Sorry, you need to enable JavaScript to visit this website.

മഴ വന്നാൽ... ഡക്‌വർത്ത്-ലൂയിസ്

ക്രിക്കറ്റിലെ സൂപ്പർസ്റ്റാറുകളായ വിരാട് കോഹ്്‌ലിയുടെയും ക്രിസ് ഗയ്‌ലിന്റെയും ബെൻ സ്‌റ്റോക്‌സിന്റെയും പേരുകൾ പോലെ സുപരിചിതമാണ് ഈ വയോധികന്റെ പേരും. അവർക്കൊപ്പം ടി.വി സ്‌ക്രീനുകളിലും സ്‌കോർ ബോർഡുകളിലും അദ്ദേഹവുമുണ്ട്. പല കളികളുടെയും ഫലം നിർണയിക്കുന്നത് അദ്ദേഹമാണ്. ചൂടേറിയ വിവാദങ്ങൾക്ക് കാരണക്കാരനാവാറുണ്ട്. എങ്കിലും ബാറ്റ് വീശുകയോ പന്തെറിയുകയോ ക്യാച്ചെടുക്കുകയോ ഫീൽഡ് ചെയ്യുകയോ ഒന്നും ചെയ്യാറില്ല. ലോക ക്രിക്കറ്റിൽ ഫ്രാങ്ക് ഡക്‌വർത്തിന്റെ പ്രാധാന്യം ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. മഴ തടസ്സപ്പെടുത്തുന്ന മത്സരങ്ങളുടെ ഫലം എങ്ങനെ നിശ്ചയിക്കുമെന്ന കുഴഞ്ഞു മറിഞ്ഞ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയ വ്യക്തിയാണ് അദ്ദേഹം. 22 വർഷമായി ഡക്‌വർത്തിന്റെ തിയറിയനുസരിച്ചാണ് മഴ മുടക്കുന്ന കളികളുടെ വിധി തീരുമാനിക്കുന്നത്. ഈ ലോകകപ്പിൽ പോലും നിരവധി മത്സരങ്ങളിൽ വിജയം തീരുമാനിക്കാൻ ഡക്‌വർത്തിനെ ആശ്രയിക്കേണ്ടി വന്നു. രണ്ടാഴ്ച പിന്നിടും മുമ്പ് തന്നെ മഴ ഏറ്റവുമധികം തടസ്സപ്പെടുത്തിയ ലോകകപ്പായി മാറിയിട്ടുണ്ട് ഇത്തവണത്തേത്. 
എങ്കിലും ക്രിക്കറ്റിന്റെ പുണ്യഭൂമിയായി വിശേഷിപ്പിക്കപ്പെടുന്ന ലോഡ്‌സ് ഗ്രൗണ്ടിന്റെയോ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിന്റെയോ കൊൽക്കത്ത ഈഡൻ ഗാർഡൻസിന്റെയോ ഗെയ്റ്റിലൂടെ കടന്നുവന്നാൽ പോലും ഡക്‌വർത്തിനെ ആരും തിരിച്ചറിയില്ല. ഡി.എൽ.എസ് മെത്തേഡിലെ ആദ്യ ഭാഗമാണ് ഡക്‌വർത്ത്്. ലൂയിസും സ്‌റ്റേണുമാണ് എല്ലും എസ്സും. 
