താരമംഗല്യം 30 ന്,  അണിഞ്ഞൊരുങ്ങി റൊസാരിയൊ

മെസ്സിയുടെ വിവാഹച്ചടങ്ങ് നടക്കുന്ന റൊസാരിയോയിലെ സാന്താ ഫെ പ്രദേശം. നഗരത്തിന്റെ തെക്കേയറ്റത്ത് ലാ ഗ്രാനഡ ചേരിയോട് ചേർന്നാണ് വിവാഹച്ചടങ്ങുകൾ അരങ്ങേറുന്ന ആഡംബര ഹോട്ടൽ സമുച്ചയം. ലോസ് മോനോസ് എന്നറിയപ്പെടുന്ന ഗുണ്ടാസംഘങ്ങളുടെയും നെവൽ ഓൾഡ് ബോയ്‌സ് ക്ലബ്ബിന്റെ ഫുട്‌ബോൾ ഭ്രാന്തന്മാരുടെയും വിഹാര കേന്ദ്രമാണ് ലാ ഗ്രാനഡ ചേരി. 

റൊസാരിയൊ (അർജന്റീന) - ബാഴ്‌സലോണ സൂപ്പർ താരം ലിയണൽ മെസ്സിയുടെ കല്യാണത്തിന് ജന്മനാടായ റൊസാരിയൊ അണിഞ്ഞൊരുങ്ങി. ബാല്യകാലം മുതൽ പ്രണയിനിയായ ആന്റണല്ല റോകുസോയുമായുള്ള ആഡംബര വിവാഹം വെള്ളിയാഴ്ചയാണ്. റൊസാരിയൊ നഗരത്തിലെ ഏറ്റവും ദരിദ്രവും കുറ്റകൃത്യങ്ങൾക്കു കുപ്രസിദ്ധവുമായ ചേരിക്കു സമീപമുള്ള അത്യാഡംബര മണ്ഡപത്തിലാണ് വിവാഹച്ചടങ്ങുകൾ. ലോകത്തിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നിരവധി ഫുട്‌ബോൾ കളിക്കാർ ചടങ്ങിനെത്തും. 
ബാഴ്‌സലോണ ടീമിൽനിന്ന് 21 പേരാണ് വരുന്നത്. മെസ്സിയുടെ സ്‌ട്രൈക്ക് പാർട്ണർമാരായ ലൂയിസ് സോറസും നെയ്മാറും കൂട്ടത്തിലുണ്ട്. ഡിഫന്റർ ജെറാഡ് പിക്വെ കാമുകി കൊളംബിയൻ ഗായിക ഷാഖിറക്കൊപ്പമാണ് വരിക. അർജന്റീന ടീമിലെ സഹതാരം സെർജിയൊ അഗ്വിരോയുടെ ഭാര്യ കരീനയായിരിക്കും ചടങ്ങിൽ പാടുകയെന്ന് റിപ്പോർട്ടുണ്ട്. തലസ്ഥാന നഗരിയായ ബ്യൂണസ്‌ഐറിസിൽനിന്ന് 180 കി.മീ അകലെയാണ് റൊസാരിയൊ. 
അത്യാഡംബര സൗകര്യങ്ങളുള്ള സിറ്റി സെന്റർ കാസിനൊ ഹോട്ടൽ കോംപ്ലക്‌സിലാണ് അതിഥികൾ തങ്ങുക. ഇവിടെത്തന്നെയാണ് വിവാഹച്ചടങ്ങുകളും. കുപ്രസിദ്ധ ലോസ് മനോസ് ഗുണ്ടാസംഘം വിളയാടുന്ന ചേരിപ്രദേശത്തിനോട് ചേർന്നാണ് ഈ കോംപ്ലക്‌സ്.
ഈ കാസിനൊ ഇവിടെ സ്ഥിതി ചെയ്യുന്നതു പോലെ തന്നെ വിരോധാഭാസമാണ് ഈ പ്രദേശത്ത് മെസ്സിയുടെ കല്യാണം അരങ്ങേറുന്നതെന്ന് പ്രവിശ്യയിലെ ഉദ്യോഗസ്ഥനായ കാർലോസ് ഡെൽ ഫ്രെയ്‌ഡെ അഭിപ്രായപ്പെട്ടു. റൊസാരിയോയിലെ മയക്കുമരുന്നു ലോകത്തെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങൾ എഴുതിയയാളാണ് ഡെൽ ഫ്രെയ്‌ഡെ. കഴിഞ്ഞയാഴ്ച ലോസ് മനോസ് സംഘത്തിൽ പെട്ട രണ്ടു സ്ത്രീകളെ ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ വെടിവെച്ചിരുന്നു. അതിൽ ലോസ് മോനോസ് സംഘത്തലവന്റെ സഹോദരി പെട്രോണ കാന്റേരൊ മരിച്ചു. 
