Sorry, you need to enable JavaScript to visit this website.

സ്‌നേഹം പ്രകടിപ്പിക്കാതിരിക്കുമ്പോൾ...

ദൂരത്താണെങ്കിലും തുടക്കം മുതലേ വാക്കിലും പ്രവൃത്തിയിലും നാട്ടിലുള്ള മക്കളോട് അടുപ്പം വെച്ചുപുലർത്താനുള്ള ശ്രമം നടത്തേണ്ടതുണ്ട്. ഫോണിലൂടെ ബന്ധപ്പെടുക, അവരുടെ നീക്കങ്ങളും ആഗ്രഹങ്ങളും അറിയുക. സ്‌നേഹ സൗഹൃദത്തോടെ അവരോട് ബന്ധം വെച്ചുപുലർത്തുമ്പോഴേ ദൂരെയിരിക്കുന്ന രക്ഷാകർത്താവിനോടവർ അടുക്കൂ. നേരിട്ട് പറയാനുള്ള കാര്യങ്ങൾ 'ഭാര്യ' വഴി പറയാതിരിക്കുകയാണ് വേണ്ടത്. 


മക്കൾക്ക് തന്നോട് ഒരടുപ്പവുമില്ലെന്ന പ്രശ്‌നം അവതരിപ്പിക്കാനാണ് ഗൾഫിൽനിന്നെത്തിയ അയാൾ വന്നത്. പത്തു വർഷമായി ഗൾഫിലെ ഒരു കമ്പനിയിൽ സെയിൽസ്മാനായി ജോലി നോക്കുന്നു. ഒമ്പതു വർഷം മുമ്പ് കല്യാണം കഴിഞ്ഞു. മൂന്നാം ക്ലാസിൽ പഠിക്കുന്ന മകളും ഒന്നാം ക്ലാസിൽ പഠിക്കുന്ന മകനുമുണ്ട്. ഭാര്യയേയോ മക്കളേയോ ഗൾഫിലേക്ക് കൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ല. അയാൾ രണ്ട് വർഷത്തിലിടയ്ക്ക് രണ്ടു മാസക്കാല അവധിക്ക് നാട്ടിൽ വരാറുണ്ട്. 
മക്കൾക്ക് അയാളുമായി ഒരടുപ്പവുമില്ല. അവർ അയാളെ ഒരു രക്ഷിതാവായി കണക്കാക്കുന്നതായി അയാൾക്ക് തോന്നിയിട്ടില്ല. ആവശ്യങ്ങളൊക്കെ നിറവേറ്റിക്കൊടുക്കുന്നുണ്ട്. പക്ഷേ, പിതാവെന്ന നിലയിൽ ഒരാദരമോ, പരിഗണന പോലുമോ ഇല്ല. ഒരന്യനെപ്പോലെ അയാൾ അവധിക്കാലത്ത് അവരോടൊപ്പം കഴിയുന്നു. എത്രത്തോളം അടുക്കാൻ ശ്രമിച്ചിട്ടുണ്ടോ അത്രത്തോളം അകന്നിട്ടേയുള്ളൂ. ഇപ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയിലാണ്.
ഗൾഫിൽ കുടുംബത്തിൽ നിന്ന് വേർപിരിഞ്ഞ് കഴിയുന്ന ചിലരുടെ സങ്കടമാണിത്. മണലാരണ്യ നഗരങ്ങളിൽ ജോലി ചെയ്ത് വിയർപ്പൊഴുക്കുന്നത് ഭാര്യക്കും മക്കൾക്കും വേണ്ടിയാണ്. എന്നാൽ മക്കൾക്ക് പിതാവിനോട് അടുപ്പമില്ല. അയാൾ അവർക്ക് ഭൗതിക സാഹചര്യങ്ങൾ ചെയ്തുകൊടുക്കാനുള്ള ഉപകരണം മാത്രം. മാസാമാസങ്ങളിൽ പണമയക്കുന്ന അയാൾക്കു രക്ഷാകർത്താവ് എന്ന നിലയിൽ ഒരംഗീകാരവും കൊടുക്കാത്ത പെരുമാറ്റമാണ് ചിലരുടേത്. ചിലർ അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല, അവഗണിക്കുകയും ചെയ്യുന്നു. പലരും അമ്മയോടാണ് കൂടുതൽ അടുപ്പം കാണിക്കുന്നത്. ആവശ്യങ്ങൾ അവരേയാണ് അറിയിക്കുക. പലപ്പോഴും അമ്മ അവർക്കും പിതാവിനുമിടയിലുള്ള സന്ദേശവാഹകരാകുന്നു. കാര്യങ്ങളൊക്കെയും സുഗമമായി നടക്കുക അമ്മയോട് പറഞ്ഞാലാണെന്നും അറിയാം. അത് പലപ്പോഴും 'ബ്ലാക് മെയിലോ' ചൂഷണമോ ആയിത്തീരാറുണ്ട്. അമ്മമാർ എളുപ്പം അവർക്ക് കീഴടങ്ങുകയും ചെയ്യുന്നു.
