Sorry, you need to enable JavaScript to visit this website.

കുഞ്ഞുമനസ്സിന്റെ അനുഭവ പാഠങ്ങൾ

പ്രകൃതിപ്രതിഭാസങ്ങളെയും ചുറ്റും കാണുന്ന എന്തിനെയും ജിജ്ഞാസയോടെയും താൽപര്യത്തോടെയും നോക്കിക്കാണാനുള്ള അന്വേഷണ മനോഭാവം കുട്ടികളുടെ നൈസർഗികമായ സ്വഭാവ സവിശേഷതയാണ്. 
വീട്, വിദ്യാലയം, സമൂഹം എന്നിവിടങ്ങളിൽ നിന്ന് കുട്ടികൾക്ക് ലഭിക്കുന്ന അനുഭവ പാഠങ്ങൾ അവരുടെ മാനസിക വികാസത്തിലും വ്യക്തിത്വ രൂപീകരണത്തിലും പ്രധാന പങ്കുവഹിക്കുന്നുണ്ട്. കുട്ടികളുടെ അറിവുകളെ കൂടുതൽ ആഴവും വ്യാപ്തിയുമുള്ളതാക്കി സമൂഹികമായ തിരിച്ചറിവുകളായി മാറ്റാൻ ഔപചാരിക വിദ്യാഭ്യാസത്തിന്റെ പഠനബോധന പ്രക്രിയയിലൂടെ മാത്രം സാധ്യമാകുകയില്ല. ഔപചാരിക പഠനത്തിലൂടെയും അല്ലാതെയും കുട്ടികൾ നേടുന്ന ബഹുവിധമായ അറിവുകളെ ഇന്ദ്രിയാനുഭൂതികളിലൂടെ വികസിപ്പിച്ച് അനുഭവ വേദ്യമാക്കാൻ സർഗാത്മകവും ബോധപൂർവവുമായ ഇടപെടലുകൾ ആവശ്യമാണ്. കുട്ടികൾക്ക് തന്നെക്കുറിച്ചും തനിക്കു ചുറ്റുമുള്ള സമൂഹത്തെക്കുറിച്ചും സമഗ്രാവബോധം നൽകുന്നതിലും അവരുടെ ചിന്താശേഷിയും ഭാവനയും വികസിപ്പിക്കുന്നതിലും ബാലസാഹിത്യ കൃതികൾക്ക് വലിയ സ്ഥാനമാണുള്ളത്. 
ബാലസാഹിത്യ കൃതികളിൽ കുട്ടികൾക്ക് എന്നും ഏറെ ഇഷ്ടം കഥാപുസ്തകങ്ങളോടാണ്. പക്ഷേ വികസിച്ച ശാസ്ത്ര സാങ്കേതിക വിദ്യകളുടെയും മാറിയ സാമൂഹിക സാഹചര്യങ്ങളുടെയും വർത്തമാന കാലത്ത് കുട്ടികൾ കഥകൾ തേടുന്നത് പുസ്തകങ്ങളിലൂടെ മാത്രമല്ലെന്ന് നമുക്ക് അറിയാം. ഹൈടെക് ഇലക്ട്രോണിക് മാധ്യമങ്ങളൊരുക്കുന്ന വർണക്കാഴ്ചകളിൽ അഭിരമിക്കുന്ന ഇന്നത്തെ ബാല്യം വായനയുടെ ആയാസമില്ലാതെ തന്നെ ഇഷ്ടം പോലെ കഥകൾ കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്യുന്നു. കുട്ടികളുടെ ഭാവനയും ചിന്താശേഷിയും പരിമിതപ്പെടുത്തുന്ന ഇലക്ട്രോണിക് മാധ്യമങ്ങൾ അവരുടെ വ്യക്തിത്വത്തെ പല വിധത്തിൽ സ്വാധീനിക്കുന്നുണ്ട്.അനിയന്ത്രിതമായ ഉപഭോഗ സംസ്‌കാരം വളർത്തുന്ന വാണിജ്യ പരസ്യങ്ങളും മുഖ്യമായി അഭിസംബോധന ചെയ്യുന്നത് കുട്ടികളെയാണ്.ഈ വർത്തമാനകാല യാഥാർഥ്യങ്ങളെ തിരിച്ചറിഞ്ഞുകൊണ്ടു മാത്രമേ പുതിയ കാലത്തെ കുട്ടികളോട് സംവദിക്കുന്നതിനും അവരെ വായനയുടെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് കൂട്ടിക്കൊണ്ടുവരാനും കഴിയൂ. 
