Sorry, you need to enable JavaScript to visit this website.

അതിജീവനത്തിന്റെ ആത്മകഥനം

'ജീവിതം കത്തിനിന്ന മധ്യാഹ്നത്തിൽ വന്നുപെട്ട പരീക്ഷണമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം കാൻസർ. ആകെ കരിഞ്ഞുണങ്ങിയ കാലം. അവിടേക്ക് തളിർപ്പച്ചയായി തിരിച്ചുകിട്ടയതാണീ ജീവിതം. അതൊരു യാത്രയായിരുന്നു. പ്രയാസങ്ങളും ആശങ്കകളും നിറഞ്ഞ സുഖകരമല്ലാത്ത യാത്ര. ലക്ഷ്യത്തിലെത്താൻ ദുസ്സഹമായ വഴികളിലൂടെ ഏറെ നടക്കേണ്ടിവന്നു' ഇളംകാറ്റും ഈറൻ പ്രഭാതവും ഇനിയും എനിക്കായുണ്ടെന്ന പ്രത്യാശാനിർഭരമായ വാക്കുകളോടെയാണ് ഷാനവാസ് പോങ്ങനാട് ഈ പുസ്തകം അവസാനിപ്പിക്കുന്നത്.

 

ഷാനവാസ് പോങ്ങനാടിന്റെ 'ഉച്ചമരപ്പച്ച' എന്ന പുസ്തകം കൈയിലെടുക്കുമ്പോൾ അതിന്റെ പുറംചട്ടയിൽ ഇങ്ങനെ എഴുതിയിരിക്കുന്നത് കാണാം. 'ആയുസ്സിന്റെ മുനമ്പിൽനിന്ന് തിരിച്ചുവന്നതിന്റെ അനുഭവ സാക്ഷ്യവും അതിജീവനത്തിന്റെ കരളുരുകുന്ന ആത്മകഥനം.' ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നത് അർബുദത്തോട് പോരുതുന്നവർക്കാണ്.
അപ്രതീക്ഷിതമായ അനുഭവങ്ങൾ വേട്ടയാടിയ ദിനങ്ങൾ, ജീവിതത്തിന്റെ പ്രസന്നതയാകെ കോരിയെടുത്ത് പറന്നുപോയ കാലം ഓർത്തെടുക്കുകയാണ് മലയാളം ന്യൂസിന്റെ തിരുവനന്തപുരം ബ്യൂറോയിലെ ചീഫ് റിപ്പോർട്ടറും പ്രസാദകനും എഴുത്തുകാരനുമായ ഷാനവാസ് പോങ്ങനാട്. മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപാലത്തിലൂടെ നടത്തിയ യാത്രയുടെ നേരനുഭവക്കുറിപ്പുകളാണ് ഈ പുസ്തകം. ആരെയും ഭയപ്പെടുത്തുന്ന കാൻസറെന്ന രോഗത്തെ തന്റെ ഇഛാശക്തി കൊണ്ട് തോൽപിച്ച് മടങ്ങിയെത്തിയതിന്റെ അനുഭവ വിവരണം. രോഗികൾക്ക് ആശയും ധൈര്യവും പകരുന്ന കുറിപ്പുകളാണിതിലുള്ളത്. പെട്ടെന്നൊരു നിമിഷം കാൻസറിന് അടിപ്പെട്ടതായി അറിയുമ്പോഴുള്ള നിസ്സഹായതയ്ക്ക് നടുവിൽ തനിക്ക് കൈത്താങ്ങിനിന്നവരോടുള്ള കടപ്പാടും ചികിത്സയുടെ ഓരോ ഘട്ടവും മാധ്യമ പ്രവർത്തകന്റെ സൂക്ഷ്മതയോടെ ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നു.