ഗൾഫിൽനിന്ന് പിതാവ് ഫോൺ ചെയ്താൽ കുട്ടികൾ ഒരുത്തരവും കൊടുക്കില്ല. ചുരുക്കം വാചകങ്ങളിലവർ ഭാഷണം നിർത്തുന്നു. അച്ഛൻ ആരുടേയെങ്കിലും വശം വല്ല ഉപഹാരങ്ങളും കൊടുത്തയച്ചാൽ അത് കിട്ടിയതിലുള്ള സന്തോഷം പോലും അവരറിയിക്കുന്നില്ല. ആ മക്കളെ കാണാൻ ആറ്റുനോറ്റ് ഒന്നൊന്നര കൊല്ലങ്ങളുടെ ഒരുക്കങ്ങൾക്കുശേഷം നാട്ടിലെത്തുമ്പോഴും അവർക്ക് മിണ്ടാട്ടമില്ല. അവർക്കു വേണ്ടി കൊണ്ടുവരുന്ന വസ്തുവകകൾ വാങ്ങിവെക്കുന്നത് ഒരവകാശം പോലെയാണ്. മക്കൾ പലപ്പോഴും അയാളോടൊപ്പം പുറത്ത് പോകുന്നതോ സംസാരിക്കുന്നതോ നിർബന്ധിച്ചാലായിരിക്കും.


ഭാര്യ ഗർഭിണിയായപ്പോൾ ഗൾഫിലേക്ക് പോയ ഒരാൾ രണ്ടു കൊല്ലം കഴിഞ്ഞ് വന്നപ്പോൾ, മകൾ അയാളെ കാണുമ്പോൾ കരയുകയായിരുന്നു. തന്നെ അപരിചിതനായി കാണുകയും അയൽവക്കക്കാരന്റെ കയ്യിലേക്കു പോലും ചാടുകയും ചെയ്യുന്ന മകളെയോർത്ത്, ആരും കാണാതെ അയാൾ കരഞ്ഞിട്ടുണ്ട്. മുഖമൊന്ന് പരിചയമായി വരുമ്പോഴേക്ക് അയാളുടെ അവധി കഴിഞ്ഞു. ഗൾഫിലേക്ക് മടങ്ങി. മറ്റൊരു രക്ഷിതാവിന്റെ അനുഭവം: മകൻ അയാളെ കഴിയാവുന്നത്ര 'ചൂഷണം' ചെയ്യുന്നു. മകന്റെ സ്‌നേഹം നഷ്ടപ്പെടുമോ എന്ന ഭയത്താൽ അയാൾ അവനെ തൃപ്തിപ്പെടുത്താൻ എന്തും ചെയ്തിരുന്നു. മകനാവട്ടെ, അവസരങ്ങളൊക്കെ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്തു. ഗൾഫിൽ ജോലിയെടുക്കുന്ന പുരുഷൻ പലവിധ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. കുടുംബ ബന്ധങ്ങളിൽ അയാളനുഭവിക്കുന്ന വിഷമ സന്ധികളിലൊന്നാണ് മക്കളുമായുള്ള ബന്ധങ്ങളിലെ അകൽച്ച. മക്കളോടുള്ള ഈ അടുപ്പമില്ലായ്മയ്ക്ക് ചില കാരണങ്ങളുണ്ട്; അയാളാശിക്കാതെയുണ്ടാവുന്ന കാരണങ്ങൾ. ഗൾഫിലിരിക്കുന്ന കാലം മക്കളുടെ സാമീപ്യം അവർക്ക് നഷ്ടപ്പെടുന്നു. ഫോണിലൂടെയും ഇന്റർനെറ്റ് വഴിയോ കോൺഫറൻസിങിലൂടെയോ നടത്തുന്ന ബന്ധപ്പെടലുകൾക്ക് പരിമിതികളുണ്ട്. പലർക്കും മക്കളോട് ഫോണിൽ സംസാരിക്കാൻ വിഷയങ്ങളുണ്ടാവില്ല. 