കളിയാട്ടം - കരുണയുടെ പകർന്നാട്ടം

സൗഹൃദത്തിന്റെ പൊന്നോലക്കുതിരകൾക്ക് താളമേളങ്ങൾകൊണ്ട് വീഥിയൊരുക്കുന്ന വിശ്വാസവും ആരവഭരിതമായ ആഘോഷവുമാണ് മൂന്നിയൂർ കളിയാട്ടം. സഹമതസ്ഥന്റെ ആരാധനയുടെ ആമോദത്തിന് കൈകോർക്കുന്ന നല്ല മനസ്സുകൾതന്നെയാണ് കളിയാട്ടം എന്ന മഹോത്സവത്തെ മതേതര ആഘോഷമായി ഇന്നും നിലനിർത്തുന്നത്. 

മലപ്പുറം ജില്ലയിലെ പ്രസിദ്ധമായ മൂന്നിയൂർ കളിയാട്ടം മതമൈത്രിയുടെ ഉൽസവം കൂടിയാണ്. കളിയാട്ടക്കാവിൽ ഇത് ഉൽസവകാലം. പ്രാകൃത വായ്ത്താരികളും നാട്ടുമൊഴികളുമായി കുരുത്തോലക്കുതിരകളുടെ എഴുന്നെള്ളിപ്പ്. പുരുഷാരം ആർത്തലച്ചെത്തി മൂന്നിയൂരിനെ ആരവമുഗ്ധമാക്കുന്ന മഹോൽസവം. 
ഇടവ വെള്ളിയുടെ തിളക്കത്തിൽ പുലർച്ചെ മുട്ടിച്ചിറ പള്ളിയിലും തലേന്ന് മമ്പുറം മഖാമിലും വെട്ടം തെളിച്ച് പൊയ്ക്കുതിരക്കൂട്ടം കളിയാട്ടക്കാവിലേക്ക്. കൊട്ടും പാട്ടുമായി ഊര് ചുറ്റുന്നവരുടെ ആവേശത്തിമിർപ്പ്. വഴിയോരങ്ങളിൽ വിവിധയിനം കാർഷിക വിത്തിനങ്ങളുടെ പെരുങ്കളിയാട്ടം. ഗതകാല കൃഷിച്ചന്തകളുടെ ഓർമകളുണരും പ്രതീകങ്ങൾ. ബലിത്തറയിൽ കോഴിക്കുരുതി. ആണ്ടുൽസവത്തിന്റെ ആമോദം. ജാതിമതഭേദമന്യേ എല്ലാവരും ഒത്തൊരുമിച്ച് ആഹ്ലാദം പങ്കിടുന്ന കളിയാട്ടക്കാവ്.  
കാവിൽ ദർശനത്തിനെത്തുന്നവരുടെ സാന്നിധ്യംകൊണ്ട് ക്ഷേത്രവും പരിസരവും നിറയുമ്പോൾ വെടിക്കെട്ടിന്റെ കണ്ണഞ്ചിക്കുന്ന ദൃശ്യവും മുഴക്കവും മൂന്നിയൂർ ഗ്രാമത്തിന്റെ പ്രൗഢിയും പ്രതാപവും വിളിച്ചോതുന്നു. 
കുട്ടിക്കാലംമുതൽ ഞാൻ കണ്ടും കേട്ടും അനുഭവിച്ചും ആഘോഷിച്ചും വളർന്നതാണ് ഈ  ഉത്സവനാളുകൾ, 'കളിയാട്ടം കാപ്പൊലി'ക്കുന്ന ദിവസം  മുതൽ കാത്തിരിപ്പിന്റെയും ഒരുക്കത്തിന്റെയും നാളുകളാണ് ഞങ്ങൾ മൂന്നിയൂർ നിവാസികൾക്ക്,പ്രതീക്ഷയുടെ ഭാണ്ഡവുംപേറിയെത്തുന്ന വളക്കച്ചവടക്കാർ, വർണങ്ങളുടെ വൈവിധ്യമുള്ള ബലൂണുകളും കളിപ്പാട്ടങ്ങളും വിൽക്കുന്നവർ,എണ്ണയിൽ തിളയ്ക്കുന്ന ശർക്കരമിഠായി