ജൂലൈ അഞ്ച് വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമവാർഷികം
ബഷീറിന്റെ വിഖ്യാത കൃതിയായ ബാല്യകാല സഖി ഖത്തറിലെ പ്രവാസി മലയാളി സുഹൈൽ അബ്ദുൽ ഹക്കീം വാഫി
അറബിയിലേക്ക് മൊഴിമാറ്റിയിരിക്കുന്നു. ബെയ്‌റൂത്തിലെ പ്രമുഖ പ്രസാധകരായ അറബ് സയന്റിഫിക് പബ്ലിഷേഴ്‌സാണ് ഈ നോവൽ
അറബ് ലോകത്തെ സഹൃദയരിലേക്കെത്തിക്കുന്നത്.
എണ്ണമറ്റ മലയാളം നോവലുകൾ അറബിയിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടെങ്കിലും എന്തുകൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട കഥാകാരൻ, വൈക്കം മുഹമ്മദ് ബഷീറിന്റെ അനശ്വര പ്രണയഗാഥ 'ബാല്യകാല സഖി' അറബി സാഹിത്യ ആസ്വാദകർക്ക് സ്വീകാര്യമായ രീതിയിൽ വിവർത്തനം ചെയ്യപ്പെട്ടില്ല എന്നത് എന്നെ എന്നും അത്ഭുതപ്പെടുത്തിയ കാര്യമാണ്. പലരും ഈ വഴിക്ക് ചിന്തിച്ചിട്ടുണ്ടാകണം.
1944 ൽ ബഷീർ രചിച്ച ബാല്യകാല സഖി 75 വർഷങ്ങൾക്ക് ശേഷം അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുമ്പോൾ അറബി സാഹിത്യ കുതുകികൾക്ക് പുതിയ വായനാനുഭവത്തിന്റെ വാതായനങ്ങളാണ് തുറക്കപ്പെടുന്നത്. മലപ്പുറം ജില്ലയിലെ ആദൃശ്ശേരി സ്വദേശിയായ യുവ പണ്ഡിതൻ സുഹൈൽ അബ്ദുൽ ഹക്കീം വാഫിയാണ് ബാല്യകാല സഖിയുടെ അറബി പരിഭാഷ 'റഫീഖത്തു സ്വിബ' എന്ന പേരിൽ തയാറാക്കിയിരിക്കുന്നത്. അറബ് സാഹിത്യ ലോകത്തെ പ്രമുഖ പ്രസാധകരായ ബെയ്‌റൂത്തിലെ അറബ് സയന്റിഫിക് പബഌഷേഴ്‌സ് ആണ് സുഹ്‌റയുടേയും മജീദിന്റേയും പ്രണയ സല്ലാപങ്ങൾ അറബി വായനക്കാർക്ക് എത്തിക്കുന്നത്.
