- രവിശ്‌സാത്രി തിരിച്ചുവന്നേക്കും
ന്യൂദൽഹി - ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പ്രമുഖ കളിക്കാരെല്ലാം സ്ഥാനമൊഴിഞ്ഞ കോച്ച് അനിൽ കുംബ്ലെക്ക് എതിരായിരുന്നുവെന്ന് സൂചന. സചിൻ ടെണ്ടുൽക്കറും സൗരവ് ഗാംഗുലിയും വി.വി.എസ് ലക്ഷ്മണുമടങ്ങിയ ബി.സി.സി.ഐ ഉപദേശക സമിതി ചാമ്പ്യൻസ് ട്രോഫിക്കിടെ 10 കളിക്കാരുമായി സംസാരിച്ചിരുന്നു.
ഒരു കളിക്കാരൻ പോലും കോച്ചിന് അനുകൂലമായി സംസാരിച്ചില്ലെന്നാണ് റിപ്പോർട്ട്. സ്ഥാനമേറ്റെടുത്തതു മുതൽ ഡ്രസ്സിംഗ് റൂമിൽ കുംബ്ലെ കർക്കശമായ അച്ചടക്കം നിർബന്ധമാക്കിയിരുന്നു. എന്നാൽ ചാമ്പ്യൻസ് ട്രോഫിക്കിടെ കളിക്കാർ ഇതു വിലവെച്ചില്ലെന്നാണ് സൂചന. കളിക്കാരെ നിരന്തരമായി കുംബ്ലെ സമ്മർദ്ദത്തിലാക്കെയെന്നാണ് ഒരു ഇന്ത്യൻ ടീമംഗം വെളിപ്പെടുത്തിയത്.
ലണ്ടനിൽനിന്ന് ഇന്ത്യൻ ടീം കരീബിയയിലേക്ക് വിമാനം കയറുമ്പോൾ കുംബ്ലെ കൂടെയുണ്ടായിരുന്നില്ലെങ്കിലും ആരും അന്വേഷിച്ചില്ലെന്ന് പറയുന്നു. കരീബിയയിലെ സെയ്ന്റ് ലൂസിയയിൽ ട്രാൻസിറ്റിലായിരിക്കെയാണ് കളിക്കാർ കുംബ്ലെയുടെ രാജി വാർത്തയറിഞ്ഞത്. ബാറ്റിംഗ് കോച്ച് സഞ്ജയ് ബാംഗർ ഉൾപ്പെടെ കോഹ്‌ലിക്ക് താൽപര്യമുള്ളവർ മാത്രമേ അതിജീവിക്കൂ എന്ന് കളിക്കാർക്ക് അറിയാമായിരുന്നു എന്നാണ് ഇതിനോട് ഒരു ബി.സി.സി.ഐ ഭാരവാഹി പ്രതികരിച്ചത്.
ചാമ്പ്യൻസ് ട്രോഫി ഫൈനലിനു ശേഷം നിരാശരായി എത്തിയ കളിക്കാരെ കോച്ച് രൂക്ഷമായി വിമർശിച്ചത് അവസാനത്തെ പ്രഹരമായി. തങ്ങൾ സ്‌കൂൾ കുട്ടികളല്ലെന്നും പ്രൊഫഷനലുകളാണെന്നും അവർ ക്യാപ്റ്റനോട് പരാതി പറഞ്ഞു. കളിക്കാരുടെ പോരായ്മകൾ ചൂണ്ടിക്കാട്ടേണ്ടത് കോച്ചിന്റെ കടമയാണെന്നാണ് കുംബ്ലെ കരുതുന്നത്. ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ടോസ് കിട്ടിയാൽ ബാറ്റിംഗ് തെരഞ്ഞെടുക്കണമെന്നായിരുന്നു കുംബ്ലെയുടെ നിലപാട്. എന്നാൽ ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. നിരവധി വൈഡുകളും നോബോളുമെറിഞ്ഞതിനെ കുംബ്ലെ രൂക്ഷമായി വിമർശിച്ചു.
വിമർശിച്ചതിൽ തെറ്റില്ലെന്നും എന്നാൽ എല്ലാത്തിനും ഒരു സമയമുണ്ടെന്നുമാണ് ബി.സി.സി.ഐ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നത്. കുംബ്ലെക്കെതിരെ നിരവധി പ്രശ്‌നങ്ങളുണ്ടെങ്കിലും നിർബന്ധിക്കപ്പെട്ടാൽ അദ്ദേഹവുമൊത്ത് പ്രവർത്തിക്കാമെന്ന് കോഹ്‌ലി സമ്മതിച്ചതായാണ് ബി.സി.സി.ഐ ഭാരവാഹികൾ നൽകുന്ന സൂചന. എന്നാൽ കളിക്കാരുടെ നിലപാട് വ്യക്തമായതോടെ കുംബ്ലെ മാന്യമായി സ്ഥലം വിടാൻ തീരുമാനിക്കുകയായിരുന്നു.
അതിനിടെ, പുതിയ കോച്ചിനെ കണ്ടെത്തുന്നതിനായി ബി.സി.സി.ഐ കൂടുതൽ അപേക്ഷകൾ ക്ഷണിച്ചത് രവിശാസ്ത്രിയുടെ തിരിച്ചുവരവിന് വഴിയൊരുക്കാനാണെന്നു സൂചന. ശാസ്ത്രിയാണ് കോഹ്‌ലിയുടെ ഇഷ്ട ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. മുൻ ഇന്ത്യൻ കളിക്കാരായ വീരേന്ദർ സെവാഗ്, ദൊഡ്ഢ ഗണേഷ്, ലാൽചന്ദ് രാജ്പുത് എന്നിവരും ടോം മൂഡി, റിച്ചാഡ് പൈബസ് എന്നിവരുമാണ് ഇപ്പോൾ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
ടീം ഡയരക്ടറായ രവിശാസ്ത്രിയെ മറികടന്നാണ് ബി.സി.സി.ഐയുടെ ഉപദേശക സമിതിയംഗങ്ങളായ സചിൻ ടെണ്ടുൽക്കറും സൗരവ് ഗാംഗുലിയും വി.വി.എസ് ലക്ഷ്മണും കുംബ്ലെയെ കോച്ചായി നിയമിച്ചത്. സാങ്കേതിക കാര്യങ്ങൾ കളിക്കാരെ പറഞ്ഞു മനസ്സിലാക്കാൻ സെവാഗിനെ പോലൊരാൾക്കുള്ള കഴിവിൽ ബി.സി.സി.ഐക്ക് അത്ര വിശ്വാസം പോരാ.