മാറ്റു കൂട്ടുന്ന മൊഴിമാറ്റം,  വാഫിയുടെ ഭാവനാലോകം 

സുഹൈൽ അബ്ദുൽ ഹക്കീം വാഫിയും (വലത്ത്) ലേഖകനും  

ഖത്തറിലെ പ്രവാസി മലയാളിയായ സുഹൈൽ അബ്ദുൽ ഹക്കീം വാഫി കുറഞ്ഞ കാലം കൊണ്ട് അറബി സാഹിത്യ ലോകത്തും മലയാളി വായനക്കാർക്കിടയിലും സവിശേഷമായ ഇടം കണ്ടെത്തിയ പ്രതിഭയാണ്. മലയാളത്തിന്റെ എക്കാലത്തേയും ഇതിഹാസമായ വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ ബാല്യകാല സഖിയുടെ അറബി പരിഭാഷ നിർവഹിച്ച് ഇന്തോ അറബ് സാഹിത്യ ലോകത്തിന്റെ ശ്രദ്ധ നേടിയ സുഹൈൽ വാഹി തന്റെ സർഗ പ്രപഞ്ചത്തിന്റെ വാതായനങ്ങൾ വായനക്കാർക്ക് മുമ്പിൽ തുറന്നുവെക്കുകയാണ്. ബെന്യാമിന്റെ ആട് ജീവിതം അറബിയിലേക്ക് മൊഴിമാറ്റിയതും സുഹൈൽ വാഫിയാണ്.
രണ്ട് വിവർത്തനങ്ങളടക്കം മൂന്ന് കൃതികൾ. മൂന്നും അറബി ഭാഷയിൽ. പ്രസിദ്ധീകരിച്ചത് അറബ് ലോകത്തെ ശ്രദ്ധേയരായ പ്രസാധകർ. സുഹൈൽ അബ്ദുൽ ഹക്കീം വാഫി എന്ന ചെറുപ്പക്കാരനെ അടുത്തറിയുവാനുള്ള കാരണങ്ങൾ ഇവ മാത്രമല്ല. കുടുംബ പശ്ചാത്തലവും വിദ്യാഭ്യാസവുമൊക്കെ ബഹുമുഖ പ്രതിഭകളെ വാർത്തെടുക്കുന്നതിൽ എങ്ങനെ സ്വാധീനിക്കുന്നുവെന്നും ഈ ജീവിതത്തിൽ നിന്നും നമുക്ക് വായിച്ചെടുക്കാം.  
മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത ആദൃശ്ശേരിക്കാരനായ സുഹൈലിന്റെ ജനനം അബുദാബിയിലായിരുന്നു. വായനയുടെ ഉപാസകരായിരുന്ന മാതാപിതാക്കൾ. അവർ തന്നെയാണ് അദ്ദേഹത്തിന്റെ വായനാപരിസരം വിപുലമാക്കിയതെന്ന് ഇക്കഴിഞ്ഞ വായനാ ദിനത്തോടനുബന്ധിച്ച് 'കുറെ സ്വന്തം വീട്ടുകാര്യങ്ങൾ' എന്ന തലക്കെട്ടിൽ വാഫി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിൽ നിന്നും നമുക്ക് ബോധ്യപ്പെടും. അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്: 