'നന്നായി പഠിക്കുന്നുണ്ടല്ലോ?' എന്നോ 'എന്താ നിനക്ക് വേണ്ടത്?' എന്നോ ഉള്ള ചോദ്യങ്ങളിലും അതിനുള്ള ചുരുക്കം വാക്കുകളിലെ പ്രതികരണങ്ങളിലും അവരുടെ ആശയവിനിമയം ചത്തുമരവിച്ചു പോകുന്നു. കാണായ്മയും കേൾക്കായ്മയും ഒരച്ഛനെ മക്കളിൽനിന്ന് പലപ്പോഴും മാനസികമായും ദൂരത്തേക്ക് പറഞ്ഞുവിടുന്നുണ്ട്. മക്കളോടൊപ്പം കളിക്കാനോ, അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് നിറവേറ്റാനോ അയാൾക്കാവില്ല. കുട്ടികളുടെ സ്‌കൂളുമായോ അവരുടെ അദ്ധ്യാപകരുമായോ സുദൃഢ ബന്ധമില്ല. ഇതിനൊക്കെയുമപ്പുറം ഏത് ബന്ധവും ആരോഗ്യകരമായ ഒരനുഭവമായിത്തീരാൻ ബന്ധത്തിലുള്ളവരുടെ പ്രതീക്ഷകൾ അതാത് നേരങ്ങളിലറിയേണ്ടതുണ്ട്. പ്രതീക്ഷകൾ നേരിൽ പങ്കുവെയ്ക്കാതെ വരുമ്പോൾ, അയാൾക്ക് ഭാര്യ ഒരു മദ്ധ്യവർത്തിയായിത്തീരുന്നു. പലതും ഭാര്യ മനസ്സിലാക്കിയതാവും കൈമാറ്റം ചെയ്യപ്പെടുക.
പത്തു വർഷം മുമ്പ് മക്കളുടെ ഫോട്ടോ എപ്പോഴെങ്കിലും കൈയിലെത്തുമ്പോഴാണ് അവരെത്ര മാത്രം വളർന്നുവെന്ന് മനസ്സിലാവുക. നാട്ടിലെത്തുമ്പോൾ മക്കൾക്കായി കൊണ്ടുവരുന്ന ഉടുപ്പുകൾ പലതും പാകമല്ലാത്തതായിരുന്നു. ഊഹക്കണക്ക് തെറ്റിപ്പോവുന്നു. തൊണ്ണൂറുകൾ വരെയുള്ള കാലം ഗൾഫുകാർക്ക് മക്കളോട് ഫോണിൽ സംസാരിക്കുകയെന്നത് ഒരു സാഹസമായിരുന്നു. ഒരു ദശകം മുമ്പ് വിപണിയിലെത്തിയ മൊബൈൽ ഫോൺ കൈയിലെത്തും വരെയും മക്കൾക്ക് അച്ഛനോടോ, അച്ഛന് മക്കളോടോ മനസ്സ് തുറന്ന് സംസാരിക്കുവാൻ ഐ.എസ്.ഡി കോളുകൾക്ക് കാത്തിരിക്കേണ്ടി വന്നു. കാളുകൾ കണക്ട് ചെയ്ത് കിട്ടുമ്പോൾ മനസ്സുകൾ ഡിസ്‌കണക്ട് ചെയ്ത് കിടന്നിരുന്നു. കുട്ടികളുടെ വൈകാരിക തലമാണ് വേർപിരിയലിൽ അന്യമായിക്കിടക്കുന്നത്. ആഹ്ലാദം, ആനന്ദം, കോപം, സങ്കടം, ഉത്കണ്ഠ, വ്യാകുലത തുടങ്ങിയ പ്രധാന വികാരങ്ങൾ പോലും രക്ഷിതാവിനറിയാനാവുന്നില്ല. കുട്ടിയുടെ ബാഹ്യതല വളർച്ച എങ്ങനെയെങ്കിലും അറിയാനവസരം കിട്ടുന്നുവെങ്കിലും മാനസികതലം പലർക്കും അന്യമായിക്കിടക്കുന്നു.
