ഷാര്‍ജ- കോഴിക്കോട് മദീനത്തുല്‍ ഉലൂം അറബിക് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സയ്യിദ് മുഹമ്മദ് ഷാക്കീറിന്റെ ഗവേഷണ പ്രബന്ധ ഗ്രന്ഥം ഷാര്‍ജാ ഗവണ്‍മെന്റിന്റെ സാംസ്‌കാരിക വകുപ്പ് പ്രസിദ്ധീകരിച്ചു.
അറബി ചരിത്ര നോവല്‍ സാഹിത്യത്തിന് അലി അഹമ്മദ് ബാകസീര്‍ നല്കിയ സംഭാവനകള്‍ എന്ന വിഷയത്തില്‍ കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീറിന്റെ കീഴില്‍ നടത്തിയ ഗവേഷണ പ്രബന്ധത്തിന്റെ പുസ്തക രൂപമാണിത്. ഇതാദ്യമായാണ് ഒരു മലയാളിയുടെ അറബി ഗവേഷണ പ്രബന്ധഗ്രന്ഥം ഷാര്‍ജ സംസ്‌കാരിക വകുപ്പ് പുറത്തിറക്കുന്നത്.
കവിത, നാടകം, നോവല്‍ എന്നീ മൂന്ന് മേഖലകളിലും പ്രാഗത്ഭ്യം തെളിയിച്ച അലി അഹമ്മദ് ബാകസീര്‍ പല സവിശേഷതകളാല്‍ അറബ് സാഹിത്യലോകത്ത് ഏറെ ശ്രദ്ധേയനായ വ്യക്തിത്വമായിരുന്നു. നൈതിക സാന്മാര്‍ഗിക മൂല്യങ്ങള്‍ തന്റെ രചനകളിലൂടെ അനുവാചകര്‍ക്ക് പകര്‍ന്നു നല്‍കിയ ബാകസീര്‍ അഞ്ച് മനോഹര ചരിത്ര നോവലുകളാണ് എഴുതിയത്. ഇതില്‍ വാ ഇസ്ലാം, അല്‍തൈ്വര്‍ അല്‍ അഹ്മര്‍ എന്നിവ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നോവലാണ്. ഇവയെ മുന്‍നിര്‍ത്തിയാണ് ഡോ. ഷാക്കിര്‍ തന്റെ പഠനം നടത്തിയത്. ഡോ. ഷാക്കിറിന്റെ ഗ്രന്ഥം അബുദാബി, ഷാര്‍ജ പുസ്തമേളയില്‍ പ്രദര്‍ശനത്തിനും വില്പനക്കുമുണ്ടായിരുന്നു. ഷാര്‍ജാ കള്‍ച്ചര്‍ ക്ലബ് അടക്കം ഡോ. ഷാക്കീറിന്റെ പുസ്തകത്തെക്കുറിച്ച് പല സ്ഥലങ്ങളില്‍ ചര്‍ച്ച സംഘടിപ്പിച്ചിരുന്നു.