ശ്രമകരമായ ഈ സാമൂഹിക ദൗത്യം നിർവഹിക്കാൻ നമ്മുടെ പല ബാലസഹിത്യ കൃതികൾക്കും കഴിയുന്നില്ലെന്നതാണ് യാഥാർഥ്യം. കുട്ടികൾ കണ്ടും കേട്ടും പരിചയിച്ച കഥകൾ ഘടനയിലോ ആശയത്തിലോ അവതരണത്തിലോ പുതുമകളൊന്നുമില്ലാതെ വിരസവും അവിദഗ്ധവുമായി പുസ്തക രൂപത്തിൽ വീണ്ടും അവരുടെ മുന്നിലെത്തുമ്പോൾ സ്വാഭാവികമായും അവർ വായനയിൽ നിന്നകലുന്നു. ആധുനിക മാധ്യമങ്ങളുമായി നിരന്തരം ഇടപെടുകയും സംവദിക്കുകയും ചെയ്യുന്ന ഇന്നത്തെ കുട്ടികൾക്ക് പഴയ കാലത്തെ രാജാക്കന്മാരുടെയും കാട്ടിലെ മൃഗങ്ങളുടെയും സോദ്ദേശ്യ കഥകൾ മാത്രം പോരാ. കുട്ടികളുടെ ജീവിത പരിസരങ്ങളും അനുഭവ ലോകവും പുതുമയോടെ ആവിഷ്‌കരിക്കുന്ന കൃതികളും വേണം. അത്തരത്തിൽ ബാലമാനസ്സിന്റെ ചിന്തകളെയും ഭാവനകളെയും ഉണർത്തുന്ന മികച്ച ബാലപുസ്തകങ്ങൾ കൊണ്ട് സമ്പന്നമാണ് ഇന്ന് നമ്മുടെ ബാലസഹിത്യ ശാഖ. കുട്ടികളുടെ സമകാലിക ജീവിത പരിസരങ്ങളിൽ നിന്നുകൊണ്ട് അതീവ ലളിതവും ഹൃദ്യവുമായി കഥ പറയുന്ന ബാലസാഹിത്യ കൃതിയാണ് ഷാനവാസ് വള്ളികുന്നം എഴുതിയ 'ഉണ്ണിക്കുട്ടനും രാമൻ പരുന്തും' എന്ന കുട്ടികളുടെ നോവൽ. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച ഈ നോവൽ കുട്ടികൾക്ക് നല്ലൊരു വയനാനുഭവം നൽകുന്ന കൃതിയാണ്. ഏതു പ്രായത്തിലുള്ള കുട്ടികൾക്കും അനായാസം വായിച്ചുപോകാൻ കഴിയുംവിധം സരളവും ലളിതവുമായ ഭാഷയും ആഖ്യാനവുമാണ് ഈ നോവലിന്റേത്. നഗരത്തിന്റെ ഏകാന്തതയിൽ ജീവിക്കുന്ന അന്തർമുഖനായൊരു കുട്ടിയുടെ ജീവിതത്തിലേക്ക് മുറിവേറ്റൊരു പരുന്തിൻ കുഞ്ഞ് കടന്നുവരുന്നതോടെ അവന്റെ വ്യക്തിത്വത്തിലും സ്വഭാവ ഘടനയിലുമുണ്ടാകുന്ന പരിവർത്തനങ്ങളാണ് നോവലിന്റെ പ്രമേയം. കുട്ടികളെ മാനസികമായും ശാരീരികമായും സ്വതന്ത്രരാക്കിയാൽ അവരുടെ നൈസർഗികമായ കഴിവുകളെ ഉണർത്തി പൂർണമായ വ്യക്തിത്വ വികാസത്തിലേക്ക് നയിക്കാനാവുമെന്ന ശാസ്ത്രീയ കാഴ്ചപ്പാടാണ് ഈ പുസ്തകം പങ്കുവെയ്ക്കുന്നത്. ഫഌറ്റിന്റെ നാലു ചുവരുകൾക്കുള്ളിൽ ബാല്യം തളച്ചിടേണ്ടി വന്നൊരു കുട്ടിയാണ് ഈ നോവലിലെ ഉണ്ണിക്കുട്ടൻ. മാതാപിതാക്കളുടെ ഏക മകനായ അവൻ പ്രകൃതിയുമായോ ചുറ്റുപാടുകളുമായോ യാതൊരു ബന്ധവും