Sorry, you need to enable JavaScript to visit this website.

പ്രവാസത്തിലെ കളിയെഴുത്തിന് ലോംഗ് വിസിൽ 

ജിദ്ദയിലെ കായിക പ്രേമികളുടെ പ്രിയതോഴൻ  പ്രവാസത്തിന്റെ ബൂട്ടഴിച്ച് വെക്കുന്നു. നീണ്ട 28 വർഷത്തെ കളിയെഴുത്തിന്റെ ചൂടും ചൂരും ഇനി ഓർമയുടെ ആർക്കൈവിലേക്ക്. ജിദ്ദാ കായിക കൂട്ടായ്മകളിലെ നിത്യസാന്നിധ്യം, കളിക്കളത്തിൽ നിന്ന് കളിയെഴുത്തിലേക്ക് തിരിഞ്ഞ സൗദി ഗസറ്റ് സ്‌പോർട്‌സ് എഡിറ്റർ കെ.ഒ. പോൾസൺ ഇന്ന് നാട്ടിലേക്ക് മടങ്ങുന്നു. സൗദി ഇന്ത്യൻ ഫുട്‌ബോൾ ഫോറം (സിഫ്), ജിദ്ദ ക്രിക്കറ്റ് കൂട്ടായ്മ എന്നിവയുടെ സ്ഥാപകരിലൊരാൾ കൂടിയായ ഈ തൃശൂർക്കാരൻ മികച്ച ബാസ്‌കറ്റ് ബോൾ കളിക്കാരൻ കൂടിയാണ്. കളിയും കളിയെഴുത്തും ഇനി കേരളത്തിൽ..  

കളിച്ച് കളിച്ച് കളിയെഴുത്തുകാരനായതാണ് തൃശൂർ പാലിയേക്കരക്കാരൻ കെ.ഒ. പോൾസന്റെ ചരിത്രം. കളിക്കാരനാകും മുമ്പേ പാതിരിയാകാൻ വേണ്ടി ആലുവ സെമിനാരിയിൽ പഠിക്കാൻ പോയ മറ്റൊരു ചരിത്രവുമുണ്ട്. നിയോഗങ്ങളാണല്ലോ ജീവിതം മാറ്റിമറിക്കുക. പാതിരിയല്ല, പത്രാധിപരാകാനായിരുന്നു പോൾസന്റെ വിധി. ലാറ്റിൻ ഭാഷ പഠിച്ചത് മാത്രമല്ല ലാഭമായത്. എട്ടു വർഷത്തെ സെമിനാരി ജീവിതം പഠിപ്പിച്ച കഠിനമായ അച്ചടക്കത്തിന്റെ അനുശീലനങ്ങൾ ജീവിതത്തിൽ വഴികാട്ടിയായി. 1977 ൽ സെമിനാരിയോട് വിട പറയുമ്പോൾ ജീവിതത്തിന് കൃത്യനിഷ്ഠയും ഡിസിപ്ലിനുമുണ്ടായി. സത്യസന്ധതയും ആർജവവും അത് പകർന്നേകി. ഇത്രയും കാലം തന്റെ വിജയത്തിന് ആ അനുഭവങ്ങളത്രയും വഴിവിളക്കായി -പോൾസൺ പറയുന്നു. ഫിലോസഫിയിലും തിയോളജിയിലും ഗ്രാജ്വേഷൻ. 
പക്ഷേ ഡിഗ്രി സർട്ടിഫിക്കറ്റല്ല, കളിയായിരുന്നു ജീവൻ. തേവര സേക്രഡ് ഹാർട്ട് കോളേജിൽ നിന്ന് വീണ്ടും ബി.കോം കൂടി കരസ്ഥമാക്കുമ്പോൾ അവിടത്തെ ബാസ്‌കറ്റ് ബോൾ ഗ്രൗണ്ടിനെ ഇളക്കി മറിച്ച താരമായിരുന്നു ഈ യുവാവ്. കളിക്കുന്നതിനിടെ, കളി സസൂക്ഷ്മം നിരീക്ഷിക്കുകയും കളി നിയന്ത്രിക്കുകയും ചെയ്യുകയെന്ന ദൗത്യം കൂടി നിർവഹിക്കാനുള്ള കഴിവ് കൈവന്നു. കേരള ബാസ്‌കറ്റ് ബോൾ അസോസിയേഷന്റെ അമ്പയർ പരീക്ഷ കൂടി പാസായതോടെ കേരളത്തിലെ ആദ്യത്തെ സ്റ്റുഡന്റ് റഫറി എന്ന പദവി പോൾസണെത്തേടിയെത്തി. അക്കാലത്ത് അതൊരപൂർവ ബഹുമതിയായിരുന്നു. കോളേജ് ബാസ്‌കറ്റ് ബോൾ ടീമിനും ഒപ്പം ഫുട്‌ബോൾ ടീമിനും വേണ്ടി ജഴ്‌സിയണിയുകയും പുറത്തെ പല ബാസ്‌കറ്റ് ബോൾ മൽസരങ്ങൾക്ക് വിസിലടിക്കുകയും ചെയ്യുകയെന്ന ത്രിൽ ഇക്കാലത്ത് ഈ വിദ്യാർഥിക്ക് അനുഭവിക്കാനായി. മിഡ്ഫീൽഡ് പൊസിഷനിൽ നിന്ന് ഫുട്‌ബോൾ ഗ്രൗണ്ടിൽ പോൾസന്റെ ബൂട്ട് തീപ്പൊരി ചിതറിച്ച എത്രയോ കഥകളുണ്ട്. ഗാലറികളെ അത് ഹരം കൊള്ളിച്ചു. ഫുട്‌ബോളിനും ബാസ്‌കറ്റ് ബോളിനും പുറമെ തേവര കോളേജ് അത്‌ലറ്റിക് ഇൻഡിവിജ്വൽ ചാമ്പ്യൻഷിപ്പ് കൂടി ഇക്കാലത്ത് പോൾസന്റെ ക്രെഡിറ്റിലായി. ദീർഘദൂര ഓട്ടമായിരുന്നു പ്രധാന ഇനം. 


