Sorry, you need to enable JavaScript to visit this website.

മൊഴിമാറ്റത്തിലെ പ്രതിഭയ്ക്ക് എഴുപതിന്റെ നിറവ് 

കാശ്മീരി കഥകൾ, മലയാളം കെ മഹാൻ കഥാകാർ, കൊങ്കണി കഥകൾ, അക്കിത്തം അറിവും ഉറവും, ടാഗോർ എഴുത്തുകാരുടെ മനസ്സിൽ, പ്രതിഭാറായിയുടെ തെരഞ്ഞെടുത്ത കഥകൾ, ഭാരതീയ ഭാഷാകഥകൾ, മൃദുലാ സിൻഹയുടെ തെിരഞ്ഞെടുത്ത കഥകൾ തുടങ്ങി ഒട്ടേറെ ഗ്രന്ഥങ്ങൾ മലയാളത്തിന് പരിചയപ്പെടുത്തിയ ഡോ. ആർസുവിന് സപ്തതിയുടെ നിറവ് 

കണ്ടമ്പലത്ത് രാമൻ സുരേന്ദ്രൻ എന്നു കേട്ടാൽ ആളെ തിരിച്ചറിഞ്ഞെന്നുവരില്ല. എന്നാൽ ഡോ. ആർസു എന്ന പണ്ഡിത കേസരിയെ അറിയാത്തവർ വിരളമായിരിക്കും. ഒട്ടേറെ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ഗുരുനാഥൻ മാത്രമല്ല, നിരവധി ഗ്രന്ഥങ്ങൾ മൊഴിമാറ്റം നടത്തി മലയാളിക്ക് പരിചയപ്പെടുത്തിക്കൊടുത്തതും ഇദ്ദേഹമായിരുന്നു. 
ഗാന്ധിയൻ തത്വചിന്തകളുടെ പ്രചാരകനായ ഡോ. ആർസു ഗാന്ധിജിയെക്കുറിച്ച് ഒട്ടേറെ ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തു. അന്യന്റെ മനസ്സിൽ നക്ഷത്രങ്ങൾ വിരിയിക്കാൻ കഴിയുന്നവനായിരിക്കണം യഥാർത്ഥ എഴുത്തുകാരൻ എന്നു വിശ്വസിക്കുന്ന അക്ഷര പൂജയുടെ ഈ കുലപതി എഴുപതിന്റെ നിറവിലെത്തിയിരിക്കുകയാണ്.
ഒന്നുമില്ലായ്മയിൽനിന്നും വിശ്വത്തോളം വളർന്ന സാഹിത്യകാരൻ എന്നൊക്കെ കേട്ടിട്ടില്ലേ. ആർസുവിന്റെയും ജീവിതവും അങ്ങനെയായിരുന്നു. കഷ്ടപ്പാടിന്റെയും ഇല്ലായ്മകളുടെയും നെരിപ്പോടിൽ അനാഥാലയത്തിന്റെ നാലു ചുവരുകൾക്കുള്ളിൽ തളച്ചിടപ്പെട്ട ജീവിതം. എന്നാൽ അക്ഷരങ്ങളുടെ ശക്തി തിരിച്ചറിഞ്ഞ ആ ബാലൻ പഠനത്തിലൂടെ സ്വന്തം ദുഃഖങ്ങൾ മറന്നു. സ്‌നേഹം പങ്കിട്ട അധ്യാപകരുടെ കാരുണ്യത്തിലും വാത്സല്യത്തിലും നാമ്പിട്ട അക്ഷര സ്‌നേഹം അദ്ദേഹത്തിന് പുത്തൻ പാതകൾ തുറന്നുകൊടുത്തു.
കണ്ടമ്പലത്ത് രാമന്റെയും ചെമ്പോട്ടി അമ്മുവമ്മയുടെയും ഏഴു മക്കളിൽ ഇളയവനായിരുന്നു സുരേന്ദ്രൻ. ജനിച്ച് മൂന്നാം മാസം അച്ഛൻ മരിച്ചു. 


