ഒരിക്കൽ ലോഹിതദാസ് പറഞ്ഞു: ഒന്നും വെട്ടിപ്പിടിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല. അതിനുവേണ്ടി പ്രവർത്തിച്ചിട്ടുമില്ല. എല്ലാം ഒരു നിയോഗംപോലെ എന്നിലേക്ക് വന്നു ചേർന്നതാണ്. അതുകൊണ്ടുതന്നെ ഇതെല്ലാം എന്റെ നേട്ടങ്ങളാണെന്ന് പറയാനാവുന്നില്ല
ഇക്കഴിഞ്ഞ ജൂൺ 28 ന് ലോഹിതദാസിന്റെ ചരമവാർഷികമായിരുന്നു
മൺമറഞ്ഞിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടെങ്കിലും ലോഹിതദാസ് എന്ന തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും ശൂന്യത മലയാള സിനിമയിൽ ഇന്നും നികത്തപ്പെടാതെ കിടക്കുന്നു.
ജീവിതം തുള്ളിത്തുളുമ്പുന്ന രചനകളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യമാവുകയും അവിടെ തന്റേതായ ഒരു ഇരിപ്പിടം കണ്ടെത്തുകയും ചെയ്ത കലാകാരനായിരുന്നു ലോഹിതദാസ്. അരങ്ങിന്റെയും അഭിനയത്തിന്റെയും ഭൂതകാലത്തിൽനിന്നും തനിയാവർത്തനം എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിക്കൊണ്ട് സിനിമാരംഗത്തെത്തിയ അദ്ദേഹം ഭൂതക്കണ്ണാടി എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനാകുന്നത്. മലയാളിയുടെ ഹൃദയകവാടത്തിൽ എന്നും പരിലസിക്കുന്ന ഒട്ടേറെ ജീവിതങ്ങളുടെ നേർക്കാഴ്ചകളായിരുന്നു ലോഹിതദാസ് വരഞ്ഞിട്ടുപോയത്.
തിരക്കഥയിലും സംവിധാനത്തിലും സ്വന്തമായ വഴികൾ കണ്ടെത്തിയ അദ്ദേഹത്തിന് സിനിമ ഒരുതരം പ്രാർത്ഥനയായിരുന്നു. ''പണ്ഡിതനോടും പാമരനോടും ഒരുപോലെ സംവദിക്കാൻ സിനിമയെപ്പോലെ കഴിയുന്ന മറ്റു കലാരൂപങ്ങൾ അപൂർവമാണ്. മനുഷ്യമനസ്സിനെ സ്വാധീനിക്കാനുള്ള ശേഷിയും സിനിമയ്ക്ക് കൂടുതലായുണ്ട്. അത്തരമൊരു കലാരംഗത്ത് പ്രവർത്തിക്കാൻ കഴിഞ്ഞതാണ് എന്റെ ഭാഗ്യം. എന്റെ സിനിമകൾ സമൂഹത്തെ ഗുണപരമായി സ്വാധീനിക്കണമെന്നാണ് എന്റെ പ്രാർത്ഥന. സ്‌നേഹത്തിലേയ്ക്ക് പ്രലോഭിപ്പിക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. അതിൽ എത്രമാത്രം വിജയിച്ചു എന്നു പറയാനാവില്ലെങ്കിലും പരാജയപ്പെട്ടിട്ടില്ല എന്നു ഞാൻ വിശ്വസിക്കുന്നു.'' ഒരിക്കൽ അദ്ദേഹം പറഞ്ഞു.
