ബോളിവുഡിനെ അമ്പരപ്പിച്ച് സൈറ വസീം 

നൂർജഹാൻ മുതൽ സാറാ അലി ഖാൻ വരെ... ഇന്ത്യൻ സിനിമയിൽ നിറഞ്ഞാടിയവരും ആടുന്നവരുമായ മുസ്‌ലിം നടിമാർ അനവധി. അവരിൽ തന്നെ എത്രയോ പേർ ബോളിവുഡിൽ വർഷങ്ങളോളം വിലസി. ഗ്ലാമറിന്റെ ഈ ലോകത്ത് ചുവടുറപ്പിക്കാനാവാതെ വിസ്മൃതിയിലായവരും എത്രയോ പേർ. അവർക്കിടയിൽ വ്യത്യസ്തയാവുകയാണ് കന്നിചിത്രത്തിൽ തന്നെ ദേശീയ അവാർഡ് നേടുകയും തന്റെ വിശ്വാസവുമായി ചേരുന്നില്ലെന്ന് പറഞ്ഞ് അഭിനയം നിർത്തുകയും ചെയ്ത കശ്മീരി പെൺകുട്ടി സൈറ വസീം.
തന്റെ മേഖല ഇതല്ലെന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം പതിനേഴുകാരി സിനിമാ ലോകത്തോട് വിട പറഞ്ഞത്. തന്റെ മതവിശ്വാസവുമായി ഒത്തുപോകുന്നതല്ല സിനിമാഭിനയമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ തുറന്നു പറയുകയായിരുന്നു സൈറ. ഷോണാലി ബോസിന്റെ പുറത്തിറങ്ങാനിരിക്കുന്ന 'ദി സ്‌കൈ ഈസ് പിങ്ക്' ആയിരിക്കും സൈറയുടെ അവസാന ചിത്രം.
സ്വയം സിനിമാ ലോകം വിട്ട എത്രയോ നടിമാരുണ്ട്. പലർക്കും പല കാരണങ്ങൾ. എന്നാൽ തന്റെ മതവിശ്വാസത്തിന് നിരക്കുന്നതല്ല ഈ തൊഴിലെന്ന് വ്യക്തമാക്കി ഗുഡ്‌ബൈ പറഞ്ഞവർ ആരുമില്ല. അതുകൊണ്ടു തന്നെ സൈറയുടെ വിരമിക്കൽ ബോളിവുഡിൽ അമ്പരപ്പുണ്ടാക്കി. സ്വാഭാവികമായും സൈറയെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തി. 
ഇത് സൈറയുടെ സ്വന്തം തീരുമാനമായിരിക്കാനിടയില്ലെന്നായിരുന്നു നടനും ബി.ജെ.പി അനുകൂലിയുമായ അനുപം ഖേർ പറഞ്ഞത്. പതിനാറോ പതിനേഴോ വയസ്സുള്ള ഒരു പെൺകുട്ടിക്ക് ഇത്തരം കാര്യങ്ങളിൽ എങ്ങനെ സ്വന്തം നിലയിൽ തീരുമാനമെടുക്കാനാവുമെന്നും അദ്ദേഹം ചോദിക്കുന്നു.
സൈറക്ക് കുറേക്കൂടി മാന്യമായി വിരമിക്കാമായിരുന്നുവെന്നാണ് ബോളിവുഡ് താരം രവീണ ഠണ്ഡൻ പ്രതികരിച്ചത്. എങ്കിലും സൈറയുടെ വ്യക്തിപരമായ തീരുമാനത്തെ താൻ മാനിക്കുന്നുവെന്നും രവീണ പറഞ്ഞു.
സൈറക്ക് പൂർണ പിന്തുണ നൽകുകയായിരുന്നു നടി തനുശ്രീ ദത്ത. മതത്തെക്കുറിച്ചുള്ള സൈറയുടെ ബോധം വളരെ ഉന്നതമാണെന്നാണ് തന്റെ അനുഭവമെന്ന് തനുശ്രീ പറഞ്ഞു. തെറ്റിദ്ധാരണകളിൽപെട്ട് യുവാക്കൾ അക്രമത്തിന്റെയും മൗലികവാദത്തിന്റെയും മാർഗങ്ങൾ തെരഞ്ഞെടുക്കുന്ന ഇക്കാലത്ത്, വിവേകത്തിന്റെ ശബ്ദമാവാനും ഖുർആന്റെ അനുഗൃഹീതമായ ജ്ഞാനം ലോകത്തോട് പറയാനുമുള്ള അവസരമാണോ സൈറക്ക് കൈവന്നിരിക്കുന്നത്? അതാണ് ചെയ്യുന്നതെങ്കിൽ താൻ അവരുടെ അനുയായി ആയിരിക്കുമെന്നും തനുശ്രീ പറഞ്ഞു. 
സൈറയുടെ തീരുമാനം ആദ്യം  ഞെട്ടലുളവാക്കിയെന്നായിരുന്നു സംവിധായകൻ നിതേഷ് തിവാരിയുടെ പ്രതികരണം. എന്നാൽ അത് അവരുടെ ജീവിതമാണെന്നും എങ്ങനെ ജീവിക്കണമെന്ന് അവർക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.


