ദുബായ്- ചൊവ്വാഴ്ച ഈദുല്‍ഫിത്ര്‍ ആണെന്ന പ്രഖ്യാപനം വന്നതോടെ യു.എ.ഇ ആഹ്ലാദത്തിലമര്‍ന്നു. എങ്ങും ആഘോഷത്തിമര്‍പ്പ്. ഷോപ്പിംഗ് മാളുകളില്‍ ജനത്തിരക്കേറി. ബീച്ചുകള്‍ തിരക്കിലമര്‍ന്നു. വിശുദ്ധ മാസം അവസാനിച്ച് പെരുന്നാളിന്റെ സന്തോഷത്തിലേക്ക് വിദേശികളും സ്വദേശികളും. ഭരണാധികാരികള്‍ ഈദാശംസ നേര്‍ന്നു.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ദുബായിലെ പ്രസിദ്ധമായ സബീല്‍ ഗ്രാന്‍ഡ് മസ്ജിദില്‍ ഈദ് നമസ്‌കാരം നിര്‍വഹിക്കും. പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം സബീല്‍ മജ്‌ലിസില്‍ അദ്ദേഹം ആശംസയര്‍പ്പിക്കാന്‍ എത്തുന്ന സന്ദര്‍ശകരെ സ്വീകരിക്കുമെന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.
യു.എ.ഇയുടെ വിവിധ എമിറേറ്റുകളിലെ ഈദ് നമസ്‌കാര സമയം സംബന്ധിച്ച് പ്രഖ്യാപനമായി. അബുദാബി പള്ളികളില്‍ രാവിലെ 5.50 നാണ് നമസ്‌കാരം. പടിഞ്ഞാറന്‍ മേഖലയിലുള്ള മദീനത് സായിദില്‍ 5.55 ആകും. യു.എ.ഇയിലെ മറ്റു എമിറേറ്റുകളില്‍ സൂര്യോദയത്തിന് ശേഷം 20 മിനിറ്റ് പിന്നിട്ടാല്‍ ഈദ് നമസ്‌കാരത്തിന് സമയമാകുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇതനുസരിച്ച് അല്‍ഐന്‍ (5.44), ദുബായ് (5.45), ഷാര്‍ജ (5.45), അജ്മാന്‍ (5.44), റാസല്‍ഖൈമ (5.41), ഉമ്മുല്‍ഖുവൈന്‍ (5.43), ഫുജൈറ (5.41) എന്നിങ്ങനെ ബ്രാക്കറ്റില്‍ സൂചിപ്പിച്ചത് പോലെയായിരിക്കും ചെറിയ പെരുന്നാള്‍ നമസ്‌കാര സമയം.