ഡാബി - മുൻനിരയുടെ ഒന്നാന്തരം ബാറ്റിംഗ് പ്രകടനത്തോടെ ലോകകപ്പ് വനിതാ ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ ഇന്ത്യ 35 റൺസിന് തകർത്തു. ഇരുപതുകാരി സ്മൃതി മന്ദനയും (72 പന്തിൽ 90) പൂനം റൗതും (134 പന്തിൽ 86) ആദ്യ വിക്കറ്റിൽ നേടിയ 144 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യൻ വിജയത്തിന് അടിത്തറയിട്ടത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങേണ്ടി വന്ന ഇന്ത്യ മൂന്നിന് 281 എന്ന വൻ സ്‌കോറാണ് പടുത്തുയർത്തിയത്. ഫ്രാൻ വിൽസൻ (75 പന്തിൽ 81) പൊരുതി നിന്നെങ്കിലും 47.3 ഓവറിൽ 246 ന് ഇംഗ്ലണ്ട് ഓളൗട്ടായി.
സൗരവ് ഗാംഗുലിയെ ഓർമിപ്പിക്കുന്ന ഷോട്ടുകളോടെ ആറ് സിക്‌സറും 11 ബൗണ്ടറിയുമായി മന്ദനയാണ് അടിച്ചു തകർത്തത്. മന്ദനയെ ആദ്യം താമി ബ്യൂമോണ്ടും ആന്യ ഷ്‌റബ്‌സോളും കൈവിട്ടു. സെഞ്ചുറി പത്തു റൺസകലെയാണ് മന്ദന കൈവിട്ടത്. നാൽപത്തിമൂന്നാം ഓവറിൽ ഡീപ് മിഡ്‌വിക്കറ്റിൽ പിടികൊടുത്തു. ഫീൽഡിംഗിനിടെ വീണ് കാൽമുട്ടിന് പരിക്കേറ്റ മന്ദന ഗ്രൗണ്ട് വിട്ടെങ്കിലും അടുത്ത മത്സരത്തിനു മുമ്പ് കായികക്ഷമത നേടുമെന്ന് അറിയിച്ചു.
ഇരുപത്തേഴോവറിൽ ഇന്ത്യൻ ഓപണർമാർ 144 റൺസ് ചേർത്തു. പിന്നീട് ക്യാപ്റ്റൻ മിഥാലി രാജും (73 പന്തിൽ 71) ഹർമൻപ്രീത് കൗറും (22 പന്തിൽ 24 നോട്ടൗട്ട്) സ്‌കോർ ഏതാണ്ട് ഇരട്ടിയാക്കി. മിഥാലി അവസാന പന്തിൽ പിടികൊടുത്തു.
സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന മന്ദനയെ സ്പിന്നർ ഹെതർ നൈറ്റിന്റെ ബൗളിംഗിൽ മിഡ്‌വിക്കറ്റിൽ ഡാനിയേൽ ഹെയ്‌സൽ പുറത്താക്കുകയായിരുന്നു. മിഥാലിയും പൂനമും പതിനാറോവറിൽ 78 റൺസ് ചേർത്തു. ഹെയ്‌സലിന്റെ ബൗളിംഗിൽ റൗത്തിനെ ഡാനിയേൽ വ്യാറ്റ് മിഡ്‌വിക്കറ്റ് ബൗണ്ടറിയിൽ പിടികൂടുകയായിരുന്നു. ഒരു സിക്‌സറും ഏഴ് ബൗണ്ടറിയുമുണ്ട് റൗത്തിന്റെ ഇന്നിംഗ്‌സിൽ. അവസാന ഏഴോവറിൽ മിഥാലിയും ഹർമൻപ്രീതും 59 റൺസ് അടിച്ചെടുത്തു.
ബ്യൂമോണ്ടിനെയും (14) സാറ ടയ്‌ലറെയും (22) പുറത്താക്കി ശിഖ പാണ്ഡെ ഇംഗ്ലണ്ടിന്റെ തുടക്കം അലങ്കോലമാക്കി. ഹർമൻപ്രീതിന്റെ സമർഥമായ ഫീൽഡിംഗിൽ ഹെതർ നൈറ്റ് (46) റണ്ണൗട്ടായി.
പിന്നീട് വിൽസൻ ഒരറ്റത്തു പൊരുതിയെങ്കിലും മറുവശത്ത് തുടരെ വിക്കറ്റുകൾ നിലംപതിച്ചു. ദീപ്തി ശർമ മൂന്നു വിക്കറ്റെടുത്തു.