സൈറയുടെ തീരുമാനത്തെ പ്രശംസിച്ച ഒരാൾ അഖില ഭാരത ഹിന്ദു മഹാസഭ പ്രസിഡന്റ് സ്വാമി ചക്രപാണിയാണ്. സൈറയുടെ മാതൃക ഹിന്ദു നടിമാരും പിന്തുടരണമെന്നായിരുന്നു സ്വാമിയുടെ അഭിപ്രായം.
സോഷ്യൽ മീഡിയയിലും സൈറയുടെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ പ്രവഹിക്കുകയാണ്. മതത്തിന്റെ പേര് പറഞ്ഞ് സിനിമ ഉപേക്ഷിച്ചതിനെ ചിലർ വിമർശിക്കുമ്പോൾ, അവരുടെ ജീവിതം അവരുടെ ഇഷ്ടമനുസരിച്ച് ജീവിക്കട്ടെ എന്ന് പറയുന്നവരുമുണ്ട്.
സൈറയെ പോലെ പരസ്യമായി പ്രഖ്യാപിച്ചിട്ടല്ലെങ്കിലും ഒരു സുപ്രഭാതത്തിൽ അഭിനയം നിർത്തി ആത്മീയ ലോകത്തേക്ക് തിരിഞ്ഞ നടിമാർ ബോളിവുഡിൽ വേറെയുമുണ്ട്. പ്രശസ്ത ബംഗാളി, ഹിന്ദി നടിയും പത്മശ്രീ ജേതാവുമായി സുചിത്ര സെൻ ഉദാഹരണം. 1978 ൽ തന്റെ 47 ാം വയസ്സിൽ അവർ പൊടുന്നനെ സിനിമയോട് വിട ചൊല്ലുമ്പോൾ രാജേഷ് ഖന്നയോടൊപ്പം അഭിനയിക്കേണ്ട ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. ആ ചിത്രം പിന്നീട് നിലച്ചുപോയി. 
വിരമിക്കലിനു ശേഷം തീർത്തും ഒതുങ്ങിക്കൂടിയ അവരെ പിന്നീട് രാമകൃഷ്ണ മിഷന്റെ പ്രവർത്തനങ്ങളിൽ മാത്രമാണ് കണ്ടത്. 2014 ൽ മരിക്കുന്നതുവരെയും ആ രംഗത്തല്ലാതെ മറ്റൊരു കാര്യത്തിലും പൊതുരംഗത്ത് അവർ പ്രത്യക്ഷപ്പെട്ടിട്ടില്ല. 2005 ൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് പോലും അവർ നിരസിച്ചു. പ്രശസ്ത നടി മുൺമൂൺ സെന്നിന്റെ അമ്മയാണ് സുചിത്ര സെൻ.

Latest News