പെരുന്നാളോർമ...

അങ്ങനെ മൈലാഞ്ചിയുടെ രസവും എണ്ണ ശരീരത്തിൽ തേച്ചു പിടിപ്പിച്ച് നല്ല സുഗന്ധമുള്ള സോപ്പ് കൊണ്ടുള്ള കുളിയും അത് കഴിഞ്ഞ് പുതുവസ്ത്രം മാറലും എല്ലാം കൂടിയാവുമ്പോൾ ആ ദിവസം വല്ലാത്തൊരു അനുഭൂതിയാണ് നമുക്ക് സമ്മാനിക്കുന്നത്. ഇത്തരം അനുഭൂതികൾ നമുക്ക് ലഭിച്ച സൗഭാഗ്യങ്ങളാണ്. 

കുട്ടിക്കാലത്തെ ചെറിയ പെരുന്നാളിനെക്കുറിച്ചോർക്കുമ്പോൾ അതൊരു വേറിട്ട അനുഭാവമായാണ് തോന്നുന്നത്. കാരണം  പിതാവിന്റെ തണലിൽ ഞെരങ്ങിയും മൂളിയും ജീവിച്ച കാലം. സാമ്പത്തികമായി അത്ര മെച്ചപ്പെടാത്ത കാലം. കിട്ടുന്ന വരുമാനം കൊണ്ട് ജീവിച്ചു പോരികയും ആർഭാട ജീവിതത്തിന് കഴിഞ്ഞാണിടുകയും എളിമ നിലനിർത്തി ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് ജീവിതം നയിക്കുകയും ചെയ്തതാണ് പിതാവിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ പാഠം. ഈ ശീലം അദ്ദേഹം മരണം വരെ നിലനിർത്തുകയും ചെയ്തിരുന്നു.
അപ്പോൾ അത്തരം സാഹചര്യത്തിൽ ജീവിച്ച എന്നെപ്പോലുള്ളവർക്ക് എന്ത് കിട്ടിയാലും അത് ഏറ്റവും സന്തോഷം പകരുന്ന ഒന്നു തന്നെയായിരുന്നു. റമദാൻ വ്രതകാലത്ത് ഉമ്മ അത്താഴത്തിന് വിളിച്ചുണർത്തുന്ന രംഗവും കണ്ണു രണ്ടും തിരുമ്മി എണീറ്റു വരുന്ന രംഗവും ഞാൻ ഇപ്പോഴും ഓർക്കുകയാണ്. പിന്നെ ഉറക്കച്ചടവിൽ ഭക്ഷണം കഴിക്കലും.
അത് കഴിഞ്ഞ് നേരം വെളുത്ത് അടുക്കളയിലോട്ട് നോക്കുമ്പോൾ മാത്രമാണ് ഞാൻ നോമ്പുകാരനാണല്ലോ എന്ന് ഓർമ വരുന്നത്. 
ചില ദിവസങ്ങളിൽ ഉമ്മയുടെ കാരുണ്യം മൂലം നോമ്പ് മുറിക്കാൻ ഇട വന്നിട്ടുണ്ട്. കാരണം തളർന്നു പോയ ശരീരവും ഒട്ടിയ വയറും ഒക്കെ കാണുമ്പോൾ ഉമ്മ പറയാറുള്ളത് ഞാനിപ്പോൾ ഓർക്കുന്നു. 
ഉമ്മാന്റെ കുട്ടി നോമ്പ് മുറ്ച്ചളിം. ഉമ്മാന്റെ കുട്ടിക്ക് വൈകുന്നേരമാക്കാൻ കയ്യൂല! കുട്ടികൾക്ക് പകുതി നോറ്റാലും അല്ലാഹുവിന്റടുത്ത്ന്ന് കൂലി കിട്ടും. ഇന്ന് പകുതിം നാളെ പകുതിം നോറ്റാൽ മതി എന്നൊക്കെ ഉമ്മ അന്ന് പറഞ്ഞു തരുമായിരുന്നു. തുടക്കത്തിലൊക്കെ ആഴ്ചയിൽ വ്യാഴം, വെള്ളി എന്നീ രണ്ടു ദിവസം മാത്രമായിരുന്നു നോമ്പെടുത്തിരുന്നത്. പിന്നെ അത് മറ്റ് ദിവസങ്ങളിലേക്ക് വ്യാപിപ്പിച്ചു.
