്ഡം മറ്റൊന്നായി.  
അവസാന ഓവറിൽ അമ്പയർമാർക്ക് സംഭവിച്ച രണ്ട് പിഴവും ന്യൂസിലാന്റിന് തിരിച്ചടിയായി. ബെൻ സ്‌റ്റോക്‌സിന്റെ ബാറ്റിൽ തട്ടിത്തിരിഞ്ഞ് ഓവർത്രോ ആയ അവസരത്തിൽ ഇംഗ്ലണ്ടിന് കിട്ടേണ്ടിയിരുന്നത് അഞ്ച് റൺസായിരുന്നു, അമ്പയർമാർ ആറ് റൺസ് കൊടുത്തു. അടുത്ത പന്ത് നേരിടേണ്ടിയിരുന്നത് പുതുതായി ക്രീസിലെത്തിയ ആദിൽ റഷീദായിരുന്നു, നിലയുറപ്പിച്ച സ്റ്റോക്‌സായിരുന്നില്ല. മത്സരത്തിൽ ഇംഗ്ലണ്ടിനെ തുണച്ച നിരവധി ഭാഗ്യങ്ങളിൽ അവസാന രണ്ടെണ്ണമായിരുന്നു അത്. ഒമ്പതിന് പന്ത് മുമ്പ് സ്‌റ്റോക്‌സിനെ ബൗണ്ടറിക്കരികെ ട്രെന്റ് ബൗൾട് പിടിച്ചിരുന്നു, പക്ഷെ നിയന്ത്രണം തെറ്റി ബൗണ്ടറി വരയിൽ ചവിട്ടി. സ്റ്റോക്‌സ് പുറത്താവുന്നതിനു പകരം ഇംഗ്ലണ്ടിന് ആറ് റൺസ് കിട്ടി. 
ഇംഗ്ലണ്ട് സെമി ഫൈനൽ കാണാതെ പുറത്താവുമെന്ന ഘട്ടമുണ്ടായിരുന്നു ഗ്രൂപ്പ് മത്സങ്ങളിൽ. പ്രതിസന്ധി ഘട്ടത്തിൽ അവസരത്തിനൊത്തുയർന്ന അവർ അവസാന മത്സരങ്ങളിൽ ഇന്ത്യയെയും ന്യൂസിലാന്റിനെയും അവർ മറികടന്നു. ത്രസിപ്പിക്കുന്ന ഫൈനലിലെ ജയം ഇംഗ്ലണ്ടിൽ ക്രിക്കറ്റിന് പുതുജീവൻ നൽകിയിരിക്കുകയാണ്. വർഷങ്ങളായി ഇംഗ്ലണ്ടിൽ ക്രിക്കറ്റിന് ജനപ്രീതി കുറയുകയാണ്. രണ്ടാഴ്ചയിലൊരിക്കലെങ്കിലും ക്രിക്കറ്റ് കളിക്കുന്ന പതിനാറിന് മുകളിലുള്ളവരുടെ എണ്ണം കഴിഞ്ഞ മൂന്നു വർഷത്തിനിടെ 20 ശതമാനമായി കുറഞ്ഞുവെന്ന് സ്‌പോർട് ഇംഗ്ലണ്ട് പറയുന്നു. 
ഇപ്പോഴത്തെ കളിക്കാരിലേറെയും ക്രിക്കറ്റിലേക്ക് വന്നത് 2005 ലെ ആഷസ് പരമ്പരയിലെ അത്യുജ്വല വിജയം നൽകിയ പ്രചോദനത്തിലാണ്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ദീർഘകാല വരൾച്ച അവസാനിപ്പിച്ചത് ആ പരമ്പരയിലാണ്. അതായിരുന്നു അവസാനമായി ഇംഗ്ലണ്ടിൽ സൗജന്യമായി ക്രിക്കറ്റ് സംപ്രേഷണം ചെയ്ത അവസാന പരമ്പര. അതിനു ശേഷം ആദ്യമായി സൗജന്യ സംപ്രേഷണം നടന്നത് ഞായറാഴ്ചത്തെ ലോകകപ്പ് ഫൈനലായിരുന്നു. സമ്മർദ്ദത്തെ തുടർന്ന് കളിയുടെ ഫീഡ് പങ്കുവെക്കാൻ സ്‌കൈ ടി.വി തയാറായി. 83 ലക്ഷം പേർ കളി വീക്ഷിച്ചു. 
