Sorry, you need to enable JavaScript to visit this website.

യു.എ.ഇ സന്ദര്‍ശകര്‍ക്ക് സൗജന്യ സിം കാര്‍ഡ്

അബുദാബി- യു.എ.ഇയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സൗജന്യ സിം കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു. സൗജന്യ ഡാറ്റയും ഇന്റര്‍നാഷണല്‍ കോളിംഗ് മിനുറ്റുകളും എസ്.എം.എസ്സുകളും അടങ്ങിയ സിം കാര്‍ഡുകളാണ് ടൂറിസ്റ്റുകള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുക. ടൂറിസ്റ്റ് സൗഹൃദ സിം കാര്‍ഡുകള്‍ക്ക് ഒരു മാസ കാലാവധിയുണ്ടാകും. വിനോദ സഞ്ചാരികള്‍ തങ്ങളുടെ വിസകള്‍ ദീര്‍ഘിപ്പിക്കുന്ന പക്ഷം സിം കാര്‍ഡുകള്‍ ഓട്ടോമാറ്റിക് ആയി പുതുക്കപ്പെടും. വിനോദ സഞ്ചാരികള്‍ക്ക് സൗജന്യ സിം കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനുള്ള കരാറില്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പും ടെലികോം നൗ കമ്പനിയും ഒപ്പുവെച്ചു. അബുദാബിയില്‍ അതോറിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പില്‍ മുസാനദ സര്‍വീസസ് കാര്യങ്ങള്‍ക്കുള്ള എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കേണല്‍ ഖമീസ് അല്‍കഅബിയും ടെലികോം നൗ കമ്പനി ചെയര്‍മാനും സി.ഇ.ഒയുമായ ചര്‍ബല്‍ ഫവാസ് ലിറ്റനിയുമാണ് കരാറില്‍ ഒപ്പുവെച്ചത്.
രാജ്യത്തെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് എയര്‍പോര്‍ട്ടുകളിലെ പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ ഓഫീസര്‍മാരില്‍ നിന്ന് ഉപഹാരമെന്നോണം സിം കാര്‍ഡുകള്‍ ലഭിക്കുമെന്ന് ചര്‍ബല്‍ ഫവാസ് ലിറ്റനി പറഞ്ഞു. ഡാറ്റയും ടോക് ടൈമും അടങ്ങിയ സിം കാര്‍ഡുകള്‍ രാജ്യത്ത് എവിടെയും വെച്ച് റീചാര്‍ജ് ചെയ്യുന്നതിന് കഴിയും. 20 എം.ബി ഡാറ്റയും മൂന്നു മിനിറ്റ് ടോക് ടൈമും അഞ്ചു സൗജന്യ എസ്.എം.എസ്സുകളുമാണ് സിം കാര്‍ഡിലുണ്ടാവുക.
ഒരു മാസത്തിനകം സൗജന്യ സിം കാര്‍ഡ് വിതരണം ആരംഭിക്കും. വിനോദ സഞ്ചാരികള്‍ക്കുള്ള പുതിയ സൗകര്യത്തിന്റെ സേവനദാതാക്കളായി ഇത്തിസാലാത്ത്, ഡു കമ്പനികള്‍ പ്രവര്‍ത്തിക്കും. ടൂറിസ്റ്റുകള്‍ രാജ്യത്ത് കഴിയുന്ന കാലത്തോളം സിം കാര്‍ഡുകള്‍ക്ക് കാലാവധിയുണ്ടാകും. വിസ ദീര്‍ഘിപ്പിക്കുന്നതോടെ സിം കാര്‍ഡ് കാലാവധിയും ഓട്ടോമാറ്റിക് ആയി നീട്ടപ്പെടും. വിസയുടെ കാലാവധി അവസാനിക്കുന്നതു വരെ സിം കാര്‍ഡുകള്‍ക്കും കാലാവധിയുണ്ടാകും. സിം കാര്‍ഡ് ലഭിക്കുന്നതിന് ടൂറിസ്റ്റുകള്‍ ഒന്നും ചെയ്യേണ്ടതില്ല. ഇതിന് ഒരുവിധ രേഖകളും തയാറാക്കേണ്ടതുമില്ലെന്ന് ചര്‍ബല്‍ ഫവാസ് ലിറ്റനി പറഞ്ഞു.

 

Latest News