റമദാന്റെ തൊട്ടുള്ള മാസങ്ങൾക്ക് മുമ്പേ പൈസ ഒരുക്കൂട്ടാൻ തുടങ്ങും. അത് മണ്ണ് കൊണ്ടുണ്ടാക്കിയ തൊണ്ടിലായിരിക്കും. ഇടയ്ക്കിടയ്ക്ക് എടുത്ത് കുലുക്കി നോക്കുന്നത് ഒരു ശീലമായിരുന്നു. അതിന്റെ കനം അറിയാനായിരുന്നു അങ്ങനെ ചെയ്തിരുന്നത്. പിന്നെ പെരുന്നാളിന്റെ രണ്ട് ദിവസം മുമ്പ് ആ തൊണ്ട് തറയിൽ കുത്തി പൊട്ടിക്കുകയും അതിൽ നിന്ന് നാണയത്തുട്ടുകൾ വേർതിരിച്ച് പീടികയിൽ കൊണ്ടുപോയിക്കൊടുത്ത് രൂപയാക്കുകയും ചെയ്യും. ഇന്ന് അത് ഓർക്കുമ്പോൾ വല്ലാത്തൊരു ഫീലിംഗ് അനുഭവപ്പെടുന്നു. ചെറിയ പെരുന്നാളിന്റെ മുന്നോടിയായി പിതാവിന്റെ (അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല) അടുക്കലേക്ക് മെല്ലെ ചെറിയ പേടിയോടെ ചെന്നതും പുതുവസ്ത്രമെടുക്കുന്നതിനെച്ചൊല്ലി പറഞ്ഞതും മൂളിയോ ഇല്ലയോ എന്നറിയാതെ തിരികെ ചുവട് വെച്ചതും ഞാനോർക്കുകയാണ്. അപ്പോഴും പ്രതീക്ഷകൾ കൈവിടാതെയായിരുന്നു ഓരോ ദിനവും പോയിരുന്നത്. അങ്ങനെ ഒരു ദിവസം പിതാവിന്റെ സാധാ വീട്ടിലേക്കുള്ള വരവ് കുറച്ച് താമസം നേരിട്ടപ്പോൾ ഉമ്മ പറഞ്ഞു- അത് ഒരു പക്ഷേ ആപ്പ (ഇങ്ങനെയാണ് വിളിക്കാറ്) എറണാകുളമോ മറ്റോ പോയിട്ടുണ്ടാവും. ഇനി വരുമ്പോൾ ചിലപ്പോൾ നിങ്ങൾക്കൊക്കെ ഡ്രസ്സും കൊണ്ടായിരിക്കും ആപ്പ വരിക. അത് കേട്ടപ്പോൾ കുട്ടികളായ ഞങ്ങളിൽ അതിയായ സന്തോഷം. ആപ്പ വരുന്നതും കാത്ത് ഞങ്ങൾ ഉറക്കമൊഴിച്ച് കാത്തിരുന്ന രംഗവും പിന്നെ കൊണ്ടുവന്ന സഞ്ചിയിൽ നിന്ന് ഓരോരുത്തർക്കായി ആപ്പ വാങ്ങിയ ഷർട്ട് പീസും പാവാട പീസും മറ്റും ഓരോന്നായി പുറത്തേക്കെടുത്ത് വീതിച്ച് തരുമ്പോൾ ഞങ്ങളിൽ ചിലരുടെ മുഖത്തിന് തെളിച്ചം കുറവാകുന്നതും എല്ലാം ഈ വേളയിൽ ഞാനോർക്കുകയാണ്. കാരണം ചിലത് അവനവന് പറ്റിയിട്ടുണ്ടായില്ല. എന്ന് മാത്രമല്ല എല്ലാ വീട്ടിലും ഉള്ള പോലെ സഹോദരീ സഹോദരന്മാർ തമ്മിൽ കളിയാക്കുകയും ശണ്ഠ കൂടുകയും ചെയ്യുന്ന പ്രക്രിയ ഞങ്ങളിലും തുടർന്നിരുന്നു.