'പെട്ടെന്നൊരു ദിനം രോഗത്തിന്റെ ഇരുൾ വന്നുമൂടുകയായിരുന്നു. കാൻസറിനെ നേരിടാൻ ഇറങ്ങുമ്പോൾ വിജയം അകലെയായിരുന്നു. എങ്കിലും ആ പോരാട്ടം തുടർന്നു. എനിക്കൊപ്പം നടന്നവർ, എന്നെ ആശ്വസിപ്പിച്ചവർ, സഹായിച്ചവർ എല്ലാ മുഖങ്ങളും ഓർമയിൽ കടന്നുവരും. ഇനിയും പലരുമുണ്ട്. സ്വകാര്യമായ കുറിപ്പായി കരുതുക'  ഷാനവാസ് ആമുഖമായി വ്യക്തമാക്കുന്നു.
മാരകരോഗ ബാധിതനായ ഒരാൾക്ക് സുഹൃത്തുക്കൾ നൽകുന്ന ഒരാശ്വാസ വാക്ക് പോലും രോഗിയിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കും. അവഗണനയും കുത്തുവാക്കുകളും അതുപോലെ തന്നെ വേദനാജനവുമായിരിക്കും. രോഗിയെ ശുശ്രൂഷിക്കുന്നവരും അടുപ്പക്കാരും ഇതൊക്കെ അറിഞ്ഞിരിക്കേണ്ടതാവശ്യമാണ്. വേണ്ടപ്പെട്ടവരുടെ സാമീപ്യം രോഗിക്ക് എന്ത് ആശ്വാസമാണന്നോ പകർന്നുനൽകുന്നത്. രോഗികകൾ സാന്ത്വനവും പരിചരണവും കൊതിക്കുന്നുണ്ട്. ഇക്കാര്യങ്ങളൊക്കെ ഷാനവാസ് പോങ്ങനാട് ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു. രോഗികളും ഡോക്ടർമാരും പൊതുജനങ്ങളും ഒരുപോലെ വായിച്ചിരിക്കേണ്ട പുസ്തകമാണിത്.
മഷി ചരിഞ്ഞ ആകാശം, പച്ചകുത്തിയ നിലങ്ങൾ, കുട്ടികളുടെ രാജാരവിവർമ, നിയമസഭ കാണാം പഠിക്കാം, വഴിമരത്തണലിൽ എന്നീ പുസ്തകങ്ങൾ എഴുതിയയാളാണ് ഷാനവാസ് പോങ്ങനാട്. ഈ ഒരു കൈത്തഴക്കം ഉച്ചമരപ്പച്ചയിലും തെളിഞ്ഞു കാണാം. 
ഈ പുസ്തകത്തിൽ ഷാനവാസ് നടത്തുന്ന പ്രകൃതി വർണനകൾ ഒരു ചെറുകഥയുടെ ഭാഷാ വഴക്കത്തോടെയാണ്. 'മഞ്ഞുകാലം വിട പറയാനൊരുങ്ങുകയാണ്. വെയിലിന്റെ ശക്തി കൂടി വരുന്നു. വീടിന് മുന്നിലെ മരത്തലപ്പ് നോക്കിയങ്ങനെ നിൽക്കും. അടുത്ത പുരയിടത്തിൽ വീടുകളൊന്നുമില്ലാത്തതിനാൽ നിറയെ മരങ്ങളാണ്. വീടിനോട് ചേർന്ന ഒരു പുളിമരം പച്ചവിരിച്ച് നിൽക്കുന്നുണ്ട്. പ്ലാവും മാവും വാഴയുമൊക്കെയുള്ള പറമ്പായിരുന്നു അത്. കീമോയെടുത്ത് വീട്ടിൽ വിശ്രമിക്കുമ്പോഴാണ് ആ മരങ്ങൾക്കിടയിലെ ഒരു അയണി മരത്തിന്റെ കൊമ്പുകൾ മുറിച്ചിറക്കിയത്. മരത്തിന്റെ ഓരോ കൊമ്പ് വെട്ടിയിറക്കുന്നതും നൊമ്പരപ്പെടുത്തുന്ന കാഴ്ചയായിരുന്നു'