സിനിമ ആദ്യം ജനിക്കുന്നത് മനസ്സിലാണെന്നും അത് കടലാസിലേയ്ക്ക് പകർത്തുന്നതാണ് തിരക്കഥയെന്നും അത് തികച്ചും ഒരു സാഹിത്യരചനയാണെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. കവിതയിൽനിന്നും വ്യത്യസ്തമായ ഒരു സാങ്കേതികതയാണ് കഥയ്ക്കും നോവലിനുമുള്ളത്. അതിൽനിന്നും വ്യത്യസ്തമായ സാങ്കേതികതയാണ് നാടകത്തിന്റേത്. നാടകം സ്‌റ്റേജിന്റെ പ്രത്യേകതകൾ ഉൾക്കൊള്ളുന്നതുപോലെ തിരക്കഥ സിനിമയുടെ പ്രത്യേകതകൾ ഉൾക്കൊള്ളുന്നു. സാഹിത്യരചനയിൽ ഏർപ്പെടുമ്പോഴുള്ള അതേ അനുഭൂതി തന്നെയാണ് തിരക്കഥാ രചനയിലും ഉണ്ടാകുന്നത്. കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയും വികാര വിചാരങ്ങളിലൂടെയും ഞാൻ കടന്നുപോകുന്നു. ഓരോ നിമിഷവും അത് ഞാൻ അനുഭവിക്കുന്നു. അവിടെ സംവിധായകനോ ഛായാഗ്രാഹകനോ മറ്റ് സാങ്കേതിക വിദഗ്ധരോ ഇല്ല. ഞാൻ മാത്രമേയുള്ളു. അത് എന്റെ ഏകാന്തമായ അനുഭവലോകമാണ്. തിരക്കഥാകാരന്റെ ഭാവനയിൽ വിടർന്ന അമൂർത്തമായ ജീവിതചിത്രത്തിന് ദൃശ്യാവിഷ്‌കാരം നൽകുന്നതാണ് സംവിധാനം. അവിടെ അയാൾ ഒറ്റയ്ക്കല്ല, ഛായാഗ്രാഹകനും നടീനടന്മാരും സാങ്കേതിക പ്രവർത്തകരുമെല്ലാം അയാളുടെ സഹായത്തിനുണ്ട്. അതുകൊണ്ടുതന്നെ സൃഷ്ടിയുടെ സ്വകാര്യമായ അനുഭൂതികൾ അയാളുടേതു മാത്രമാകുന്നില്ല. അമൂർത്തമായ ഒരു ജീവിതത്തെ തന്റെ ബുദ്ധിയും വൈഭവവും കൊണ്ട് ഗുണപരമായി മൂർത്തവത്കരിക്കാൻ കഴിയുമ്പോഴുണ്ടാകുന്ന ഒരു രസമുണ്ട്. സംവിധായകന്റെ സ്ഥാനത്ത് നിൽക്കുമ്പോൾ ആ ആഹ്ലാദം ഞാൻ അനുഭവിക്കാറുണ്ട്. തിരക്കഥാകൃത്തിന്റേത് മധുരതരമായ ഒരു നോവാണ്. ആ നൊന്തുപിടച്ചിലാണ് എനിക്കേറെ സംതൃപ്തി തരുന്നത്.'' തിരക്കഥാരചനയെയും സംവിധാനത്തെയും കുറിച്ചുള്ള നിലപാടുകൾ അദ്ദേഹം വെളിപ്പെടുത്തിയത് ഇങ്ങനെയായിരുന്നു.
സ്വഭാവികമായ പ്രണയമായിരുന്നു ലോഹിതദാസിന്റെ തിരക്കഥകളിൽ നാം കണ്ടത്. ജീവിതത്തിൽനിന്ന് വേറിട്ട് പ്രണയത്തിന് നിലനിൽക്കാനാവില്ലെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ''എന്റെ കഥകളിൽ പ്രണയം ഉണ്ടെങ്കിലും പ്രണയം പ്രധാന വിഷയമായ കഥകൾ അപൂർവ്വമായേ ഞാൻ അവതരിപ്പിച്ചിട്ടുള്ളു. പ്രണയത്തേക്കാൾ എന്നെ ആകർഷിച്ചത് ജീവിതത്തിലെ മറ്റു സങ്കീർണ്ണതകളാണ്. ജീവിതത്തിന്റെ സംഘർഷഭരിതമായ അവസ്ഥകളിലൂടെ ഒഴുകുന്ന പ്രണയബന്ധങ്ങളാണ് എന്റെ കഥകൾക്ക് അടിസ്ഥാനം. ജീവിതത്തിൽനിന്ന് അടർത്തിയെടുത്ത് വാസനിക്കാവുന്ന മന്ദാരപുഷ്പംപോലെ പ്രണയത്തെ കാണാനാവില്ല. ഒരു ജന്മംമുഴുവൻ സുരഭിലമാക്കാവുന്ന, നൊമ്പരക്കടലാക്കാവുന്ന തീവ്രമായ ഒരു വികാരവിശേഷമാണത്. പ്രണയത്തിനെന്നും ഒരു സ്വപ്നലോകമുണ്ട്. ജീവിതത്തിന്റെ പ്രതിസന്ധികൾക്കുമുന്നിൽ ഒരുപൂവുപോലെ വാടിക്കരിഞ്ഞുപോകുന്നതാണ് എന്റെ പ്രണയാനുഭവങ്ങൾ. ചിലതെല്ലാം നേടുമ്പോൾ മറ്റ് പലതും നഷ്ടമാക്കുന്നു. ആത്മാംശം കലരുന്നതുകൊണ്ടാകാം എന്റെ കഥാപാത്രങ്ങൾക്ക് പ്രേമം വേദനകൾ മാത്രമേ സമ്മാനിക്കാറുള്ളു.''
വിധിയുടെ വിളയാട്ടങ്ങളിൽ അറിയാതെ അകപ്പെട്ടുപോകുന്ന കിരീടത്തിലെ സേതുമാധവനെ ഓർമ്മയില്ലേ. പ്രണയം നിരസിച്ച് പിന്തിരിഞ്ഞുപോകുന്നത് അവളുടെ ജീവിതവും തന്നോടൊപ്പം തകർന്നുപോകരുതെന്ന് അയാൾ ആഗ്രഹിക്കുന്നതുകൊണ്ടാണ്. അവളോടുള്ള തീവ്രമായ പ്രണയം മനസ്സിലുള്ളതുകൊണ്ടാണ് അയാൾ അങ്ങനെ ചെയ്യുന്നത്. സ്‌നേഹിച്ച പുരുഷനെ നേടുമ്പോൾ അമരത്തിലെ മുത്തിന് നഷ്ടമാകുന്നത് തന്റെ എല്ലാമെല്ലാമായിരുന്ന അച്ഛനെയായിരുന്നു. കാമുകന്റെ നിസ്സഹായമായ ജീവിതത്തിൽനിന്നും പിന്തിരിഞ്ഞിറങ്ങിയ സല്ലാപത്തിലെ രാധയും നേടുന്നത് സത്യസന്ധമായ സ്‌നേഹവും രക്ഷയുമായിരുന്നു.

തന്റെ കഥാപാത്രങ്ങളെല്ലാം താൻ തന്നെയാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. കിരീടത്തിലെ സേതുമാധവനും കീരിക്കാടൻ ജോസും ഞാൻ തന്നെയാണ്. സേതുമാധവന്റെ ജീവിതാവസ്ഥയിൽ ഞാനാണ് എത്തിപ്പെടുന്നതെങ്കിൽ എന്തെല്ലാം ചെയ്യും അതുതന്നെയാണ് അയാൾ ചെയ്തത്. കീരിക്കാടനും തന്റെ ജീവിതാവസ്ഥയാണ് അനാവരണം ചെയ്യുന്നത്. അതൊരു കൂടുമാറ്റമാണ്. ശക്തവും തരളവുമായ കുടുംബസങ്കൽപങ്ങളാണ് ലോഹിതദാസിന്റെ കഥയുടെ കാതൽ. അധ്വാനിച്ചുണ്ടാക്കിയതെല്ലാം ഉപേക്ഷിച്ചുപോകുന്ന വാത്സല്യത്തിലെ വല്യേട്ടനായ മേലേടത്ത് രാഘവൻ, സ്വന്തം മകളെ വളർത്തഛന് നൽകി പിരിഞ്ഞുപോകുന്ന പാഥേയത്തിലെ ചന്ദ്രദാസ്, ''ഇവിടെ കഴിയാൻ പറ്റില്ല. നീയല്ലാതെ വേറെയുമുണ്ട് എനിക്ക് മക്കൾ'' എന്ന് സ്വന്തം മകനോട് ഹൃദയവ്യഥയോടെ പറയുന്ന കിരീടത്തിലെ അച്യുതൻ നായർ. ഇത്തരം കഥാപാത്രങ്ങൾക്കു പിന്നിൽ ലോഹിതദാസ് എന്ന വ്യക്തിയുടെ സ്വാധീനമുണ്ട്.ജീവിതത്തിൽ ഏകാന്തതകളും സങ്കടങ്ങളും ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ദാരിദ്ര്യം ദുഃഖിപ്പിച്ചിട്ടില്ല എന്നതുപോലെ സമ്പന്നത ആഹ്ലാദവും നൽകിയിട്ടില്ല. ജീവിതത്തിലെ ഏറ്റവും സുഖകരമായ അവസ്ഥ സ്‌നേഹിക്കപ്പെടുമ്പോഴാണ് എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ''സ്‌നേഹിക്കപ്പെടുമ്പോഴെല്ലാം ഞാൻ സുഖമനുഭവിക്കുന്നു. വെറുക്കപ്പെടുമ്പോൾ ദുഃഖവും. ഒന്നും വെട്ടിപ്പിടിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല. അതിനുവേണ്ടി പ്രവർത്തിച്ചിട്ടുമില്ല. എല്ലാം ഒരു നിയോഗംപോലെ എന്നിലേക്ക് വന്നു ചേർന്നതാണ്. അതുകൊണ്ടുതന്നെ ഇതെല്ലാം എന്റെ നേട്ടങ്ങളാണെന്ന് പറയാനാവുന്നില്ല''. മുമ്പൊരിക്കൽ അദ്ദേഹം പറഞ്ഞു.
