Monday , January   27, 2020
Monday , January   27, 2020

അക്ഷരാമൃത്

വായനശാലകളും ഗ്രന്ഥപ്പുരകളും വഴിവക്കിലെ പൂമരങ്ങളാണെന്നത് കവി വചനം. അതിൽ നിന്നും അടർന്നു വീഴുന്നത് അറിവും ജിജ്ഞാസയുമാണ്. ഗ്രന്ഥശാലയാകുന്ന പൂമരത്തെ നട്ടുനനച്ച് വെള്ളവും വളവും നൽകി സംരക്ഷിച്ചു പോരുന്ന നിസ്തുലനായ ഗ്രന്ഥശാലാ പ്രവർത്തകനെ ഗ്രാമീണതയുടെ ചാരുത ചാർത്തി ഇങ്ങനെ അടയാളപ്പെടുത്താം- കൊല്ലം കണ്ണനല്ലൂർ എ. അബൂബക്കർ കുഞ്ഞ്.

പുതിയ തലമുറയ്ക്ക് ദിശാബോധം നൽകുന്നതിനും അറിവ് പകരുന്നതിനും തന്റെ ജീവിത യാത്രയിലുടനീളം നിശ്ശബ്ദമായി ഗ്രന്ഥശാലാ പ്രവർത്തനം നിർവഹിച്ചു വരുന്ന അക്ഷര സ്‌നേഹിയായ മനുഷ്യൻ. വായനയിലൂടെ മാത്രമേ സാമൂഹ്യ ബോധത്തിന്റെയും നന്മയുടെയും വാടാത്ത മലരുകൾ കൊണ്ട് വസന്തം തീർക്കാനാവൂ എന്ന് സ്വന്തം അനുഭവത്തിലൂടെ സമൂഹത്തിനു കാട്ടിക്കൊടുത്ത അബൂബക്കർ കുഞ്ഞ് ഒരു സമ്പൂർണ വായനക്കാരനാണ്. പത്രങ്ങളും ജീവിത സ്പർശിയായ നോവലും കഥയും കവിതയും നിരക്ഷരരായ ഗ്രാമീണരെ വായിച്ചു കേൾപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഗ്രന്ഥശാലാ പ്രവർത്തനത്തിന് തുടക്കമിട്ടത്. വായനയിലൂടെ പകരം വെക്കാനാവാത്ത അനുഭൂതി നുകർന്നവർ അക്ഷരങ്ങളെ തേടി വായനശാലയിലേക്ക് വരികയായിരുന്നു.
കണ്ണനല്ലൂരിൽ ആദ്യത്തെ ലൈബ്രറി ഉദ്ഘാടനം ചെയ്യപ്പെട്ട 1954 ൽ കേവലം പതിനാലു വയസ്സുള്ള അബൂബക്കർ കുഞ്ഞ് വായനശാലയായി പ്രവർത്തിച്ച കുടുസ്സു മുറികളിൽ ഇരുന്ന് പത്രം ഉറക്കെ വായിക്കും. അത് കേൾക്കാൻ അക്ഷരം പഠിച്ചിട്ടില്ലാത്ത ഗ്രാമവാസികൾ അടുത്തുകൂടി. അതൊരു സാംസ്‌കാരിക വിപ്ലവത്തിന് നാന്ദി കുറിക്കലായിരുന്നു. അന്ന് ലൈബ്രറി പ്രവർത്തനം ആരംഭിച്ച കടമുറി തുറക്കുകയും അടക്കുകയും തൂത്തുവാരുകയും ചെയ്യുന്ന ജോലി ഒരാനന്ദ ലഹരിയായി അദ്ദേഹം സ്വയം ഏറ്റെടുത്തു. മുതിർന്നവർക്ക് കേൾക്കാനായി പത്രങ്ങളും ആനുകാലികങ്ങളും ഉറക്കെ വായിച്ചു. ലൈബ്രേറിയൻ ഇല്ലാത്ത അക്കാലത്ത് പുസ്തകമെടുക്കാൻ ആളു വരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്നു. ആരും വന്നില്ല. 'മല തേടി മമ്മത് വന്നില്ലെങ്കിൽ മമ്മതിനെ തേടി മല വരുന്നതു' പോലെ അദ്ദേഹം പുസ്തകങ്ങൾ തലച്ചുമടാക്കി വീടുകൾ തോറും കൊണ്ടുനടന്നു കൊടുത്തു.