മാധ്യമ പ്രവർത്തകന്റെ സൂക്ഷ്മമായ നിരീക്ഷണ ബോധവും വിശകലന ബുദ്ധിയും ഈ ഗ്രന്ഥത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. രോഗവും ചികിത്സയും സംബന്ധിച്ച ഗ്രന്ഥങ്ങൾ നിരവധി ഇറങ്ങുന്നുണ്ടെങ്കിലും ഭാഷാപരമായ തെളിമ ഈ പുസ്തകത്തിന്റെ ഒരു പ്രത്യേകതയായി ചൂണ്ടിക്കാട്ടാനാവും.
പുസ്തകം കൈയിലെടുക്കുന്നവരെ വായനയിലേക്ക് ആകർഷിക്കാൻ തക്ക ലളിതവും കാവ്യാത്മകവുമാണ് ഇതിന്റെ ഭാഷ. കണ്ണീരിൽ ചാലിച്ചെടുത്ത കവിതയെന്ന ഈ അനുഭവക്കുറിപ്പുകളെ വിശേഷിപ്പിക്കാം. ഒരു ഫീച്ചർ പോലെ വായിച്ചുപോകാൻ കഴിയും. 
'മരങ്ങൾക്ക് മീതെ മഞ്ഞെവെയിൽ വീണുകിടന്നു. ഈ മുറ്റത്തുനിന്ന് എത്രയോ തവണ അകലെ ആകാശം മുട്ടിനിൽക്കുന്ന ചക്രവാളത്തെ നോക്കിനിന്നിട്ടുണ്ട്. അതിനപ്പുറത്തെന്തായിരിക്കും? പക്ഷികൾ പറന്ന് മറയുന്നു. മേഘങ്ങൾ അലസമായി അങ്ങോട്ടേക്ക് തുഴയുകയാണ്. ജീവിതത്തിന്റെ കൂടുപേക്ഷിച്ച് പോകുന്നവർ പറയുന്നിടമാണോ ആകാശത്തിന്റെ ഈ വക്ക്. വീണ്ടും അവിടേക്ക് നോക്കിനിൽക്കുകയാണ്. പക്ഷേ പ്രകാശമാനമായ മേഘപാളികളാണ് കാണുന്നത്. നുരകുത്തിമറിയുന്ന മേഘക്കീറുകളിൽ വെള്ളിത്തിളക്കം'
രോഗത്തെ അതിജീവിച്ചുവന്ന പ്രശസ്തരുടെയും അത്ര പ്രശസ്തരല്ലാത്തവരുടേതുമായി നിരവധി പുസ്തകങ്ങൾ വന്നിട്ടുണ്ട്. എന്നാൽ ഇതിൽനിന്ന് 'ഉച്ചമരപ്പച്ച' വേറിട്ടുനിൽക്കുന്നു. 'ജീവിതം കത്തിനിന്ന മധ്യാഹ്നത്തിൽ വന്നുപെട്ട പരീക്ഷണമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം കാൻസർ. ആകെ കരിഞ്ഞുണങ്ങിയ കാലം. അവിടേക്ക് തളിർപ്പച്ചയായി തിരിച്ചുകിട്ടയതാണീ ജീവിതം. അതൊരു യാത്രയായിരുന്നു. പ്രയാസങ്ങളും ആശങ്കകളും നിറഞ്ഞ സുഖകരമല്ലാത്ത യാത്ര. ലക്ഷ്യത്തിലെത്താൻ ദുസ്സഹമായ വഴികളിലൂടെ ഏറെ നടക്കേണ്ടിവന്നു'
ഇളംകാറ്റും ഈറൻ പ്രഭാതവും ഇനിയും എനിക്കായുണ്ടെന്ന പ്രത്യാശാനിർഭരമായ വാക്കുകളോടെയാണ് ഷാനവാസ് പോങ്ങനാട് ഈ പുസ്തകം അവസാനിപ്പിക്കുന്നത്.


ഉച്ചമരപ്പച്ച
ഷാനവാസ് പോങ്ങനാട്,
മെലിൻഡ ബുക്‌സ്
വില 140 രൂപ


 

Latest News