പടിക്കുപുറത്തുനിർത്തിയിരുന്ന പല ജനവിഭാഗങ്ങളെയും സിനിമയിലേക്ക് കൊണ്ടുവരികയായിരുന്നു ലോഹിതദാസ്. ദുർഗുണ പരിഹാരപാഠശാലയിലെ കുട്ടികളായിരുന്നു മുദ്രയുടെ പ്രമേയമെങ്കിൽ അപരിഷ്‌കൃതനായ വേട്ടക്കാരനായി വാറുണ്ണിയെയും മൂശാരിമാരുടെ ജീവിതം പറഞ്ഞ വെങ്കലവും അലക്കുകാരെക്കുറിച്ചെഴുതിയ വീണ്ടും ചില വീട്ടുകാര്യങ്ങളും സർക്കസ് കോമാളികളെ പരിചയപ്പെടുത്തിയ ജോക്കറും വേശ്യകളുടെ കഥ പറഞ്ഞ സൂത്രധാരനും ആശാരിമാരുടെ ജീവിതം വരഞ്ഞുവെച്ച സല്ലാപവും കടലിനോട് മല്ലിടുന്ന മുക്കുവരുടെ ജീവിതം ഇതിവൃത്തമാക്കിയ അമരവുമെല്ലാം മറ്റാരും കൈവയ്ക്കാത്ത വിഷയങ്ങളായിരുന്നു. നീണ്ടുകിടക്കുന്ന റെയിൽപ്പാളവും വിശാലമായ നെൽപ്പാടവും പാവാടയിട്ട പെൺകുട്ടിയും ചെത്തുകാരും അമ്പലക്കമ്മിറ്റിക്കാരുമെല്ലാമുള്ള സല്ലാപം എന്ന ചിത്രം ലോഹിതദാസിന്റെ വള്ളുവനാടൻ ഗ്രാമങ്ങളോടുള്ള അഭിനിവേശമാണ് വെളിപ്പെടുത്തിയത്.
തിരക്കഥാകൃത്തായി തിളങ്ങിനിൽക്കുമ്പോഴായിരുന്നു സംവിധാനരംഗത്തേക്കുള്ള ലോഹിതദാസിന്റെ ചുവടുമാറ്റം. ഭൂതക്കണ്ണാടിയിലൂടെ തുടങ്ങിയ സംവിധാന പ്രയാണം കാരുണ്യം, കന്മദം, സൂത്രധാരൻ, അരയന്നങ്ങളുടെ വീട്, ജോക്കർ, ചക്കരമുത്ത്, നിവേദ്യം തുടങ്ങിയ ചിത്രങ്ങളിലൂടെ ഒന്നൊന്നായി പുറത്തുവന്നു. നിവേദ്യം സംവിധാനം ചെയ്തതോടെ സാമ്പത്തിക ബാധ്യതകൾ അദ്ദേഹത്തെ അലട്ടിത്തുടങ്ങിയിരുന്നു. കസ്തൂരിമാൻ എന്ന ചിത്രം തമിഴിലെടുത്തതോടെ ബാധ്യതയേറി. ഒടുവിൽ സിബി മലയിലുമൊത്ത് ഒരു ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നതിനിടെയാണ് വിധി അദ്ദേഹത്തെ ജീവിതത്തിന്റെ കളിയരങ്ങിൽനിന്നും തിരിച്ചുവിളിച്ചത്. മലയാള സിനിമയ്ക്ക് കനത്ത പ്രഹരമേൽപിച്ച് അദ്ദേഹം ഈ ജീവിതത്തിൽനിന്ന് മടങ്ങി.






