ഇന്ത്യക്കാരുണ്ടോ എന്ന് വ്യക്തമല്ല
ദുബായ്- ഈദാഘോഷത്തിന് ദുബായില്‍നിന്ന് ഒമാനില്‍ പോയി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍പെട്ട് 17 മരണം. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ റാഷിദിയ എക്‌സിറ്റില്‍ നിയന്ത്രണം വിട്ട ബസ് ട്രാഫിക് സിഗ്‌നലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അഞ്ചു പേര്‍ക്കു പരുക്കേറ്റു. വ്യാഴാഴ്ച വൈകിട്ട് അഞ്ചരക്കാണ് അപകടം. സമീപകാലത്ത് യു.എ.ഇയിലുണ്ടായ വലിയ റോഡപകടങ്ങളില്‍ ഒന്നാണിത്.
ഒമാനി നമ്പര്‍പ്ലേറ്റാണ് ബസിനുള്ളത്. വ്യത്യസ്തരാജ്യക്കാരാണ് യാത്രക്കാരെന്ന് പോലീസ് പറഞ്ഞു. ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വിവരമില്ല. 31 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ശക്തമായ ഇടിയില്‍ ബസ് പൂര്‍ണമായും തകര്‍ന്നു. പോലീസും സിവില്‍ ഡിഫന്‍സും കുതിച്ചെത്തി രക്ഷാ പ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ ഉടന്‍ തന്നെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങളും ഇവിടെയാണുള്ളത്.
അപകടത്തെ തുടര്‍ന്ന് മസ്‌കത്തില്‍നിന്നു ദുബായിലേക്കും തിരിച്ചുമുള്ള മൊഹിസലാത്ത് യാത്രാ ബസ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മൂന്നു രാജകുമാരന്മാരുടെ വിവാഹ സല്‍ക്കാരത്തിന്റെ ആഹ്ലാദത്തില്‍ മുങ്ങിയിരുന്ന രാജ്യത്തെ അപകടവാര്‍ത്ത ദുഃഖത്തിലാഴ്ത്തി.