സ്വർണപ്പണിക്കാരനായിരുന്ന അദ്ദേഹത്തിന് ലഭിച്ചിരുന്ന തുഛവരുമാനത്തിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. അത് നിലച്ചതോടെ ആ കുടുംബം ആശ്രയമില്ലാതെ ആടിയുലഞ്ഞു. ഇളയ മകനെ ഏതെങ്കിലും അനാഥാലയത്തിലേയ്ക്കു മാറ്റുക മാത്രമേ ആ അമ്മ പോംവഴി കണ്ടുള്ളൂ.അനാഥ മന്ദിരത്തിന്റെ വാതിലുകൾ തനിക്കു മുന്നിൽ തുറക്കുമ്പോൾ അതൊരു വിനോദ യാത്രയായേ സുരേന്ദ്രന് തോന്നിയുള്ളൂ. സഹോദരങ്ങളിൽനിന്നെല്ലാം  അകന്നുപോരേണ്ടി വന്നെങ്കിലും അനാഥാലയത്തിലും തന്നെപ്പോലുള്ള ഒട്ടേറെ കൂട്ടുകാരെ അവനു കിട്ടി. ആ കൂട്ടുകെട്ടിൽ സ്വയം മറന്നുപോകാതെ അക്ഷരങ്ങളുമായി പോരാടാനായിരുന്നു അവന്റെ തീരുമാനം.അച്ഛന്റെ പാതയിൽ സഞ്ചരിച്ച് നല്ലൊരു സ്വർണപ്പണിക്കാരനാകാനായിരുന്നില്ല സുരേന്ദ്രന്റെ മോഹം. ദേവനാഗരിയിലെ തങ്കത്തിളക്കമുള്ള അക്ഷരങ്ങൾ ശിഷ്യർക്ക് പകർന്നുകൊടുക്കാനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. ആ ദൗത്യം അദ്ദേഹം ഭംഗിയായി നിർവഹിച്ചു. മൂന്നര പതിറ്റാണ്ടോളം നീണ്ട അധ്യാപക ജീവിതത്തിനിടയിൽ ഒട്ടേറെ ശിഷ്യഗണങ്ങളെ അദ്ദേഹം വാർത്തെടുത്തു.
പതിനാറു വയസ്സു വരെ വളർന്ന അനാഥ മന്ദിരത്തിലെ ടീച്ചറായിരുന്നു ആദ്യ ഗുരു. തുടർന്ന് സഹോദരങ്ങളുടെ തണലിൽ ജെ.ഡി.ടി സ്‌കൂളിലേക്കു മാറി. ബിരുദ പഠനം ഗവൺമെന്റ് ആർട്‌സ് കോളേജിൽ. ഹിന്ദിയായിരുന്നു ഐഛിക വിഷയം. അവിടെയും അധ്യാപകരുടെ പ്രിയവിദ്യാർത്ഥിയായി ആർസു കഴിഞ്ഞു. യൂണിവേഴ്‌സിറ്റിയിലെ ബിരുദാനന്തര ബിരുദ പഠനത്തിനു ശേഷം ഗവേഷണത്തിനായി അലഹബാദ് സർവകലാശാലയിലെത്തി. പ്രൊഫ. ലക്ഷ്മിസാഗർ വാഷ്‌നേയ്, ഡോ. ജി.ഗോപിനാഥ് തുടങ്ങിയ ഹിന്ദിഭാഷാ പണ്ഡിതന്മാരുടെ ശിക്ഷണത്തിലായിരുന്നു ഗവേഷണം. ഹിന്ദി നോവലുകളിലെ വിദേശ ചിന്തകളുടെയും സംസ്‌കാരത്തിന്റെയും സ്വാധീനം സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ  എന്ന വിഷയത്തിൽ പിഎച്ച്.ഡിയും നേടി. പത്രപ്രവർത്തനത്തിലും വിവർത്തനത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലുമെല്ലാം അവഗാഹം നേടിയ അദ്ദേഹം താൻ പഠിച്ച ആർട്‌സ് കോളേജിൽ തന്നെ അധ്യാപകനായെത്തി. പിന്നീട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറായും വകുപ്പു മേധാവിയായും ഉയർന്നു. കേന്ദ്ര സർവകലാശാലയിലും പ്രവർത്തിച്ചു.