'ആളുകൾ കരുതുന്നത് ഡക്‌വർത്തും ലൂയിസും കണക്കുകളുടെ ലോകത്ത് മുങ്ങിത്തപ്പിയ ഐൻസ്റ്റീൻമാരാണെന്നാണ്. ക്രിക്കറ്റിനെ സ്‌നേഹിക്കുകയും ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്ന സാധാരണ മനുഷ്യന്മാർ മാത്രമാണ് ഞങ്ങളെന്ന് പലരും മനസ്സിലാക്കുന്നില്ല' -ഡക്‌വർത്ത് പറഞ്ഞു. റിട്ടയേഡ് സ്റ്റാറ്റിസ്റ്റിഷ്യനാണ് എഴുപത്തൊമ്പതുകാരനായ ഡക്‌വർത്ത്. ചാരുകസേര ക്രിക്കറ്ററെന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. സ്‌കൂൾ കാലത്ത് കുന്നു പോലെ ജാക്കറ്റുകൾ വിക്കറ്റായി വെച്ച് കളിച്ചല്ലാതെ ഡക്‌വർത്ത് ക്രിക്കറ്റ് ഗ്രൗണ്ടുകളിൽ അധികം ഇറങ്ങിയിട്ടില്ല. തന്റെ ഉയർന്ന സ്‌കോർ അദ്ദേഹം ഇപ്പോഴും ഓർമിക്കുന്നു. ജൂനിയർ സ്‌കൂൾ ഹൗസ് മത്സരത്തിലെ 11 നോട്ടൗട്ട്. എങ്കിലും തന്റെ സ്‌കോറിംഗ് സൂത്രവാക്യത്തിലൂടെ ഡക്‌വർത്ത് ക്രിക്കറ്റിൽ ആഴത്തിലുള്ള വ്യക്തിമുദ്ര പതിപ്പിച്ചു. സാധാരണ ക്രിക്കറ്റ്‌പ്രേമികൾ ഇപ്പോഴും ഇതെങ്ങനെയാണ് ഇവർ ലക്ഷ്യം നിർണയിക്കുന്നതെന്ന് തല പുകക്കാറുണ്ട്. എന്നാൽ വളരെ ലളിതമാണ് തങ്ങളുടെ സ്‌കോറിംഗ് രീതിയെന്ന് ഡക്‌വർത്ത് പറയുന്നു. 
അറുപതുകളിലാണ് ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് ഏകദിന ക്രിക്കറ്റ് രൂപം കൊള്ളുന്നത്. 1971 ലായിരുന്നു ആദ്യ രാജ്യാന്തര മത്സരം. തുടക്കത്തിൽ മഴ തടസ്സപ്പെടുത്തുന്ന കളികളിൽ ലക്ഷ്യം നിർണയിച്ചത് ഓവറുകളിൽ ടീം സ്‌കോർ ചെയ്യുന്ന ശരാശരി റൺസിനെ ആസ്പദമാക്കിയാണ്. ലളിതമെങ്കിലും അനീതിയായിരുന്നു ഈ സൂത്രവാക്യം. എത്ര വിക്കറ്റ് നഷ്ടപ്പെട്ടു എന്നത് ഒട്ടും കണക്കിലെടുക്കുന്നില്ല എന്നതായിരുന്നു ഈ രീതിയുടെ ഏറ്റവും വലിയ ന്യൂനത. 'ആദ്യം ബാറ്റ് ചെയ്ത ടീം അമ്പതോവറിൽ 250 റൺസെടുക്കുകയും മഴയെത്തുമ്പോൾ രണ്ടാമത് ബാറ്റ് ചെയ്ത ടീം ഒമ്പതിന് 126 ലെത്തുകയും ചെയ്തുവെന്നു കരുതുക. രണ്ടാമത്തെ ടീം 250 റൺസിലെത്താനുള്ള സാധ്യത വളരെ വിരളമാണ്. എന്നാൽ പഴയ രീതിയനുസരിച്ച് രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ജയിക്കുക' -ഡക്‌വർത്ത് ചൂണ്ടിക്കാട്ടി. 
തൊണ്ണൂറുകളുടെ തുടക്കത്തിൽ മറ്റൊരു രീതി ആശ്രയിച്ചു. ഏറ്റവും കുറവ് റൺസ് പിറന്ന ഓവറുകൾ വെട്ടിക്കുറക്കുക. 1992 ലോകകപ്പിന്റെ സെമി ഫൈനലിൽ ഈ രീതിയുടെ ന്യൂനത ക്രിക്കറ്റ് ലോകം പകൽവെളിച്ചം പോലെ കണ്ടു. ഇംഗ്ലണ്ടിനെതിരെ 2.1 ഓവർ ശേഷിക്കെ ദക്ഷിണാഫ്രിക്കക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 22 റൺസായിരുന്നു. സാധാരണഗതിയിൽ പ്രാപ്യമായ ലക്ഷ്യം. ചെറിയ മഴ പെയ്തതോടെ രണ്ടോവർ നഷ്ടപ്പെട്ടു. ഇംഗ്ലണ്ട് ഏറ്റവും കുറവ് സ്‌കോർ ചെയ്ത രണ്ടോവർ വെട്ടിക്കുറച്ചു. അതിലൊന്ന് മെയ്ഡനായിരുന്നു, രണ്ടാമത്തേതിൽ ഒരു റണ്ണാണ് പിറന്നത്. ഫലത്തിൽ ഒരു പന്തിൽ 22 റൺസ് എന്നായി ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം. ആര് വിചാരിച്ചാലും പ്രാപ്യമല്ലാത്ത ലക്ഷ്യം. ദക്ഷിണാഫ്രിക്ക പുറത്താവുകയും ഐ.സി.സി നാണം കെടുകയും ചെയ്തു. 
