ദുബായ്- ദുബായില്‍ ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഇനി ഉദ്യോഗസ്ഥരുണ്ടാവില്ല. എല്ലാം കംപ്യൂട്ടര്‍ നോക്കിക്കൊള്ളും. ഡ്രൈവിംഗ് ടെസ്റ്റ് സ്മാര്‍ട്ട് ട്രാക്ക് സംവിധാനത്തിന് തുടക്കമായി.
വാഹനത്തില്‍ സ്ഥാപിച്ച ക്യാമറകള്‍, സെന്‍സറുകള്‍ എന്നിവ മികവുകളും കുറവുകളും കണ്ടെത്തി വിജയ പരാജയങ്ങള്‍ നിശ്ചയിക്കും. പരിശോധകനുണ്ടാകാവുന്ന പിഴവുകള്‍ ഒഴിവാക്കാന്‍ പുതിയ സംവിധാനം സഹായകമാകും. 15 യാര്‍ഡുകളില്‍ ഈ സംവിധാനം നിലവില്‍ വന്നു.
ലോകത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു സംവിധാനമെന്ന് ആര്.ടി.എ ലൈസന്‍സിംഗ് ഏജന്‍സി സി.ഇ.ഒ അബ്ദുല്ല അല്‍ അലി പറഞ്ഞു.
ലൈസന്‍സ് കിട്ടാനുള്ള മൂന്നു ടെസ്റ്റുകളില്‍ രണ്ടാമത്തേതാണ് യാര്‍ഡ് ടെസ്റ്റ്. പാര്ക്കിംഗിലെയടക്കം മികവു പരിശോധിക്കാനുള്ളതാണിത്. പരിശീലനം നേടുന്നയാളുടെ മികവുകള്‍ വിലയിരുത്താന്‍ വാഹനത്തിനുള്ളില്‍ ഒരു ക്യാമറയും 20 സെന്‍സറുകളുമുണ്ടാകും. വാഹനത്തിനു പുറത്ത് നാലു ക്യാമറകളും യാര്‍ഡില്‍ അഞ്ചു ക്യാമറകളും ഉണ്ടാകും. വാഹനമോടിക്കുന്നയാളുടെ ഓരോ ചലനവും സൂക്ഷ്മമായി വിലയിരുത്തും. കണ്ട്രോള് ടവറിലെ സ്ക്രീനില്‍ ആര്.ടി.എ ഉദ്യോഗസ്ഥന് ഇതെല്ലാം വിലയിരുത്തും.






