Sorry, you need to enable JavaScript to visit this website.

ഓസ്‌ട്രേലിയയും പുറത്ത്, ഇത്തവണ പുതിയ ചാമ്പ്യന്മാര്‍

ബേമിംഗ്ഹാം - ഇന്ത്യക്കു പിന്നാലെ ഓസ്‌ട്രേലിയയും പുറത്തായതോടെ ലോകകപ്പ് ക്രിക്കറ്റില്‍ അപ്രതീക്ഷിത ഫൈനല്‍. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ടു സ്ഥാനക്കാരായിരുന്നു ഇന്ത്യയും ഓസ്‌ട്രേലിയയും. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ 17.5 ഓവര്‍ ശേഷിക്കെ എട്ടു വിക്കറ്റിന് ഇംഗ്ലണ്ട് തകര്‍ത്തു. ന്യൂസിലാന്റുമായി ഞായറാഴ്ച ഇംഗ്ലണ്ട് ഫൈനല്‍ കളിക്കും. രണ്ടു ടീമും ഇതുവരെ ലോകകപ്പ് നേടിയിട്ടില്ല. ന്യൂസിലാന്റ് കഴിഞ്ഞ തവണ ആദ്യമായി ഫൈനലിലെത്തിയെങ്കിലും തോറ്റു. 1992 നു ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഫൈനലിലെത്തുന്നത്.
ഓസ്‌ട്രേലിയയെ 49 ഓവറില്‍ 223 ന് ഓളൗട്ടാക്കിയ ഇംഗ്ലണ്ട് ബൗളര്‍മാരുടെയും മുന്‍നിര ബാറ്റ്‌സ്മാന്മാരുടെയും മികച്ച പ്രകടനത്തിലാണ് ജയിച്ചുകയറിയത്. ജെയ്‌സന്‍ റോയിയും (65 പന്തില്‍ 85) ജോണി ബെയര്‍സ്‌റ്റോയും (43 പന്തില്‍ 34) പതിനേഴോവറില്‍ 124 റണ്‍സോടെ ഉറച്ച അടിത്തറയിട്ടു. ഇരുവരും പുറത്തായ ശേഷം ജോ റൂട്ടും (46 പന്തില്‍ 49 നോട്ടൗട്ട്) ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനും (39 പന്തില്‍ 45 നോട്ടൗട്ട്) വിജയത്തിലേക്ക് അതിവേഗം ചുവട് വെച്ചു. മിച്ചല്‍ സ്റ്റാര്‍ക്ക് ഇരുപത്തേഴാം വിക്കറ്റോടെ ഒരു ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത ബൗളറായി. ഗ്ലെന്‍ മക്ഗ്രായുടെ റെക്കോര്‍ഡാണ് സ്റ്റാര്‍ക്ക് മറികടന്നത്.
1992 ലെ ലോകകപ്പിലാണ് ഇംഗ്ലണ്ട് അവസാനം ഫൈനല്‍ കളിച്ചത്. അന്ന് അവര്‍ പാക്കിസ്ഥാനോട് തോറ്റു. 
ക്രിസ് വോക്‌സും (8-0-20-3) ജോഫ്ര ആര്‍ച്ചറും (10-0-32-2) ആദില്‍ റഷീദും (10-0-54-3) ചേര്‍ന്നാണ് ചാമ്പ്യന്മാരെ ചെറിയ സ്‌കോറിലൊതുക്കിയത്. ഓസീസ് സ്‌കോറിന്റെ പകുതിയിലേറെ നേടിയത് നാലു പേര്‍ ചേര്‍ന്നാണ്. റണ്ണൗട്ടായ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന് (119 പന്തില്‍ 85) സെഞ്ചുറി നഷ്ടപ്പെട്ടു. അലക്‌സ് കാരി (70 പന്തില്‍ 46), ഗ്ലെന്‍ മാക്‌സ് വെല്‍ (23 പന്തില്‍ 22), മിച്ചല്‍ സ്റ്റാര്‍ക്ക് (36 പന്തില്‍ 29) എന്നിവരും ഒറ്റയക്കം കടന്നു.
 

Latest News