ഇന്ത്യന്‍ വ്യവസായി രാം ബുക്‌സാനിക്കും പത്തുവര്‍ഷ വിസ

ദുബായ്- യു.എ.ഇയുടെ പത്തു വര്‍ഷ താമസ വിസ സ്വന്തമാക്കി മറ്റൊരു ഇന്ത്യന്‍ ബിസിനസുകാരന്‍കൂടി. ഐ.ടി.എല്‍ കോസ്‌മോസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. രാം ബുക്‌സാനിയാണ് ദീര്‍ഘകാല വിസ സ്വന്തമാക്കുന്ന ഇന്ത്യന്‍ ബിസിനസുകാരുടെ നിരയില്‍ ഉള്‍പ്പെട്ടത്.
ഭാര്യ വീണ ബുക്‌സാനിക്കും 10 വര്‍ഷ വിസ കിട്ടിയിട്ടുണ്ട്. യു.എ.ഇയിലെ ഇന്ത്യന്‍ ബിസിനസുകാരില്‍ ഏറെ പ്രമുഖനാണ് രാം ബുക്‌സാനി.
അമ്പതുകളിലും അറുപതുകളിലും ദുബായ് നഗരം രൂപം കൊള്ളുമ്പോള്‍ അതിന് ചുക്കാന്‍ പിടിച്ചവരില്‍ ഒരാളാണ് ബുക്‌സാനി. കൈയില്‍ കാല്‍ക്കാശില്ലാതെ ദുബായിലെത്തിയ അദ്ദേഹം ഇന്ന് കോടീശ്വരനാണ്. ദുബായില്‍ ജോലി തുടങ്ങിയ അദ്ദേഹത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
കഠിനാധ്വാനവും യു.എ.ഇ സര്‍ക്കാരില്‍നിന്നും പ്രവാസി ഇന്ത്യന്‍ സമൂഹത്തില്‍നിന്ന് കിട്ടിയ പിന്തുണയും മുകളിലേക്കുള്ള പടികള്‍ ഒന്നൊന്നായി കയറാന്‍ അദ്ദേഹത്തെ സഹായിച്ചു. 300 ദശലക്ഷം ദിര്‍ഹമാണ് ഇന്ന് ബുക്‌സാനിയുടെ ആസ്തി.

 

Latest News