അവന്‍ എവിടെപ്പോയി? മകനെത്തേടി തളര്‍ന്ന് ഈ കുടുംബം

ഷാര്‍ജ- പതിനഞ്ചുകാരനായ മകന്റെ തിരോധാനത്തില്‍ തീ തിന്നുകയാണ് അഫ്താബും കുടുംബവും. ജൂലൈ 4 മുതല്‍ അപ്രത്യക്ഷനായ കുട്ടിയെക്കുറിച്ച് ഇനിയും ഒരു വിവരവും ലഭിച്ചില്ല. പോലീസ് ഊര്‍ജിതമായി തിരയുന്നുണ്ട്. പൊതുസമൂഹത്തിന്റെ പിന്തുണയും അഫ്താബിനുണ്ട്. എന്നിട്ടും മകന്‍ എവിടെപ്പോയൊളിച്ചു എന്നറിയാതെ ഉഴലുകയാണ് ഹൈദരാബാദുകാരായ ഈ കുടുംബം.
നിസ്സാര കാര്യത്തിനാണ് മുഹമ്മദ് പര്‍വേസ് എന്ന ബാലന്‍ അര്‍ധരാത്രി വീടുവിട്ടിറങ്ങിയത്. ഉറങ്ങാതെ യൂ ട്യൂബില്‍ ഹിന്ദി സീരിയല്‍ കണ്ടിരുന്ന കുട്ടിയെ ഉമ്മ വഴക്കുപറഞ്ഞു. പിറ്റേന്ന് സ്‌കൂളില്‍ പോകാനുള്ള പര്‍വേസ് രാത്രിയില്‍ ഏറെ സമയം ഉറക്കമൊഴിക്കുന്നതില്‍ വിഷമിച്ചാണ് മാതാവ് ഇപ്രകാരം പറഞ്ഞത്. എന്നാല്‍ രാത്രി തന്നെ പര്‍വേസ് ഇറങ്ങിപ്പോയി. രാവിലെ സുബ്ഹി നമസ്‌കരിക്കാന്‍ വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോഴാണ് മകനെ കാണാതായ വിവരം കുടുംബം അറിയുന്നത്. അപ്പോള്‍ മുതലുള്ള അവിശ്രമമായ തിരച്ചില്‍ ഇനിയും സഫലമായിട്ടില്ല.
പര്‍വേസിന്റെ ചിത്രങ്ങളും പിതാവിന്റെ മൊബൈല്‍ നമ്പരുമടങ്ങിയ ചിത്രങ്ങള്‍ പലേടത്തും പതിച്ച്, ആരെങ്കിലും കുട്ടിയെ കണ്ടെത്തിയാല്‍ അറിയിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. പോലീസും കാര്യമായ തിരച്ചില്‍ നടത്തുന്നുണ്ട്. ഇത്ര നാളായിട്ടും കുട്ടിയെ കണ്ടെത്താനാവാത്തതിനാല്‍, വല്ല അപായവും സംഭവിച്ചോ എന്ന ഭീതിയും കുടുംബത്തെ വേട്ടയാടുന്നു.

http://www.malayalamnewsdaily.com/sites/default/files/2019/07/17/sharjah-missing-boy-mohammed-perwez-indian-boy-missing.jpg
സഹോദരിമാരായ സന അന്‍ജും, ആസിയ, അല്‍ സഫ എന്നിവരുടെ ഒരേയൊരാങ്ങളയായ പര്‍വേസിനെയോര്‍ത്ത് അവര്‍ കണ്ണീര്‍ പൊഴിക്കുകയാണ്. ഞങ്ങള്‍ ഇടക്കിടെ ശണ്ഠ കൂടും. അത്രമാത്രം. അവന്‍ എപ്പോഴും സന്തോഷവാനായിരുന്നു. എന്തെങ്കിലും പ്രശ്‌നമുള്ളതായി തോന്നിയിട്ടില്ല- സന പറഞ്ഞു.
രാവിലെ അവന് ഒരു ഖുര്‍ആന് പരീക്ഷ ഉണ്ടായിരുന്നു. അതിനാല്‍ നേരത്തെ ഉറങ്ങാന്‍ ഞാന്‍ പറഞ്ഞു. അതില്‍ കൂടുതല്‍ ഒന്നുമുണ്ടായിട്ടില്ല. അവനപ്പോള്‍ ദേഷ്യപ്പെട്ടതുമില്ല. പൊതുവെ വളരെ ശാന്തനാണ് അവന്‍- ഉമ്മ തുസി പര്‍വീന്‍ പറഞ്ഞു.
പഠിക്കാനും മിടുക്കനായിരുന്നു പര്‍വേസ്, പരീക്ഷകളില്‍ 80 ശതമാനത്തിലധികം മാര്‍ക്ക് എപ്പോഴും നേടുമായിരുന്നു. കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്നതിനാല്‍ വീട്ടില്‍ ടി.വി പോലുമില്ല- അവര്‍ പറഞ്ഞു.
മകനെക്കുറിച്ചുള്ള സദ്‌വാര്‍ത്ത ഏതു നിമിഷവും എത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് കുടുംബം. അല്ലാഹുവോടുള്ള പ്രാര്‍ഥന മാത്രമാണ് ഇപ്പോള്‍ തങ്ങളുടെ അവലംബമെന്ന് നിറകണ്ണുകളോടെ അവര്‍ പറഞ്ഞു.

 

Latest News