സപ്തതി നിറവില്‍ ശൈഖ് മുഹമ്മദ്; സ്‌നേഹാഞ്ജലിയുമായി പ്രവാസികളും

ദുബായ്- എഴുപതാം ജന്മദിനത്തില്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് രാജ്യത്തിന്റെ സ്‌നേഹാശംസ. പ്രവാസികളടക്കമുള്ളവര്‍ ശൈഖ് മുഹമ്മദിന് ജന്മദിന ആശംസകള്‍ നേരുകയും സ്‌നേഹാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.
1949 ജൂലൈ 15 ന് ദുബായ് ക്രീക്കിന് സമീപമുള്ള ശിന്‍ദഗയിലെ വീട്ടിലാണ് ശൈഖ് മുഹമ്മദ് ജനിച്ചത്. ശൈഖ് റാഷിദ് ബിന്‍ സഈദ് അല്‍ മക്തൂമിന്റെ നാലു മക്കളില്‍ മൂന്നാമനായാണ് ജനനം.
2006 ജനുവരി നാലിനാണ് ശൈഖ് മുഹമ്മദ് ദുബായ് ഭരണാധികാരിയായി നിയമിതനാകുന്നത്. സഹോദരന്‍ ശൈഖ് മക്തൂം അന്തരിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. അടുത്ത ദിവസം തന്നെ അദ്ദേഹം യു.എ.ഇ വൈസ് പ്രസിഡന്റായും നിയമിതനായി.
2006 ഫെബ്രുവരി 11 ന് യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ആണ് അദ്ദേഹത്തെ യു.എ.ഇ പ്രധാനമന്ത്രിയായി നിയോഗിച്ചത്.
ഇന്ത്യന്‍ സമൂഹം അടക്കം ശൈഖ് മുഹമ്മദിന് ആശംസകള്‍ നേര്‍ന്നു. പ്രശസ്ത അറബ് കവി ശിഹാബ് ഗാനിം രചിച്ച കവിത മലയാളി ഗായിക സുചേത സതീഷിന്റെ സ്വരത്തില്‍ ശൈഖ് മുഹമ്മദിന് സമര്‍പ്പിച്ചാണ് ഇന്ത്യന്‍ സമൂഹം ആദരവ് പ്രകടിപ്പിച്ചത്. സംഗീതം നല്‍കിയത് മോണ്ടി ശര്‍മ.

 

Latest News