സാധ്യമല്ലാത്ത നഗര ജീവിതത്തിന്റെ ഇരയാണ്. അമ്മയുടെ വിലക്കുകളും അമിത നിയന്ത്രണങ്ങളും മൂലം മറ്റു കുട്ടികളുമായി കൂട്ടുകൂടാനോ കളിക്കാനോ ഉല്ലസിക്കാനോ അവന് കഴിയുന്നില്ല . അപകർഷതാബോധം മൂലം എല്ലാ കാര്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി ആരോടും ഇടപഴകാതെ ഒറ്റപ്പെട്ട ജീവിതമാണ് അവൻ നയിക്കുന്നത്. അവന്റെ ഏകാന്ത ജീവിതത്തെ പുറംലോകവുമായി ബന്ധപ്പെടുത്തുന്നതും ആശ്വാസം പകരുന്നതും കൈയിലുള്ള ഇന്റർനെറ്റ് സംവിധാനമുള്ള ഒരു ടാബ് മാത്രണ്.സ്‌കൂളിൽ നിന്ന് തിരുവനന്തപുരത്തിനടുത്തുള്ള വനപ്രദേശമായ പേപ്പാറയിലേക്ക് നടത്തിയ വിനോദ യാത്രയും പരിസ്ഥിതി ക്യാമ്പും ഉണ്ണിക്കുട്ടന് പ്രകൃതിയെ തൊട്ടറിഞ്ഞുകൊണ്ടുള്ള അറിവും ആഹ്ലാദവും പകർന്ന അനുഭവമായി മാറി. പ്രകൃതിയുടെ വശ്യസൗന്ദര്യം നുകർന്നുകൊണ്ട് കാട്ടിലേക്ക് കൂട്ടുകാരോടൊപ്പം നടത്തിയ യാത്ര അവനെ കൂടുതൽ ഉല്ലാസവാനാക്കി. കാടും മലയുമൊക്കെ സാഹസികമായി കയറിയ അവന് സ്വന്തം കഴിവിൽ ആത്മവിശ്വാസം തോന്നി. കൂട്ടായ പ്രവർത്തനങ്ങൾ കുട്ടികളുടെ കഴിവുകളെ വർദ്ധിപ്പിക്കുമെന്ന പാഠമാണ് അത് നൽകുന്നത്.കാടിനെയും പക്ഷികളെയും മൃഗങ്ങളെയും കുറിച്ചും മലകയറ്റത്തിന്റെ അനുഭവവുമെല്ലാം പുസ്തകത്തിന്റെ ആദ്യഭാഗത്ത് ലളിതമായി വിവരിക്കുന്നുണ്ട്. പരിസ്ഥിതി ക്യാമ്പിനൊടുവിൽ മടങ്ങും വഴി കാട്ടിൽ വെച്ച് മരത്തിൽ നിന്ന് താഴെ വീണ് മുറിവേറ്റ ഒരു പരുന്തിൽ കുഞ്ഞിനെ ഉണ്ണിക്കുട്ടൻ കാണുന്നു. കൂടെയുള്ളവരെല്ലാം ആ പക്ഷിക്കുഞ്ഞിന്റെ ദയനീയമായ കരച്ചിൽ ഗൗനിക്കാതെ പോകുമ്പോഴും അവൻ അതിനെ ബസ് ഡൈവറുടെ സഹായത്തോടെ എടുക്കുന്നു. 'ഇത് സ്‌നേഹമില്ലാത്ത, ഇണങ്ങാത്ത പക്ഷിയാണെന്ന്' പറഞ്ഞ് ബസ് ഡ്രൈവർ പിന്തിരിപ്പിച്ചിട്ടും വീട്ടിൽ കൊണ്ടുവരുമ്പോൾ 'തത്തയോ മൈനയോ ആയിരുന്നെങ്കിൽ വളർത്താമെന്ന് പറഞ്ഞ് അച്ഛൻ നിരുത്സാഹപ്പെടുത്തിയിട്ടും അവൻ പിന്തിരിയുന്നില്ല.പരുന്തുകൾ മനുഷ്യനോട് ഇണങ്ങുന്ന പക്ഷികളാണെന്ന കാര്യം അവൻ ഇന്റർനെറ്റിൽ നിന്ന് കണ്ടെത്തി പറയുന്നത് പുതിയ കാലത്തെ കുട്ടികളുടെ അന്വേഷണ ത്വരയും നിരീക്ഷണ പാടവവും വ്യക്തമാക്കുന്നതാണ്. 
