Sorry, you need to enable JavaScript to visit this website.

ദുബായ് ബസ് അപകടം: ഡ്രൈവര്‍ക്ക് ഏഴ് വര്‍ഷം തടവ്

ദുബായ്- മലയാളികളക്കം 17 പേരുടെ മരണത്തിനിടയാക്കിയ ദുബായ് ബസ് അപകടത്തിന് കാരണക്കാരനായ ഒമാനി ഡ്രൈവര്‍ക്ക് ഏഴു വര്‍ഷം തടവുശിക്ഷ. കൂടാതെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ദിയാധനമായി 34 ലക്ഷം ദിര്‍ഹം നല്‍കുകയും വേണം.
53 കാരനായ ഒമാനി ഡ്രൈവറുടെ അശ്രദ്ധയും നിരുത്തരവാദപരമായ പ്രവൃത്തിയുമാണ് അപകടത്തിന് ഇരയാക്കിയതെന്ന് കോടതി കണ്ടെത്തി.
തടവുശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്തും. കൂടാതെ 50,000 ദിര്‍ഹം പിഴയടക്കുകയും വേണം. ഇയാളുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്യും.
മസ്‌കത്തില്‍നിന്ന് ദുബായിലേക്ക് വരികയായിരുന്ന മുവാസലാത്ത് ബസ് റാഷിദിയ റോഡിന് സമീപം അപകടത്തില്‍പെട്ടത് കഴിഞ്ഞ പെരുന്നാള്‍ ദിനത്തിന് പിറ്റേന്നാണ്. എട്ട് മലയാളികളും അപകടത്തില്‍ മരിച്ചിരുന്നു. ഉയരമുള്ള വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടയാന്‍ വെച്ചിരുന്ന ബാരിയറില്‍ തട്ടിയാണ് വാഹനം തകര്‍ന്നത്. ബസ് അമിത വേഗത്തിലായിരുന്നു. റാഷിദിയ മെട്രോയില്‍ യാത്ര അവസാനിപ്പിക്കേണ്ടിയിരുന്ന ബസ് അല്‍പം മുമ്പാണ് അപകടത്തില്‍പെട്ടത്. ദുബായ് സമീപകാലത്തുകണ്ട വലിയ അപകടങ്ങളിലൊന്നായിരുന്നു ഇത്. ഡ്രൈവര്‍ ദിയാ ധനം നല്‍കണമെന്ന് ദുബായ് റോഡ് അധികൃതര്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ആര്‍.ടി.എ നിയമവിരുദ്ധമായി റോഡില്‍ ബാരിയര്‍ വെച്ചതാണ് അപകടകാരണമെന്നായിരുന്നു ഡ്രൈവറുടെ വാദം.

 

Latest News