Sorry, you need to enable JavaScript to visit this website.

പ്രോട്ടോകോള്‍ ലംഘിച്ച് ട്രംപിനും സൗദി കിരിടാവകാശിക്കുമരികെ ഉര്‍ദുഗാന്‍

പ്രോട്ടോകോൾ ലംഘിച്ച് തുർക്കി പ്രസിഡന്റ് ഉർദുഗാൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സമീപം സ്ഥാനം പിടിച്ചപ്പോൾ.

ഒസാക- ജി 20 ഉച്ചകോടിയില്‍ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പ്രോട്ടോകോൾ ലംഘിച്ച് അമേരിക്കൻ പ്രസിഡന്റിനും സൗദി കിരീടാവകാശിക്കും ഒപ്പം നിലയുറപ്പിച്ചത് നിരീക്ഷകരെ ആശ്ചര്യപ്പെടുത്തി. പ്രോട്ടോകോൾ പ്രകാരം ചൈനീസ് പ്രസിഡന്റിന് നീക്കിവെച്ച സ്ഥലമാണ് തുർക്കി പ്രസിഡന്റ് കൈയടക്കിയത്.

റഷ്യൻ പ്രസിഡന്റ് വഌഡ്മിർ പുടിനും ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെയ്-ഇനും മധ്യത്തിലാണ് തുർക്കി പ്രസിഡന്റിന് സ്ഥാനം അനുവദിച്ചിരുന്നത്. എന്നാൽ പ്രോട്ടോകോൾ അനുസരിച്ച സ്ഥാനം പാലിക്കാതെ ഉർദുഗാൻ അമേരിക്കൻ പ്രസിഡന്റിനും സൗദി കിരീടാവകാശിക്കും സമീപം നിൽക്കുകയായിരുന്നു. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി കുശലം പറയുന്നതിനും ഉർദുഗാൻ പ്രത്യേക താൽപര്യം കാണിച്ചു. 


പ്രോട്ടോകോൾ അനുസരിച്ച് തനിക്ക് നീക്കിവെച്ച സ്ഥലത്തേക്ക് നീങ്ങിയ ചൈനീസ് പ്രസിഡന്റിന് തന്റെ സ്ഥാനം ഉർദുഗാൻ നേരത്തെ തന്നെ കൈയടക്കിയതാണ് കാണാനായത്. ഇതോടെ ട്രംപിനെ അഭിവാദ്യം ചെയ്തും തന്റെ സ്ഥാനത്തേക്ക് കണ്ണു പായിച്ചും തിരിച്ചു നീങ്ങിയ ഷി ജിൻ പിംഗ് അവസാനം ഉർദുഗാന് അനുവദിച്ചിരുന്ന, പുടിനു സമീപത്തെ സ്ഥലത്ത് നിലയുറപ്പിക്കുകയായിരുന്നു. ഗ്രൂപ്പ് ഫോട്ടോക്കിടെ ആശയക്കുഴപ്പം ഒഴിവാക്കുന്നതിനാണ് ഓരോ നേതാക്കൾക്കുമുള്ള സ്ഥാനങ്ങൾ പ്രത്യേകം നിർണയിച്ച് സംഘാടകർ പ്രത്യേക മാപ്പ് മുൻകൂട്ടി തയാറാക്കുന്നത്. 


ഫോട്ടോ സെഷനു മുമ്പായി നേതാക്കൾ ഈ മാപ്പ് വീക്ഷിക്കുകയും ചെയ്യും. ഗ്രൂപ്പ് ഫോട്ടോ സെഷൻ പ്രോട്ടോകോൾ ലംഘിച്ച് അമേരിക്കൻ പ്രസിഡന്റുമായും സൗദി കിരീടാവകാശിയുമായും അടുപ്പം സ്ഥാപിക്കുന്നതിനാണോ തുർക്കി പ്രസിഡന്റ് ശ്രമിച്ചതെന്ന സംശയം സാമൂഹിക മാധ്യമ ഉപയോക്താക്കൾ പങ്കുവെച്ചു.

Latest News