Sorry, you need to enable JavaScript to visit this website.

ഒളിവിലെ ഓർമകൾ 

സ്‌പോർട്‌സ് ജേണലിസ്റ്റ് എന്ന നിലയിൽ അറിയപ്പെട്ടിരുന്ന മാധ്യമ പ്രവർത്തകൻ വിംസി ആഗോള രാഷ്ട്രീയ ചലനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. യശ:ശരീരനായ വി.എം ബാലചന്ദ്രൻ ഒരു സായാഹ്ന പത്രത്തിന്റെ എഡിറ്റോറിയലിനെ നിയന്ത്രിച്ചിരുന്ന നാളുകളിൽ ഇക്കാര്യം അടുത്തിരുന്ന് അനുഭവിക്കാനായിട്ടുണ്ട്. മൂന്ന് ദശകങ്ങൾക്കപ്പുറം സ്വകാര്യ ടെലിവിഷനുകളും ഇന്റർനെറ്റുമില്ലാത്തപ്പോഴാണ് അദ്ദേഹം ലോക വിവരങ്ങൾ തൂലിക തുമ്പിലൂടെ വായനക്കാരിലെത്തിച്ചിരുന്നത്. കിഴക്കൻ യൂറോപ്പിലും റഷ്യയിലും വ്യവസ്ഥിതി തകർന്നാൽ ശരാശരി മലയാളി വായനക്കാർക്കെന്ത് കാര്യം? റീഡേഴ്‌സ് ഡൈജസ്റ്റിലും ഇല്ലസ്‌ട്രേറ്റഡ് വീക്കിലിയിലും വിശദമായ അപഗ്രഥനങ്ങൾ അച്ചടിച്ചു വരും. ഇത്തരം പ്രസിദ്ധീകരണങ്ങൾ ലക്ഷ്യമിടുന്നത് സമൂഹത്തിലെ പ്രിവിലേജ്ഡ് ക്ലാസിനെയാണ്. വിംസി എഡിറ്റ് ചെയ്ത് പുറത്തിറക്കുന്ന കാലിക്കറ്റ് ടൈംസിനെ കാത്തിരിക്കുന്നവരിൽ പാളയം ബസ് സ്റ്റാന്റിലേയും വലിയങ്ങാടിയിലേയും അധ്വാന വർഗം വരെ ഉൾപ്പെടും. രാത്രി ഉറക്കമിളച്ചിരുന്ന് ബിബിസി റേഡിയോ വഴിയാണ് അദ്ദേഹം നോട്ടുകൾ തയാറാക്കിയിരുന്നത്. 
80-90 കാലത്ത് കിഴക്കൻ-മധ്യ യൂറോപ്പിലെ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾ തകർന്നത് വാർത്തകളും വിശകലനങ്ങളുമായി. 1989ൽ പോളണ്ടിൽ സോളിഡാരിറ്റിയുടെ വിജയം മുതൽ ഹംഗറി, കിഴക്കൻ ജർമനി, ബൾഗേറിയ, ചെക്കോസ്ലോവാക്യ മുതൽ റൊമേനിയ വരെയുള്ള രാജ്യങ്ങളിലെ ജനകീയ പ്രക്ഷോഭങ്ങൾ ബ്രോഡ് ഷീറ്റ് പേപ്പറിൽ സചിത്ര വാർത്തകളായി വായനക്കാരിലെത്തി. റൊമേനിയയിലെ ഭരണാധികാരിയുടെ ഭാര്യയ്ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭ്യമായ ആഡംബരം തുളുമ്പുന്ന വിലയേറിയ പാദരക്ഷകളുടെ ശേഖരമുണ്ടായിരുന്നു. 
ചോദ്യം ചെയ്യപ്പെടാതിരുന്ന രാഷ്ട്രനേതാക്കളുടെ മക്കൾ ധൂർത്തിന്റെ ആൾരൂപങ്ങളായിരുന്നു. രണ്ടാം ലോക മഹാ യുദ്ധത്തിന് ശേഷം സോഷ്യലിസ്റ്റ് ചേരിയ്ക്ക് കരുത്ത് പകർന്നിരുന്ന രാഷ്ട്രങ്ങൾ മുതലാളിത്ത സമ്പ്രദായത്തിലേക്ക് മാറിയതിന് കാരണം വേറെ അന്വേഷിക്കേണ്ടതില്ല. മിക്ക സോഷ്യലിസ്റ്റ് രാജ്യങ്ങളിലും ജനം കടുത്ത ദാരിദ്ര്യത്തിലാണ് കഴിഞ്ഞു വന്നിരുന്നത്. 