അബൂബക്കർ കുഞ്ഞ് കോളേജിലെത്തിയപ്പോഴേക്കും ആദ്യത്തെ ലൈബ്രറിയുടെ പ്രവർത്തനം നിലച്ചു. പിന്നീട് ഏതാനും ചെറുപ്പക്കാർ ചേർന്ന് പ്രോഗ്രസീവ് ലൈബ്രറിക്ക് രൂപം നൽകി. തുടർ പ്രവർത്തനത്തിൽ അത് പിന്നോക്കം പോയി. നേരിന്റെയും പ്രത്യാശയുടെയും തീക്കാറ്റ് പടർത്തിക്കൊണ്ട് 'സലാം സേവാസംഘം' എന്ന സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനം പടുത്തുയർത്തി. പി എ എ സലാം പ്രസിഡന്റും അബൂബക്കർ കുഞ്ഞ് സെക്രട്ടറിയുമായുള്ള പ്രസ്ഥാനത്തിന്റെ മുഖ്യ പ്രവർത്തനം സാമൂഹ്യ സേവനമായിരുന്നു. 
ഗ്രാമങ്ങൾ ശുചീകരിക്കുക, പാവപ്പെട്ടവരെ സഹായിക്കുക, സാക്ഷരതാ പ്രവർത്തനം നടത്തുക, ഓടകൾ വൃത്തിയാക്കുക പുര കെട്ടി മേഞ്ഞുകൊടുക്കുക തുടങ്ങി അന്നുവരെ ആരും ചെയ്തിട്ടില്ലാത്ത ജനസേവനത്തിലൂടെ സലാം സേവാ സംഘത്തിന് ജനങ്ങളുടെയിടയിൽ അംഗീകാരം നേടാനായി. അതോടൊപ്പം കടമുറിയുടെ മുന്നിൽ 'വായനശാല' എന്നൊരു ബോർഡ് വച്ച് പ്രവർത്തനവും തുടങ്ങി. അപ്പോഴേക്കും പ്രോഗ്രാീവ് ലൈബ്രറി സലാം സേവാ സംഘത്തിൽ ലയിച്ചു.
വായനയുടെ വാതായനങ്ങൾ തുറന്നിട്ടുകൊണ്ട് 'മലയാള രാജ്യം' ദിനപത്രം ആദ്യമെത്തി. തൊട്ടടുത്ത ബാർബർഷാപ്പിൽ നിന്നും 'ജനയുഗം' കൂടി വായനശാലയിലേക്ക് കൊണ്ടുവന്നു. വായനയുടെ ഉത്സവകാലത്തിന് കേളി കൊട്ടുണരുകയായിരുന്നു. 
തുടർന്ന് ലൈബ്രറി പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാനും സ്വന്തമായി കെട്ടിടം നിർരിച്ചെടുക്കുവാനുള്ള പ്രയത്‌നമായി. സമ്പത്ത് കണ്ടെത്തുന്നതിന് പല വഴികളും ആലോചിച്ചു. 