ഹിന്ദി പഠിച്ചാൽ ഏഴു ഭാരതീയ ഭാഷകളിലേയ്ക്കുള്ള വാതിൽ തുറന്നുകിട്ടുമെന്നു പറഞ്ഞുകൊടുത്ത എൻ.വി. കൃഷ്ണവാരിയരായിരുന്നുഎഴുത്തിലേക്ക് നയിച്ചത്. ഭഗവത് സ്വരൂപ് ചതുർവേദിയെഴുതിയ ഹിരോഷിമ കീ ഛായാ മേം എന്ന നോവൽ എഴുത്തിന്റെ വഴിയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
ജ്ഞാനപീഠ ജേതാക്കളായ തകഴി, എസ്.കെ. പൊറ്റെക്കാട്, എം.ടി. വാസുദേവൻ നായർ എന്നിവരുടെ കൃതികൾ ഹിന്ദിയിലേയ്ക്ക് മൊഴിമാറ്റം നൽകിയ ആർസു ഹിന്ദിയിലും മലയാളത്തിലുമായി അൻപതോളം കൃതികളുടെ കർത്താവുമാണ്. വിവർത്തനം, ഭാരതീയ സാഹിത്യം, സാഹിത്യകൂടിക്കാഴ്ചകൾ എന്നീ മേഖലകളിലായിരുന്നു അദ്ദേഹം ആഭിമുഖ്യം പുലർത്തിയത്.മൈഥിലി ശരൺ ഗുപ്തയുടെ ദധീചി സേ ഗാന്ധിജി തക് എന്ന കവിത വായിച്ചതാണ് ഗാന്ധിജിയുമായി ഏറെ അടുപ്പിച്ചത്. ദധീചി മഹർഷിയുടെ നട്ടെല്ലു കൊണ്ട് ആയിരം അസുരന്മാരെ കൊല്ലാവുന്ന ആയുധമുണ്ടാക്കാമെന്നും സഹനവും അഹിംസയും ആയുധമാക്കിയ ഗാന്ധിജി എന്ന കർമ്മയോഗിയുടെ ജീവിതവുമായിരുന്നു ആ കൃതിയുടെ കാതൽ. ഗാന്ധിമാർഗ രചനകൾ അവിടെ തുടങ്ങുകയായിരുന്നു.രണ്ടായിരത്തിനു ശേഷം ഗാന്ധിജിയെക്കുറിച്ച് ഏറ്റവും കൂടുതൽ പുസ്തകങ്ങൾ എഴുതിയതിനുള്ള ദേശീയ പുരസ്‌കാരം ലഭിക്കുന്നതു വരെ എഴുത്ത് തുടർന്നു. ബനാറസിലെ പ്രൊഫസർക്കു പോലും ഇവൻ വലിയ വിവർത്തകനാവുമെന്ന് പറയിക്കാൻ ആർസുവിന് കഴിഞ്ഞു.
മികച്ച ഹിന്ദി കൃതിക്കുള്ള ദേശീയ അവാർഡ് രണ്ടു തവണ അക്കാലത്തെ രാഷ്ട്രപതിമാരിൽനിന്നും സ്വീകരിക്കാനുള്ള ഭാഗ്യവും ഈ ഗുരുശ്രേഷ്ഠനുണ്ടായി. 1997 ലും 2016 ലുമായിരുന്നു ഈ അംഗീകാരം. കൂടാതെ ഐക്യരാഷ്ട്ര സംഘടനയുടെ സമാധാന വർഷത്തിൽ ഗാന്ധിജിയെക്കുറിച്ചെഴുതിയ പുസ്തകം ദൽഹിയിൽ വെച്ച് ദലൈലാമയ്ക്ക് സമർപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.ഉത്തരേന്ത്യയിലെ പല സർക്കാരുകളുടെയും സംഘടനകളുടെയും പുരസ്‌കാരങ്ങൾ ആർസുവിനെ തേടിയെത്തിയിട്ടുണ്ട്. ഉത്തർപ്രദേശ് സർക്കാരിന്റെ സൗഹാർദ സമ്മാൻ ഇക്കൂട്ടത്തിലുണ്ട്. കൂടാതെ ഉത്തരേന്ത്യയിൽനിന്നും പുറത്തിറക്കുന്ന പത്തോളം പ്രമുഖ ഹിന്ദി മാസികകളുടെ മലയാളം വിശേഷാൽ പതിപ്പുകളുടെ ഗസ്റ്റ് എഡിറ്ററായും സേവനമനുഷ്ഠിച്ചു. ഉത്തരേന്ത്യൻ സർവകലാശാലകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചതിനു പുറമെ ജപ്പാനിലെ മൂന്ന് സർവകലാശാലകളിലും ഭാരതീയ സാഹിത്യത്തെക്കുറിച്ച് പ്രഭാഷണം നടത്താനും അവസരമുണ്ടായി.
