കുവൈത്ത് സിറ്റി- കര്‍ശനമായ നിയമം ഉണ്ടായിട്ടും തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം നല്‍കുന്നില്ലെന്ന വ്യാപക പരാതിയെത്തുടര്‍ന്ന് കുവൈത്ത് അധികൃതര്‍ പരിശോധന ശക്തമാക്കി. കടുത്ത വേനലില്‍ ചുട്ടുപൊള്ളുന്ന വെയിലില്‍ പുറം ജോലിക്കാരെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ജൂണ്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെ പകല്‍ 11 മുതല്‍ അഞ്ച് വരെ പുറംജോലിക്കാര്‍ക്ക് ഉച്ചവിശ്രമം നല്‍കണമെന്നാണ് നിയമം. എന്നാല്‍ ഈ സമയത്തും നിര്‍മാണമേഖലയില്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. മാന്‍പവര്‍ അതോറിറ്റിയുടെയും മനുഷ്യാവകാശ സമിതിയുടെയും സംഘം നിയമലംഘകരെ കണ്ടെത്താന്‍ പരിശോധന തുടങ്ങി. പരിശോധനയില്‍ പിടികൂടുന്ന കമ്പനികള്‍ക്ക് കര്‍ക്കശ ശിക്ഷ നല്‍കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
49 ഡിഗ്രിയാണ് വെള്ളിയാഴ്ച കുവൈത്തിലെ ഉയര്‍ന്ന താപനില. കനത്ത ചൂടു മൂലം ജുമുഅ പ്രസംഗം ദീര്‍ഘിപ്പിക്കരുതെന്ന് ഔഖാഫ് മന്ത്രാലയം പള്ളി ഇമാമുമാര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. റസിഡന്‍ഷ്യല്‍ മേഖലകളിലെ പള്ളികളില്‍ ഖുതുബ 15 മിനിറ്റും അതിര്‍ത്തി മേഖലയിലെ പള്ളികളില്‍ 10 മിനിറ്റും മതിയെന്നായിരുന്നു നിര്‍ദേശം.