അങ്ങനെ പഞ്ചായത്ത് മൈതാനിയിൽ കായിക മത്സരങ്ങൾ സംഘടിപ്പിക്കുക വഴി ലൈബ്രറിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുവാനുള്ള പദ്ധതികൾക്ക് രൂപം നൽകി. കിളിത്തട്ട് കളി, ഫുട്‌ബോൾ, ബാഡ്മിന്റൺ തുടങ്ങിയവ സ്ഥിരമായി സംഘടിപ്പിച്ചു. കായിക പ്രേമികൾ ആവേശത്തോടെ കണ്ണനല്ലൂരിലേക്ക് വന്നു. കേരളത്തിന്റെ പല ഭാഗത്തു നിന്നും മത്സരങ്ങൾ കാണുവാൻ ആളുകൾ എത്തുമ്പോൾ കണ്ണനല്ലൂരും പരിസരവും പൂരപ്പറമ്പു പോലെ ഉത്സാഹത്തിലാവും. ലൈബ്രറി പ്രവർത്തനത്തിന് ഇത് കരുത്തു പകർന്നു.
ഇതിനിടെ സലാം സേവാസംഘം ഗ്രാമീണ സേവാ സംഘമായി. കണ്ണനല്ലൂർ സൗത്തിൽ പ്രവർത്തിച്ചിരുന്ന ഒരു വായനശാലയുമായി ഗ്രാന്റിന് തർക്കമുണ്ടായപ്പോൾ അന്നത്തെ ഗ്രന്ഥശാലാ സംഘം സെക്രട്ടറി പി. എൻ. പണിക്കർ, മഹാകവി ജി. ശങ്കരക്കുറുപ്പ്, പ്രാക്കുളം ഭാസി തുടങ്ങിയവർ ലൈബ്രറി പ്രവർത്തകരുമായി ഒരു യോഗം ചേരുകയും നിലച്ചുപോയ ലൈബ്രറികളെ കൂടി കൂട്ടിച്ചേർത്ത് ലൈബ്രറിയുടെ പേര് കണ്ണനല്ലൂർ പബ്ലിക് ലൈബ്രറി എന്നാക്കുകയും ചെയ്തു. തുടർന്ന് ഗ്രന്ഥശാലാ സംഘത്തിന്റെ അംഗീകാരം നേടിയെടുത്തു.
രാവും പകലും വായനശാലാ പ്രവർത്തനവുമായി നടന്ന ചെറുപ്പക്കാർക്ക് 'ബാധ' പിടികൂടിയിട്ടുണ്ടെന്നും ഇവർ 'കിറുക്കന്മാർ' ആണെന്നും വകയ്ക്ക് കൊള്ളരുതാത്തവരാണെന്നും സമൂഹത്തിലെ നല്ലൊരു വിഭാഗം പറഞ്ഞു പരത്തി. പാട്ടും കവിതയും നാടകവുമായി നടക്കുന്നവരെ സമുദായ പ്രമാണിമാർ തീണ്ടാപ്പാടകലെ നിർത്തി. ഇവർക്ക് പണം നൽകി സഹായിക്കരുതെന്നും ഇവർ സമൂഹത്തിനും സമുദായത്തിനും അനഭിമതർ ആണെന്നും സഹായിക്കുന്നവർക്ക് പരലോകത്ത് ശിക്ഷ കിട്ടുമെന്നും പ്രഖ്യാപനങ്ങൾ ഉണ്ടായി. ഗ്രന്ഥശാലാ പ്രവർത്തനം 'ബാധ' ഉപദ്രവമാണെന്ന് ധരിച്ച് മന്ത്രവാദിയെക്കൊണ്ട് തീക്കുണ്ഡം ഉണ്ടാക്കി ബാധ ഒഴിപ്പിക്കൽ വരെ നടന്നു.


കവിതയുടെ സാന്ദ്രമായ അനുഭൂതി നുകരും പോലെ ഗ്രന്ഥശാലാ പ്രവർത്തനം മുന്നോട്ടു പോയി. ഒരു കാന്തക്കല്ലു പോലെ അബൂബക്കർ കുഞ്ഞ് വായനശാലയിൽ എപ്പോഴും ഉണ്ടാവും. 