റൊസാരിയൊ തൊഴിലാളി നഗരമാണ്. തൊഴിലില്ലായ്മയാണ് അവിടെ കുറ്റകൃത്യങ്ങൾ പെരുകാൻ കാരണം. തൊണ്ണൂറുകളിൽ ഇവിടെ ക്വാറി തൊഴിലാളിയായിരുന്നു മെസ്സിയുടെ പിതാവ്. കുടുംബവുമൊത്ത് 2000 ലാണ് അദ്ദേഹം സ്‌പെയിനിലേക്ക് കുടിയേറുന്നത്. 
തന്റെ വിവാഹത്തിന് ഈ നഗരത്തിലേക്ക് തിരിച്ചുവരവാൻ മെസ്സി തീരുമാനിച്ചത് വലിയ കാര്യമാണെന്നും ഒരു പ്രയാസവുമില്ലാതെ ചടങ്ങ് പൂർത്തിയാക്കാൻ എല്ലാ സഹായവും നൽകുമെന്നും നഗരത്തിലെ മേയറായ മോണിക്ക ഫെയ്ൻ വാഗ്ദാനം നൽകി. മെസ്സിയുടെ കുടുംബത്തിന്റെ പ്രതിനിധികളുമായി കഴിഞ്ഞയാഴ്ച പ്രാദേശിക ഉദ്യോഗസ്ഥർ സുരക്ഷാ കാര്യങ്ങൾ ചർച്ച ചെയ്തു. ഈ യോഗത്തിന്റെ വേദി പോലും സുരക്ഷാ കാരണങ്ങളാൽ അവസാന നിമിഷം മാറ്റി. മാധ്യമ പ്രവർത്തകരെ പ്രവേശിപ്പിച്ചുമില്ല. 
വിവാഹച്ചടങ്ങിനെത്തുന്ന അതിഥികൾക്ക് നഗരം ചുറ്റിക്കാണുന്നതിന് സൗകര്യമൊരുക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. കർശനമായ സുരക്ഷാ ചട്ടങ്ങൾ പാലിക്കണമെന്നതായിരിക്കും ഏക നിബന്ധന. എന്നാൽ ഇത്ര സുരക്ഷിതമല്ലാത്ത ഒരു പ്രദേശത്ത് എന്തിനാണ് മെസ്സി വിവാഹച്ചടങ്ങ് നടത്തുന്നതെന്ന് ചോദിക്കുന്നവരും നഗരത്തിലുണ്ട്. വർഷം ഏഴു കോടി യൂറോ വേതനം പറ്റുന്ന മെസ്സി ഇവിടെ വിവാഹച്ചടങ്ങ് നടത്തുന്നത് തന്നെ അമ്പരപ്പിച്ചുവെന്ന് ഇരുപത്തിനാലുകാരനായ മികേല ലെയ്ൻ പറഞ്ഞു. നഗരത്തിൽ മറ്റൊരു പഞ്ചനക്ഷത്ര ഹോട്ടൽ കൂടിയുണ്ട്. കുറേ കൂടി സുരക്ഷിതമായ മേഖലയിലാണ് അത്. തങ്ങളെല്ലാവരും ക്ഷണിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ ഒരുക്കങ്ങൾ വീക്ഷിക്കുന്നത്. സൗകര്യങ്ങളെക്കുറിച്ച വാർത്തകൾ ശ്രദ്ധയോടെ അവർ ശ്രവിക്കുന്നു. താരമംഗല്യത്തിനെത്തുന്ന വിശിഷ്ടാതിഥികൾക്കു മുന്നിൽ നഗരത്തിന്റെ നല്ല വശങ്ങൾ മാത്രം പ്രദർശിപ്പിക്കണമെന്നാഗ്രഹിക്കുന്നവരാണ് ബഹുഭൂരിഭാഗവും. 
 

Latest News