Sorry, you need to enable JavaScript to visit this website.

ലിനിയുടെ അന്ത്യാഭിലാഷം പൂവണിയിച്ചു മക്കൾ ബഹ്‌റൈനിൽ

മനാമ- നിപ വൈറസ് ബാധയിൽ ജീവൻ പൊലിഞ്ഞ നഴ്‌സ് ലിനിയുടെ അന്ത്യാഭിലാഷം പൂവണിയിച്ചു മക്കൾ ബഹ്‌റൈനിൽ എത്തി. ഭർത്താവ് സജേഷിനൊപ്പമാണ് ഇവർ ഇവിടെ എത്തിയത്. ആശുപത്രിക്കിടക്കയിൽ  നിന്ന് കത്തിലൂടെ  ആവശ്യപ്പെട്ടതുപോലെ തന്നെ അവരുടെ ആഗ്രഹപൂർത്തീകരണം മരണാനന്തരം നിറവേറ്റപ്പെടുകയാണ് ബഹ്‌റൈൻ ഒരുമ സംഘടിപ്പിക്കുന്ന ലിനി സ്നേഹസ്മൃതിയിലൂടെ. നാളെയാണ് ലിനി സ്നേഹ സ്മൃതി അരങ്ങേറുന്നത്. ഇന്ന് ഉച്ചയ്ക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സിൽ ലിനിയുടെ ഭർത്താവ് സജീഷും മക്കളായ സിദ്ധാർഥും റിതുലും ബഹ്‌റൈൻ വിമാനത്താവളത്തിൽ കാലു കുത്തിയപ്പോൾ  തികഞ്ഞ  ചാരിതാര്‍ത്ഥ്യത്തോടെയാണ് ഒരുമ  പ്രവർത്തകരും സ്നേഹസ്മൃതി സംഘാടകരും അവരെ എതിരേറ്റത്. 

      നിപ വൈറസ് ബാധയേറ്റ് ആശുപത്രി ഐ സിയുവിൽ മരണത്തെ മുഖാമുഖം കണ്ടപ്പോൾ  സിസ്റ്റർ ലിനി അന്ന് ബഹ്റൈനില്‍ ഉണ്ടായിരുന്ന ഭർത്താവ് സജീഷിന് ഒരു കത്ത് എഴുതിയിരുന്നു. അതിലെ വാചകമായിരുന്നു നമ്മുടെ മക്കളെ ഒന്ന് ഗൾഫിൽ കൊണ്ടുപോകണമെന്ന്. അന്ന് ബഹ്‌റൈൻ ഒരുമയുടെ ട്രഷറർ സ്‌ഥാനം വഹിച്ചിരുന്ന സജീഷ് നാട്ടിലെത്തി ദിവസങ്ങൾക്കുള്ളിൽ ലിനി ഇഹലോകവാസം വെടിയുകയായിരുന്നു. പേരാമ്പ്ര ജനറൽ ആശുപത്രിയിലെ നിപ വൈറസ് ബാധയേറ്റ രോഗികളെ പരിചരിക്കവെയാണ് ലിനിക്കും വൈറസ് ബാധയേറ്റ് ജീവിതത്തിൽ നിന്നും വിടവാങ്ങിയത്. 

         നാളെ  രാത്രി 7 മണിമുതൽ ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടത്തുന്ന  'സിസ്റ്റർ ലിനി സ്നേഹ സ്മൃതി'യിൽ   ലിനിയുടെ മക്കളായ സിദ്ധാർത്ഥ്,റിതുൽ,ഭർത്താവ് സജീഷ് എന്നിവരും 'അമ്മ രാധയും സംബന്ധിക്കും. ഇന്ത്യൻ സർക്കാരുകൾ അടക്കം ആദരിച്ച ലിനിയോടുള്ള  പ്രവാസലോകത്തിന്റെ ആദരവ് കൂടിയായിരിക്കും ഈ പരിപാടി എന്ന് സംഘാടകർ പറഞ്ഞു. 

       പരിപാടിയോടനുബന്ധിച്ച് ബഹ്‌റൈനിലെ വിവിധ ആശുപത്രികളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട പത്ത് നഴ്‌സുമാരെ സിനിയുടെ പേരിൽ ആദരിക്കുന്ന പരിപാടിയും ദിനേശ് മാവൂർ ഒരുക്കുന്ന സാൻഡ് ആർട്ട്,  അജയ് ഗോപാൽ, സിന്ധു പ്രേംകുമാർ എന്നിവർ ഒരുക്കുന്ന  സംഗീത വിരുന്നും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രവേശനം സൗജന്യമാണ് 

 

 

Latest News