പിന്നീട് ബർലിൻ മതിൽ തകർത്ത് ജർമനി ഏകീകരിച്ചപ്പോൾ  പഴയ സോഷ്യലിസ്റ്റ് രാഷ്ട്രമായ ജി.ഡി.ആറിൽ നിന്ന് ആവേശത്തോടെയാണല്ലോ ആളുകൾ പശ്ചിമ ജർമനിയിൽ ലയിക്കാൻ പ്രവഹിച്ചത്. ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കാര്യങ്ങൾ വിലയിരുത്താൻ ചേർന്ന ബി.ജെ.പി നേതൃയോഗത്തിൽ പാർട്ടി അധ്യക്ഷൻ അമിത് ഷാ തൃപ്തനല്ലായിരുന്നു. കേരളം പിടിക്കാതെ വിജയം പൂർണമാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും ശക്തമായ ഘടകം കേരളത്തിലെ കണ്ണൂർ ജില്ലയിലാണ്. അത്രയേറെ ആശ്വാസകരമായ വാർത്തകളല്ല ഭാരത മണ്ണിൽ കമ്യൂണിസ്റ്റ് പാർട്ടി പിറന്നു വീണ നാട്ടിൽനിന്ന് കേൾക്കുന്നത്. 
*** *** ***
ബോളിവുഡ് സിനിമകളിലെ ആട്ടവും പാട്ടും പലപ്പോഴും സഭ്യതയ്ക്ക് നിരക്കാത്തതാണ്. മാധുരി ദീക്ഷിത്തിന്റെ ചില ഹിറ്റ് സോംഗുകൾ ഈ ഗണത്തിൽ പെടുന്നു. ഇതിനെ നിയന്ത്രിക്കാൻ ആളുണ്ടെന്ന് വാജ്‌പേയി സർക്കാരിന്റെ കാലത്ത് പ്രക്ഷേപണ മന്ത്രിയായിരുന്ന സുഷമാ സ്വരാജ് തെളിയിച്ചതാണ്. ഇളിയിളക്കം പാടില്ലെന്നായിരുന്നു അന്നത്തെ നിബന്ധന. കാലം മാറിയപ്പോൾ റിയാലിറ്റി ഷോയാണ് ചാനലുകാരന്റെ പ്രധാന വരുമാന മാർഗം. 
പാട്ട്, നൃത്തം കോമഡി, അഭിനയം എന്നിങ്ങനെ വിവിധ മേഖലകളിൽ ഇന്ന് കലാകാരന്മാരെ വളർത്തിയെടുക്കുന്നത് റിയാലിറ്റി ഷോകളാണ്. കുട്ടികളെ പങ്കെടുപ്പിച്ച് സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഷോകളിൽ കാണുന്ന മോശം പ്രവണതകൾ കണക്കിലെടുത്താണ് നടപടിയ്ക്ക് ഒരുങ്ങുന്നത്. ഇത്തരം ഷോകളിൽ ചെറിയ കുട്ടികളെ അവതരിപ്പിക്കുന്ന രീതി ഉചിതമല്ലെന്നാണ് കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കിയത്. 
സിനിമയിലെ ഗാനരംഗങ്ങളുമായി കുട്ടികളെത്തുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായിട്ടുണ്ടെന്നും മുതിർന്നവർക്കായുള്ള ഗാനങ്ങളും പ്രകടനവുമൊക്കെയാണെങ്കിൽ അത്തരം രംഗങ്ങൾ കുട്ടികളെക്കൊണ്ട് ചെയ്യിക്കരുതെന്നും നിർദേശമുണ്ട്. റിയാലിറ്റി ഷോകളിൽ അശ്ലീല ഭാഷാപ്രയോഗങ്ങളോ അക്രമരംഗങ്ങളോ ഉണ്ടാകാൻ പാടില്ല.  സിനിമയിലെ നായികാനായകന്മാരെ അനുകരിച്ച് കുട്ടികൾ വേദിയിലെത്തുന്നത് നല്ല പ്രവണതയല്ല- കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം താക്കീത് നൽകി. 
ഇതു പോലെ തന്നെ ടെലിവിഷൻ ചാനലുകളിൽ വരുന്ന ചില തട്ടിപ്പ് പരസ്യങ്ങൾ ആശ്ചര്യപ്പെടുത്തുന്നതാണ്- ഒരു മാസം വരെ പച്ചക്കറികൾ കേട് കൂടാതെ ഇരിക്കുന്ന ഫ്രിഡ്ജിന്റെ ആഡ് മലയാളം ചാനലുകളിൽ കാണാറുണ്ട്. തെറ്റിദ്ധാരണാജനകമായ പരസ്യങ്ങൾക്കെതിരേ പരാതി ലഭിച്ചാൽ കർശന നടപടിയെടുക്കുമെന്നും  കേന്ദ്ര സർക്കാർ വ്യക്തമാക്കി. 
കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ ഇതിനായി രൂപം നൽകിയ പോർട്ടലിൽ 6710 പരാതികൾ സമാന വിഷയത്തിൽ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പ്രകാശ് ജാവഡേക്കർ ലോക്‌സഭയിൽ പറഞ്ഞു.  വെളുക്കാനുള്ള മുഖലേപനം, വിവിധ ക്രീമുകൾ തുടങ്ങി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളാണ് വിവിധ മാധ്യമങ്ങളിൽ വരുന്നത്. പരാതികൾക്കായി ഉപഭോക്തൃ വകുപ്പ് രൂപീകരിച്ച പോർട്ടലിൽ എഡിബിൾ ഓയിൽ, വേഗതയേറിയ നെറ്റ്‌വർക്ക്, ന്യൂഡിൽസ് തുടങ്ങി വിവിധ പരസ്യങ്ങൾക്കെതിരേ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. . ഇത്തരം പരസ്യങ്ങളിൽ അഭിനയിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾക്കെതിരേ നടപടിയെടുക്കണമെന്ന നിർദേശവും പരിഗണിക്കാമെന്ന്  മന്ത്രി പറഞ്ഞു. 
*** *** ***
സഫാരി ചാനലിൽ ചരിത്രം എന്നിലൂടെ എന്ന  പ്രോഗ്രാമിൽ കഴിഞ്ഞ ദിവസം സാഹിത്യകാരി ബി.എം സുഹ്‌റ തന്റെ ജീവിതാനുഭവങ്ങൾ വിവരിച്ചു. ഏകദേശം അര നൂറ്റാണ്ട് മുമ്പുള്ള കേരളത്തിലെ മുസ്‌ലിം വനിതകളുടെ ജീവിതരീതിയും സാഹചര്യങ്ങളും തിക്കോടിക്കാരി സുഹ്‌റ സത്യസന്ധമായി പറഞ്ഞു. ബിരുദാനന്തര ബിരുദധാരിയായ മണവാളൻ കാണാൻ വന്നത് മുതൽ തിരുവനന്തപുരത്തെ ഭർതൃഗൃഹത്തിലേക്ക്  മലബാറിലെ മാപ്പിള സ്ത്രീ എത്തിയത് വരെയുള്ള അവസ്ഥ രസകരമായി പ്രതിപാദിച്ചു. 
വടക്കേ മലബാറിലെ പോലെ ചെറിയ നോമ്പ് തുറയും വലിയ നോമ്പ് തുറയുമൊന്നും അവിടെയില്ല. മുതിർന്നവർ മാത്രമാണ് വ്രതമെടുത്തിരുന്നത്. തെക്കന്മാർ കർശന നിലപാടുകാരാണെന്ന മുൻധാരണ തിരുത്തുന്നതായിരുന്നു അനന്തപുരിയിലെ ജീവിതം. അന്നൊന്നും കേരളത്തിലെ മുസ്‌ലിം സ്ത്രീകൾക്ക് പർദയെന്ന യൂനിഫോം നിലവിൽ വന്നിട്ടില്ല. ഇത്  ഗൾഫിലേക്കുള്ള കുടിയേറ്റവും ചില വ്യവസായികളുടെ താൽപര്യവും വഴി കിട്ടിയതാണ്. അന്നൊക്കെ വടക്കൻ കേരളത്തിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയാണ് ഏറെ പ്രയാസം പിടിച്ചത്. ബ്രോഡ് ഗേജിൽ എറണാകുളത്ത് ചെന്നിറങ്ങി മീറ്റർ ഗേജ് തീവണ്ടിയിൽ വേണം യാത്ര തുടരാൻ. ഡിഗ്രി പഠനം പൂർത്തീകരിക്കാനാവാതെ പോയതാണ് തന്റെ ജീവിതത്തിലെ നടക്കാതെ പോയ ആഗ്രഹമെന്നും അവർ വെളിപ്പെടുത്തി. 
