ദുബായ്- ഇവന്റ് മാനേജ്മെന്റ് കമ്പനിയിലെ ജോലിക്കെന്ന് പറഞ്ഞ് ദുബായിലെത്തിച്ച്, ഡാന്‍സ് ബാറുകളില്‍ നൃത്തമാടാന്‍ നിര്‍ബന്ധിക്കപ്പെട്ട നാല് ഇന്ത്യന്‍ യുവതികളെ തിരിച്ചയച്ചു. ഇന്ത്യന്‍ എംബസിക്ക് കിട്ടിയ വിവരം കൈമാറിയതിനെത്തുടര്‍ന്ന് ദുബായ് പോലീസ് നടത്തിയ സമയോചിത ഇടപെടലിലൂടെയാണ് ഇവരെ മോചിപ്പിച്ചത്. തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ സ്വദേശികളാണ് യുവതികള്‍.
ദുബായില്‍ വന്നിറങ്ങിയതോടെയാണ് യുവതികള്‍ക്ക് കെണി മനസ്സിലായത്. തൊഴിലുടമ ഇവടെ മുറിയില്‍ പൂട്ടിയിച്ചു. പിന്നീട് ഡാന്‍സ് ബാറില്‍ ജോലിക്ക് നിര്‍ബന്ധിച്ചു.
വാട്സ്ആപ് വഴി യുവതികളിലൊരാള്‍ക്ക് വീട്ടിലേക്ക് രക്ഷാസന്ദേശം അയക്കാന്‍ കഴിഞ്ഞതാണ് സംഭവത്തില്‍ വഴിത്തിരിവായത്. വീട്ടുകാര്‍ കേന്ദ്ര വിദേശ സഹമന്ത്രി വി. മുരളീധരനുമായി ബന്ധപ്പെട്ടു. അദ്ദേഹം എംബസിയില്‍ വിവരമറിയിക്കുകയും ദുബായ് പോലീസിനെ പ്രശ്നത്തില്‍ ഇടപെടുവിക്കുകയുമായിരുന്നു.

ദുബായ് പോലീസിന്റെ സത്വര ഇടപെടലിന് നന്ദി അറിയിക്കുന്നതായി ദുബായ് കോണ്‍സല്‍ ജനറല്‍ വിപുല്‍ പറഞ്ഞു. തൊഴിലുടമയില്‍നിന്ന് മോചിപ്പിച്ച യുവതികളെ അഭയകേന്ദ്രത്തില്‍ താമസിപ്പിക്കുകയും പിന്നീട് കോഴിക്കോട് വിമാനത്തില്‍ നാട്ടിലേക്ക് അയക്കുകയുമായിരുന്നു. 20 നും 30 നുമിടക്ക് പ്രായമുള്ളവരാണ് യുവതികള്‍.
ഇവരെ ദുബായിലേക്ക് റിക്രൂട്ട് ചെയ്ത ഏജന്റിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാരിന് കത്തെഴുതുമെന്ന് വിപുല്‍ പറഞ്ഞു.
തങ്ങളുടെ വിസ സ്റ്റാറ്റസ് കൃത്യമായി പരിശോധിച്ച ശേഷമേ വിമാനം കയറാവു എന്ന് കോണ്‍സുലേറ്റ് പ്രവാസികളെ ഒരിക്കല്‍കൂടി ഓര്‍മിപ്പിച്ചു. പ്രവാസി ഭാരതീയ സഹായത കേന്ദ്ര വഴി ഇത് ചെയ്യാനാകും. യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് ആമിര്‍ വെബ്സൈറ്റ് വഴി വിസ സ്റ്റാറ്റസ് പരിശോധിക്കണമെന്നും കോണ്‍സുലേറ്റ് ഉണര്‍ത്തി.
ഇന്ത്യന്‍ കോണ്‍സുലേറ്റും ദുബായ് പോലീസും സംയുക്തമായി നടത്തിയ ഓപറേഷനിലൂടെ നേരത്തേയും ഡാന്‍സ് ബാറില്‍നിന്ന് ഇന്ത്യന്‍ യുവതികളെ മോചിപ്പിച്ചിരുന്നു. ജ്വല്ലറി സ്റ്റോറില്‍ ജോലി തരാമെന്ന് പറഞ്ഞാണ് അന്ന് ഹൈദരാബാദ് സ്വദേശികളായ യുവതികളെ ദുബായില്‍ എത്തിച്ചത്.