ഉണ്ണിക്കുട്ടന്റെ വീട്ടിലും പരിസരത്തും ഇണങ്ങിയും കളിച്ചും വളരുന്ന രാമൻ പരുന്ത് വീട്ടിലെ കോഴിക്കുഞ്ഞുങ്ങളുടെ രക്ഷകനും കൂട്ടുകാരനുമാണ്. കോഴിക്കുഞ്ഞുങ്ങളുമായുള്ള നിരന്തര സഹവാസം രാമൻ പരുന്തിനെ ക്രമേണ പരുന്തിന്റെ സ്വഭാവ വിശേഷങ്ങളൊന്നുമില്ലാത്ത പറക്കാൻ പോലും കഴിയാത്തൊരു പക്ഷിയായി മാറ്റുന്നു. പിന്നീട് പറക്കാൻ പഠിക്കുന്ന അവൻ ഒരു ദിവസം കോഴിക്കുഞ്ഞുങ്ങളെ മറ്റൊരു പരുന്തിൽ നിന്ന് രക്ഷിക്കുന്നുമുണ്ട്. എന്നിട്ടും തെറ്റിദ്ധാരണയുടെ പേരിൽ വളർത്തിയവരിൽ നിന്നു തന്നെ അവന് നിർദയമായ ആക്രമണം ഏറ്റുവാങ്ങേണ്ടി വരുന്നിടത്താണ് കഥ അവസാനിക്കുന്നത്. രാമൻ പരുന്തിന്റെ വരവ് ഉണ്ണിക്കുട്ടന്റെ ജീവിതത്തിലും ഗൃഹാന്തരീക്ഷത്തിലും രക്ഷിതാക്കളുടെ മനോഭാവത്തിലും വരുത്തുന്ന മാറ്റങ്ങൾ നോവലിൽ സ്വാഭാവികതയോടെ വരച്ചു കാട്ടിയിരിക്കുന്നു.
പുതിയ കാലത്തെയും മാറുന്ന ബാല്യത്തിന്റെ അവസ്ഥാവിശേഷങ്ങളെയും നന്നായി പ്രതിഫലിപ്പിക്കുന്നൊരു പുസ്തകമാണിത്. ഇന്നത്തെ സ്‌കൂളും കുട്ടികളുടെ മനസ്സും ഗൃഹാന്തരീക്ഷവുമെല്ലാം ഈ നോവലിൽ നിന്ന് നമുക്ക്   വായിച്ചെടുക്കാം. നോവലിൽ ആവിഷ്‌കരിക്കപ്പെടുന്ന പരിസരവും കഥാപാത്രങ്ങളും സംഭവങ്ങളുമെല്ലാം കുട്ടികളുടെ ദൈനദിന ജീവിതവുമായി അടുത്തു നിൽക്കുന്നവയാണ്. കുട്ടികളും പ്രകൃതിയും തമ്മിലുള്ള ബന്ധവും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും വെളിപ്പെടുത്തുന്ന ഈ പുസ്തകം കുട്ടികളിൽ സമൂഹികാവബോധം വളർത്താൻ സഹായിക്കും.കുട്ടികളിൽ സ്വതന്ത്രമായ അന്വേഷണ ബുദ്ധിയും മനവിക മൂല്യങ്ങളിലുള്ള വിശ്വാസവും സംഘബോധവും വളർത്തുന്ന ഈ കൃതി അവർക്ക് വ്യത്യസ്തമായ വായനാനുഭവം നൽകുമെന്നതിൽ സംശയമില്ല.  
പ്രശസ്ത ചിത്രകാരൻ പൊൻമണി തോമസ് വരച്ച പതിനേഴോളം ചിത്രങ്ങളും നോവലിൽ ചേർത്തിട്ടുണ്ട്. നോവലിലെ കഥാസന്ദർഭങ്ങൾക്ക് അനുയോജ്യമായ വർണചിത്രങ്ങളും ആകർഷകമായ രൂപകൽപനയും പുസ്തകത്തിന് മികവു നൽകുന്നു. പുസ്തകത്തിന്റെ എഡിറ്റിംഗ് കവിതാ ഭാമയും രൂപകൽപന മനോജ്.എസും നിർവഹിച്ചിരിക്കുന്നു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഈ വർഷം സ്‌കൂൾ ഗ്രന്ഥശാലകളിൽ ഉൾപ്പെടുത്താനായി നിർദേശിച്ചബാലപുസ്തകങ്ങളുടെ പട്ടികയിൽ ഈ നോവലും ഇടം പിടിച്ചിട്ടുണ്ട്. 

ഉണ്ണിക്കുട്ടനും രാമൻ പരുന്തും
കുട്ടികളുടെ നോവൽ
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ട് 
തിരുവനന്തപുരം
വില 65 രൂപ

 

Latest News