പ്രസവിച്ചു കിടക്കുന്ന സ്ത്രീകൾ വായിക്കാൻ പാടില്ല എന്ന ശാസന പരക്കെ നിലനിന്ന കാലത്താണ് ഉമ്മ എനിക്ക് ജന്മം നൽകിയത്. അന്ന് ഉമ്മ ഉപ്പയുടെ കൂടെ അബുദാബിയിലായിരുന്നു. അതായത് 1986 കാലഘട്ടത്തിൽ. എന്നാൽ എസ്.കെ പൊറ്റെക്കാടിന്റെ 'ഒരു ദേശത്തിന്റെ കഥ' ഉമ്മ വായിച്ചത് അക്കാലത്ത് എന്നെ പ്രസവിച്ചു കിടക്കുമ്പോഴായിരുന്നു. പക്ഷേ അക്കാര്യം ഞാനറിയുന്നത് ഇന്നലെയാണ്. വായനാ ദിനത്തിന്റെ വിശേഷങ്ങൾ പറയുന്ന കൂട്ടത്തിലാണ് ഉമ്മയത് പറഞ്ഞത്. കുട്ടിക്കാലം തൊട്ടേ ഉമ്മാക്ക് വായന ഒരു വാതായനമായിരുന്നു. തന്റെ ചുറ്റുപാടിൽ നിന്നും പുറത്തെ വിഹായസ്സിലേക്കുള്ള വലിയ വാതായനം. പാഠപുസ്തകങ്ങൾക്കപ്പുറം കഥാപുസ്തകങ്ങൾ കുട്ടികൾക്ക് അപ്രാപ്യവും അനഭിലഷണീയവുമായിരുന്ന കാലത്ത് കീറി വലിച്ചെറിഞ്ഞ ഏതോ ചിത്രകഥയുടെ ഒറ്റപ്പെട്ട പേജുകൾ തേടി ഉമ്മ അയൽപക്കത്തെ ചീരുകുട്ടിച്ചേച്ചിയുടെ കുപ്പത്തൊട്ടിയിൽ പര്യവേക്ഷണം നടത്താറുണ്ടായിരുന്നത്രേ. അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഒരു കൂട്ടുകാരിയുടെ ആറാം ക്ലാസിലെ മലയാളം ഉപപാഠ പുസ്തകം വായിച്ചുതുടങ്ങി ഹരംമൂത്ത് മദ്രസയിലേക്ക് കൊണ്ടുപോയതും വായനയിൽ മുഴുകിയിരിക്കുന്ന നേരത്ത് കോട്ടക്കൽ മുഹമ്മദുസ്താദ് പിന്നിലൂടെ പതുങ്ങിവന്നതും വായിക്കുന്നതെന്താണെന്ന് മനസ്സിലായപ്പോൾ ശിക്ഷിക്കാതെ വിട്ടതും അക്കാലത്തെ വായനാന്വേഷണ പരീക്ഷണ കഥകളുടെ കൂട്ടത്തിൽ ഉമ്മ പറയാറുണ്ട്.
 'കൃഷ്ണൻ കുട്ടി പതുക്കെ നെറ്റി തടവിനോക്കി' ആ കഥയുടെ തുടക്കം ഇങ്ങനെയായിരുന്നു. ഉമ്മാക്ക് ഇന്നും ഓർമയുണ്ട്. സ്‌കൂളിൽ അറബി തെരെഞ്ഞെടുത്തതിനാൽ മലയാളം ടെക്സ്റ്റ് ബുക്ക് വാങ്ങേണ്ട കാര്യമില്ല. എന്നാലും ആറാം കഌസിലേക്കുള്ള പുസ്തകങ്ങൾ വാങ്ങുന്ന കൂട്ടത്തിൽ മകളുടെ വായിക്കാനുള്ള ഇഷ്ടം തിരിച്ചറിഞ്ഞ് മലയാള പുസ്തകവും കൂടി വാങ്ങിത്തന്ന കാര്യം പറയുമ്പോഴൊക്കെ ഇന്നും വല്ലിപ്പയോടുള്ള സ്‌നേഹം കൊണ്ട് ഉമ്മയുടെ കണ്ണ് നിറയും. തൊണ്ണൂറുകളിൽ പ്രവാസി ഭാര്യയായിരുന്ന ഉമ്മ പറക്കമുറ്റാത്ത ഞങ്ങൾ മക്കളോടൊപ്പം വീട്ടിൽ തനിച്ചായിരുന്നു. രാത്രികാലങ്ങളിൽ പേടിയെ പ്രതിരോധിക്കാനുള്ള ഗൾഫിലുള്ള ഉപ്പ ഉമ്മാക്ക് പറഞ്ഞുകൊടുത്ത ഉപായം ഖുർആൻ പാരായണവും വായനയുമായിരുന്നത്രേ. കിടക്കപ്പായ വരെ നീളുന്ന എന്റെയും ജ്യേഷ്ഠന്റെയും മഹാഭാരത യുദ്ധം അന്നത്തേക്ക് ഒരു താൽക്കാലിക വിരാമത്തിലെത്തിയ ശേഷമാണ് ഉമ്മ വായിക്കാനിരിക്കുക. അക്കാലത്ത് സൈനബുൽ ഗസ്സാലിയുടെ 'ജയിലനുഭവങ്ങൾ' വായിച്ചുകൊണ്ടിരിക്കേ രാത്രി തീർന്ന് സുബ്ഹി ബാങ്ക് കേട്ടത് ഉമ്മ ഓർക്കുന്നു. ഉപ്പയുടെ ജീവിതത്തിലേക്കെത്തിയതോടെ പിന്നീടങ്ങോട്ട് എന്നും വായനയുടെ മഹോത്‌സവമായിരുന്നു ഉമ്മാക്ക്. പെണ്ണു കാണാൻ വന്നപ്പോൾ തന്നെ ഉപ്പയുടെ കയ്യിൽ ഒരു പുസ്തകവുമുണ്ടായിരുന്നെന്ന് ഉമ്മ ഞങ്ങളോട് പറഞ്ഞു ചിരിക്കാറുണ്ട്.
പേജിന് ഇരുപത്തഞ്ചു പൈസ സമ്മാനത്തുക പ്രഖ്യാപിച്ചുകൊണ്ടാണ് മുഹമ്മദ് അസദിന്റെ 'മക്കയിലേക്കുള്ള പാത' (വിവർത്തനം എം.എൻ കാരശ്ശേരി) വായിക്കാൻ ഉപ്പയെന്നെ പണ്ട് പ്രലോഭിപ്പിച്ചത്. കലാകൗമുദി ഉൾപ്പെടെയുള്ള അക്കാലത്തെ പ്രമുഖ ആനുകാലിക പ്രസിദ്ധീകരണങ്ങൾ ഉപ്പ അബുദാബിയിലേക്ക് തപാലിൽ വരുത്തിച്ചിരുന്നു. എം. കൃഷ്ണൻ നായരുടെ സാഹിത്യ വാരഫലം 'ഖളാ ആകാതെ' വായിക്കലായിരുന്നു പ്രധാന ഉദ്ദേശ്യം. വായിച്ച് ഇഷ്ടം മൂത്ത് 1988 കാലത്ത് ഒരിക്കൽ ഉപ്പ കൃഷ്ണൻ നായരെ കാണാൻ പോയി. അലി മിയാന്റെ ഇസ്‌ലാം ആൻഡ് ദ വേൾഡ് - ദ റൈസ് ആൻഡ് ഡിക്‌ളൈൻ ഓഫ് മുസ്‌ലിംസ് അടക്കം പല കൃതികളും അദ്ദേഹത്തിന് സമ്മാനിച്ചു. അതേക്കുറിച്ച് പിന്നീട് അദ്ദേഹം വാരഫലത്തിൽ എഴുതുകയുണ്ടായി. 1992 ൽ ഉപ്പ പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തി. പിന്നെയും കുറെ ദിവസങ്ങൾ കഴിഞ്ഞ് കപ്പലിൽ ഒരു ലോറി നിറയെ സാധനങ്ങൾ വരാനുണ്ടെന്ന് കേട്ടപ്പോൾ ഞങ്ങൾ കുട്ടൻസ് വലിയ പ്രതീക്ഷയിലായിരുന്നു. പക്ഷേ സാധനമെത്തി പെട്ടികൾ പൊളിച്ചുതുടങ്ങിയപ്പോൾ, സത്യം പറയാമല്ലോ, ഉപ്പയോട് ശരിക്കും ദേഷ്യമാണ് തോന്നിയത്. കാരണം അതിൽ മുക്കാലും അറബി കിത്താബുകളും പിന്നെ കുറെ ബുക്കുകളും കലാകൗമുദിയും പ്രബോധനവുമൊക്കെ യായിരുന്നു. ബാല്യകാല സഖിയുടെ അറബി വിവർത്തനത്തിന്റെ കാര്യങ്ങൾ പറയുന്നതിനിടക്കാണ് ഉപ്പ കഴിഞ്ഞ ദിവസം വിലാസിനിയുടെ 