1980. മോസ്‌കോ ഒളിംപിക്‌സിന് കൊടിയുയരുന്നു. സോവിയറ്റ് യൂണിയൻ ശിഥിലമാകും മുമ്പുള്ള സമൃദ്ധിയുടെ ചുവന്ന സ്വപ്‌നങ്ങൾ വിടർന്ന മോസ്‌കോ. ഇന്ത്യൻ പത്രങ്ങളും ആവേശപൂർവം ഒളിംപിക്‌സ് റിപ്പോർട്ട് ചെയ്യുന്നു. പല പത്രങ്ങളും സ്‌പോർട്‌സ് ലേഖകരെ മോസ്‌കോയിലേക്കയക്കുന്നു. ഇന്ത്യൻ എക്‌സ്പ്രസ് കൊച്ചി എഡിഷനു വേണ്ടി ഒളിംപിക്‌സ് വാർത്തകളെഴുതാനും എഡിറ്റ് ചെയ്യാനും ആളെ വേണമെന്ന വിവരം അന്നേരമാണ് സുഹൃത്ത് വഴി പോൾസൺ അറിയുന്നത്. അപേക്ഷിച്ചത് വെറുതെ രസത്തിനു വേണ്ടിയായിരുന്നു. പക്ഷേ ജോലി കിട്ടി. 1500 മീറ്റർ ഓട്ടക്കാരനും ബാസ്‌കറ്റ് ബോൾ കളിക്കാരനുമൊക്കെയായ പോൾസൺ ഫോർട്ട് കൊച്ചിയിലെ ഇന്ത്യൻ എക്‌സ്പ്രസ് പത്രത്തിന്റെ സ്‌പോർട്‌സ് ഡെസ്‌കിലേക്ക്. സംഗതി രസമായിരുന്നുവെന്ന് പഴയ ഓർമകളിൽ മുങ്ങിപ്പൊങ്ങിയ പോൾസൺ. അന്താരാഷ്ട്ര സ്‌പോർട്‌സ് ഏജൻസി ടേയ്ക്കുകളെടുക്കുക, വാർത്തകൾ തെരഞ്ഞെടുത്ത് സമഗ്രമാക്കി ശീർഷകങ്ങൾ നൽകുക, മൽസര ഫലങ്ങൾ അപ്പപ്പോൾ സീനിയർ എഡിറ്റർമാർക്ക് കൈമാറുക.. തുടക്കക്കാരനായ സ്ട്രിംഗറിൽ നിന്ന് എഡിറ്റോറിയൽ ട്രെയിനിയെന്ന നിലയിലേക്കുയർന്ന് ആദ്യ ശമ്പളം വാങ്ങിയപ്പോൾ ആഹ്ലാദമായി. പക്ഷേ ഈ പണി നിലനിൽക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലാത്തതിനാൽ സമാന്തരമായി എം.കോമിന് ചേർന്നു. പി.ജി പഠനവും പത്രപ്രവർത്തനവും. അപ്പോഴും പക്ഷേ കളി കൈവിട്ടില്ല. കളിയില്ലാതെ ജീവിതമില്ല. അതെ, കളിയെന്നാൽ പോൾസന് പ്രാണൻ, അന്നും ഇന്നും.
