Sorry, you need to enable JavaScript to visit this website.

ഹോളിവുഡിൽ ആവേശമുണർത്താതെ പെറ്റ്‌സ് ടുവും, എക്‌സ് മെനും

സീക്രട്ട് ലൈഫ് ഓഫ് പെട്‌സ് ടു എന്ന ചിത്രത്തിൽ ശബ്ദം നൽകിയ ഹോളിവുഡ് താരം ടിഫാനി ഹഡിഷ്, കഴിഞ്ഞയാഴ്ച ലോസ് ആഞ്ചലസിൽ ചിത്രത്തിന്റെ പ്രിമിയർ പ്രദർശനത്തിന് എത്തിയപ്പോൾ.

ഇക്കഴിഞ്ഞ വാരാന്ത്യത്തിൽ ഹോളിവുഡ് ബോക്‌സോഫീസിൽ മുന്നിട്ടുനിന്ന പരമ്പര ചിത്രങ്ങളാണ് ദി സീക്രട്ട് ലൈഫ് ഓഫ് പെറ്റ്‌സ് 2 വും, എക്‌സ് മെൻ: ഡാർക്ക് ഫീനിക്‌സും. വാരാന്ത്യത്തിലെ മൂന്ന് ദിനങ്ങളിൽ വടക്കേ അമേരിക്കയിൽ 47.1 മില്യൺ ഡോളർ കളക്ഷനുമായി പെറ്റ്‌സ് 2 ആയിരുന്നു മുന്നിൽ. 33 മില്യണുമായി ഡാർക്ക് ഫീനിക്‌സ് രണ്ടാമതും. എന്നാൽ രണ്ട് ചിത്രങ്ങളും അതാത് പരമ്പരകളിലെ മുൻ ചിത്രങ്ങളെ അപേക്ഷിച്ച് കളക്ഷനിൽ പിന്നിലാണ്.
യൂനിവേഴ്‌സലും ഇല്യുമിനേഷൻ സ്റ്റുഡിയോയും ചേർന്ന് നിർമിച്ച പെറ്റ്‌സ് 2 ആനിമേഷൻ ചിത്രമാണ്. ഉടമസ്ഥർ വീട്ടിലില്ലാത്തപ്പോൾ ഓമന മൃഗങ്ങൾ ചെയ്യുന്ന കാര്യങ്ങളാണ് ചിത്രത്തിൽ. ഹോളിവുഡ് താരങ്ങളായ കെവിൻ ഹാർട്ട്, ടിഫാനി ഹഡിഷ്, പാറ്റൺ ഓസ്‌വാൾട്ട് തുടങ്ങിയവരുടെ ശബ്ദങ്ങൾ ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്. പ്രതീക്ഷിച്ച കളക്ഷൻ എത്തിയിട്ടില്ലെങ്കിലും ചിത്രത്തിന് പ്രേക്ഷകരുടെ എ റേറ്റിംഗ് കിട്ടി. തിയേറ്ററുകളിൽ പിടിച്ചുനിൽക്കാനും, കൂടുതൽ പ്രേക്ഷകരെ ആകർഷിക്കാനും കഴിയുന്ന ചിത്രം എന്നാണതിന്റെ അർഥം.
20 വർഷം നീളുന്ന എക്‌സ് മാൻ പരമ്പരയിലെ ഏറ്റവും പുതിയതാണ് ട്വന്റിൻത് സെഞ്ചുറി ഫോക്‌സ് നിർമിച്ച ഡാർക്ക് ഫീനിക്‌സ്. പരമ്പരയിലെ ഏറ്റവും മോശപ്പെട്ട ചിത്രവും ഇതാണെന്നാണ് ബോക്‌സ്ഓഫീസ്‌മോജോ വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്യുന്നത്. 200 മില്യൺ ഡോളർ ചെലവിട്ട് നിർമിച്ച ചിത്രത്തിന്റെ കളക്ഷൻ പ്രതീക്ഷിച്ചതിലും വളരെ താഴെയാണ്. ജെയിംസ് മക്അവോയ്, സോഫി ടേണർ, ജെനിഫർ ലോറൻസ്, മൈക്കിൾ ഫാസ്‌ബെൻഡർ, ജെസ്സിക്ക ചാസ്റ്റ്യൻ എന്നിവർ അഭിനയിക്കുന്നുണ്ട്. ശൂന്യാകാശ ദൗത്യം ദിശ തെറ്റിയതോടെ അതീവശക്തിയുള്ള ഡാർക്ക് ഫീനിക്‌സിനെ എക്‌സ് മെൻ കഥാപാത്രങ്ങൾക്ക് നേരിടേണ്ടിവരുന്നതാണ് ചിത്രത്തിന്റെ കഥ.


കളക്ഷനിൽ മൂന്നാം സ്ഥാനത്ത് ഡിസ്‌നിയുടെ 'അലാദിൻ' ആണ്. ഗൈ റിച്ചി ഒരുക്കിയ ഈ കോമഡി ചിത്രത്തിൽ വിൽ സ്മിത്ത്, മിന മസൂദ്, നവോമി സ്‌കോട്ട് തുടങ്ങിയവർ അഭിനയിക്കുന്നു. 24.5 മില്യണാണ് വാരാന്ത്യ ദിനങ്ങളിൽ അലാദിന്റെ കളക്ഷൻ.
മുൻ വാരത്തിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന 'ഗോഡ്‌സില്ല: കിംഗ് ഓഫ് ദി മോൺസ്റ്റേഴ്‌സ്' കഴിഞ്ഞയാഴ്ച നാലാം സ്ഥാനത്തേക്ക് താഴ്ന്നു. 15.5 മില്യണാണ് വാരാന്ത്യത്തിലെ ബോക്‌സ്ഓഫീസ് കളക്ഷൻ.
ഗായകൻ എൽട്ടൺ ജോണിന്റെ ജീവചരിത്രം പറയുന്ന ബയോപിക് ആയ റോക്കറ്റ്മാൻ ആണ് അഞ്ചാം സ്ഥാനത്ത്. പാരമൗണ്ട് പിക്‌ചേഴ്‌സ് നിർമിച്ച ചിത്രം വാരാന്ത്യത്തിൽ 14 മില്യൺ കളക്ട് ചെയ്തു. ഹോളിവുഡ് നടൻ ടാരൺ ഈഗർട്ടണാണ് ചിത്രത്തിൽ എൽട്ടൺ ജോണിന്റെ വേഷത്തിലെത്തുന്നത്.
മാ (7.8 മില്യൺ), ജോൺ വിക് ചാപ്റ്റർ 3: പാരബെല്ലം (7.4 മില്യൺ), അവഞ്ചേഴ്‌സ്: എൻഡ്‌ഗെയിം (4.8 മില്യൺ), പോകിമോൻ: ഡിക്ടറ്റീവ് പികാച്ചു (2.9 മില്യൺ), ബുക്‌സ്മാർട്ട് (1.6) എന്നിവാണ് വാരാന്ത്യത്തിലെ ബോക്‌സോഫീസ് കളക്ഷനിൽ ആദ്യ പത്തിൽ ഇടം പിടിച്ച ചിത്രങ്ങൾ.

 

 

Latest News