'അവകാശികൾ' വായിച്ച കാര്യം പറയുന്നത്. നാലായിരത്തോളം പേജുള്ള ആ നോവൽ ഉപ്പ വായിച്ചിട്ടുണ്ട് എന്ന് വിശ്വാസം വരാതെ ഞാൻ വീണ്ടും ചോദിച്ചു. പണ്ട് പ്രധാനപ്പെട്ടതെല്ലാം വായിച്ചിരിക്കണം എന്ന നിശ്ചയവുമായി നടന്ന കാലത്തായിരുന്നു അത് എന്നായിരുന്നു ഉപ്പയുടെ മറുപടി. ക്ഷമിക്കണം കുറെ സ്വന്തം വീട്ടുകാര്യങ്ങൾ പറഞ്ഞു നീണ്ടു. പക്ഷേ വായനാദിനം പ്രമാണിച്ച് എനിക്ക് പറയാനുള്ളത് പുസ്തകങ്ങളെപ്പറ്റിയല്ല, ഉപ്പയെയും ഉമ്മയെയും പറ്റിയാണ്. കുട്ടികളിൽ വായന മരിക്കുന്നു എന്ന വിലപിക്കുന്ന രക്ഷിതാക്കൾക്ക് ഇതൊരോർമപ്പെടുത്തലാണ്.  ഏത് നല്ല ശീലവും വളർത്തിയെടുക്കാൻ രക്ഷിതാക്കൾ മാതൃകാപരമായ നിലപാടുകൾ സ്വീകരിക്കണം. ഉമ്മ വിദ്യാലയമാണ്. ആ വിദ്യാലയം ശരിയായാൽ എല്ലാം ശരിയായി എന്നത് ശരിവെക്കുന്ന അനുഭവക്കുറിപ്പ് മാതാക്കളേയും പ്രചോദിപ്പിക്കും. 
വളാഞ്ചേരി മർകസ്, വാഫി കോളേജ്, അലീഗഢ മുസ്‌ലിം യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായിരുന്നു സുഹൈലിന്റെ വിദ്യാഭ്യാസം. സ്വന്തം പിതാവ് തന്നെയായിരുന്നു എല്ലാ രംഗത്തും അദ്ദേഹത്തിന്റെ മുഖ്യ ഗുരുവും വഴികാട്ടിയും.  
പ്രമുഖ അറബി കോളമിസ്റ്റുകളായ മുഹമ്മദ് അൽ ഹറമി, ദലാൽ ഖലീഫ തുടങ്ങിയവരൊക്കെ അയ്യാമുൽ മാഇസ് വിലയിരുത്തുകയും അവലോകനമെഴുതുകയും ചെയ്തത് യുവ പണ്ഡിതനായ സുഹൈൽ വാഫിക്ക് ലഭിച്ച വലിയ അംഗീകാരമാണ്. അറബി സാഹിത്യ ഭാഷയും സംസാര ഭാഷയും താരതമ്യം ചെയ്യുന്ന അൽ അറബിയ്യ ബൈനൽ പുസ്ഹ വൽ ആമിയ്യ എന്നതാണ് സുഹൈൽ വാഫിയുടെ മറ്റൊരു പുസ്തകം. ലബനോണിലെ ദാറുന്നഫാഇസ് ആണ് പ്രസാധകർ. അറബിയിൽ സ്വന്തമായി ഒരു നോവൽ എന്നതാണ് സുഹൈൽ വാഫിയുടെ സ്വപ്‌നം. പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും വാഫി സ്ഥാപനങ്ങളുടെ കോ ഓർഡിനേറ്ററുമായ അബ്ദുൽ ഹക്കീം വാഫി ആദൃശ്ശേരിയുടേയും സൈനബിന്റേയും മൂന്നാമത്തെ മകനാണ് സുഹൈൽ. സുഹൈലയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്- അമാനുല്ല
 

Latest News