രഹാനെ, കുൽദീപ് വിജയ ശിൽപികൾ
പോർട് ഓഫ് സ്‌പെയിൻ - വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തിൽ അനായാസ വിജയത്തിന് ഓപണർ അജിൻക്യ രഹാനെയെയും പുതുമുഖ ലെഗ്‌സ്പിന്നർ കുൽദീപ് യാദവിനെയും പുകഴ്ത്തി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. മഴ തടസ്സപ്പെടുത്തിയ കളിയിൽ രഹാനെയുടെ സെഞ്ചുറിയോടെ (104 പന്തിൽ 103, 6-2, 4-10) നാൽപത്തിമൂന്നോവറിൽ അഞ്ചിന് 310 റൺസ് വാരിയ ഇന്ത്യ എതിരാളികളെ ആറിന് 205 ലൊതുക്കി. ഓപണർ ഷായ് ഹോപ് 88 പന്തിൽ മൂന്നു സിക്‌സറിന്റെയും അഞ്ച് ബൗണ്ടറിയുടെയും സഹായത്തോടെ 81 റൺസെടുത്തെങ്കിലും മുൻനിരയിൽ മറ്റാർക്കും പിടിച്ചുനിൽക്കാനായില്ല. മുപ്പതോവറിൽ 132 റൺസിന് അവർക്ക് അഞ്ചു വിക്കറ്റ് നഷ്ടപ്പെട്ടു. പിന്നീട് ഒരു വിക്കറ്റ് കൂടിയേ നഷ്ടപ്പെട്ടുള്ളൂ എങ്കിലും സ്‌കോർ 205 ലൊതുങ്ങി. 105 റൺസിനാണ് ഇന്ത്യ ജയിച്ചത്. ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. അഞ്ചു കളികളാണ് പരമ്പരയിലുള്ളത്.
ആദ്യമായി ഏകദിനത്തിൽ ഇന്ത്യക്കു വേണ്ടി പന്തെറിഞ്ഞ കുൽദീപ് ഒമ്പതോവറിൽ 50 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ആദ്യ നാലോവറിൽ 32 റൺസ് വിട്ടുകൊടുത്ത ശേഷമാണ് കുൽദീപ് താളം കണ്ടത്. ഇതിനു മുമ്പ് ലെഗ്‌സ്പിന്നർ ഇന്ത്യക്കു വേണ്ടി ബൗൾ ചെയ്ത ഒരേയൊരു മത്സരം ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റായിരുന്നു. അതിൽ ആദ്യ ഇന്നിംഗ്‌സിൽ നാലു വിക്കറ്റെടുത്തിരുന്നു. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്കു കളിച്ച രണ്ടു സ്പിന്നർമാരും ആർ. അശ്വിനും രവീന്ദ്ര ജദേജയും വിജയമായിരുന്നില്ല.
ചാമ്പ്യൻസ് ട്രോഫിയിൽ അവസരം കിട്ടാതിരുന്ന രഹാനെക്ക് രോഹിത് ശർമയുടെ അഭാവത്തിലാണ് വിൻഡീസിൽ കളിക്കാൻ സാധിച്ചത്. ആദ്യ കളിയിൽ അർധ ശതകം തികച്ച രഹാനെ രണ്ടാം മത്സരത്തിൽ സെഞ്ചുറി പൂർത്തിയാക്കി. എങ്കിലും ഇന്ത്യയുടെ പ്രഥമ ഓപണിംഗ് ജോടി ശിഖർ ധവാനും രോഹിതും തന്നെയായിരിക്കുമെന്ന് കോഹ്‌ലി വ്യക്തമാക്കി. രോഹിതിന്റെ കൂട്ടാളിയായിരുന്ന കെ.എൽ രാഹുലിന് പരിക്കേറ്റതാണ് ശിഖറിന് തിരിച്ചുവരാൻ അവസരമായത്. രഹാനെക്ക് മധ്യനിരയിലും ബാറ്റ് ചെയ്യാൻ സാധിക്കുമെന്ന് കോഹ്‌ലി ചൂണ്ടിക്കാട്ടി. രഹാനെയുടെ മൂന്നാം ഏകദിന സെഞ്ചുറിയാണ് ഇത്. ശിഖറുമൊത്ത് (59 പന്തിൽ 63, 4-10) ഓപണിംഗ് വിക്കറ്റിൽ 114 റൺസ് ചേർത്ത രഹാനെ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുമൊത്ത് (66 പന്തിൽ 87, 6-4, 4-4) രണ്ടാം വിക്കറ്റിൽ 97 റൺസ് കൂട്ടുകെട്ടുണ്ടാക്കി. ചാമ്പ്യൻസ് ട്രോഫിയിൽ പുറത്തിരിക്കേണ്ടി വന്നതിനാൽ ഇവിടെ മികച്ച പ്രകടനം നടത്താനായി കാത്തിരിക്കുകയായിരുന്നുവെന്ന് രഹാനെ പറഞ്ഞു. മിഗ്വേൽ കമിൻസിനെ ബൗണ്ടറി കടത്തി സെഞ്ചുറി തികച്ച രഹാനെ അതേ ഓവറിൽ പുറത്തായി. മൂന്നു നോബോളെറിഞ്ഞ അവസാന ഓവറിൽ ക്യാപ്റ്റൻ ജെയ്‌സൻ ഹോൾഡർ 20 റൺസ് വിട്ടുകൊടുത്തു.