എന്നാൽ ഫൈനൽ വരെ ടൂർണമെന്റ് പേ ടി.വിയിലാണ് സംപ്രേഷണം ചെയ്തത്. പത്രങ്ങളിൽ പോലും അകത്തെ സ്‌പോർട്‌സ് പേജിലായിരുന്നു ലോകകപ്പ് വാർത്തകളുടെ ഇടം. വനിതാ ലോകകപ്പ് ഫുട്‌ബോളിൽ ഇംഗ്ലണ്ടിന്റെ സെമിയിലേക്കുള്ള കുതിപ്പായിരുന്നു സ്‌പോർട്‌സ് പ്രേമികൾ പ്രധാനമായും ശ്രദ്ധിച്ചത്. ബ്രിട്ടനിലെ ഏഷ്യൻ വംശജരെ ടൂർണമെന്റിലേക്കാകർഷിച്ചാണ് ലോകകപ്പ് സംഘാടകർ ലോകകപ്പിലേക്ക് ആളെ കൂട്ടിയത്. ഏഷ്യൻ വംശജർ ജന്മനാടുകളെ പിന്തുണക്കാൻ കളിക്കളങ്ങളിൽ ഒഴുകിയെത്തി. ലോകകപ്പിന് ആഹ്ലാദത്തിന്റെ അന്തരീക്ഷമൊരുക്കിയത് ഏഷ്യൻ വംശജരായിരുന്നു. അത് സുപ്രധാനമായൊരു ചോദ്യമുയർത്തി. എന്തിനാണ് പാക്കിസ്ഥാൻ തങ്ങളുടെ ഹോം മത്സരങ്ങളിൽ യു.എ.ഇയിലെ ഏകാന്തതയിൽ കളിക്കുന്നത്, ഇംഗ്ലണ്ടിലെ പാക്കിസ്ഥാൻ വംശജരുടെ മുമ്പിൽ കളിച്ചു കൂടേ?
സ്‌കോട്‌ലന്റിലെയും സിംബാബ്്‌വെയിലെയും അയർലന്റിലെയും കാണികൾ ഒരുകാലത്ത് ലോകകപ്പ് ക്രിക്കറ്റിന് നൽകിയ വൈവിധ്യത്തിന് പകരം നിൽക്കാൻ ആവേശഭരിതരായ ഏഷ്യൻ കാണികൾക്കു സാധിച്ചു. സ്‌കോട്‌ലന്റിനും സിംബാബ്്‌വെയിക്കും അയർലന്റിനുമൊക്കെ ലോകകപ്പിന് യോഗ്യത നേടാനുള്ള അവസരം ഐ.സി.സി ഏതാണ്ട് അടച്ചിരിക്കുകയാണ്. ഏകപക്ഷീയമായ മത്സരങ്ങൾ ഒഴിവാക്കാനെന്ന കാരണം പറഞ്ഞാണ് ടീമുകളുടെ എണ്ണം പതിനാലിൽ നിന്ന് പത്താക്കിയത്. എന്നാൽ ടൂർണമെന്റ് ആദ്യ വാരം തന്നെ പ്രവചിച്ച രീതിയിൽ മുന്നോട്ടു പോയി. മത്സരങ്ങളുടെ നാലിലൊന്ന് പിന്നിടും മുമ്പു തന്നെ ആരൊക്കെ സെമി ഫൈനലിലെത്തുമെന്ന് സൂചനയായി. പാതിവഴി പിന്നിട്ടപ്പോഴാണ് മുൻനിര ടീമുകൾ വെല്ലുവിളിക്കപ്പെട്ടത്. ലീഡ്‌സിൽ ശ്രീലങ്കയുടെ ഒമ്പതിന് 232 പിന്തുടരാൻ ഇംഗ്ലണ്ടിന് സാധിച്ചില്ല. അത് പാക്കിസ്ഥാനും ശ്രീലങ്കക്കും ബംഗ്ലാദേശിനും സെമി പ്രതീക്ഷ നൽകി. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യത്തെ പ്രധാന അട്ടിമറിയുടെ സാധ്യത കണ്ടത് അടുത്തയാഴ്ചയായിരുന്നു. ഇന്ത്യക്കെതിര അഫ്ഗാനിസ്ഥാന്റെ വിജയം തടഞ്ഞത് അവസാന ഓവറിൽ മുഹമ്മദ് ഷാമിയുടെ ഹാട്രിക്കായിരുന്നു. കാർലോസ് ബ്രാതവൈറ്റിനെ ട്രെന്റ് ബൗൾട് ബൗണ്ടറി ലൈനിൽ പിടിച്ചത് ന്യൂസിലാന്റിനെതിരെ വെസ്റ്റിൻഡീസിന് ജയം നിഷേധിച്ചു. ഓസ്‌ട്രേലിയയുടെ ജെയ്‌സൻ ബെഹറൻഡോർഫിന്റെ കന്നി അഞ്ചു വിക്കറ്റ് പ്രകടനം ഇംഗ്ലണ്ടിനെ തോൽപിക്കാൻ ഓസ്‌ട്രേലിയയെ സഹായിച്ചു. ബാബർ അസമിന്റെ അജയ്യ സെഞ്ചുറി ന്യൂസിലാന്റിനെതിരെ പാക്കിസ്ഥാന വിജയം സമ്മാനിച്ചു. ചെസ്റ്റർലി സ്ട്രീറ്റിൽ തേനീച്ചക്കൂട്ടം ദക്ഷിണാഫ്രിക്ക, ശ്രീലങ്ക കളിക്കാരെയും അമ്പയർമാരെയും നിലത്തു മുഖം കുത്തിക്കിടക്കാൻ നിർബന്ധിതരാക്കി. പക്ഷെ പ്രധാന അട്ടിമറികളൊന്നും സംഭവിച്ചില്ല. 