മലയാള സാഹിത്യ ലോകത്ത് സ്വന്തമായ ഭാഷാ പ്രയോഗങ്ങളിലൂടെ വിസ്മയം സൃഷ്ടിച്ച ബഷീറിന്റെ മാസ്റ്റർപീസാണ് ബാല്യകാല സഖി. മനസ്സിന്റെ കോണിലെവിടെയോ ഒരാത്മനൊമ്പരമായ ബാല്യകാല സഖി മലയാളത്തിൽ ഇന്നോളമുണ്ടായിട്ടുള്ള നോവലുകളിൽ നിന്നും തികച്ചും വ്യത്യാസപ്പെട്ടു നിൽക്കുന്നു. കഥാന്ത്യത്തിൽ എല്ലാ പ്രശ്‌നങ്ങളെയും അതിജീവിച്ച് ഒത്തുചേരുന്ന കമിതാക്കളെ നാം പല നോവലുകളിലും കണ്ടിട്ടുണ്ട്. എന്നാൽ ബഷീറിന്റെ ബാല്യകാല സഖി ഇവിടെ വേറിട്ട് നിൽക്കുന്നു. വൈവിധ്യങ്ങളുള്ള ഈ നോവലിന്റെ അറബി വിവർത്തനം വന്നതോടെ ഇന്തോ - അറബ് സാഹിത്യ സാംസ്‌കാരിക വിനിമയ രംഗത്ത് കൂടുതൽ സജീവമായ ചർച്ചകളാണ് നടക്കുക. ബാല്യകാല സഖിയെ ഒരു പ്രണയ നോവൽ എന്നതിനപ്പുറം പച്ചയായ മനുഷ്യ ജീവിതത്തിന്റെ കഥയായാണ് താൻ മനസ്സിലാക്കുന്നത് എന്നാണ് വിവർത്തകൻ അഭിപ്രായപ്പെടുന്നത്. എന്തായിരുന്നാലും എഴുതപ്പെട്ട് മുക്കാൽ നൂറ്റാണ്ടിനു ശേഷം ഒരു പ്രവാസി മലയാളി ബാല്യകാല സഖി അറബി സാഹിത്യ ലോകത്തിന് സമ്മാനിക്കുകയെന്നത് അഭിനന്ദനാർഹം തന്നെ. മനോഹരമായ ഒരു പ്രണയ കഥയാണ് ബാല്യകാല സഖിയെന്ന് സധാരണയായി പറഞ്ഞുവരുന്നുണ്ടെങ്കിലും അതിദാരുണങ്ങളായ ജീവിത യാഥാർത്ഥ്യങ്ങളെ കൂടി ഉൾക്കൊള്ളിച്ചാണ് ഇത് രചിച്ചിരിക്കുന്നത്. 'ബാല്യകാല സഖി ജീവിതത്തിൽ നിന്നും വലിച്ചു ചീന്തിയ ഒരേടാണ്. വാക്കിൽ രക്തം പൊടിഞ്ഞിരിക്കുന്നു. ചിലർക്കു ചുടുചോര കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു പേടിയും അറപ്പും തോന്നും. ബോധക്ഷയം സംഭവിച്ചേക്കാം. അങ്ങനെയുള്ളവർ സൂക്ഷിച്ചു വേണം പുസ്തകം വായിക്കാൻ' എന്നാണ് പുസ്തകത്തെക്കുറിച്ച് അവതാരികയിൽ എം.പി പോൾ പറഞ്ഞിരിക്കുന്നത്.
സ്വാതന്ത്ര്യ സമരത്തിൽ ആവേശം കൊണ്ട് നാടുവിട്ട ബഷീർ കൊൽക്കത്തയിലായിരിക്കുന്ന കാലത്താണ് ബാല്യകാല സഖി രചിച്ചത്. ആദ്യം ഇംഗ്ലീഷിൽ രചിച്ച പുസ്തകം നാട്ടിലെത്തിയ ശേഷം അദ്ദേഹം മാതൃഭാഷയിലേക്ക് തർജമ ചെയ്തു.
മതവിദ്യാഭ്യാസം നേടിയ സുഹൈൽ വാഫി ബാല്യകാല സഖി എന്ന പ്രണയ നോവൽ വിവർത്തനം ചെയ്തത് സംബന്ധിച്ച് തന്റെ അഭ്യുദയ കാംക്ഷികളുടെ ആശങ്കകൾക്ക് മറുപടിയായി വിവർത്തകൻ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്.
