ദുബായ്- 17 പേരുടെ മരണത്തിനിടയാക്കിയ ദുബായ് വാഹനാപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് പോലീസ്. റാഷിദിയ മെട്രോ സ്റ്റേഷനു സമീപത്ത് വലിയ ഉയരമുള്ള വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടയാന്‍ വച്ചിരുന്ന സൈന്‍ ബോര്‍ഡിലേക്ക് ബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. മുന്നില്‍നിന്ന് സൂര്യപ്രകാശം കണ്ണിലടിക്കുന്നത് മറയ്ക്കാനുള്ള സണ്‍ ഷീല്‍ഡ് വെച്ചിരുന്നതിനാല്‍ സൈന്‍ ബോര്‍ഡ് ശ്രദ്ധയില്‍പെട്ടില്ലെന്നാണ് ഡ്രൈവറുടെ മൊഴി. ചെറിയ വാഹനങ്ങള്‍ക്ക് (2.5 മീറ്ററിന് താഴെ) പോകുന്നതിനായി തയാറാക്കിയ റോഡിലൂടെ ബസ് കയറ്റുകയും ഉയരപരിധി സൂചന നല്‍കിയിരുന്ന ബോര്‍ഡ് സ്ഥാപിച്ചിരുന്ന വലിയ പൈപ്പിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. ബസിന്റെ ഇടത് ഭാഗം പൂര്‍ണമായും തകര്‍ന്നു. പൈപ് ഒഴിവാക്കി മുന്നോട്ട് പോയിരുന്നെങ്കില്‍ മുന്നിലുള്ള ചെറിയ പാലത്തിലിടിച്ചു അപകടത്തിന്റെ വ്യാപ്തി വര്‍ധിക്കുമായിരുന്നുവെന്ന് ദുബായ് പോലീസ് പറഞ്ഞു. പോലീസും സിവില്‍ ഡിഫന്‍സും കുതിച്ചെത്തി രക്ഷാ പ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ ഉടന്‍ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒമാന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്റെ ബസാണ് അപകടത്തില്‍പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം 5.40 നായിരുന്നു അപകടം. 31 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.






