യാത്രക്കാരിയെ പീഡിപ്പിച്ചു, ബാഗുകള്‍ കവര്‍ന്നു, ടാക്‌സി ഡ്രൈവര്‍ക്ക് ജയില്‍

ദുബായ്- യാത്രക്കാരിയെ പീഡിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്ത പാക്കിസ്ഥാനി ടാക്‌സി ഡ്രൈവര്‍ ദുബായ് കോടതി ഒമ്പത് മാസം തടവുശിക്ഷ വിധിച്ചു. തുടര്‍ന്ന് ഇയാളെ നാടുകടത്തും.
30 കാരനായ ഡ്രൈവര്‍ യാത്രക്കാരിയുടെ മുടി പിടിച്ച് വലിക്കുകയും കാറില്‍നിന്ന് പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു. തുടര്‍ന്ന് അവരുടെ സാധനങ്ങളുമായി കടന്നു.
നാല് ബാഗുകളും ഒരു ഹാന്റ് ബാഗുമാണ് ഇയാള്‍ കവര്‍ന്നത്. മൊബൈല്‍ ഫോണുകളും 3000 ദിര്‍ഹവും വസ്ത്രങ്ങളും ബാഗുകളില്‍ ഉണ്ടായിരുന്നു. ജബല്‍ അലിയില്‍വെച്ചാണ് സംഭവം നടന്നത്.
പരാതിപ്പെട്ട യുവതി ആകെ പരവശയായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ ചിത്രം കാണിച്ചപ്പോള്‍ ഉടന്‍ അവര്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
അബുദാബി എയര്‍പോര്‍ട്ടില്‍നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. തുടര്‍ന്ന് ദുബായ് പോലീസിന് കൈമാറുകയായിരുന്നു. ദുബായ് എയര്‍പോര്‍ട്ടില്‍നിന്ന് അബുദാബിയിലേക്ക് യാത്രക്കാരിയെ കൊണ്ടുപോകുകയായിരുന്നെന്ന് ഇയാള്‍ പറഞ്ഞു.
യാത്രക്കിടെ ഇയാള്‍ യുവതിയോടെ ലൈംഗികബന്ധത്തിന് ആവശ്യപ്പെട്ടതായും പരാതിയില്‍ പറഞ്ഞിരുന്നു. ഇതും ചോദ്യം ചെയ്യലില്‍ ഡ്രൈവര്‍ സമ്മതിച്ചു. യുവതി വിസമ്മതിച്ചതോടെയാണ് താന്‍ അവരെ വാഹനത്തില്‍നിന്ന് പുറത്താക്കി കടന്നതെന്നും ഇയാള്‍ പറഞ്ഞു.
വിധിക്കെതിരെ 15 ദിവസത്തിനകം ഇയാള്‍ക്ക് അപ്പീല്‍ കോടതിയെ സമീപിക്കാനാവും.

 

Latest News