ഫലം ഇഛിക്കാതെയുള്ള സാമൂഹ്യ പ്രവർത്തനമാണല്ലോ ലൈബ്രറി പ്രവർത്തനം. മനസ്സിൽ നന്മയുള്ളവർക്ക് മാത്രം ചെയ്യാൻ കഴിയുന്നത്. ഗ്രന്ഥശാലാ പ്രവർത്തനത്തിന് നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഏതൊന്നിനോടും സമരസപ്പെടാൻ കഴിയും. ഉടലു തൊട്ട് ഉയിരോളം പിന്തുടരുന്ന നവോത്ഥാന ചിന്തകൾക്ക് പ്രകാശിതമായ ഒരു ഉണർവ്. വായനശാലകളിൽ നിന്നും ലഭിക്കുന്നു എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
1974 ലെ ഓണാഘോഷ പരിപാടിയിൽ കൊല്ലത്തിന്റെ സാംസ്‌കാരിക നായകൻ കെ. രവീന്ദ്രനാഥൻ നായർ, ഗ്രന്ഥശാലാ പ്രവർത്തനത്തിന് കർക്കശ നിലപാടെടുക്കുന്ന മണലിൽ ജി. നാരായണപിള്ള, നോവലിസ്റ്റ് നൂറനാട് ഹനീഫ് തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ ജീർണിച്ചു തുടങ്ങിയ ലൈബ്രറി കെട്ടിടം പണി പൂർത്തീകരിച്ചു കൊടുക്കുമെന്ന് പറഞ്ഞ രവീന്ദ്രനാഥൻ നായർ മൂന്നര മാസം കൊണ്ട് അത് സഫലീകരിച്ചു. ലൈബ്രറിയുടെ ചരിത്ര മുഹൂർത്തങ്ങളിൽ അവിസ്മരണീയമായി നിലകൊള്ളുന്ന ഒന്നായിരുന്നു അത്. തിരക്കേറിയ കണ്ണനല്ലൂർ ജംഗ്ഷനിൽ സ്വന്തമായി വസ്തുവും കെട്ടിടവും 'എ' ഗ്രേഡ് നിലവാരത്തിലേക്ക് ആവശ്യമായ പുസ്തകങ്ങളും ആനുകാലികങ്ങളും ചിട്ടയായ പ്രവർത്തനവും വൈകുന്നേരങ്ങളിലെ അഭൂതപൂർവമായ ജനത്തിരക്കും വന്നു ചേർന്നപ്പോൾ ഭരണ സമിതിയുടെ ഭാഗമാകാൻ മത്സരിക്കുന്നതു വരെയെത്തി കാര്യങ്ങൾ.
ഒരു കാലത്ത് കണ്ണനല്ലൂരിനെ 'കാളച്ചന്തയുടെ നാട്' എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു. അക്ഷരങ്ങൾ അന്യമായിരുന്ന ജനതയ്ക്ക് അറിവ് വെളിച്ചമായി നിന്ന അബൂബക്കർ, കണ്ണനല്ലൂരിനെ അക്ഷര ഗ്രാമമാക്കി. വായിക്കാനുള്ള മൗലിക അവകാശം നേടിയിട്ടും പുസ്തകത്താളുകൾ മറിച്ചുനോക്കാത്ത അക്ഷരം പഠിച്ചവരെ വായനശാലയിലേക്ക് കൊണ്ടുവരാൻ അദ്ദേഹത്തിനു കഴിഞ്ഞു. ശുഭ്രവസ്ത്ര ധാരിയായ അബൂബക്കർ കുഞ്ഞ് തികഞ്ഞ ഗാന്ധിയനും പൊതുപ്രവർത്തകനുമാണ്. ഏകാങ്ക നാടകങ്ങളും കഥയും ലേഖനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലൈബ്രറി പ്രവർത്തന രംഗത്ത് 60 വർഷം പിന്നിടുമ്പോൾ എന്തുകൊണ്ട് മികച്ച ലൈബ്രറി പ്രവർത്തകനായി അദ്ദേഹത്തെ ആരും തെരഞ്ഞെടുത്തില്ല എന്നത് കാലം നമ്മോട് ചോദിക്കുന്ന ഒരു ചോദ്യമാണ്.

Latest News