ഇതാ സ്റ്റോക്‌സിന് കിവീസ് നല്‍കാനുദ്ദേശിക്കുന്ന ബഹുമതി

വെല്ലിംഗ്ടണ്‍ - ഇതാണ് യഥാര്‍ഥ മഹാമനസ്‌കത. ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ തങ്ങളില്‍ നിന്ന് വിജയം തട്ടിയെടുത്ത ബെന്‍ സ്റ്റോക്‌സിനെ ന്യൂസിലാന്റര്‍ ഓഫ് ദ ഇയറാവാന്‍ ന്യൂസിലാന്റ് പരിഗണിക്കുന്നു. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ജനിച്ചതും 12 വയസ്സ് വരെ ജീവിച്ചതും ന്യൂസിലാന്റിലാണ്. ന്യൂസിലാന്റ് നായകന്‍ കെയ്ന്‍ വില്യംസനും ന്യൂസിലാന്റര്‍ ഓഫ് ദ ഇയര്‍ ആയി പരിഗണിക്കപ്പെടുന്നുണ്ട്. 
ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്റിന്റെ എട്ടിന് 241 നെതിരെ തകര്‍ന്ന ഇംഗ്ലണ്ടിനെ കരകയറ്റിയത് സ്റ്റോക്‌സാണ് (84 നോട്ടൗട്ട്). മത്സരം ടൈ ആയി. സൂപ്പര്‍ ഓവറിലും സ്റ്റോക്‌സ് ഇംഗ്ലണ്ടിനു വേണ്ടി എട്ട് റണ്‍സെടുത്തു. അതു ടൈ ആയപ്പോള്‍ ബൗണ്ടറി ടൈബ്രേക്കറില്‍ ഇംഗ്ലണ്ടിന് ലോകകപ്പ് സമ്മാനിക്കുകയായിരുന്നു. 
സ്റ്റോക്‌സിന്റെ പിതാവ് ജെറാഡ് ന്യൂസിലാന്റിന്റെ റഗ്ബി താരമായിരുന്നു. പിന്നീട് ഇംഗ്ലണ്ടില്‍ കോച്ചായി. പിതാവിനൊപ്പം ഇംഗ്ലണ്ടിലെത്തിയ സ്റ്റോക്‌സ് അവിടെ തങ്ങുകയായിരുന്നു. പിതാവും മാതാവ് ദേബും ക്രൈസ്റ്റ്ചര്‍ച്ചില്‍ തിരിച്ചുവന്നു. 
 

Latest News