പിന്നെ ഞങ്ങളുടെ മുഖത്തിന്റെ വാട്ടം അദ്ദേഹം മാറ്റിയിരുന്നത് അഞ്ചോ പത്തോ രൂപ തന്നിട്ടായിരുന്നു. അതോടെ എല്ലാം മാറി സന്തോഷമായി. പിന്നെ പുത്തനുടുപ്പ് തയ്ക്കാൻ കൊടുക്കുകയും തയ്ച്ച് കിട്ടുമ്പോഴുണ്ടാവുന്ന സന്തോഷവും വീട്ടിൽ കൊണ്ടുവന്ന് ഒന്ന് ഇട്ട് നോക്കുകയും എല്ലാം ഒരു ശീലമായിരുന്നു. അന്നത്തെ പുതുവസ്ത്രത്തിന് ഒരു പ്രത്യേക സുഗന്ധമുണ്ടായിരുന്നു. അതിനൊക്കെ ശേഷമായിരിക്കും മൈലാഞ്ചിയിടൽ. അതിന് ഉമ്മ അയൽവാസിയുടെ വീട്ടിലേക്ക് പോവുകയും അവിടെ നിറഞ്ഞ് വിളഞ്ഞ് നിൽക്കുന്ന മൈലാഞ്ചി മരത്തിന്മേൽ നിന്ന് പറിച്ച് കൊണ്ടുവന്ന് അരച്ച് റെഡിയാക്കി ചിരട്ടയിൽ ഒഴിച്ച് അതിൽ നിന്ന് ഈർക്കിൾ കൊണ്ട് കുത്തി എടുത്ത് ഞങ്ങൾക്ക് ഇട്ടു തരുന്ന (ആൺകുട്ടികൾക്ക് ഇടതു കൈകക്കും പെൺകുട്ടികൾക്ക് രണ്ടു കൈയിലും) രംഗവും മറ്റും ഇന്ന് പ്രവാസ ജീവിതത്തിന്റെ ഇടയിൽ നിന്നുകൊണ്ട് ഓർക്കുമ്പോൾ  ഇങ്ങനെയൊരു വേള ഇനി ഉണ്ടാവുമോ ഇല്ലയോ എന്ന ആശങ്കയാൽ മനം നീറുന്നു.
അങ്ങനെ മൈലാഞ്ചിയുടെ രസവും എണ്ണ ശരീരത്തിൽ തേച്ചു പിടിപ്പിച്ച് നല്ല സുഗന്ധമുള്ള സോപ്പ് കൊണ്ടുള്ള കുളിയും അത് കഴിഞ്ഞ് പുതുവസ്ത്രം മാറലും എല്ലാം കൂടിയാവുമ്പോൾ ആ ദിവസം വല്ലാത്തൊരു അനുഭൂതിയാണ് നമുക്ക് സമ്മാനിക്കുന്നത്. ഇത്തരം അനുഭൂതികൾ നമുക്ക് ലഭിച്ച സൗഭാഗ്യങ്ങളാണ്. ഇത്തരം സൗഭാഗ്യങ്ങൾക്ക് മുതൽക്കൂട്ടാവുന്നത് സ്‌നേഹമാണ്. സ്‌നേഹമുള്ളിടത്ത് സമാധാനമുണ്ടാവും. സ്‌നേഹ ഭരിതമാണ് പെരുന്നാൾ. സമത്വത്തിന്റെ, സമഭാവനയുടെ പെരുന്നാൾ. 


 

Latest News