സുഹ്‌റയും മജീദും ആദ്യകാലത്ത് ബദ്ധവൈരികളായിരുന്നു. മാങ്ങാക്കൊതിച്ചിയായിരുന്ന സുഹ്‌റയ്ക്ക് മജീദ് മാങ്ങ പറിച്ചു കൊടുക്കുന്നതോടെ അവർ കൂട്ടുകാരാവുന്നു. പിന്നീട് കമിതാക്കളും. പക്ഷേ വിധി അവർക്കായി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. സമ്പന്നനായിരുന്ന മജീദ് ഹോട്ടലിലെ എച്ചിൽ പാത്രങ്ങൾ കഴുകാൻ വിധിക്കപ്പെടുന്നു. മിടുക്കിയായിട്ടും ദാരിദ്ര്യം മൂലം തുടർന്ന് പഠിക്കാൻ സാധിക്കാതിരുന്ന സുഹ്‌റ ഒടുവിൽ രണ്ടാം കെട്ടുകാരന്റെ ഭാര്യയായിത്തീരുകയും ദുരിത ജീവിതം കഴിച്ചുകൂട്ടി രോഗിയായി ഒടുവിൽ മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നു.
അവതാരിക ഒഴിച്ചുനിർത്തിയാൽ വെറും 76 പേജുകൾ മാത്രമുള്ള ബാല്യകാല സഖി എന്ന നോവലിലെ പ്രണയവും വിരഹവുമൊന്നും അറബ് ലോകത്ത് പുതിയതല്ല. മനുഷ്യരുള്ളിടത്തൊക്കെ സാർവത്രികമായ വികാരങ്ങളാണ് ഇവയൊക്കെ. എന്നാൽ മാനവിക വികാരങ്ങളെ തന്മയത്വത്തോടെ വേഗത്തിൽ ലളിതമായി പറഞ്ഞുപോകുന്ന നോവലിന്റെ ശൈലിയാകാം ഈ രചനയെ സവിശേഷമാക്കുന്നത്. ആ ശൈലിയോടും പ്രയോഗങ്ങളോടും കഴിയാവുന്നത്ര നീതി പുലർത്തിയാണ് സുഹൈൽ വാഫി ഈ ദൗത്യം വിജയിപ്പിച്ചിരിക്കുന്നത്. വായനയെ സ്‌നേഹിക്കുന്ന ഓരോ മലയാളിയുടേയും മനം കവർന്ന ആ പ്രണയ കഥ അറബ് സാഹിത്യ ലോകത്തും ശ്രദ്ധിക്കപ്പെടും. പുസ്തകം പുറത്തിറങ്ങി ദിവസങ്ങൾ പിന്നിടുമ്പോൾ ലഭിക്കുന്ന സൂചനകൾ ഏറെ പ്രതീക്ഷാ നിർഭരമാണ്.
എന്റെ പുസ്തകങ്ങൾ, അതെല്ലാം എത്ര കാലം നിലനിൽക്കും? പുതിയ ലോകം വരുമല്ലോ. പഴമ എല്ലാം പുതുമയിൽ മായേണ്ടതുമാണല്ലോ. എന്റേത് എന്ന് പറയാൻ എന്താണുള്ളത്? എന്റേതായി എന്തെങ്കിലും ഒരു തരി അറിവ് ഞാൻ സംഭാവന ചെയ്തിട്ടുണ്ടോ? അക്ഷരങ്ങൾ, വാക്കുകൾ, വികാരങ്ങൾ ഒക്കെയും കോടി മനുഷ്യർ ഉപയോഗിച്ചിട്ടുള്ളതുമാണല്ലോ എന്നാണ് വൈക്കം മുഹമ്മദ് ബഷീർ സ്വന്തം രചനകളെക്കുറിച്ച് പറഞ്ഞതെങ്കിലും കാലദേശാതിർത്തികൾ ഭേദിച്ച് ബഷീർ ഇന്നും സജീവമായി വായിക്കപ്പെടുന്നു എന്നതാണ് യാഥാർഥ്യം.
