Sorry, you need to enable JavaScript to visit this website.

പവന് കാൽ ലക്ഷം കടന്നു, റെക്കോർഡ് തകർത്ത് സ്വർണ വില   


മുംബൈ - സ്വർണവില സർവകാല റെക്കോർഡിൽ! ഗ്രാമിന് 3180 രൂപയും പവൻ 25,440 രൂപയുമാണ് ഇന്ന് വിപണിയിൽ നിരക്ക് രേഖപ്പെടുത്തിയത്.
കഴിഞ്ഞ 2 ദിവസത്തിനകം 880 രൂപയാണ് സ്വർണത്തിന് കൂടിയത്. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ഗ്രാമിന് 3140 എന്ന റെക്കോർഡ് വിലയായാണ് ഇന്ന് തകർത്തിരിക്കുന്നത്. ഇതോടെ സ്വർണത്തിനൊപ്പം പണിക്കൂലി കൂടി കൂട്ടിയാൽ, ഒരു ലക്ഷം രൂപയ്ക്ക് 3 പവനിൽ കൂടുതൽ കിട്ടാത്ത സ്ഥിതിവിശേഷമാണ് ആഭരണ വിപണിയിൽ ഉണ്ടാകാൻ പോകുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിൽ ഡോളറുമായുള്ള രൂപയുടെ നിരക്ക് ഉയർന്നു നിന്നതാണ് വിനയായത്. അന്ന് അന്താരാഷ്ട്ര വിപണിയിൽ വിലക്കയറ്റമുണ്ടായിരുന്നില്ല. എന്നാൽ, ഇപ്പോൾ ഡോളറിനെതിരെ രൂപ മെച്ചപ്പെട്ട സ്ഥിതിയിൽ എത്തിയപ്പോൾ, അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില അനിയന്ത്രിതമായി കൂടുകയാണ്. 

ലണ്ടന്‍ അടിസ്ഥാന വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് 1.75 ശതമാനമാണ് ഉയര്‍ന്നത്. ദുബായില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് സ്വര്‍ണത്തിന്. ദുബായില്‍ സ്വര്‍ണവില നാല് ദിര്‍ഹമാണ് വര്‍ധിച്ചത്. നിലവില്‍ 156.75 ദിര്‍ഹമാണ് ദുബായിലെ സ്വര്‍ണ നിരക്ക്. 

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ മാറ്റമുണ്ടാകുമെന്ന സൂചനകളാണ് ഇതിന് കാരണം. കഴിഞ്ഞ ദിവസം ചേര്‍ന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്‍റെ അവലോകന യോഗത്തില്‍ പലിശ നിരക്കില്‍ മാറ്റം വരുത്തിയില്ലെങ്കിലും അടുത്ത മാസം പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന വിലയിരുത്തല്‍ പുറത്തുവന്നതോടെ വില ഉയരുകയായിരുന്നു.

അമേരിക്കയിൽ കഴിഞ്ഞ 5 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കാണ് സ്വർണത്തിന്. സ്വർണം ഔൺസിന് 3.6 ശതമാനമാണ് വർധിച്ചത്. ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കണമെന്ന നിലപാടിൽ ഉറച്ചു തന്നെ നിൽക്കുകയാണ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്.

Latest News