അതോടെ ലോകമെങ്ങുമുള്ള സ്റ്റാറ്റിസ്റ്റിയഷന്മാർക്ക് അഭ്യർഥന പോയി. ആരെങ്കിലും ന്യായമായ സ്‌കോറിംഗ് രീതി തയാറാക്കുക. ഡക്‌വർത്താണ് ആ വിളിക്ക് ഉത്തരം നൽകിയത്. 
എൺപതുകളുടെ മധ്യത്തിൽ തന്നെ ഡക്‌വർത്ത് സ്‌കോറിംഗ് സൂത്രവാക്യം തയാറാക്കുകയും ക്രിക്കറ്റ് അധികൃതർക്ക് അയച്ചു കൊടുക്കുകയും ചെയ്തിരുന്നുവെന്നതാണ് യാഥാർഥ്യം. സങ്കീർണമാണെന്നു പറഞ്ഞ് അവർ അത് അലമാരിയിൽ പൂട്ടിവെച്ചുവെന്ന് ഡക്‌വർത്ത് പറയുന്നു. 1992 ലോകകപ്പിലെ മാനക്കേടിനു ശേഷമാണ് ആ റിപ്പോർട്ട് തുറന്നു നോക്കാൻ ഐ.സി.സി തയാറായത്. ഏതാനും മാസത്തിനു ശേഷം റോയൽ സ്റ്റാറ്റിസ്റ്റിക്കൽ സൊസൈറ്റി സമ്മേളനത്തിൽ മഴ നിയമത്തെക്കുറിച്ച് ഡക്‌വർത്ത് പ്രബന്ധം അവതരിപ്പിച്ചു. ഇത് ടോണി ലൂയിസ് എന്ന യൂനിവേഴ്‌സിറ്റി ലെക്ചറർ കേൾക്കാനിടയായി. ഇരുവരും അതിനു ശേഷം സഹകരിച്ചു. ലോഡ്‌സിൽ ആദ്യം ഇംഗ്ലണ്ട് ബോർഡിനും പിന്നീട് ഐ.സി.സിക്കും മുന്നിൽ അവർ തിയറി അവതരിപ്പിച്ചു.  
ഡക്‌വർത്ത്-ലൂയിസ് നിയമത്തിന്റെ വ്യത്യാസം അത് ബാക്കിയുള്ള ഓവറുകളും അവശേഷിച്ച വിക്കറ്റുകളുടെ എണ്ണവും കണക്കിലെടുക്കുന്നു എന്നതാണ്. 1997 ജനുവരി ഒന്നിന് ഹരാരെയിൽ സിംബാബ്‌വെയും ഇംഗ്ലണ്ടും തമ്മിലുള്ള കളിയിലാണ് ഡക്‌വർത്ത്-ലൂയിസ് നിയമം ആദ്യം പ്രാബല്യത്തിൽ വന്നത്. പലർക്കും മനസ്സിലായിട്ടില്ലെങ്കിൽ പോലും ആ നിയമം ഇന്നും സർവാംഗീകാരമുള്ള സിദ്ധാന്തമായി തുടരുന്നു. 
ഇത്രയും കാലം തുടർന്ന നിയമം ഇനിയും തുടരാതിരിക്കാൻ കാരണമൊന്നുമില്ലെന്ന് ഡക്‌വർത്ത് പറയുന്നു. ഓരോ മത്സര ഫലത്തിന്റെയും കൂടെ തന്റെ പേര് കാണുമ്പോൾ അഭിമാനം തോന്നാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'ഒരിക്കൽ ഭാര്യയുമൊത്ത് ഓസ്‌ട്രേലിയയിലെ ഒരു ബാറിലിരിക്കുമ്പോൾ ഡി.എൽ മെത്തേഡ് എന്ന് സ്‌ക്രീനിൽ കാണിച്ചു. അതിൽ ഡി താനാണെന്ന് ചിന്തിച്ചപ്പോൾ ഉള്ളിലൊരു കുളിര് തോന്നി'.
2010 ൽ ഡക്‌വർത്തിനെയും ലൂയിസിനെയും മെമ്പർ ഓഫ് ദ ഓർഡർ ഓഫ് ബ്രിട്ടിഷ് എംപയർ ബഹുമതി നൽകി എലിസബത്ത് രാജ്ഞി ആദരിച്ചു. മറ്റു നിരവധി മെഡലുകളും അവാർഡുകളും അവരെത്തേടിയെത്തി. തന്റെ സിദ്ധാന്തത്തിന് ന്യൂനതകളുണ്ടെന്ന് ഡക്‌വർത്ത് സമ്മതിക്കുന്നു. വരാനിരിക്കുന്ന ബാറ്റ്‌സ്മാന്മാരുടെ കരുത്ത് മനസ്സിലാക്കാൻ നിയത്തിന് സാധിക്കുന്നില്ല. ക്യാപ്റ്റന്മാർ കളിക്കാരുടെ കഴിവനുസരിച്ച് റാങ്കിംഗ് നിർണയിച്ചു കൊടുത്താൽ ഈ ന്യൂനത പരിഹരിക്കാമെന്ന് അദ്ദേഹം പറയുന്നു. 
ഏകദിനങ്ങളിലെയും ട്വന്റി20 കളിലെയും കണക്കുകൾ രണ്ടു വർഷത്തിലൊരിക്കൽ സൂക്ഷ്മമായി പഠിക്കുന്നുണ്ട്. പവർപ്ലേ പോലെ നിയമങ്ങളിൽ വരുന്ന മാറ്റങ്ങൾക്കനുസരിച്ചും കളിക്കുന്ന രീതിയിൽ വരുന്ന പരിഷ്‌കാരങ്ങൾക്കനുസരിച്ചും ഡക്‌വർത്ത്-ലൂയിസ് നിയമത്തിൽ മാറ്റം വരുത്താറുണ്ട്. 
ഡക്‌വർത്തും ലൂയിസും ആറു വർഷം മുമ്പ് തങ്ങളുടെ നിയമം പരിഷ്‌കരിക്കുന്ന ചുമതല ഉപേക്ഷിച്ചു. പകരം ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിലുള്ള യൂനിവേഴ്‌സിറ്റി സ്റ്റാറ്റിസ്റ്റിക്‌സ് പ്രൊഫസർ സ്റ്റീവൻ സ്റ്റേണാണ് അക്കാര്യം നിർവഹിക്കുന്നത്. അതോടെ ഡക്‌വർത്ത്-ലൂയിസ് നിയമം ഡക്‌വർത്ത്-ലൂയിസ്-സ്‌റ്റേൺ (ഡി.എൽ.എസ്) മെത്തേഡായി മാറി. 
ലണ്ടന് 100 മൈൽ പടിഞ്ഞാറുള്ള ഗ്ലസ്റ്റഷയറിലാണ് ഡക്‌വർത്ത് താമസിക്കുന്നത്. പൂർണമായി വിരമിച്ചെങ്കിലും ഇപ്പോഴും ക്രിക്കറ്റ് തന്നെ ഉണർത്തുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ഈ ലോകകപ്പിന്റെ സമയത്ത് അദ്ദേഹം ബ്രിസ്റ്റൾ കൗണ്ടി ഗ്രൗണ്ടിൽ സേവനമനുഷ്ഠിക്കുന്നു. ബ്രിസ്റ്റളിൽ മൂന്നു മത്സരങ്ങളുണ്ട്. അതിൽ രണ്ടെണ്ണം മഴ കാരണം ഉപേക്ഷിച്ചു. സ്‌കോറർമാരുടെ മുറിയിലിരുന്ന് മഴ നിരീക്ഷിക്കുന്നത് സങ്കടകരമായ അവസ്ഥയാണെന്ന് ഡക്‌വർത്ത് പറഞ്ഞു. പക്ഷെ കളിക്കിടയിൽ മഴ വരുമ്പോൾ ക്രിക്കറ്റ് പ്രേമികൾ ആദ്യം ഓർക്കുന്നത് ഈ പേരാണ് -ഡക്‌വർത്ത്.

Latest News