കഥാനായകനായ മജീദും നായിക സുഹ്‌റയും കണ്ടുമുട്ടുന്നത് അവർക്ക് യഥാക്രമം ഒമ്പതും ഏഴും വയസ്സുള്ളപ്പോഴായിരുന്നു. ബാല്യകാലം തൊട്ടേ അവർ സുഹൃത്തുക്കളായിരുന്നുവെങ്കിലും അവർ പരിചിതരാകുന്നതിനു മുൻപേ ബദ്ധശത്രുക്കളായിരുന്നു എന്നതാണ് രസകരമായ വസ്തുത. അവരെ ആദ്യം വൈരികളാക്കിയതും പിന്നീട് അടുപ്പിച്ചതും സുഹ്‌റയുടെ വീട്ടിനടുത്തുള്ള തൈമാവിലെ മൂത്തുപഴുത്ത മധുരമൂറുന്ന മാമ്പഴങ്ങളായിരുന്നു. പറയാൻ മറന്നു: നാട്ടിലെ ഏറ്റവും വലിയ പണക്കാരിൽ ഒരാളാണ് മജീദിന്റെ ബാപ്പ. എങ്കിലും മജീദിന്റെ സ്വപ്‌നങ്ങളിൽ അവൻ സുൽത്താനാകുമ്പോൾ എന്നും അവന്റെ പട്ടമഹിഷിയായ രാജകുമാരിയുടെ പദം അലങ്കരിച്ചിരുന്നത് അവന്റെ സ്വന്തം സുഹ്‌റയായിരുന്നു.
വയസ്സിൽ വ്യത്യാസമുണ്ടായിരുന്നെങ്കിലും ഒരു ക്ലാസിലാണ് അവർ പഠിച്ചിരുന്നത്. സുഹ്‌റ കണക്കിൽ മിടുമിടുക്കിയായിരുന്നു. മജീദ് ഒരു മരമണ്ടനും. ക്ലാസിൽ അവനെ ഹാജർ വിളിച്ചിരുന്നത് പോലും 'മണ്ടശിരോമണി' എന്നായിരുന്നു. ഒന്നും ഒന്നും 'ഉമ്മിണി വല്യ ഒന്ന്' എന്ന കണക്കിലെ ഒരു പുതിയ തത്വം കണ്ടുപിടിച്ചതും മജീദ് ആയിരുന്നു. പക്ഷേ, സുഹ്‌റയുടെ അടുത്തായി ബെഞ്ചിൽ സ്ഥാനമുറപ്പിച്ചതോടെ മജീദ് കണക്കിൽ ഒന്നാമതായി. സുഹ്‌റയുടെ സ്ലേറ്റിൽ അവൾ ആദ്യം ചെയ്യുന്ന കണക്കുകൾ പക്ഷേ, ആദ്യം ക്ലാസിൽ പറയുക മജീദായിരുന്നു.
അങ്ങനെ ആ വലിയ സംഭവങ്ങൾ ഒരേ സമയത്ത് തന്നെ നടന്നു. സുഹ്‌റയുടെ കാതുകുത്ത് കല്യാണവും മജീദിന്റെ കല്യാണവും. ഉണങ്ങിയ പാള മുറിക്കുന്നത് പോലെ ഒരനുഭൂതി എന്നാണ് മജീദിന് അതിനെക്കുറിച്ച് തോന്നിയത്. പണക്കാരനായതിനാൽ മജീദിന്റെ ചടങ്ങ് ഒരു സംഭവമായിരുന്നു, സുഹ്‌റയുടേത് അടുത്ത ആളുകൾ മാത്രം പങ്കെടുത്ത ഒരു ചെറിയ ചടങ്ങും.