*** *** ***
വടക്കൻ കേരളത്തിൽനിന്ന് ജീർണതയുടെ വാർത്തകൾ പ്രവഹിക്കുന്നതിനിടെ കൊച്ചിയിലേയും മറ്റും മാളുകൾ ആക്രമിക്കാൻ ഭീകരർ എത്താറായെന്ന ഫഌഷ് ന്യൂസുമായി എൻഡിടിവി. ശ്രീലങ്കയിൽനിന്ന് നിരാശിതരായി ലക്ഷദ്വീപ് വഴിയാണ് പരശുരാമന്റെ നാട്ടിലേക്ക് ഇവർ വരുന്നതത്രെ. മലയാളം ചാനലുകളാരും ഏറ്റു പിടിക്കാഞ്ഞത് ആശ്വാസമായി. അതിനിടയ്ക്ക് ജനം ടിവിയിൽ വെള്ളിയാഴ്ച തീവ്രവാദവുമായി ബന്ധപ്പെട്ട ഒരു ബിഗ് ബ്രേക്കിംഗ് കണ്ടു. 
ഐ.എസ് കേരള ഘടകത്തിന്റെ യൂസർ നെയിമും പാസ് വേഡും രഹസ്യ സംഭാഷണവും ചാനലിന് കിട്ടി. കയറി ഇരിക്കൂ എന്നതാണ് മെയിൽ ഐ.ഡി. ഇതിന്റെ പാസ് വേഡ് മുളക് പൊടിയെന്നും. ചോർത്തിയെടുത്ത സംഭാഷണ ശകലത്തിൽ കേരളത്തിലെ ഭീകരൻ സിറിയയിലെ തീവ്രവാദിയോട് സുഖവിവരമന്വേഷിക്കുന്നു. അവിടെ ജോലിയ്ക്കാണോ പോയത് അതോ ജിഹാദിനോ, ഇപ്പോൾ വിശ്രമത്തിലാണ്. എന്ത് പറ്റി? കാലിന് ചെറിയ പരിക്ക്. ഈ സ്‌കൂപ്പിന്റെ അവസാനം പറയുന്നത് ഇവർ യോഗം ചേരാറുള്ളത് കേരളത്തിലെ വടകരയിലാണ് പോലും അതിന് കോഡായി പറയുക വേങ്ങര. ഷെയിം- കടത്തനാടിനെ ഇതിൽ വലിച്ചിഴക്കേണ്ടായിരുന്നു. 
*** *** ***
ആറ്റിങ്ങലിലെ തോറ്റ എൽ.ഡി.എഫ് സ്ഥാനാർഥി എക്‌സ് എംപി എന്ന് കാറിന് ബോർഡ് വെച്ചത് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. അതവിടെ നിൽക്കട്ടെ, ലോക്‌സഭയിൽ പുതിയ എം.പി അടൂർ പ്രകാശ് പ്രസംഗിക്കുമ്പോൾ ലോക്‌സഭാ ടി.വി എഴുതി കാണിച്ചത്
അടൂർ പ്രകാശ് സമ്പത്ത്, മെംബർ, ആറ്റിങ്ങൽ കേരള എന്നാണ്. എന്റർടൈൻമെന്റ് ചാനലുകളിൽ തിളങ്ങി നിൽക്കുന്ന ഫഌവേഴ്‌സ് ചാനലിന് ഒരു പൂച്ചെണ്ട്. 
അവർ നടത്തുന്ന മ്യൂസിക് റിയാലിറ്റി ഷോയിലെ 22 വിജയികൾക്ക് ഇരുപത് ലക്ഷം രൂപയാണ് സ്‌കോളർഷിപ്പായി നൽകുന്നത്. മിടുക്കന്മാരേയും മിടുക്കികളേയും പോസ്റ്റ് ഗ്രാജ്വേഷൻ വരെ പഠിപ്പിക്കുന്ന ഉത്തരവാദിത്തം ചാനൽ ഏറ്റെടുത്തു. ഇത് മാതൃകാപരമാണ്. 



 

Latest News