മൂന്നു നാലു കളികളിൽ അഫ്ഗാനിസ്ഥാൻ പ്രതീക്ഷ സൃഷ്ടിച്ചെങ്കിലും എല്ലാത്തിലും തോറ്റു. ഗുൽബദ്ദീൻ നാഇബിന് മസിൽ പ്രദർശിപ്പിക്കാനല്ലാതെ ടീമിനെ നയിക്കാനറിയില്ലെന്ന് വ്യക്തമായി. ടീമിന്റെ ലീഡിംഗ് സ്‌കോറർ മുഹമ്മദ് ശഹ്‌സാദിനെ പരിക്കിന്റെ പേരു പറഞ്ഞ് നാട്ടിലേക്ക് തിരിച്ചയച്ചു. വാർത്താകുറിപ്പിൽ നിന്നാണ് ശഹ്‌സാദ് തനിക്ക് പരിക്കാണെന്ന് മനസ്സിലാക്കിയത്. 
ദക്ഷിണാഫ്രിക്കയാണ് ഏറ്റവും നിരാശപ്പെടുത്തിയത്. ലോകകപ്പിൽ പങ്കെടുക്കാൻ തുടങ്ങിയ ശേഷം അവർക്ക് നോക്കൗട്ട് റൗണ്ട് നഷ്ടപ്പെടുന്നത് രണ്ടാം തവണ മാത്രം. ബൗൺസറുകൾ നേരിടുന്നതിന് പ്ലാൻ ബി ഇല്ലാതെയാണ് വെസ്റ്റിൻഡീസ് വന്നത്. നിൽക്കാൻ കഴിയാത്ത ആന്ദ്രെ റസ്സലിനെയും നടക്കാൻ കഴിയാത്ത ക്രിസ് ഗയ്‌ലിനെയും ടീമിലുൾപെടുത്തിയതിന് അവർ വില കൊടുക്കേണ്ടി വന്നു. ശാഹീൻ അഫ്്‌രീദിയെ കളിപ്പിക്കുന്നത് പാക്കിസ്ഥാൻ വൈകിച്ചു. ശ്രീലങ്ക അലങ്കോലമായിരുന്നു. ശാഖിബുൽ ഹസന്റെ മിന്നുന്ന പ്രകടനത്തെ സഹായിക്കാൻ ബംഗ്ലാദേശ് ടീമിൽ അധികമാരുമുണ്ടായില്ല. അസയമത്തെ പരക്കുകൾ ഓസ്‌ട്രേലിയയെ തളർത്തി. ന്യൂസിലാന്റിനെതിരായ സെമിയിൽ 19 പന്തിൽ മൂന്നു വിക്കറ്റിന് അഞ്ച് റൺസിലേക്ക് തകരുന്നതു വരെ ഇന്ത്യൻ ടീം സുഗമമായി മുന്നേറുകയായിരുന്നു. 
ന്യൂസിലാന്റുകാർ മാന്യന്മാരായിരുന്നു, പക്ഷെ കടുകിട വിട്ടുകൊടുക്കാത്തവർ. ഒരിക്കലും അവർ 300 കടന്നില്ല. ചെറിയ സ്‌കോർ നേടി വെസ്റ്റിൻഡീസിനെയും ദക്ഷിണാഫ്രിക്കയെയും ഇന്ത്യയെയും അവർ സുഖിപ്പിച്ചു. മൂന്നു ടീമിനെയും അവസാന ഓവറിൽ കബളിപ്പിക്കുകയും ചെയ്തു. 
ഏഴ് പന്തിൽ ജയിക്കാൻ ആറിൽ കുറഞ്ഞ റൺസ് മതിയെന്നിരിക്കെ സിക്‌സറോടെ കളി ജയിപ്പിക്കാൻ ശ്രമിച്ച വെസ്റ്റിൻഡീസിന്റെ ബ്രാതവൈറ്റിനെ ന്യൂസിലാന്റ് കളിക്കാർ ആശ്വസിപ്പിക്കുന്നതായിരുന്നു ഗ്രൂപ്പ് ഘട്ടത്തിലെ മറക്കാനാവാത്ത ചിത്രം. എന്നാൽ ടൂർണമെന്റ് കഴിഞ്ഞപ്പോൾ ക്രിക്കറ്റ് ലോകം ന്യൂസിലാന്റിനെ ആശ്വസിപ്പിക്കുകയാണ്. അവർ ആവശ്യത്തിന് ബൗണ്ടറിയടിക്കാത്തതിനാൽ മാത്രമാണ് ഇംഗ്ലണ്ടിന് ലോകകപ്പ് വിജയം ആഘോഷിക്കാനായത്.
 

Latest News