സുഹ്‌റയും മജീദും അക്കൊല്ലം ജയിച്ചു. എന്നാൽ സുഹ്‌റയുടെ ബാപ്പയുടെ അകാല മരണം പട്ടണത്തിൽ പോയി പഠിക്കാനുള്ള സുഹ്‌റയുടെ സ്വപ്‌നം പാടേ തകർത്തു. പട്ടണത്തിലെ സ്‌കൂളിൽ ചേർന്ന മജീദ് സുഹ്‌റയെയും സ്‌കൂളിൽ ചേർക്കാൻ തന്റെ ബാപ്പയോട് അപേക്ഷിച്ചുവെങ്കിലും അദ്ദേഹം അത് നിഷ്‌കരുണം നിരാകരിച്ചു. കാലചക്രം മെല്ലെ തിരിഞ്ഞു. മാറും തലയും വളർന്ന ഒരു യുവതിയായി സുഹ്‌റ; മജീദ് പൊടിമീശക്കാരനായ ഒരു യുവാവും. കാലിൽ വിഷക്കല്ല് കൊണ്ട് കിടപ്പിലായ മജീദിനെ ശുശ്രൂഷിക്കാൻ എത്തിയ സുഹ്‌റയുമായി മജീദ് ആദ്യ ചുംബനത്തിന്റെ രുചി നുണഞ്ഞു.

സുഹ്‌റ മജീദിനെയും മജീദ് സുഹ്‌റയെയും സ്‌നേഹിക്കുന്നുണ്ട്. പക്ഷേ, പ്രമാണിയായ ബാപ്പയുമായുണ്ടായ ഒരു ഉരസലിൽ വ്രണിത ഹൃദയനായി അഭിമാനിയായ മജീദ് വീടും നാടും വിട്ടു; അവന്റെ പ്രിയപ്പെട്ട സുഹ്‌റയോട് ഒരു യാത്ര പോലും പറയാതെ. അവൻ എവിടെയൊക്കെയോ അലഞ്ഞുതിരിഞ്ഞു; സുദീർഘമായ എട്ടോ പത്തോ വർഷക്കാലം. ആരുമായും ഒരു കത്തിടപാടു പോലും അവൻ നടത്തിയില്ല.
ആരെങ്കിലും അന്വേഷിച്ച് വന്നാലോ എന്നതായിരുന്നു അവന്റെ ഭയം. പണം സമ്പാദിക്കണം എന്ന മോഹമേ അവനില്ലായിരുന്നു. കാണുക, അറിയുക അതായിരുന്നു അവന്റെ ലക്ഷ്യം. ഒരുപാടു അലഞ്ഞുതിരിഞ്ഞപ്പോൾ ജീവിതത്തിന്റെ നിരർത്ഥകത ബോധ്യപ്പെട്ട് വിഷാദ ഭരിതനായി മജീദ് നാട്ടിലേക്ക് തിരിച്ചു. സുഹ്‌റയെ വിവാഹം കഴിച്ച് ശിഷ്ട ജീവിതം കഴിച്ചുകൂട്ടുകയായിരുന്നു അവന്റെ ഉദ്ദേശ്യം. എന്നാൽ അവനെ കാത്തിരുന്നതോ? കച്ചവടത്തിലെ നഷ്ടവും ചില ചതിക്കുഴികളിൽ വീണ് എല്ലാം നഷ്ടപ്പെട്ട വൃദ്ധരായ മാതാപിതാക്കൾ, വിവാഹ പ്രായം കഴിഞ്ഞ സഹോദരിമാർ, എല്ലാറ്റിനും ഉപരിയായി വിവാഹിതയായ സുഹ്‌റയും.