ഒരു രക്ഷിതാവ് മക്കളുടെ വ്യക്തിത്വ രൂപീകരണത്തിൽ സാരമായ പങ്ക് വഹിക്കുന്നുണ്ട്. രക്ഷാകർത്താവ് മക്കൾക്ക് 'മാർഗദീപ'മായി (ഞീഹല ങീറലഹ) തീരുന്നുണ്ട്. വേർപിരിഞ്ഞിരിക്കുന്ന രക്ഷാകർത്താവിന് ഈ ധർമം (ളൗിരശേീി) നിർവഹിക്കാൻ പറ്റാതെ വരുന്നുണ്ട്. പെരുമാറ്റങ്ങളിലും നീക്കങ്ങളിലും ക്രമീകരണവും നിയന്ത്രണവും അക്കരെയിരിക്കുന്ന പിതാവിന് എളുപ്പം ചെയ്യാനാവുന്നില്ല. ഫോണിലൂടെ അത് ചെയ്യുമ്പോൾ പലപ്പോഴും ഫലവത്തായിത്തീരുന്നുമില്ല. ഇത് ഏറ്റവും കൂടുതലായി പ്രകടമാവുന്നത് കുട്ടികളുടെ പഠന കാര്യത്തിലാണ്. ദിനംതോറുമുള്ള പഠനത്തിൽ അയാൾ പങ്കാളിയല്ല. പഠിക്കുന്ന സമയമോ രീതികളോ വ്യക്തമായറിയുന്നില്ല. ഭാര്യയിലൂടെയാണ് ഇക്കാര്യങ്ങളറിയുന്നത്. താൻ നൽകുന്ന നിർദേശങ്ങൾ പലപ്പോഴും ഭാര്യ അവഗണിക്കുന്നത് അയാൾ മനസ്സിലാക്കുന്നു. തന്റെ നിർദേശങ്ങൾ ചിലപ്പോൾ ഫലവത്തല്ലാതെ പോകുന്നത് അറിയുന്നു. ചില നേരങ്ങളിൽ നൽകുന്ന 'കൽപനകൾ' പോലും ഭാര്യയും മക്കളും നിരാകരിക്കുന്നത് അയാൾ തിരിച്ചറിയുന്നുണ്ട്. ഇത്തരമൊരു നിസ്സഹായാവസ്ഥയിൽ ഗൾഫുകാരനായ പിതാവ്, ഒന്നിലും ഇടപഴകാതായിത്തീരുന്നു. ചിലർ ആ യാഥാർത്ഥ്യത്തിൽ നിന്ന് ഒളിച്ചോടുകയും ബന്ധങ്ങളുടെ സജീവത വീണ്ടെടുക്കുന്ന കാര്യത്തിൽ നിർജീവമായ ഒരു മനോഭാവത്തിൽ നിസ്സഹായനായി കഴിയുകയും ചെയ്യുന്നു. 
വളർച്ചയുടെ വിവിധ ഘട്ടങ്ങൾ ഗൾഫുകാരനായ വേർപിരിഞ്ഞിരിക്കുന്ന രക്ഷിതാവ്  ഇടവേളകൾക്ക് ശേഷമാണ് മനസ്സിലാക്കുന്നത്. നഷ്ടമാവുന്ന ഘട്ടങ്ങൾ വ്യക്തിയെ അറിയുന്നതിന് തടസ്സമുണ്ടാക്കുന്നുണ്ട്. ഒരാളിനെ പലരിലൂടെ കിട്ടുന്ന പ്രതികരണങ്ങളിൽ നിന്നാണ് വസ്തുനിഷ്ഠമായ അറിവായിത്തീരുന്നത്. അക്കരെ കഴിയുന്ന രക്ഷിതാവ് കുട്ടികളുടെ സ്‌കൂളിൽ പോകുന്നില്ല. അദ്ധ്യാപകരെ കാണുന്നില്ല. സംസാരിക്കുന്നില്ല. കുട്ടിയുടെ വ്യക്തിത്വത്തിന്റെ പല ഘടകങ്ങളേയും തിരിച്ചറിയുമ്പോഴാണ് ഫലപ്രദമായ ഒരു ബന്ധമായിത്തീരുന്നത്. നിർഭാഗ്യവശാൽ ആശിച്ചാലും ഗൾഫുകാരന് മക്കളുടെ വ്യക്തിത്വത്തിന്റെ ആന്തരിക തലമറിയാനാവാതെ പോകുന്നത് ഇതുകൊണ്ടാണ്. അറിയുന്നതാകട്ടെ ഭാര്യയിൽനിന്ന് മാത്രം. അത് ഏകപക്ഷീയവും പലവിധ മുൻവിധികളാൽ ചങ്ങലക്കിട്ടതുമാകാനിടയുണ്ട്. കുട്ടിക്കാലത്ത് അമ്മയുടെ മാർഗനിർദേശങ്ങളനുസരിക്കുന്ന മകനോ മകളോ കൗമാര കാലത്തെത്തുമ്പോൾ അമ്മയെ അംഗീകരിക്കാതിരിക്കാൻ സാദ്ധ്യതയുണ്ട്. അത് അമ്മയും മക്കളും തമ്മിലുള്ള സംഘർഷത്തിന് കാരണമായിത്തീരുന്നു. 