എം.കോം രണ്ടാം വർഷമായതോടെ ഇന്ത്യൻ എക്‌സ്പ്രസിൽ സ്ഥിരമാക്കിയതായി അറിയിപ്പ് കിട്ടി -സബ് എഡിറ്റർ കം റിപ്പോർട്ടർ. ഇതോടെ കോളേജ് പഠനം നിർത്തി പൂർണസമയ പത്രക്കാരനായി. 
ഇംഗ്ലീഷ് ജേണലിസം കേരളത്തിൽ തെഴുത്ത് വളരുന്ന എൺപതുകൾ. സ്‌പോർട്‌സ് സാഹിത്യത്തിന് വളക്കൂറുള്ള മണ്ണ്. ഇന്ത്യൻ എക്‌സ്പ്രസ് കേരള യൂണിറ്റിന്റെ സ്‌പോർട്‌സ് എഡിറ്റർ പരിണത പ്രജ്ഞനായ ഐ.ഡി. പോൾ. നിരവധി മേജർ ടൂർണമെന്റുകൾ കവർ ചെയ്തിട്ടുള്ള ജേണലിസ്റ്റ്. എല്ലാ തരം കളികളുടെയും ആധികാരികവും അന്തിമവുമായ സ്വരമായിരുന്നു പോൾ സാറിന്റേത്. അദ്ദേഹത്തിന്റെ സൗഹൃദം ആവോളം ആസ്വദിച്ച പോൾസൺ സ്‌പോർട്‌സ് റിപ്പോർട്ടിംഗിലും എഡിറ്റിംഗിലും പുതുമ കൊണ്ടുവന്നു. പരീക്ഷണങ്ങൾക്ക് എക്കാലത്തും പിന്തുണ നൽകിപ്പോന്ന പത്രമായിരുന്നു അക്കാലത്ത് ഇന്ത്യൻ എക്‌സ്പ്രസ്. ഐ.ഡി. പോൾ പിരിഞ്ഞതോടെ അശോക് കുമാർ പകരക്കാരനായി വന്നതും അദ്ദേഹം ആത്മാർഥമായി സഹകരിച്ചതും ഈ രംഗത്ത് ഏറെക്കുറെ കന്നിക്കാരനായ പോൾസന് അനുഗ്രഹമായി. അശോക് കുമാർ കാനഡയിലേക്ക് പോയതോടെ പോൾസൺ ഇന്ത്യൻ എക്‌സ്പ്രസ് കേരള എഡിഷന്റെ ഫുൾടൈം സ്‌പോർട്‌സ് എഡിറ്ററായി. ഫോർട്ട് കൊച്ചിയിൽ നിന്ന് ഇന്ന് കാണുന്ന കലൂരിലെ എക്‌സ്പ്രസ് ഹൗസിലേക്ക് ഓഫീസ് മാറിയത് ഇക്കാലത്താണ് (1988). സ്‌പോർട്‌സ് എഡിറ്റിംഗിനിടെ പോൾസനെത്തേടി ഇന്ത്യൻ ബാസ്‌കറ്റ് ബോൾ റഫറിയെന്ന അംഗീകൃത പദവി കൂടിയെത്തിയതും ഈ സമയത്ത് തന്നെ. 
ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ് മൽസരങ്ങൾ റിപ്പോർട്ട് ചെയ്യാനും അവസരം ലഭിച്ചു.