ആദ്യം പിണങ്ങിയെങ്കിലും രണ്ടാം കെട്ടുകാരന്റെ ഭാര്യയായിത്തീരേണ്ടി വന്ന സുഹ്‌റയുടെ നരക സമാനമായ ജീവിതം കണ്ട് വീണ്ടുമവൻ സുഹ്‌റയുമായി അടുത്തു. അവന്റെ വീട്ടുകാരും അവർക്ക് മൗനാനുവാദം കൊടുത്തു. അങ്ങനെ, തന്റെ പുരനിറഞ്ഞു നിൽക്കുന്ന സഹോദരിമാരെ കെട്ടിച്ചയച്ച്, അതിനുശേഷം സുഹ്‌റയെ സ്വന്തമാക്കാൻ പണമുണ്ടാക്കുന്നതിനു വേണ്ടി വീണ്ടും അവൻ നാടുവിട്ടു. കുറെ അലച്ചിലിന് ശേഷം, സൈക്കിളിൽ സാധനങ്ങൾ കൊണ്ടുനടന്ന് വിൽപന നടത്തുന്ന ചെറുതെങ്കിലും നല്ല ഒരു ജോലി അവനു ലഭിച്ചു. ജീവിതം വീണ്ടും പച്ചപിടിച്ച് തുടങ്ങുകയായിരുന്നു. പക്ഷേ, വിധി വീണ്ടും അവനോട് ക്രൂരത കാണിച്ചു, ഒരു സൈക്കിൾ ആക്‌സിഡന്റിന്റെ രൂപത്തിൽ. ദിവസങ്ങൾക്ക് ശേഷം ഓർമ വരുമ്പോൾ ഒരു കാല് പകുതി നഷ്ടപ്പെട്ടിരുന്നു അവന്. കൈയിൽ ശേഷിക്കുന്ന, കമ്പനി കൊടുത്ത ചെറിയ നഷ്ടപരിഹാരത്തുകയുമായി വീണ്ടും അവൻ തെരുവിലേക്കിറങ്ങി.
എന്നാൽ വീട്ടുകാരോടോ സുഹ്‌റയോടോ തന്റെ ദുർവിധി അവൻ വെളിപ്പെടുത്തിയില്ല. അലഞ്ഞു തിരിഞ്ഞ് അവസാനം ഒരു ഹോട്ടലിലെ എച്ചിൽ പാത്രങ്ങൾ കഴുകുന്ന ജോലി അവന് ലഭിച്ചു. അതിൽനിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ജീവിതത്തിൽ പിടിച്ചു കയറുകയായിരുന്ന അവന് വീട്ടിൽ നിന്ന് അശനിപാതം പോലൊരു കത്ത് വന്നു. അവന്റെ എല്ലാമെല്ലാമായ പ്രിയപ്പെട്ട സുഹ്‌റ ഈ ലോകത്തോട് എന്നന്നേക്കുമായി വിട പറഞ്ഞു. വീട് ജപ്തിയിലാണ്. എന്ത് ചെയ്യണം എന്ന് അവർക്കറിയില്ല. കുറെ നേരം പ്രപഞ്ചം ശൂന്യമായിപ്പോയ പോലെ തോന്നി മജീദിന്. അവൻ വീണ്ടും പാത്രങ്ങൾ കഴുകി ശ്രദ്ധയോടെ അടുക്കിത്തുടങ്ങി.
അന്ന് യാത്ര പറഞ്ഞു ഇറങ്ങുന്നതിന് മുൻപ് സുഹ്‌റ അവനോട് എന്തോ പറയുവാൻ തുടങ്ങിയതായിരുന്നു. പക്ഷേ, മുഴുമിപ്പിക്കാൻ ബസിന്റെ ഹോൺ അനുവദിച്ചില്ല. എന്തായിരുന്നു അന്ന് ഒടുവിലായി സുഹ്‌റ പറയാൻ തുടങ്ങിയത്? നോവൽ ഇവിടെ തീരുന്നു. ഉന്നതമായ ഭാവനയും വിസ്തൃതമായ ലോകാനുഭവവും സൂക്ഷ്മമായ മനുഷ്യ ഹൃദയ ജ്ഞാനവും ഇക്കഥയിൽ സമന്വയിക്കുന്നു. അതുകൊണ്ടു തന്നെ അറബ് സാഹിത്യ ലോകത്ത് ബഷീറിനെ പഠിക്കാൻ ഈ ലഘുകൃതി പ്രേരണയായേക്കുമെന്നാണ് കരുതുന്നത്.