വിൽപനക്കാർ, കാർഷിക വിത്തുകൾ വിൽക്കുന്നവർ, വളക്കച്ചവടക്കാർ, തരികിടയുടെ ബാലപാഠങ്ങൾകണ്ട കിലുക്കികുത്തുകാർ, അങ്ങനെ അനവധി നിരവധി കച്ചവടക്കൂട്ടങ്ങൾ കളിയാട്ടം പ്രമാണിച്ച് ഞങ്ങളുടെ നാട്ടിലേക്ക് കുടിൽകെട്ടി കുടിയേറുന്നു, കടലയും  മിഠായിയും  സർബത്തും മോരിൻവെള്ളവും വിൽക്കുന്ന പ്രദേശവാസികളായ കുട്ടികളുടെ വഴിയോരക്കച്ചവടവും കളിയാട്ടവഴികളിൽകാണാം. കളിയാട്ടത്തലേന്ന് മൂന്നിയൂർ ദേശത്തെ വീടുകളെല്ലാം വിരുന്നുകാരാൽ നിറഞ്ഞിരിക്കും, കെട്ടിച്ചുവിട്ട പെൺമക്കളും, കടൽ കടന്ന ഗൃഹനാഥനും ദൂരെ ജോലിയെടുക്കുന്ന ആൺമക്കളും   കൂട്ടുകാരുമെല്ലാം കളിയാട്ടത്തിന്റെ ഭാഗമാകാൻ, കളിയാട്ടത്തിൽ ലയിക്കാൻ മൂന്നിയൂരിൽ തിരികെയെത്തുന്നു. കളിയാട്ടത്തിന്റെ നാളും നേരവും കുറിച്ചുകൊടുക്കുക  മലയാളനാടിന്റെ മതേതരമനസ്സായിരുന്ന മമ്പുറംതങ്ങളാണ്. അതുകൊണ്ടുതന്നെ, കളിയാട്ടത്തിനുമുണ്ടൊരു മതേതരമനസ്സ്.
വിശ്വാസത്തിന്റെ കുരുത്തോലത്തുമ്പിൽ കൊരുത്ത കുതിരക്കോലങ്ങളുമായി മമ്പുറംമഖാമിൽ ആദരവിന്റെ നൃത്തച്ചുവടുകൾ വെക്കുന്ന കുതിരസംഘങ്ങൾ.  മുട്ടിച്ചിറ പള്ളിയുടെ പടികൾചവിട്ടുന്നതും വിശ്വാസത്തിന്റെ കരുതലോടെയാണ്. കാവിലമ്മയുടെ പെരുമ ചെണ്ടകൊട്ടിന്റെ താളത്തിനും  മേളത്തിനുമൊപ്പം ചുവടുവെച്ചു പാടി കാവിൽ പ്രദക്ഷിണം വെക്കുന്ന കുതിരക്കാർക്കൊപ്പം അവരിലൊളായി നിൽക്കാനും, ഒന്നിച്ചുനീങ്ങാനും കഴിയുന്ന ഉൽസവം. മതങ്ങളുടെ വേലിക്കെട്ടുകളില്ലാതെ, എല്ലാമതക്കാരുടെയും സാന്നിധ്യവും സഹായവുമുണ്ടിവിടെ. അതുകൊണ്ടുതന്നെ മതസൗഹാർദത്തിന്റെ പൊന്നോലക്കുതിരകൾക്ക് താളമേളങ്ങൾകൊണ്ട് വഴിയൊരുക്കുന്ന വിശ്വാസവും ആരവഭരിതമായ ആഘോഷവുമാണ് ഞങ്ങൾക്ക് കളിയാട്ടം. സഹമതസ്ഥന്റെ ആരാധനയുടെ ആഘോഷത്തിന് കൈകോർക്കുന്ന ആ നല്ല മനസ്സുകൾതന്നെയാണ് കളിയാട്ടം എന്ന മഹോത്സവത്തെ മൂന്നിയൂരിന്റെ മതേതര ആഘോഷമായി ഇന്നും നിലനിർത്തുന്നത്. 

Latest News