ഗൾഫിൽ ജോലിയെടുക്കുന്ന പുരുഷൻ പലവിധ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. കുടുംബ ബന്ധങ്ങളിൽ അയാളനുഭവിക്കുന്ന വിഷമ സന്ധികളിലൊന്നാണ് മക്കളുമായുള്ള ബന്ധങ്ങളിലെ അകൽച്ച 


ഭർത്താവിന്റെ പരാജയപ്പെടുന്ന രക്ഷാകർതൃത്വം ഭാര്യയെ ചിലപ്പോൾ കൂടുതൽ ശക്തയാക്കുന്നു. എല്ലാ കാര്യങ്ങളും അവർ സ്വയം ഏറ്റെടുക്കുന്നു. ഭർത്താവയച്ചുകൊടുക്കുന്ന പണം മക്കൾക്കു വേണ്ടി എത്ര ചെലവഴിക്കണമെന്ന് തീരുമാനിക്കുന്നതും കൈമാറുന്നതും ഭാര്യയാണ്. പണം അയക്കുന്നയാൾ പിതാവാണെങ്കിലും ആവശ്യമായ കാര്യനിർവഹണം മാതാവാണ് നടത്തുന്നത്. യഥാർത്ഥ 'ബ്രഡ് വിന്നർ' മക്കളോട് നേരിട്ട് ബന്ധമില്ലാതെ മക്കളിൽ സ്വാധീനംപോലും ചെലുത്താനാവാത്തവരായി മാറുന്നു. ദൂരത്ത് നിൽക്കുന്ന മക്കളുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള ഒരു ഡ്രാഫ്‌റ്റോ പണമോ അയക്കുന്ന യന്ത്രമായി അന്നദാതാവ് മാറുന്നു.
പ്രകടിപ്പിക്കപ്പെടുന്ന സ്‌നേഹം തന്നെയാണ് വിലമതിക്കപ്പെടുന്നത്. ആഗ്രഹിച്ചിട്ടും സ്‌നേഹം പ്രകടിപ്പിക്കാനാവാതെ പോകുന്നവരാണ് ഗൾഫിൽ ജോലിയെടുക്കുന്ന, വേർപിരിഞ്ഞിരിക്കുന്ന രക്ഷിതാവ്. മക്കളുടെ മാറിമാറി വരുന്ന പ്രതീക്ഷകൾ അറിയാതെ പോകുന്ന പിതാവ്, സ്‌നേഹം പ്രകടിപ്പിക്കാൻ നേരിൽ അവസരമില്ലാത്തവരാണ്. സ്‌നേഹം കാണിക്കാൻ അവർ ചെയ്യുന്നത് പലപ്പോഴും നിരാകരിക്കപ്പെടുകയോ, ഫലപ്രദമല്ലാതായിത്തീരുകയോ ചെയ്യുന്നു. നിസ്സഹായത വേരുറക്കുന്നതിന് ഇതും കാരണമാക്കുന്നുണ്ട്. ചില രക്ഷിതാക്കൾ ഇത്തരമൊരവസ്ഥയിൽ കർശനമായ വിലക്കുകളിലൂടെ മക്കളെ നിയന്ത്രിക്കാൻ നോക്കുന്നു. വിദൂര രക്ഷാകർതൃത്വം (ഞലാീലേ ജമൃലിശേിഴ) പ്രയോജനകരമാംവിധം നടത്താനുള്ള പരിശീലനം ലഭിക്കാത്ത ഈ ഗൾഫുകാരൻ പലപ്പോഴും ദയനീയമായി പരാജയപ്പെടുകയും ചെയ്യുന്നു. അവധിക്കാല സന്ദർശനം ദീർഘനാളിന്റെ സാമീപ്യമില്ലായ്മയുടെ മുറിവുകളുണക്കാൻ ഉതകുന്നില്ല. ചിലപ്പോൾ നാട്ടിലെത്തുന്ന രക്ഷിതാവ് നടത്തുന്ന ഇടപെടൽ, അതുവരെ എല്ലാ ശ്രദ്ധിക്കുകയും നടപ്പിൽ വരുത്തുകയും ചെയ്യുന്ന ഭാര്യയുടെ രീതികളിൽനിന്ന് വ്യത്യസ്തമാകയാൽ, അവർ തമ്മിൽ സംഘർഷത്തിന് കാരണമാവുന്നു. കാര്യങ്ങൾ കൂടുതൽ സങ്കീർണമാവുകയും കുട്ടികളിൽ ചിലർ ഈ അവസരം ചൂഷണം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നു. ഗൾഫിൽ നിന്നെത്തുന്ന ചില രക്ഷിതാക്കൾ ഒന്നിലും ഇടപെടാതെ മാറിനിൽക്കുന്നു. ചിലർ മക്കളുടെ പ്രീതി ലഭിക്കാൻ എമ്പാടും ആനുകൂല്യങ്ങളും ഉപഹാരങ്ങളും നൽകി സ്വാധീനിക്കാൻ ശ്രമിക്കുന്നു. സത്യത്തിൽ ഫലവത്തായ രക്ഷാകർതൃത്വത്തിന് ഇതൊന്നും വഴിയേകുന്നില്ല.
ദൂരത്താണെങ്കിലും തുടക്കം മുതലേ വാക്കിലും പ്രവൃത്തിയിലും നാട്ടിലുള്ള മക്കളോട് അടുപ്പം വെച്ചുപുലർത്താനുള്ള ശ്രമം നടത്തേണ്ടതുണ്ട്. ഫോണിലൂടെ ബന്ധപ്പെടുക, അവരുടെ നീക്കങ്ങളും ആഗ്രഹങ്ങളും അറിയുക. സ്‌നേഹ സൗഹൃദത്തോടെ അവരോട് ബന്ധം വെച്ചുപുലർത്തുമ്പോഴേ ദൂരെയിരിക്കുന്ന രക്ഷാകർത്താവിനോടവർ അടുക്കൂ. നേരിട്ട് പറയാനുള്ള കാര്യങ്ങൾ 'ഭാര്യ' വഴി പറയാതിരിക്കുകയാണ് വേണ്ടത്. മക്കൾക്ക് പിതാവിനോട് മദ്ധ്യവർത്തിയില്ലാതെ കാര്യങ്ങളവതരിപ്പിക്കാനുള്ള ചുറ്റുവട്ടം ഒരുക്കേണ്ടത് പ്രധാനമാണ്. പഴിചാരവും വിമർശിക്കലും ഒഴിവാക്കി അനുതാപപൂർവം ചെറുപ്പം തൊട്ടേ പെരുമാറുമ്പോഴേ മക്കൾക്ക് സമീപത്തല്ലെങ്കിലും ആത്മബന്ധമുണ്ടാക്കാനുള്ള സാഹചര്യമുണ്ടാവൂ. പഠന കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുകയും മാർഗനിർദേശങ്ങൾ നൽകുകയും വേണം. വ്യക്തിത്വത്തിന്റെ നാനാതലങ്ങളിൽ വളർച്ചയും വികാസവുമുണ്ടാകാനുള്ള ശ്രദ്ധയാണ് ഗൾഫുകാരനായ പിതാവിനുണ്ടാവേണ്ടത്. അതിനാവുന്നില്ലെങ്കിൽ കൗൺസലിങിലൂടെയും പരിശീലനത്തിലൂടെയും വിദൂര രക്ഷാകർതൃത്വം ഫലപ്രദമായി പ്രയോഗിക്കാൻ പഠിക്കാവുന്നതാണ്. പുതിയ സാഹചര്യങ്ങളുണ്ടാക്കുന്ന കുടുംബാംഗങ്ങളുടെ വേർപിരിഞ്ഞിരിക്കലിന്റെ പ്രത്യാഘാതങ്ങൾ കുറക്കാൻ മാത്രമല്ല, അതിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താവുന്നതിനും ഗൾഫ് രക്ഷിതാക്കൾ ശ്രമിക്കേണ്ടതാണ്. 

 

Latest News