1991. ജിദ്ദയിൽ നിന്നിറങ്ങുന്ന 'സൗദി ഗസറ്റി'ലേക്ക് പുതിയ ചില എഡിറ്റർമാരെത്തേടി അന്നത്തെ ന്യൂസ് എഡിറ്റർ എം. യൂസുഫ് കുട്ടി കലൂരിൽ എക്‌സ്പ്രസ് ഹൗസിലെ ന്യൂസ് എഡിറ്റർ എം.കെ. ദാസിന്റെ കാബിനിൽ. യൂസുഫ് കുട്ടി (എം.വൈ കുട്ടി) കോഴിക്കോട് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ടറായിരുന്നു. പിന്നീട് ജിദ്ദയിലെത്തി സൗദി ഗസറ്റ് ന്യൂസ് എഡിറ്ററാവുകയായിരുന്നു. പത്രം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ എഡിറ്റർമാരെ കേരളത്തിൽ നിന്ന് റിക്രൂട്ട് ചെയ്യാൻ അദ്ദഹം കൊച്ചിയിലെത്തിയത്. എം.കെ. ദാസ് പറഞ്ഞു: പോൾസൺ, ഗൾഫിലേക്ക് ഒരു ഓഫർ, പോകുന്നോ?
സഹപ്രവർത്തകരായ മാത്യു തൊമ്മൻ, പാട്രിക് ജോനാസ് എന്നിവരേയും തെരഞ്ഞെടുത്തിട്ടുണ്ട്. ഏറെ സമയത്തെ ആലോചനയ്ക്കു ശേഷം പോൾസൺ സമ്മതം മൂളി. സൗദി ഗസറ്റിന്റെ സ്‌പോർട്‌സ് ഡെസ്‌കിൽ ജോലി ചെയ്യാൻ തീരുമാനിച്ചു- പ്രവാസത്തിന്റെ കിക്കോഫ്.
1991 ലെ ക്രിസ്മസിന് ഒമ്പത് നാൾ മുമ്പ് പോൾസൺ സൗദി ഗസറ്റിന്റെ നാലംഗ സ്‌പോർട്‌സ് ഡെസ്‌കിന്റെ മേൽനോട്ടക്കാരനായ എഡിറ്ററായി. പത്രത്തിന്റെ മുഖം മാറ്റുന്നതിൽ, രൂപകൽപന പരിഷ്‌കരിക്കുന്നതിൽ, സൗദി അറേബ്യയുടെ കായിക സ്വപ്‌നങ്ങൾക്ക് ഊർജം പകരുന്നതിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തണമെന്ന ആശയ സാക്ഷാൽക്കാരത്തിന് എഡിറ്റോറിയൽ ടീമിനൊപ്പം പോൾസൺ തന്റെ പരിചയ സമ്പത്ത് കൂടി പ്രയോജനപ്പെടുത്തി. വർധിച്ച ഫുട്‌ബോൾ ജ്വരത്തോടൊപ്പം ഇന്ത്യൻ-പാക്കിസ്ഥാനി സമൂഹത്തിന്റെയും ഒപ്പം സൗദികളുടെയും ക്രിക്കറ്റ് സ്വപ്‌നങ്ങൾ തളിരിടുന്ന ആശയങ്ങൾക്ക് കൂടി പേനയുടെ കളിമുഖം തുറന്നു പോൾസനും സഹപ്രവർത്തകരും. 
ആദ്യകാലത്തെ അന്തർമുഖത്വം പതുക്കെ മാറിയത് ജിദ്ദാ മലയാളികളുടെ കളിക്കളങ്ങളിലെത്തിയപ്പോഴാണ്. പന്തിന്റെ ശബ്ദവും ആൾക്കൂട്ടത്തിന്റെ ആരവവും കേട്ടാൽ അടങ്ങിയിരിക്കുന്നതെങ്ങനെ? ഓഫീസിൽ നിന്നിറങ്ങിയാൽ മിക്കവാറും ദിവസങ്ങളിൽ മലയാളി കൂട്ടായ്മകളുടെ കേളീസ്വപ്‌നങ്ങളോടൊപ്പമായിരുന്നു പോൾസന്റെ സഞ്ചാരം. വെള്ളിയാഴ്ചകളിൽ പുലർച്ചെ മുതൽ ജഴ്‌സിയും ബൂട്ടുമണിഞ്ഞ് കളിക്കളത്തിലെത്തും. യുവത്വത്തിന്റെ പ്രസരിപ്പോടെ പുതുതലമുറയ്‌ക്കൊപ്പം ഫുട്‌ബോൾ കളിക്കുകയെന്നത് നിത്യശീലമായി. സൗദി ഇന്ത്യൻ ഫുട്‌ബോൾ ഫോറം (സിഫ്) എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തുന്ന ടൂർണമെന്റുകളുടെ പിറകിലെ ശക്തികളിലൊരാളായി പോൾസൺ. ഏറെക്കാലം ഈ കൂട്ടായ്മയുടെ ട്രഷററും തുടർന്ന് ജനറൽ സെക്രട്ടറിയുമായി. സൗദിയുടെ വിവിധ ഭാഗങ്ങളിൽ ചിതറിക്കിടക്കുന്ന നിരവധി കളിക്കാരെ കണ്ടെത്താനും അവരെ പ്രോൽസാഹിപ്പിക്കാനും സിഫ് മുൻകൈയെടുത്തു. അവർക്ക് ആവശ്യമായ പിന്തുണ നൽകുന്നതിൽ പോൾസൺ ചെറുതല്ലാത്ത പങ്ക് വഹിച്ചു. 
ഇന്നിപ്പോൾ സിഫ് പ്രവാസ ലോകത്തെ ഏറ്റവും ശക്തമായ ഇന്ത്യൻ കായിക പ്രസ്ഥാനമാണ്. പരേതരായ ഡോ. അബ്ദുല്ല മൂപ്പൻ, വല്ലാഞ്ചിറ മുഹമ്മദലി, കൊന്നോല ബദിയുസ്സമാൻ എന്നിവരുടേയും മച്ചിങ്ങൽ അഹമ്മദ് കുട്ടി, കെ.പി. അബ്ദുൽ സലാം. അസ്‌ലം ചെറാട്ട്, ടി.പി. അഹമ്മദ്, എം. യൂസുഫ് കുട്ടി, കെ.പി.എം. സക്കീർ, ആനക്കയം സലീം, മച്ചിങ്ങൽ ബഷീർ അഹമ്മദ്, പാപ്പറ്റ കുഞ്ഞിമുഹമ്മദ്, സുലൈമാൻ മലബാർ, ആറുവീട്ടിൽ അലവി, ഉസ്മാൻ ഇരുമ്പുഴി, അയൂബ് മുസ്‌ല്യാരകത്ത് തുടങ്ങി നിരവധി പേരുടെ (പലരുടെയും പേരുകൾ ഓർമയിൽ നിന്ന് വിട്ടുപോയെങ്കിലും ആരെയും മറക്കാനാവില്ല) അർപ്പണ മനസ്‌കത സിഫ് എന്ന സംഘടനയെ ജിദ്ദയിലെ ഇന്ത്യൻ ഫുട്‌ബോൾ പ്രേമികളുടെ ആധികാരിക സംഘടനയായി മാറ്റുകയായിരുന്നു. ഇവർക്കൊക്കെ കരുത്തിന്റെ ഇന്ധനം പകർന്നു കൊടുക്കുന്നതിൽ കെ.ഒ. പോൾസൺ എന്ന സ്‌പോർട്‌സ് എഡിറ്റർ സുപ്രധാന പങ്ക് വഹിച്ചുവെന്നത് അദ്ദേഹം തന്റെ പ്രവാസത്തിന് തിരശ്ശീലയിടുമ്പോൾ കളിക്കമ്പക്കാർ ആദരപൂർവം സ്മരിക്കുമെന്നുറപ്പ്. 
-നാട്ടിലെത്തിയാലും എനിക്ക് വിശ്രമമുണ്ടാകില്ല. കളിക്കളം, ഒപ്പം കളിയെഴുത്ത്.. രണ്ടും തുടരും. മൂന്ന് പതിറ്റാണ്ടിന്റെ സ്‌നേഹത്തിനും നല്ല ഒട്ടേറെ ഓർമകൾക്കും ജിദ്ദയോട് തീരാത്ത കടപ്പാട്- ഉവ്വ്, എനിക്ക് ജിദ്ദയെ മറക്കാനാവില്ല- ഗുഡ്‌ബൈ- പോൾസൺ പറഞ്ഞുനിർത്തി.
ബില്ലിയാണ് പോൾസന്റെ ഭാര്യ. മക്കൾ: ജോപോൾ (പാരീസിൽ എം.ബി.എ വിദ്യാർഥി), ശാലിനി പോൾ (സ്‌കോട്ട്‌ലാന്റിലെ ഗ്ലാസ്‌ഗോയിൽ ഇൻഡസ്ട്രിയൽ എൻജിനീയറിംഗിൽ ഗവേഷണ വിദ്യാർഥിനി).

 

DOWNLOAD APP

 

Latest News