ചെയർ ഫോർ ഗാന്ധിയൻ സ്റ്റഡീസ് ആന്റ് റിസർച്ചിന്റെ വിസിറ്റിംഗ് പ്രൊഫസറാണിപ്പോൾ. ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ, മധ്യഭാരത് ഹിന്ദി സാഹിത്യസമിതി, സർവോദയമണ്ഡലം, മദ്യനിരോധന സമിതി, ഗാന്ധി പീസ് ഫൗണ്ടേഷൻ ദില്ലി എന്നിവയിൽ അംഗവുമാണ്. ഭാഷാ സമന്വയവേദി പ്രസിഡന്റ്, കേന്ദ്ര ഗവൺമെന്റിന്റെ ഊർജ മന്ത്രാലയം ഹിന്ദി ഉപദേശക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
കാശ്മീരി കഥകൾ, മലയാളം കെ മഹാൻ കഥാകാർ, കൊങ്കണി കഥകൾ, അക്കിത്തം അറിവും ഉറവും, ടാഗോർ എഴുത്തുകാരുടെ മനസ്സിൽ, പ്രതിഭാറായിയുടെ തെരഞ്ഞെടുത്ത കഥകൾ, ഭാരതീയ ഭാഷാകഥകൾ, മൃദുലാ സിൻഹയുടെ തെരഞ്ഞെടുത്ത കഥകൾ തുടങ്ങി ഒട്ടേറെ ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്.എളിയ ജീവിതവും ഉയർന്ന ചിന്തയുമായിരുന്നു ഗാന്ധിജിയുടെ മഹത്വത്തിന് നിദാനമായതെന്ന് ആർസു വിശ്വസിക്കുന്നു. ചിന്താപക്ഷത്തേക്കാൾ പ്രവർത്തന പക്ഷത്തിനാണ് ഗാന്ധിജി ഊന്നൽ നൽകിയത്. ലക്ഷ്യവും മാർഗവും ഒരു പോലെ പരിശുദ്ധമാകണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. 
ഗാന്ധിജിയെക്കുറിച്ചുള്ള പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലാണ് ആർസു. മഹാത്മാഗാന്ധി ഹിന്ദി സാഹിത്യത്തിൽ എന്ന ഗ്രന്ഥം അടുത്ത മാസം പുറത്തിറങ്ങും.മലപ്പുറം ജില്ലയിലെ ചേലേമ്പ്രക്കടുത്ത് സാകേതത്തിൽ എഴുത്തും വായനയുമായി ജീവിത സായാഹ്നം ചെലവഴിക്കുകയാണ് ഡോ. ആർസു. ചേളന്നൂർ എസ്.എൻ. കോളേജ് ഹിന്ദി വകുപ്പ് മേധാവിയായി വിരമിച്ച ഡോ. എം.കെ. പ്രീതയാണ് സഹധർമിണി. മകൻ അജിതാഭ് ദുബായിൽ ബാങ്കുദ്യോഗസ്ഥനാണ്. മകൾ അബനി ഓസ്‌ട്രേലിയയിൽ ബയോകെമിസ്റ്റായി ജോലി ചെയ്യുന്നു. 

Latest News